റിയല്‍മി പി3 സീരീസ് 5ജി ഫോണുകള്‍ ഇന്ത്യയില്‍
Friday, February 21, 2025 3:23 PM IST
റിയല്‍മി ഇന്ത്യയില്‍ പി3 സീരീസ് 5ജി ഫോണുകള്‍ പുറത്തിറക്കി. റിയല്‍മി പി3 പ്രോ 5ജി, പി3എക്സ് 5ജി എന്നീ സ്മാര്‍ട്ട്ഫോണുകളാണ് ഈ സീരീസിലുള്ളത്. പി3 പ്രോയില്‍ ഇരുട്ടില്‍ തിളങ്ങുന്ന സവിശേഷമായ ബാക്ക് പാനലുണ്ട്. 50 മെഗാപിക്സല്‍ പ്രൈമറി കാമറയും 6,000 എംഎഎച്ച് ബാറ്ററിയും ഇരു സ്മാര്‍ട്ട്ഫോണുകളിലും റിയല്‍മി സജ്ജീകരിച്ചിരിക്കുന്നു.
120ഹെഡ്സ് റിഫ്രഷ് റേറ്റും 450 പിക്സല്‍ ഡെന്‍സിറ്റിയുമുള്ള 6.83 ഇഞ്ച് 1.5കെ ക്വാഡ് കര്‍വ്ഡ് അമോലെഡ് സ്ക്രീനാണ് റിയല്‍മി പി3 പ്രോയില്എന്നാല് റിയല്‍മി പി3എക്സില്‍ 120ഹെഡ്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുള്‍-എച്ച്ഡി+ എല്‍സിഡി സ്ക്രീന്‍ ആണ്.
റിയല്‍മി പി3 പ്രോയില്‍ 50 മെഗാപിക്സല്‍ പ്രൈമറി കാമറയാണ്. മുന്‍വശത്ത 16 മെഗാപിക്സല്‍ സെല്‍ഫി കാമറയും സജ്ജീകരിച്ചിരിക്കുന്നു. റിയല്‍മി പി3 എക്സില്‍ 50 മെഗാപിക്സല്‍ പിന് കാമറയും 8 മെഗാപിക്സല്‍ മുന്‍ കാമറയും ഉണ്ട്.
ഇരു ഫോണുകളും 5ജി, 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയ്ക്കുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നു. റിയല്‍മി പി3 പ്രോ, റിയല്‍മി പി3എക്സ് എന്നിവയില്‍ യഥാക്രമം 80 വാട്സ്, 45 വാട്സ് എന്നിവയില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 6,000 എംഎഎച്ച് ബാറ്ററികളാണ്.
ഹാന്‍ഡ്സെറ്റുകള്‍ക്ക് ഐപി68 + ഐപി69 റേറ്റിംഗുകളുമുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റിയല്‍മി പി3 പ്രോയുടെ അടിസ്ഥാന മോഡല്‍ ഇന്ത്യയില്‍ 23,999 രൂപയില്‍ ആരംഭിക്കുന്നു. 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി വേരിയന്റുകളിലും ഹാന്‍ഡ്സെറ്റ് ലഭ്യമാണ്.
ഇവയ്ക്ക് യഥാക്രമം 24,999 രൂപയും 26,999 രൂപയും വിലയുണ്ട്. ഗാലക്സി പര്‍പ്പിള്‍, നെബുല ഗ്ലോ, സാറ്റേണ്‍ ബ്രൗണ്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. റിയല്‍മി പി3എക്സ് 5ജിയുടെ 6 ജിബി + 128 ജിബിക്ക് 13,999 രൂപയും 8 ജിബി + 128 ജിബിക്ക് 14,999 രൂപയുമാണ് വില.
ലൂണാര്‍ സില്‍വര്‍, മിഡ്നൈറ്റ് ബ്ലൂ, സ്റ്റെല്ലാര്‍ പിങ്ക് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാകും. റിയല്‍മി വെബ്സൈറ്റ് വഴിയും ഫ്ലിപ്കാര്‍ട്ട് വഴിയും ഫോണ്‍ ലഭ്യമാകും.