പരീക്ഷണശാലയായി ലാലിന്റെ കൃഷിയിടം
Friday, February 7, 2025 3:57 PM IST
പുത്തൻ ആശയങ്ങൾ കണ്ടെത്തുകയും അവ ശാസ്ത്രീയമായി നടപ്പാക്കുകയും ചെയ്താൽ ഏതു രംഗത്തും വിജയം ഉറപ്പാണെന്നു വിശ്വസിക്കുന്ന കർഷകനാണു കൊല്ലം ജില്ലയിൽ പൂതക്കുളം പുത്തൻകുളം ബ്ലോക്ക്മരം ജംഗ്ഷനിൽ നന്ദനത്തിൽ ആർ. ലാൽ.
കുരുമുളക് കൃഷിയിലാണ് ആദ്യം അദ്ദേഹം പുതിയ പരീക്ഷണം നടത്തിയത്. പാഴ്മരങ്ങളിൽ കുരുമുളക് കയറ്റുന്ന പരന്പരാഗത രീതിക്കു പകരം ആദ്യം പിവിസി പൈപ്പുകളിലും പിന്നീട് ആസ്ബസ്റ്റോസ് പൈപ്പുകളിലും കുരുമുളക് വള്ളികൾ കയറ്റി വിട്ടായിരുന്നു പരീക്ഷണം.
പിവിസി പൈപ്പുകളിൽ കുരുമുളക് വള്ളികൾ പടർന്നു കയറിയതോടെ പൊള്ളയായ പൈപ്പുകൾ മടങ്ങി വീണു. പിന്നീട് ഇതു നിവർത്തി കയർ കൊണ്ടു കെട്ടി നിർത്തിയാണ് കുരുമുളക് സംരക്ഷിച്ചത്. ഇതോടെ പൊള്ളയായ പൈപ്പിനെ ബലപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യമായി.
പിന്നീട് പൈപ്പുകളുടെ അകവശം മണലും സിമന്റ് പൊടിയും ചേർത്തു നിറച്ച് ബലപ്പെടുത്തിയാണ് ഉപയോഗിച്ചത്. പിവിസി പൈപ്പുകളെക്കാൾ ഇപ്പോൾ ലാൽ കൂടുതലും ആശ്രയിക്കുന്നത് ആസ്ബസ്റ്റോസ് പൈപ്പുകളെയാണ്.
വിലക്കുറവ് തന്നെയാണ് അതിനു കാരണം. മൂന്ന് മീറ്റർ പിവിസി പൈപ്പ് വാങ്ങുന്നതിന്റെ പകുതി വില കൊടുത്താൽ ആസ്ബസ്റ്റോസ് പൈപ്പ് കിട്ടും. എന്നാൽ, ആസ്ബസ്റ്റോസ് പൈപ്പുകൾ ചൂട് ആഗിരണം ചെയ്യുകയും പെട്ടെന്ന് പുറത്തു വിടാതിരിക്കുകയും ചെയ്യുന്നത് ന്യൂനതയാണെന്ന് ലാൽ അഭിപ്രായപ്പെട്ടു.
പൈപ്പിൽ കുരുമുളക് വളർത്താൻ തുടങ്ങിയതോടെ വളം കൃത്യമായി ചെടികൾക്ക് കിട്ടുകയും വെയിൽ ആവശ്യാനുസരണം ലഭിക്കുകയും ചെയ്യുന്നതിനാൽ നല്ല വിളവും കിട്ടുന്നുണ്ട്. പാഴ്മരങ്ങൾ ഉപേക്ഷിക്കാൻ പല കാരണങ്ങളുണ്ടെന്ന് ലാൽ പറഞ്ഞു.
വളവും ചൂടും ആവശ്യത്തിനു ലഭ്യമല്ലാതെ വരുന്നതാണ് ഒരു കാരണം. കുരുമുളകിന് 20 മുതൽ 34 ഡിഗ്രി വരെ ചൂട് ആവശ്യമാണ്. പാഴ്മരങ്ങളുടെ ചില്ലകൾ ചൂടിനെ തടയും. ചില്ലകൾ കോതി മാറ്റാൻ ഭാരിച്ച ചെലവും വരും.
ഇനി ചില്ലകൾ കോതി മാറ്റിയാലും മഴക്കാലമാകുന്നതോടെ വീണ്ടും ശക്തമായി തളിർത്തു വരികയും ചെയ്യും. കുരുമുളകിന് ചെയ്യുന്ന വളങ്ങൾ പാഴ്മരങ്ങൾ അപഹരിക്കുന്നതാണ് മറ്റൊരു കാരണം.
![](https://www.deepika.com/feature/lal722511.jpg)
അതുവഴി കുരുമുളകിന് ലഭിക്കുന്ന വളത്തിന്റെ അളവിൽ കുറവ് വരും. മാത്രമല്ല, പാഴ്മരങ്ങൾ നിലം പൊത്താൻ നിസാര കാരണങ്ങൾ മതി. തൂണുകൾക്ക് ചുവട്ടിൽ ചെടി നടുന്പോൾ അടിസ്ഥാനവളം മാത്രമാണ് നൽകുന്നത്.
സ്വന്തമായി ഉത്പാദിപ്പിക്കുന്ന ജൈവവളവും ചേർക്കും. കുരുമുളക് വള്ളികൾക്ക് ആദ്യം തൂണിൽ കയറാൻ ബുദ്ധിമുട്ടായതിനാൽ തൂണിൽ കെട്ടിവച്ചാണ് കയറ്റി വിടുന്നത്. തൂണിൽ അട്ടക്കാൽ പിടിക്കുന്നതു വരെ ഒന്നോ രണ്ടോ തവണ ഇങ്ങനെ കെട്ടിവയ്ക്കേണ്ടി വരും. പിന്നീട് വേരു പിടിച്ച് കയറിക്കൊള്ളും.
ഇങ്ങനെ വളർത്തുന്ന ചെടികളിൽ എട്ട്, ഒന്പത് മാസമായപ്പോൾ മുതൽ തിരി വന്നു തുടങ്ങി. ഒരു വർഷം പ്രായമായപ്പോൾ ഒരു കിലോ വരെ മുളക് കിട്ടി. തുടക്കത്തിൽ അടിസ്ഥാനവളം ചെയ്തതിനാൽ പിന്നീട് കാര്യമായ വളപ്രയോഗമില്ല.
തൂണിനു ചുറ്റും വളരുന്ന പുല്ലുകളും കളകളും മറ്റും ചെത്തിക്കുട്ടി തടത്തിൽ നിക്ഷേപിക്കും. മൂന്നു മീറ്റർ ഉയരമുള്ള പൈപ്പുകളിലാണ് കുരുമുളക് വളർത്തുന്നത്. അത്യാവശ്യം നിലത്ത് നിന്നു തന്നെ മുളക് പറിച്ചെടുക്കാം.
ചെടിക്ക് വളർച്ച കൂടിയാൽ പൈപ്പുകൾക്ക് മുകളിൽ ഒന്നര മീറ്റർ നീളമുള്ള മറ്റൊരു പൈപ്പ് കൂടി സ്ഥാപിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തുടക്കത്തിൽ ഉണ്ടാകുന്ന ചെലവുകഴിഞ്ഞാൽ പിന്നെ ജോലിക്കാരുടെ ആവശ്യം പോലും വേണ്ടി വരുന്നില്ല.
കൊശനാടൻ (കൊറ്റനാടൻ) കരി മുണ്ട, പന്നിയൂർ - 2 എന്നീ ഇനം കരുമുളകുകളാണ് ലാൽ കൃഷി ചെയ്യുന്നത്. കൊശനാടൻ വെള്ളയുടെ മണിക്ക് നല്ല ഭാരമുണ്ട്. ഉണങ്ങിയാലും തൂക്കം കുറയില്ല. പത്തിയൂർ ഇനത്തിന് രോഗം ബാധിക്കാനുള്ള സാധ്യതയേറെയാണ്. ദ്രുതവാട്ടമാണ് സാധാരണയായി കണ്ടുവാരാറുള്ളത്. ലക്ഷണം കണ്ടു തുടങ്ങിയാൽ ഉടൻ ചികിത്സ നൽകണം.
ഭാരതത്തിന്റെ വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ വളർത്തുന്ന കണ്ടോള (കന്റോല), കർണാടക വംശജനായ കാവേരി വാഴ തുടങ്ങിയവയും ലാൽ കൃഷി ചെയ്യുന്നുണ്ട്. പാഷൻ ഫ്രൂട്ട്, പപ്പായ തുടങ്ങിയവയൊക്കെ മറ്റു വരുമാന സ്രോതസുകളാണ്.
ഔഷധഗുണവും ശരീരത്തിനാവശ്യമായ ഒട്ടുമിക്ക മൂലകങ്ങളുമുള്ള കന്റോല എന്നറിയപ്പെടുന്ന കണ്ടോള, പാവൽ വർഗത്തിൽപ്പെടുന്ന സസ്യമാണ്. ഇതിന്റെ കായ കറി വച്ച് കഴിക്കുന്നതാണു രീതി. കാവേരി വാഴ പഴത്തിന് താരതമ്യേന മധുരം കുറവാണ്.
അതുകൊണ്ട് പ്രമേഹ രോഗികൾക്കും കഴിക്കാമെന്നു പറയുന്നു. ഈ വാഴയുടെ പോളകൾക്ക് നല്ല കനമാണ്. പെട്ടെന്ന് ഒടിഞ്ഞു വീഴില്ല. പുഴു-കിട ശല്യങ്ങളും ബാധിക്കാറില്ല. വിപണയിൽ നല്ല വിലയുണ്ട്.
ഒരു മൂട് പാഷൻ ഫ്രൂട്ടിൽ നിന്ന് ഒരു സീസണിൽ മാത്രം നാലായിരത്തിലധികം രൂപയുടെ പഴം ലാൽ വിറ്റു. അഞ്ചു ചുവടുകളിൽ നിന്നായി നേടിയത് 26000 ത്തിൽ അധികം രൂപ. ഇറ്റാലിയൻ വംശജനായ പാഷൻ ഫ്രൂട്ടും ലാലിന്റെ തോട്ടത്തിലുണ്ട്.
ഇതിന്റെ പഴത്തിന് നല്ല വലിപ്പമാണ്. തോടിന് നല്ല കട്ടിയുമുണ്ട്. നല്ല മധുരവും രുചിയുമുണ്ടെങ്കിലും സത്ത് കുറവാണ്. നല്ല വില കിട്ടും. വാട്ട രോഗമാണ് പാഷൻ ഫ്രൂട്ടിനെ ബാധിക്കുന്ന പ്രധാന രോഗം. ഇലകൾ പെട്ടെന്ന് തന്നെ വാടി ഉണങ്ങി പോകുന്നതാണ് ലക്ഷണം.
പപ്പായയാണ് അധിക വരുമാനം നേടി കൊടുക്കുന്ന മറ്റൊരു കൃഷി. കഴിഞ്ഞ സീസണിൽ 63000 ൽ അധികം രൂപയ്ക്കാണ് വിറ്റത്. കിലോയ്ക്ക് 40 മുതൽ 80 രൂപ വരെ ലഭിച്ചു. റെഡ്ലേഡി ഇനത്തിൽ പെട്ട പപ്പായയാണ് കൃഷി ചെയ്യുന്നത്.
സാധാരണ നിലയിൽ രണ്ടു കിലോയിലധികം തൂക്കം വരുന്ന പഴങ്ങൾ കിട്ടും. ഒരു മരത്തിൽ നിന്നു മാത്രം 7500 രൂപയിലധികം ആദായം. രാസവളം ചെയ്യാത്തതിനാൽ മധുരം കൂടും എന്നാണ് ലാൽ പറയുന്നത്.
സമൃദ്ധിയായി വളരുന്ന കോവലിൽ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ട്. പ്രത്യേക പരിചരണമൊന്നുമില്ലാതെ തഴച്ചുവളരുന്ന കോവലിൽ നിന്നു കിട്ടുന്ന ആദായം ചെറുതല്ല. ഒരു മൂട് കോവലിൽ നിന്നും 91 കിലോ വരെ കായ ലാലിന് കിട്ടാറുണ്ട്.
അതുപോലെയാണ് ചതുരപ്പയറിന്റെ കാര്യവും. പന്തൽ ഇട്ടു നല്കിയാൽ മതി. തണ്ണിമത്തനുമുണ്ട്. കോളിഫ്ളവർ ലാലിന്റെ തോട്ടത്തിലെ പ്രധാനിയാണ്.നാടൻ ഏത്തനും പൂവനും കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, സ്വർണമുഖി എത്ത വാഴയാണ് പ്രധാനം.
ചെറിയ കാറ്റിൽ പോലും ഒടിഞ്ഞു വീഴുന്നതും തണ്ടുതുരപ്പന്റെ ആക്രമണവും കീടങ്ങളുടെ ശല്യവും ഏത്തവാഴ കൃഷിക്ക് ദോഷമാണെന്ന് ലാൽ പറഞ്ഞു. ചൈനീസ് വംശജനായ വലിയ ഇനം ബുഷ് ഓറഞ്ച്, ഒടിച്ചു കുത്തി നാരകം തുടങ്ങിയവയും വരുമാന ദായകരാണ്.
ജ്യൂസിനും അച്ചാറിനും ഒടിച്ചു കുത്തി നാരങ്ങ ഒന്നാംതരമാണ്. വെള്ള ഞാവൽ ആണ് മറ്റൊരിനം. ഹൈബ്രീഡ് ഇനമാണ് നട്ടിരിക്കുന്നത്. മുള്ളാത്ത ഒരു വർഷം പ്രായമായപ്പോൾ കായ്ച് തുടങ്ങി. കാൻസർ പ്രതിരോധ ശേഷിയുള്ള മുള്ളാത്ത (ബ്ലാത്തി )യ്ക്ക് കിലോ 140 മുതൽ 190 രൂപവരെ വിലയുണ്ട്. കുരുവില്ലാത്ത തായ്ലൻഡ് പേരയിൽ നിറയെ കായ്കളുണ്ട്.
ഫൈബറുകളാൽ സമൃദ്ധമായ ബെയർ ആപ്പിൾ, അവ്ക്കാഡോ, പീനട്ട്നട്സ്, ഡ്രാഗണ് ഫ്രൂട്ട് തുടങ്ങിയവ ലാലിന്റെ തോട്ടത്തിലെ വിദേശികളാണ്. എൻ-18, സീസർ, മഞ്ഞ, സി - 35, സ്കൂൾ ബോയ് എന്നീ ഇനം റംബൂട്ടാനും കൃഷി ചെയ്തിട്ടുണ്ട്.
എൻ- 18 ഇനം പതിനെട്ടോളം എണ്ണമുണ്ടെങ്കിൽ ഒരു കിലോയാകും. സീസറാണെങ്കിൽ ഒരു കിലോയ്ക്ക് 10 എണ്ണം മതി. സി-35ന് മധുരം കൂടുതലാണ്. ഒരു കിലോക്ക് 35 ഓളം പഴങ്ങൾ വേണ്ടി വരും. സ്കൂൾ ബോയ് തീരെ ചെറുതാണ്. മുന്തിരികുലകൾ പോലെയാണ് ഇതിൽ പഴം പിടിക്കുന്നത്.
വിയറ്റ്നാം ഏർലി പ്ലാവുകളും ലാൽ നട്ടു പരിപാലിക്കുന്നുണ്ട്. നിറയെ ചക്കയുള്ളതിനാൽ താങ്ങ് നല്കിയാണ് അവയെ സംരക്ഷിക്കുന്നത്. നാടൻ നെല്ലിയിൽ നിന്നു പോലും 10,000 ൽ അധികം രൂപ ലാൽ വരുമാനമുണ്ടാക്കുന്നുണ്ട്.
ഇതോടൊപ്പം ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്ക് സ്വന്തമായി തയാറാക്കുന്ന ജൈവവളമാണ് ഉപയോഗിക്കുന്നത്. മുരിങ്ങയില, ശീമകൊന്നയില, കരിയില, അടുക്കളയിലെയും അല്ലാതെയുമുള്ള മാലിന്യങ്ങൾ തുടങ്ങിയവയാണ് ജൈവവളത്തിന്റെ ചേരുവക.
ഇതിൽ ഒഴിക്കുന്ന വെള്ളം പിന്നീട് പന്പ് ചെയ്ത് കൃഷിക്കും ഉപയോഗിക്കും. അപൂർവമായി മാത്രം പൊട്ടാസ്യം, എല്ലുപൊടി എന്നിവ പ്രയോഗിക്കാറുണ്ട്. മത്സ്യകൃഷിയും ലാലിനുണ്ട്. പ്രധാനമായും തിലോപ്പിയകളെയാണ് വളർത്തുന്നത്. നാല് കിലോവരെ തൂക്കം വരുന്ന മത്സ്യങ്ങളെയാണ് വിൽക്കുന്നത്. കാർപ്പ് മത്സ്യങ്ങളെയും വളർത്തുന്നുണ്ട്.
നഗരകാര്യ വകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്ന ആർ. ലാൽ, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനിൽ ജോയിന്റ് സെക്രട്ടറിയായിരിക്കേ സർവീസിൽ നിന്നു വിരമിച്ചു. അഞ്ചുവർഷമായി കൃഷിയിൽ വ്യാപൃതനാണ്. അധ്യാപികയായിരുന്ന ഗീതയാണ് ഭാര്യ.
ഫോണ്: 9447638886