ബംഗളൂരു: ക്രിസ്മസ്-പുതുവർഷ അവധിക്ക് നാട്ടിൽ പോകുന്നവരെ കൊള്ളയടിച്ച് ബസ്, വിമാന സർവീസുകൾ. ഡിസംബർ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകളിലെ നിരക്ക് മൂന്നു ഇരട്ടി വരെയാണ് ഉയർത്തിയത്.
20ന് ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ ബസിന് 5,500-6,000 വരെയാണു ചാർജ്. കോട്ടയത്തേക്ക് 3,700-4,000 രൂപയും തിരുവനന്തപുരത്തേക്ക് 4,000-4,700 രൂപയും കൊടുക്കണം. കോഴിക്കോട്ടേക്ക് 2,200-2,700 രൂപയും കണ്ണൂരിലേക്ക് 2,000-2,500 രൂപയുമാണ് ഈടാക്കുന്നത്.
വിമാനയാത്രാ നിരക്കും കുത്തനെ കൂട്ടി. 20ന് രാത്രി നോൺ സ്റ്റോപ് സർവീസുകൾക്കാണു നിരക്കു കൂടുതൽ. ബംഗളൂരുവിൽനിന്നു കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് 16,000-17,000 രൂപ നൽകണം.
കോഴിക്കോട്ടേക്ക് 8,500-11,300 രൂപ വരെയും കണ്ണൂരിലേക്ക് 8,500-9,500 രൂപ വരെയുമാണു നിരക്ക് ഉയർന്നിട്ടുള്ളത്.