30 വര്‍ഷത്തിനുശേഷം വിളവെടുപ്പിന് ഒരുങ്ങി ആക്കുളത്തെ കൃഷി
Tuesday, April 8, 2025 5:16 PM IST
ഉള്ളൂര്‍ കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ കര്‍ഷകരെയും കൃഷിക്കൂട്ടങ്ങളെയും സംഘടിപ്പിച്ച് കൃഷിയിറക്കിയപ്പോള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം അതൊരു ചരിത്രസംഭവമാകുകയായിരുന്നു. 30 വര്‍ഷമായി തരിശുകിടന്ന മൂന്നരയേക്കര് സ്ഥലമാണ് കൃഷിസ്ഥലമാക്കി മാറ്റിയത്.
മരക്കൂട്ടങ്ങള്‍ നില്ക്കുന്നതും കാടുപിടിച്ചുകിടന്നതും കൃഷിയിറക്കുന്നതില്നിന്നും ഏവരെയും പിന്നോട്ടടിച്ചപ്പോഴാണ് ഉള്ളൂര്‍ കൃഷി ഓഫീസര്‍ സി. സൊപ്നയുടെ നേതൃത്വത്തില്‍ നെല്ല്, ചീര, എള്ള്, വെണ്ട, വഴുതിന, തക്കാളി, മുളക് തുടങ്ങിയവ ഇവിടെ കൃഷിചെയ്തത്.
വിഷുവിളവെടുപ്പിനായി കാതോര്‍ക്കുകയാണ് ആക്കുളം കായല്‍ത്തീരം. മാതൃകാ കൃഷിത്തോട്ടം ഒരുക്കിയതുവഴി കായലോരത്ത് എത്തുന്നവര്‍ക്ക് പച്ചപ്പ് ആസ്വദിക്കുന്നതിനും പച്ചക്കറികള്‍ നേരിട്ടു വാങ്ങുന്നതിനും അവസരമൊരുങ്ങുകയാണ്.

കൃഷിഭവന് അര്‍ബന്‍ മാര്‍ക്കറ്റില്‍ നിന്നും ഇക്കുറി വിഷുവിന് ഇവിടത്തെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച കണിവെള്ളരിയും ലഭ്യമാക്കും. ജൈവവളം, ജൈവ കീടനാശിനി, ജീവാണുവളങ്ങള്‍ എന്നിവയാണ് കൃഷിയുടെ ജീവന്.
ഇവ വീടുകളില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും കൃഷിഭവന് സ്വീകരിക്കുന്നുണ്ട്. വിഷുവിനുള്ള വിളവെടുപ്പ് ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് കൃഷിഭവന്.