എമ്പുരാനിൽ ഫാസിൽ സാറിനൊപ്പമാണ് സ്ക്രീൻ ഷെയർ ചെയ്യുന്നത്: ശിവദ പറയുന്നു
Monday, February 10, 2025 11:53 AM IST
എമ്പുരാന് സിനിമയിലെ ശിവദയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഗോവർധൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ശ്രീലേഖയായിട്ടാണ് ശിവദ സിനിമയിൽ എത്തുന്നത്.
ലൂസിഫറിൽ ക്ലൈമാക്സിനടുത്ത് ഒരു ചെറിയ കഥാപാത്രമായെത്തിയ തനിക്ക് എമ്പുരാനിലും അതേ കഥാപാത്രമായി തുടരാൻ കഴിഞ്ഞെത്തിയതിൽ സന്തോഷമുണ്ടെന്ന് ശിവദ പറയുന്നു. സിനിമയിൽ ശിവദ എന്നറിയപ്പെടുന്ന നടിയുടെ യഥാർഥ പേരും ശ്രീലേഖ എന്നുതന്നെയാണ്. സ്വന്തം പേരിൽ തന്നെയാണ് എമ്പുരാനിൽ ശിവദ എത്തുന്നത് എന്നത് മറ്റൊരു യാദൃച്ഛികതയായി മാറി.
മാർച്ച 27 ന് എമ്പുരാൻ റിലീസിനൊരുങ്ങവേ വരുന്ന 18 ദിവസങ്ങളിൽ ദിവസം രണ്ടു കഥാപാത്രങ്ങൾ വച്ച് 36 കഥാപാത്രങ്ങളുടെ പോസ്റ്റർ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ജെയ്സ് ജോസിന്റെയും ശിവദയുടെയും പോസ്റ്ററുകൾ ആണ് ഇതിൽ ആദ്യം റിലീസ് ചെയ്തത്. ജെയ്സ് ജോസ്, സേവ്യർ എന്ന കഥാപാത്രമായെത്തുന്നു.
‘‘ലൂസിഫർ എന്ന സിനിമയിൽ ഇന്ദ്രജിത് സുകുമാരൻ അഭിനയിച്ച ഗോവർധൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് ഞാൻ അഭിനയിച്ചത്. ആ കഥാപാത്രം ശരിക്കും വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ക്ലൈമാക്സിൽ മാത്രം വരുന്നപോലെ. പക്ഷേ ആ കഥാപാത്രത്തിന് കിട്ടിയ പ്രതികരണങ്ങൾ വളരെ വലുതായിരുന്നു. ‘എമ്പുരാൻ’ എന്ന ചിത്രത്തെക്കുറിച്ചുള്ള സംസാരം വന്നപ്പോൾ തന്നെ എല്ലാവരും എന്നോട് ചോദിച്ചിരുന്നതാണ് അതിൽ ശിവദ ഉണ്ടോ എന്നുള്ളത്. അതുകൊണ്ട് ഞാൻ പറയുകയാണ് എമ്പുരാനിലും ഞാനുണ്ട്.
അതിൽ എന്താണ് ചെയ്തേക്കുന്നത് എന്നുള്ളത് നിങ്ങൾക്ക് സിനിമ കാണുമ്പോൾ മനസ്സിലാകും. ഈ സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് കിട്ടിയ മറ്റൊരു ഭാഗ്യം ഫാസിൽ സാറിന്റെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റി എന്നുള്ളതാണ്. ഫാസിൽ സാറിന്റെ പടത്തിലൂടെ ആയിരുന്നു ഞാൻ മലയാള സിനിമയിൽ എത്തിയത്.
രാജു സ്ക്രീനിൽ അഭിനയിക്കുന്നത് കണ്ടു അദ്ദേഹത്തോട് ആരാധന തോന്നിയിട്ടുണ്ട്. പക്ഷേ സംവിധായകനായ രാജുവിനോടൊപ്പം വർക്ക് ചെയ്യുമ്പോൾ അദ്ദേഹം വളരെ ക്ലിയർ ആയ വിഷൻ ഉള്ള ഒരു സംവിധായകൻ ആയി തോന്നി. വളരെ കുറച്ചേ വർക്ക് ചെയ്യാൻ സാധിച്ചിട്ടുള്ളൂ എങ്കിലും അത്രയും സമയം കൊണ്ട് വളരെ കൂൾ ആയ ഒരു സംവിധായകൻ എന്നാണ് എനിക്ക് തോന്നിയത്.
ഇത്രയും ഗംഭീരമായ സിനിമയുടെ രണ്ടാം ഭാഗത്തിലും ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എമ്പുരാന്റെ റിലീസിന് വേണ്ടി പ്രേക്ഷകരെ പോലെ തന്നെ ഞാനും വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. മാർച്ച 27 ന് എമ്പുരാൻ റിലീസ് ആവുകയാണ്. എല്ലാവരും തിയറ്ററിൽ പോയി തന്നെ കാണണം.’’ശിവദ പറയുന്നു.