തീ ആയി വാട്സ്ആപ് തീം
Wednesday, February 19, 2025 11:07 AM IST
വീഡിയോ കോള്‍ മുതല്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാനും അടക്കം യുപിഐ പേയ്മെന്റുകള്‍ വരെ ഇപ്പോള്‍ വാട്സ്ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. സമീപകാലത്ത് ഏറെ അപ്ഡേറ്റുകള് കൊണ്ടുവന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്.
ഇപ്പോള്‍ ചാറ്റ് തീമുകളും പശ്ചാത്തലവും മാറ്റാന്‍ കഴിയുന്ന ഫീച്ചറും വാട്സ്ആപിലേക്ക് വന്നിരിക്കുകയാണ്. നേരത്തെ ഡാര്‍ക്ക് ലൈറ്റ് എന്നീ രണ്ട് തീമുകള്‍ മാത്രമേ സെറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നൊള്ളൂ.
പ്രീ-സെറ്റ് തീമുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പുറമെ കാമറ റോളില്‍നിന്ന് ഒരു ബാക്ക്ഗ്രൗണ്ട് തെരഞ്ഞെടുത്ത് ചേര്‍ക്കുകയുമാകാം. വ്യത്യസ്ത ചാറ്റുകള്‍ക്ക് വ്യത്യസ്ത വാള്‍പേപ്പറും വേണമെങ്കില്‍ സെറ്റ് ചെയ്യാന്‍ കഴിയും.
30 വാള്‍പേപ്പറുകളും വാട്സ്ആപ് തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പോരാത്തതിന് ഗാലറിയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരമുള്ള ചിത്രങ്ങളും വാള്‍പേപ്പര്‍ ആക്കാന്‍ കഴിയും. വാട്സ്ആപ് നല്കുന്ന പ്രീ-സെറ്റ് കളര്‍ തീമുകള്‍ക്ക് പുറമെ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ്ഡ് കളര്‍തീമുകള്‍ നല്‍കാനും സാധിക്കും.
വാട്സ്ആപ് ചാറ്റ് തീം മാറ്റാനായി വാട്സ്ആപ് തുറന്നതിന് ശേഷം സെറ്റിംഗില്‍ പ്രവേശിച്ച് ചാറ്റ്സ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഡിഫോള്‍ട്ട് ചാറ്റ് തീമില്‍ പ്രവേശിക്കുക. ഇനി നിങ്ങളുടെ ആവശ്യമനുസരിച്ച് ചാറ്റ് തീം കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
ബില്ലുകള്‍ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി വാട്സ്ആപില് ഉള്‍പ്പെടുത്തുമെന്നും നേരത്തെ റിപ്പോര്ട്ടുകളുണ്ടിരുന്നു. ഈ ഫീച്ചര്‍ യാഥാര്‍ഥ്യമായാല്‍ ഇലക്ട്രിസിറ്റി ബില്ല്, വാട്ടര്‍ ബില്ല്, മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ്, എല്‍പിജി ഗ്യാസ് ബില്ല്, ലാന്‍ഡ് ലൈന്‍-പോസ്റ്റ് പെയ്ഡ് ബില്ല്, റെന്റ് പേയ്മെന്റ് എന്നിവയെല്ലാം വാട്സ്ആപ് വഴി അടയ്ക്കാന്‍ സാധിക്കും.