ഇത്രയും വിലയ്ക്ക് 5ജി ഫോണോ? ഞെട്ടിച്ച് പോക്കോ
Saturday, December 21, 2024 1:04 PM IST
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ പോക്കോ പുതിയ ബജറ്റ് 5ജി സ്മാര്‍ട്ട്ഫോണ്‍ വെറും 7999 രൂപ വിലയില്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. സി സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ പോക്കോ സി75 5ജിയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ലോഞ്ച് ഓഫര്‍ എന്ന നിലയില്‍ ഈ ഫോണ്‍ വെറും 7999 രൂപയ്ക്ക് വാങ്ങാനാകുമെന്ന് പോക്കോ പറയുന്നു. ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 4എസ് ജെന്‍ 2 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.
6.88 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, 120ഹെഡ്സ് റിഫ്രഷ് റേറ്റ്, 600 നൈറ്റ്സ് വരെ പരമാവധി ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. അഡ്രിനോ 611 ജിപിയു, 4ജിബിറാം, 4ജിബി വെര്‍ച്വല്‍ റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുളള സൗകര്യം എന്നിവയുമുണ്ട്.
ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസില്‍ ആണ് പ്രവര്‍ത്തനം. ഡ്യുവല്‍ റിയര്‍ കാമറ പോക്കോ സി75 5ജിയില്‍ നല്കിയിരിക്കുന്നു. അതില്‍ 50എംപി മെയിന്‍ കാമറയും സെക്കന്‍ഡറി കാമറയും ഉള്‍പ്പെടുന്നു. മുന്നില്‍ 5എംപി കാമറയാണ് നല്‍കിയിട്ടുള്ളത്.
സൈഡ് മൌണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നിവയും ഇതിലുണ്ട്. പൊടി, സ്പ്ലാഷ് പ്രതിരോധത്തിനുള്ള ഐപി52 റേറ്റിംഗ്, ഡ്യുവല്‍ സിം, 5ജി, ഡ്യുവല്‍ 4ജി, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 18വാട്ട് ചാര്‍ജിംഗ് പിന്തുണയുള്ള 5160എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
എന്ചാന്റ്റഡ് ഗ്രീന്‍, അക്വാ ബ്ലൂ, സില്‍വര്‍ സ്റ്റാര്‍ഡസ്റ്റ് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാണ്. പോക്കോ സി75 5ജിയുടെ 4ജിബി + 64ജിബി സിംഗിള്‍ വേരിയന്റിന് 7,999 രൂപയാണ് വില.
എന്നാല്‍ പരിമിത കാലത്തേക്ക് മാത്രമേ ഈ വില ലഭ്യമാകൂ എന്ന് കമ്പനി പറയുന്നു. ഡിസംബര്‍ 19ന് ഉച്ചയ്ക്ക് 12 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്പന ആരംഭിക്കുക.