ബക്കറ്റും ബ്രഷുമായി അന്ന് പോസ്റ്റർ ഒട്ടിച്ച നടന്നയാൾ; വൈകാരിക കുറിപ്പുമായി ഷറഫുദ്ദീന്
Thursday, October 16, 2025 11:36 AM IST
ആദ്യമായി നിര്മാതാവാകുന്ന ദ് പെറ്റ് ഡിറ്റക്ടീവ് സിനിമയുടെ റിലീസിനു മുന്നോടിയായി വൈകാരിക കുറിപ്പുമായി നടൻ ഷറഫുദ്ദീൻ. ആദ്യമായി അഭിനയിച്ച നേരത്തിന്റെ പോസ്റ്ററിന് മുന്നിലിരിക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് ഷറഫുദ്ദീന്റെ കുറിപ്പ്.
ഷറഫുദ്ദീന്റെ വാക്കുകൾ
‘‘എല്ലാ പ്രിയപ്പെട്ടവർക്കും… ഞാൻ നിങ്ങളുടെ സ്വന്തം ഷറഫുദ്ദീൻ ! കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷങ്ങളായിട്ട് ഞാൻ ചെയ്യുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങൾ വഴി ഞാൻ നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്.
ഇടവേളകളിൽ കൈയടിച്ചും ഇടയ്ക്കെല്ലാം എന്നെ തിരുത്തിയും എന്നും നിങ്ങൾ കൂടെയുണ്ടായിരുന്നു. എല്ലാരും പറയുന്നത് പോലെ എനിക്ക് ഹേറ്റേഴ്സ് ഇല്ലായെന്നു തന്നെ ഞാൻ വിശ്വസിച്ചോട്ടെ?
ഇന്ന് ഈ നോട്ട് എഴുതുമ്പോൾ ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ദിവസമാണ് നാളെയെന്നത് എനിക്ക് തോന്നുന്നു. അത് കൊണ്ട് തന്നെ എന്റെ കൂടെയുള്ള നിങ്ങൾ എല്ലാവരോടും ഞാനാ സപ്പോർട്ട് ചോദിച്ചു വാങ്ങുകയാണ്. ദ് പെറ്റ് ഡിറ്റക്ടീവ് റിലീസ് ആകുവാണ്. നിങ്ങൾ എല്ലാവരും തിയറ്ററിൽ തന്നെ പോയി ഞങ്ങളുടെ ഈ സിനിമ കാണണം. എന്ന് നിങ്ങളുടെ സ്വന്തം ഷറഫുദ്ദീൻ.
NB: ഈ ഫോട്ടോ പലതവണ ഞാൻ പോസ്റ്റ് ചെയ്യാൻ എടുത്തപ്പോഴും ഇതല്ല സമയം എന്നെനിക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ എനിക്കറിയാം ഇതാണ് അതിനുള്ള സമയം!’’
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഫൺ എന്റർടെയ്നർ ‘പെറ്റ് ഡിറ്റക്ടീവ്’ ഒക്ടോബർ 16ന് ആഗോള റിലീസായത്തുന്നു. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമാണം. സംവിധാനം പ്രനീഷ് വിജയന്.