കൃഷിയിലും അഭിനയത്തിലും മികവ് തെളിയിച്ച് കരുണാകരൻ
Saturday, April 19, 2025 1:28 PM IST
കൃഷിയിലും കലകളിലും മികവ് തെളിയിച്ച് നാടിന്റെ അഭിമാനമാകുകയാണ് കണ്ണൂർ ജില്ലയിൽ കാങ്കോൽ ആലപ്പടന്പ് പയ്യാടക്കൻ കണിച്ചവീട്ടിൽ വീട്ടിൽ പി.കെ. കരുണാകരൻ.
ചെറുപുഴയിലെ പാറോത്തും നീരിൽ താമസിച്ച്, കാങ്കോൽ ആലപ്പടന്പ് പഞ്ചായത്തിലെ കുറുവേലിയിൽ കാട് മൂടിക്കിടന്ന നാലേക്കർ സ്ഥലം സ്വന്തമാക്കി കൃഷി ആരംഭിച്ചതോടെയാണ് കരുണാകരന്റെ കൃഷി വൈഭവം നാട്ടുകാർ മനസിലാക്കിയത്.
കാട് തെളിച്ച് മണ്ണൊരുക്കിയശേഷം വ്യത്യസ്ഥ കൃഷികൾക്കായി സ്ഥലം പല ഭാഗങ്ങളായി തിരിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. പച്ചക്കറികളും വാഴകളുമാണ് ആദ്യം നട്ടത്. അതു മികച്ച വിളവ് നൽകി.
തുടർന്നു കുരുമുളക്, തെങ്ങ്, കമുക്, ഫലവൃക്ഷങ്ങൾ എന്നിവ നട്ടു പിടിപ്പിച്ചു. കാലിവളം, കോഴിവളം, പച്ചിലകൾ, പഞ്ചഗവ്യം, ഹരിതകഷായം തുടങ്ങിയ ജൈവവളങ്ങൾ മാത്രമാണ് കരുണാകരൻ കൃഷിക്ക് ഉപയോഗിക്കുന്നത്.
രത്നഗിരി കമുക്, തവിടിശേരി വഴുതിന, മുളക്, പച്ചക്കറി തുടങ്ങിയവയുടെ തൈകളും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. കൃഷിയിലെ മികവിന്റെ പേരിൽ കൃഷിവകുപ്പ്, പഞ്ചായത്ത്, സരോജിനി ദാമോദരൻ ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓണക്കാലം മുതൽ ക്വിന്റൽ കണക്കിന് പയർ, മത്തൻ, കുന്പളം, പാവയ്ക്ക, പടവലം, ചീര തുടങ്ങിയ വിറ്റഴിച്ച് മികച്ച വരുമാനവും കരുണാകരൻ നേടുന്നു. ചേന, മഞ്ഞൾ, ഇഞ്ചി വിത്തുകളും വിതരണം ചെയ്യുന്നുണ്ട്.
കലാരംഗത്തും തനതു മുദ്ര പതിപ്പിച്ച കരുണാകരൻ, ചെഗ്വേര, തടനം നാടകം, ചെഞ്ചോര പൂക്കൾ, നിലവാ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ ജലജയുടെയും ഏകമകൾ അക്ഷയുടെയും (കോളജ് വിദ്യാർഥി) പൂർണ സഹകരണം കൃഷിയിലും കലാപ്രവർത്തനത്തിലും കരുണാകരന് ലഭിക്കുന്നുണ്ട്.
ഫോണ് : 9446460788.