ശ്രീഭവനിലെ കൃഷി സമൃദ്ധി
Thursday, April 17, 2025 4:28 PM IST
ഇല മാത്രമല്ല, തടിയും ശിഖരങ്ങളും കാണാനാവാത്ത വിധത്തിൽ അടി മുതൽ മുടി വരെ ചക്ക കായ്ച്ചു കിടക്കുന്നതു കാണണമെങ്കിൽ തിരുവനന്തപുരം ഗൗരീശപട്ടത്ത് ഗംഗാധരൻ പിള്ളയുടെയും ലിംസയുടെയും വീട്ടിലെത്തണം.
അത്രയ്ക്കാണ് ശ്രീ ഭവൻ മുറ്റത്തെ ചക്കസമൃദ്ധി. വിയറ്റ്നാം സൂപ്പർ എർളി ഇനം പ്ലാവ് അക്ഷരാർഥത്തിൽ ഒരു സൂപ്പർ കാഴ്ച തന്നെ. നിറഞ്ഞു കായ്ച്ചു നിൽക്കുന്ന പ്ലാവിൽ ഒതുങ്ങന്നതല്ല ശ്രീഭവനിലെ കൃഷിക്കാഴ്ചകൾ.
കായ്ഭാരത്താൽ ബുഷ് ഓറഞ്ചിന്റെ ശിഖരങ്ങൾ താണു നിൽക്കുകയാണ്. കണ്ണിനും മനസിനും കുളിർമ പകർന്ന് നല്ല ചുവചുവപ്പൻ പഴങ്ങളുമായി മക്കോട്ടദേവ മരം അപ്പുറത്ത്. ഇനി എവിടെ കായ്ക്കുമെന്ന നിലയിലാണ് വീടിന്റെ മുന്നിൽ അന്പഴമരത്തിന്റെ നില്പ്. അത്രയ്ക്കാണ് കായ് പിടിത്തം.
നാടൻ കോട്ടുകോണം മാവും തായ്ലാൻഡ് മാവുമാണ് മറ്റൊരു ആകർഷണം. അവ്ക്കാഡോ, സീതപ്പഴം ചാന്പമരം, മിറാക്കിൾ ഫ്രൂട്ട്, ചെറി, പേര, റംബൂട്ടാൻ അങ്ങനെ പോകുന്നു മുറ്റത്തെ പഴച്ചെടികൾ. പഴുത്താൽ നല്ല മധുരവും സുഗന്ധമുണ്ട് വിയറ്റ്നാം സുപ്പർ ഏർളി ചക്കയ്ക്ക്.
പ്രമേഹം, രക്തസമ്മർദം തുടങ്ങി പല ജീവിത ശൈലി രോഗങ്ങൾക്കും പ്രതിവിധിയാണ് ഉണക്കിയ മക്കോട്ട ദേവ. അതുകൊണ്ടു തന്നെ ഔഷധാവശ്യങ്ങൾക്കായി വീട്ടിൽ എത്തുന്നവർക്ക് ഈ പഴം നല്കാറുമുണ്ട്.
എയർഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്ന ഗംഗാധരൻപിള്ളയും മിൽമ ഹെഡ്ഓഫീസിൽ ഉദ്യോഗസ്ഥയായിരുന്ന ലിംസയും ജോലിയുമായി ബന്ധപ്പെട്ടാണ് വർഷങ്ങൾക്കു മുന്പ് തിരുവനന്തപുരത്തെത്തിയത്.
കൊട്ടാരക്കര സ്വദേശിയാണു ഗംഗാധരൻ പിള്ള. ലിംസയുടെ ജ·നാട് പത്തനംതിട്ടയും. രണ്ടായിരത്തിൽ ഗൗരീശപട്ടത്ത് സ്ഥിരതാമസമായി. ആദ്യം മുതൽ ചെറിയ തോതിൽ കൃഷികളുണ്ടായിരുന്നെങ്കിലും 2015 ൽ ശ്രീഭവൻ പണിതതോടെ മട്ടുപ്പാവിലും പറന്പിലും കൃഷി വിപുലമാക്കി.
മട്ടുപ്പാവിൽ നല്ലരീതിയിൽ പച്ചക്കറി കൃഷി നടത്തിയിരുന്നു. വെണ്ട, കത്തിരി, വഴുതന, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികൾ ഏറെക്കാലം കൃഷി ചെയ്തിരുന്നു. സമൃദ്ധമായി വിളഞ്ഞിരുന്ന പച്ചക്കറികൾ വീട്ടാവശ്യത്തിനുശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കുമൊക്കെ നൽകുന്നതു പതിവായിരുന്നു.
റോസാച്ചെടികളുടെ വൻശേഖരവും ഉണ്ടായിരുന്നു. ബംഗളൂരുവിൽ മകൾ സംഗീതയ്ക്കൊപ്പവും അമേരിക്കയിൽ മകൻ സച്ചിനൊപ്പവും ഇടയ്ക്കിടയ്ക്ക് പോകേണ്ടി വരുന്നതിനാൽ മട്ടുപ്പാവിലെ കൃഷി ഉപേക്ഷിക്കേണ്ടി വന്നു.
അതിനുശേഷം പറന്പിലായി ജൈവകൃഷി. വീടിന്റെ പിന്നിൽ കത്തിരി കൃഷി കാര്യമായിട്ടുണ്ട്. ഇതിനൊപ്പം പച്ചമുളകും കറിവേപ്പിലയും കുരുമുളകും നല്ല വിളവ് നൽകുന്നു.
ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും അടങ്ങുന്ന ജൈവവളമാണ് കൂടുതൽ ഉപയോഗിക്കുന്നത്. കൃഷി പരിശീലന ക്ലാസുകളിലൊന്നും പങ്കെടുത്തിട്ടില്ല. നഴ്സറികളിൽ നിന്നും മറ്റും വാങ്ങുന്ന തൈകളും വിത്തുകളുമാണ് നട്ട് പരിപാലിക്കുന്നത്.
ഫോണ്: 96336 71974