ജൈവകൃഷിയിൽ വിജയം കൊയ്ത് അയ്യൂബ് തോട്ടോളി
Friday, April 11, 2025 5:32 PM IST
ജൈവകൃഷിയിൽ വിജയം കൊയ്ത് വെള്ളമുണ്ട അയ്യൂബ് തോട്ടോളി. മനസുവച്ചാൽ അന്തസോടെ ജീവിക്കാനുള്ള വരുമാനം കൃഷിയിൽനിന്നു ലഭിക്കുമെന്നു തെളിയിക്കുകയാണ് ഈ കർഷകൻ.
വൈറ്റ് കോളർ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് വന്നതാണ് അയ്യൂബ്. സ്വന്തം ഭൂമിക്കുപുറമേ പാട്ടത്തിനെടുത്ത സ്ഥലത്തും ഇദ്ദേഹം കൃഷി നടത്തുന്നുണ്ട്. ആകെ 13 ഏക്കറിലാണ് അയൂബിന്റെ പരന്പരാഗത-നൂതന കൃഷികൾ.
വിയറ്റ്നാം മാതൃകയിൽ കുരുമുളകുകൃഷിയും വാണിജ്യാടിസ്ഥാനത്തിൽ പപ്പായ കൃഷിയും ജില്ലയിൽ ആരംഭിച്ചത് അയ്യൂബാണ്.
കുരുമുളക്, കാപ്പി, തെങ്ങ്, കമുക്, ഏലം, പാഷൻ ഫ്രൂട്ട്, പേര,വിയറ്റ്നാം ഏർളി പ്ലാവ്, ഹൈഡെൻസിറ്റി മാവ്, റംബുട്ടാൻ, അവക്കാഡോ തുടങ്ങിയയവും വാണിജ്യാടിസ്ഥാനത്തിൽ ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.
14 തരം മുള, മറയൂർ ചന്ദനം എന്നിവയും കൃഷിയിടത്തിലുണ്ട്. കോഴി, താറാവ്, മത്സ്യം എന്നീ കൃഷികളും ചെയ്യുന്ന അയൂബ് ക്ഷീര കർഷകനുമാണ്.
പ്രധാനമായും സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഉത്പന്ന വിപണനം. കൃഷികളിൽനിന്നു മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നുണ്ടെന്നു അയ്യൂബ് പറയുന്നു.
ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷന്റെ കുടുംബകൃഷി അവാർഡ്, ഹരിത കീർത്തി അവാർഡ്, ആത്മ സമ്മിശ്ര കർഷക അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.