ശ്യാംകുമാർ സംരക്ഷിക്കുന്നത് 43 ഇനം കിഴങ്ങുവർഗ വിളകൾ
Tuesday, April 15, 2025 10:25 AM IST
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കിഴങ്ങുവർഗ കർഷകനായ ശ്യാംകുമാർ സംരക്ഷിച്ചു വളർത്തുന്നത് 43 ഇനം കിഴങ്ങുവർഗ വിളകൾ. ചേനകൃഷിയിൽ പ്രത്യേക താത്പര്യമുള്ള കുമാറിന്റെ കൈവശം ആറിനം ചേനകളുണ്ട്.
ശ്രീപത്മ, ശ്രീഗജേന്ദ്ര, മലഞ്ചേന, നാടൻചേന, പെരുംചേന, ആദിവാസികളിൽ നിന്നു ലഭിച്ച ഊരുചേന. വന്പൻ ചേനകൾ ഉത്പാദിപ്പിച്ച് ചേനകൃഷിൽ ഇതിനോടകം തന്നെ ഏറെ പ്രശസ്തനാണ് അദ്ദേഹം.
കാച്ചിലനങ്ങളിൽ പനമുട്ടൻ, മലമുട്ടൻ, പെരുമുട്ടൻ, കരമുട്ടൻ കുട്ടക്കിഴങ്ങ് എന്നിവയ്ക്കൊപ്പം ആഫ്രിക്കൻ കാച്ചിലുകളും കുമാർ സംരക്ഷിച്ചു വളർത്തുന്നു.
നന കിഴങ്ങ് വർഗത്തിൽ കരിവള്ളി, പെരുംകിഴങ്ങ് എന്നിവയും ചെറുകിഴങ്ങ് വർഗത്തിൽ നെടുംങ്കാലൻ, ചെറുമുള്ളൻ, കരിമുള്ളൻ മുതലായവയും ചേന്പിനങ്ങളിൽ ബെണ്ടച്ചേന്പ്, പാൽച്ചേന്പ്, മുട്ടചേന്പ് സാബാർചേന്പ് എന്നിവയും മുക്കെഴങ്ങ് ഇനത്തിൽ പെരുംകാലൻ, കാരമുള്ളൻ, ചണ്ണക്കിഴങ്ങ് എന്നിവയുമുണ്ട്.
പലതരത്തിലുള്ള ഇഞ്ചിയും മഞ്ഞളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
കൃഷി രീതി
കൃഷിയിടം നന്നായി കിളച്ച് വിധിപ്രകാരമുള്ള കുഴികളെടുത്ത് ഡോളോമൈറ്റ് വിതറുകയാണ് ആദ്യം ചെയ്യുന്നത്. രണ്ടാഴ്ച കഴിഞ്ഞ് കുഴിയിൽ 30 കിലോ വീതം വിവിധ ഇനം പച്ചിലകളും അരച്ചാക്ക് തൊണ്ട് വേസ്റ്റും അരച്ചാക്ക് ചപ്പുചവറും ഒരു കുട്ട ചാണകപ്പൊടിയും ഒരു കുട്ട ചാരവും നല്ലവണ്ണം മിക്സ് ചെയ്തു നിക്ഷേപിക്കും.
തുടർന്നു മുകളിൽ കരിയില പാകിയശേഷം അരക്കുട്ട കോഴിക്കാഷ്ഠവും അതിനു മുകളിൽ രണ്ട് തുടം നാട്ടുഗവ്യവും രണ്ട് തുടം ഫിഷ് അമിനോ ആസിഡും കുട്ടിക്കലർത്തി തളിച്ചൊഴിക്കും. പിന്നീട് കുഴി മേൽമണ്ണിട്ടു മൂടും. കുഴിക്കു മുകളിൽ ഒരു കുടംവെള്ളം തളിച്ചൊഴിച്ച് 65 ദിവസം സൂക്ഷിക്കും.
66-ാം ദിവസം കുഴി തുറന്നു രണ്ടു ദിവസം തണുക്കാൻ ഇടും. അതിനുശേഷം കുറച്ച് മേൽമണ്ണും ചപ്പും ചവറും ചേർത്ത് കുഴിയിലെ മണ്ണ് നന്നായി ഇളക്കും. സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന അനുപാദത്തിൽ നേർപ്പിച്ചെടുത്ത ലായനിയിൽ മുക്കി തണലത്തു വച്ചുണക്കിയ വിത്ത് ആ കുഴിയിൽ നടും.
നട്ട വിത്തിനു ചുറ്റും മൂന്നു കിലോ ഡൈക്കോഡെർമ മിക്സർ നൽകും. ഇതുവഴി ഒട്ടു മിക്ക ഫംഗസ് രോഗങ്ങളേയും ചെറുക്കാൻ ചെടിക്കു കഴിയുമെന്ന് കുമാർ പറഞ്ഞു. മണ്ണിട്ടു മൂടിയശേഷം വിത്തിന്റെ പൊടിപ്പു വരുന്ന ഭാഗത്ത് ഒരു പിടി മൈക്കോറൈസ നൽകണം.
ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന നൈട്രജന്റെ ആഗീരണശേഷി വർധിക്കാനാണിത്. പിന്നീട് കുഴിക്ക് മുകളിൽ ഓലത്തുന്പുകൾ നിരത്തും. വിത്ത് പൊടിച്ചുവന്നശേഷം 15 ദിവസത്തിനകം സസ്യങ്ങൾക്ക് വിവിധ തരം ജൈവ ജീവാണുക്കൾ ചേർന്ന വളങ്ങളും ആവശ്യത്തിന് ജലവും നൽകും.
ചാരം, കോഴിക്കാരം മുതലായ വളങ്ങൾ ധാരാളം ചേർക്കും. മാസത്തിലൊരിക്കൽ മണ്ണിളക്കലും വളം ചേർക്കലും മുടക്കാതിരുന്നാൽ മികച്ച വിളവ് ഉറപ്പാണ്.
തിരുവനന്തപുരം മൈക്രോബയോളജി ഡിപ്പാർട്ടുമെന്റ്, ശ്രീകാര്യം കിഴങ്ങു വർഗ ഗവേഷണകേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള ഉപദേശങ്ങളും നിർദേശങ്ങളും പാലിച്ചാണ് ശ്യാംകുമാർ കൃഷി ചെയ്യുന്നത്.
വിത്തുകൾ ആവശ്യമുള്ളവർക്ക് മിതവായ വിലയ്ക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്.
ഫോണ്: 8078975703