വിഷുവിന്റെ വരവറിയിച്ച് മീനച്ചൂടിലെ സ്വർണവസന്തം
Thursday, April 10, 2025 4:34 PM IST
മീനച്ചൂടില്‍ പ്രകൃതി വരണ്ടുണങ്ങുമ്പോള്‍, മനസില്‍ കുളിര്‍മഴയായി കണിക്കൊന്ന പൂത്തുലഞ്ഞു തുടങ്ങി. ഇലകള്‍ കൊഴിച്ച്, അടിമുടി സ്വര്‍ണവര്‍ണത്തില്‍ പട്ടുചേലയണിഞ്ഞ പോലെ, ഗ്രാമവീഥികളിലും പറമ്പുകളിലും കണിക്കൊന്ന പൂക്കാലം ആഘോഷിക്കുകയാണ്.
വസന്തത്തെ വരവേല്‍ക്കാന്‍, മീനമാസാരംഭത്തില് തന്നെ ഈ മനോഹര പുഷ്പം വിരിഞ്ഞുതുടങ്ങും.12 മുതല്‍ 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന കണിക്കൊന്ന, 60 സെന്റീമീറ്റര്‍ വരെ നീളമുള്ള തണ്ടുകളില്‍ നാലുമുതല്‍ എട്ടുവരെ ഇലകളോടുകൂടിയതാണ്.
ഏകദേശം 3 ഇഞ്ച് വരെ വലിപ്പമുള്ള ഇലകളും പൂത്തുലഞ്ഞുനില്ക്കുമ്പോള് സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന പൂങ്കുലകളും കൊന്നയെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. താഴേക്ക് തൂങ്ങിക്കിടക്കുന്ന മഞ്ഞപ്പൂക്കള്‍ ഈ വൃക്ഷത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ഈ പ്രത്യേക തകൊണ്ടാണ് ഇതിന് ഇന്ത്യന്‍ ലംബര്‍നം എന്ന ഇംഗ്ലീഷ് പേര് ലഭിച്ചത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ - മേയ് മാസങ്ങള്‍ വരെയാണ് കണിക്കൊന്നയുടെ പൂക്കാലം. സൗന്ദര്യത്തോടൊപ്പം ഔഷധ ഗുണങ്ങളുടെ കലവറ കൂടിയാണ് കണിക്കൊന്ന.
വാതം,പിത്തം, കഫം തുടങ്ങിയ ത്രിദോഷങ്ങളെ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ ഉപയോഗിക്കാറുണ്ട്. രക്തശുദ്ധിക്കും മലബന്ധം മാറ്റുന്നതിനും ആയുര്‍വേദ വൈദ്യന്മാര് ഈ പൂക്കള്‍ ഉപയോഗപ്പെടുത്തുന്നു.
കൊന്നയുടെ തൊലികൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍ക്ക് ഉത്തമമാണെന്ന് ആയുര്‍വേദ വിധികള്‍ പറയുന്നു. സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ മനോഹാരിത കണ്‍നിറയെ കണ്ടുകൊണ്ടാണ് കേരളീയര്‍ വിഷു ആഘോഷിക്കുന്നത്. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും പ്രതീകമായാണ് കണിക്കൊന്നയെ കണക്കാക്കുന്നത്.
കാഷ്യഫിസ്റ്റുല എന്നതാണ് കൊന്നപ്പൂവിന്റെ ശാസ്ത്രീയ നാമം. ഇംഗ്ലീഷില്‍ ഇതിനെ ഗോള്‍ഡന്‍ ഷവര്‍ എന്ന് വിളിക്കുന്നു. അലങ്കാര വൃക്ഷമായും തണല്‍ മരമായും കണിക്കൊന്നയെ പലയിടങ്ങളിലും നട്ടുപിടിപ്പിക്കാറുണ്ട്.
കണിക്കൊന്ന നേരത്തെ പൂവിടുന്നത് കാലവര്‍ഷം നേരത്തെ എത്താനുള്ള സൂചനയാണെന്ന് പഴമക്കാര്‍ വിശ്വസിച്ചിരുന്നു. മധ്യതിരുവിതാംകൂറിലെ ഗ്രാമീണറോഡുകളില്‍ യാത്ര ചെയ്യുമ്പോള്‍ കണിക്കൊന്ന പൂത്തുനില്‍ക്കുന്നത് ഒരു കൗതുക കാഴ്ചയാണ്.
ഒരു വീടിന് ഒരു കൊന്നമരം എന്ന രീതിയില്‍ പലരും ഈ വൃക്ഷത്തെ സംരക്ഷിക്കുന്നു. വനവത്കരണത്തിന്റെ ഭാഗമായി പല വിദേശ വൃക്ഷങ്ങളും ദേശീയപാതയോരങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സ്വര്‍ണവര്‍ണ പൂക്കളാല്‍ നിറഞ്ഞുനില്ക്കുന്ന ഈ ഔഷധവൃക്ഷം മനസിന് സന്തോഷവും ആനന്ദവും നല്കുന്ന തോടൊപ്പം വിഷുവിന്റെ വരവിനെ അറിയിക്കുന്ന ഒരു സൂചനകൂടിയാണ്.
കൊന്നപൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവര്‍ഷം എത്തുമെന്ന ഒരു കണക്ക് ഒരു ദശാബ്ദം മുന്‍പ് വരെ ശരിയായി വന്നിരുന്നു. ഏതായാലും കണിക്കൊന്ന പൂക്കുന്ന ഈ മനോഹര കാഴ്ച വസന്തകാലത്തിന്റെയും വിഷുവിന്റെയും മംഗളസൂചനയായി നമ്മുടെയെല്ലാം മനസില്‍ കുളിര്‍മഴ പെയ്യിക്കുന്നു.