ലൊസാഞ്ചലസിലെ തീപിടുത്തത്തിൽ ഞെട്ടി ഹോളിവുഡ്; താരങ്ങളുടെ ആഡംബര വീടുകളും കത്തിയമര്‍ന്നു
Saturday, January 11, 2025 9:35 AM IST
ഹോളിവുഡിനെ ഞെട്ടിച്ച് ലൊസാഞ്ചലസിലെ കാട്ടുതീ. ഹോളിവുഡ് താരങ്ങളുള്‍പ്പടെ നിരവധി പേരുടെ വീട് അഗ്നക്കിരയായി. ആയിരക്കണക്കിന് പേരെ മാറ്റിപാർപ്പിച്ചു. ലീറ്റണ്‍ മീസ്റ്റര്‍, ആദം ബ്രോഡി, പാരിസ് ഹില്‍റ്റണ്‍ തുടങ്ങിയ താരങ്ങളുടെ ആഡംബര ഭവനങ്ങള്‍ ഉള്‍പ്പടെയുള്ള ആയിരത്തിലേറെ കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്. അമേരിക്കൻ സിനിമാ വ്യവസായത്തിന്റെ കേന്ദ്രമായ ഹോളിവുഡിലേക്കും തീ വ്യാപിച്ചത് ഇതിന് ആക്കംകൂട്ടി.
ചൊവ്വാഴ്ചയാണ് ലോസ് ആഞ്ചലസ് കൗണ്ടിയുടെ പല ഭാഗങ്ങളിലായി കാട്ടുതീ വ്യാപിക്കാൻ തുടങ്ങിയത്. അഞ്ചു പേർ മരിക്കുകയും വീടുകളടക്കം നൂറുകണക്കിനു കെട്ടിടങ്ങൾ ചാന്പലാവുകയും ചെയ്തു. ഒരു ലക്ഷത്തിലധികം പേരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. വരണ്ട കാലാവസ്ഥയും കൊടുങ്കാറ്റിനു സമാനമായ കാറ്റും മൂലം കാട്ടുതീ അണയ്ക്കാൻ കഴിന്നില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.
ലോസ് ആഞ്ചലസിന്റെ കേന്ദ്രഭാഗത്തുള്ള ഹോളിവുഡ് ഹിൽസിൽ ആരംഭിച്ച കാട്ടുതീ അത്ര വലുതല്ലെന്നാണു റിപ്പോർട്ട്. എന്നാൽ, ഹോളിവുഡ് ഹിൽസിനു തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സിനിമാവ്യവസായ കേന്ദ്രമായ ഹോളിവുഡിലുള്ളവരോട് മുൻകരുതലെന്ന നിലയിൽ ഒഴിഞ്ഞുപോകാൻ നിർദേശം നല്കി.
ലോസ് ആഞ്ചലസിൽ ഉണ്ടായത് കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. സംസ്ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തി. കാലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിച്ചു. ലൊസാഞ്ചലസിലെ ആളുകൾ ഒരു പേടിസ്വപ്നത്തിലൂടെയാണ് ജീവിക്കുന്നത് എന്നും അഗ്നിശമന സേനാംഗങ്ങളെ ഹീറോകൾ എന്ന് വാഴ്ത്തുന്നതായും ബൈഡൻ പറഞ്ഞു.