വ്യാപക വിമർശനത്തെ തുടർന്ന് മഹാമണ്ഡലേശ്വർ പദവി ഉപേക്ഷിച്ച് നടി മമത കുല്ക്കര്ണി
Wednesday, February 12, 2025 10:27 AM IST
കിന്നർ അഖാഡയുടെ മഹാമണ്ഡലേശ്വർ പദവി ഔദ്യോഗികമായി ഒഴിഞ്ഞ് മുൻ ബോളിവുഡ് നടിയും സന്യാസിനിയുമായ മമത കുൽക്കർണി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മമത ഇക്കാര്യം അറിയിച്ചത്.
മമത സന്യാസം സ്വീകരിച്ചതുമുതൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. നടിയുടെ പൂർവകാല ജീവിതവും ഇപ്പോൾ സന്യാസം സ്വീകരിക്കാനുള്ള യോഗ്യതയുമെല്ലാം വ്യാപക ചർച്ചകൾക്കു വഴിവച്ചു. ഈ വിവാദങ്ങൾക്കു പിന്നാലെയാണ് പദവി ഒഴിയുകയാണെന്ന പ്രഖ്യാപനവുമായി താരം രംഗത്തെത്തിയത്.
'ഞാൻ, മഹാമണ്ഡലേശ്വർ മമത നന്ദഗിരി ഈ സ്ഥാനം രാജി വയ്ക്കുന്നു. ചേരിതിരിഞ്ഞുളള ഈ തർക്കം ശരിയല്ല. 25 വർഷമായി ഞാൻ ഒരു സാധ്വിയാണ്, ഇനിയും അങ്ങനെ തുടരും. 25 വർഷമായി ഞാൻ അഭിനയവും ബോളിവുഡും ഉപേക്ഷിച്ച് എന്റെ വഴി കണ്ടെത്തിയിട്ട്. സന്യാസത്തിലേക്ക് എത്തുവാനായാണ് ഞാൻ അങ്ങനെ ചെയ്തത്. അല്ലെങ്കിൽ ഇത്രയും കാലം മേക്കപ്പിൽ നിന്നും ഗ്ലാമറിൽ നിന്നും അകന്നു നിൽക്കുന്നതാരാണ്?' മമത പറയുന്നു.
പദവിയിൽ നിന്ന് രാജി വയ്ക്കുകയാണെന്നാണ് താരം പറയുന്നതെങ്കിലും അവരെ ആ സ്ഥാനത്തു നിന്നു പുറത്താക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കിന്നർ അഖാഡ സന്യാസി സമൂഹത്തിലെ നിരവധി പേർ മമത കുൽക്കർണിയുടെ മഹാമണ്ഡലേശ്വരി പദവിയെ എതിർത്തിരുന്നു.
തുടർന്ന് സന്യാസി സമൂഹം സ്ഥാപകൻ ഋഷി അജയ് ദാസ്, നടിയേയും അവരെ പദവിയിലേക്ക് നിയമിച്ച ലക്ഷ്മി നാരായൺ ത്രിപാഠിയേയും ആ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
90കളിൽ ബോളിവുഡ് ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന നടിയാണ് മമത കുൽക്കർണി. 1992ൽ തിരംഗ എന്ന ചിത്രത്തിലൂടയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 2002ൽ പുറത്തിറങ്ങിയ ‘കഭീ തും കഭീ ഹം’ എന്ന സിനിമയ്ക്ക് ശേഷം മമതയുടേതായി സിനിമകളൊന്നും പുറത്തിറങ്ങിയില്ല.
ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനുശേഷം ജനുവരി ആദ്യമാണ് താരം ഇന്ത്യയിലെത്തിയത്.
മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016ൽ താനെയിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.