ഫുജൈറ: ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിച്ച കേരളോത്സവം 2024 ജനസാഗരമായി മാറി. ശനിയാഴ്ച വൈകിട്ട് 5 മുതൽ ഫുജൈറ എക്സ്പോ സെൻ്റർ അങ്കണത്തിൽ വച്ച് നടന്ന കേരളോത്സവത്തിന്‍റെ സാംസ്കാരിക സമ്മേളനം ഹിസ് എക്സലൻസി ഷെയ്ഖ് സയീദ് സെറൂർ സൈഫ് അൽ ശർഖി ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.പ്രേംകുമാർ എം.എൽഎ വിശിഷ്ടാതിഥിയായി പങ്കെടുത്തു.കേരളോത്സവം സ്വാഗത സംഘം ചെയർമാൻ ടി.എ.ഹഖ് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ഉസ്മാൻ മാങ്ങാട്ടിൽ സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡൻ്റ് പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.അൽ ഷർഖ് ഹോസ്പിറ്റർ സിഇഒ ബ്രയാൻ .ഡി.ഫ്രാൻസിസ്ക്, കേരളാ പ്രവാസി വെൽഫെയർ ബോർഡ് അംഗം കുഞ്ഞഹമ്മദ് ,ലോക കേരള സഭാംഗം ലെനിൻ. ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ,സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി.പി., സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് വിത്സൺ പട്ടാഴി, അൽ ഫല ഒപ്റ്റിക്സ് സി.ഇ.ഒ. ലത്തീഫ് കന്നോര, കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ്, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ് , യുണിറ്റ് ജോയിന്‍റ് കൾച്ചറൽ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ലോക കേരള സഭാംഗവും കൈരളി മുൻ രക്ഷാധികാരിയുമായിരുന്ന സൈമൻ സാമുവേലിനും ഫുജൈറ യുണിറ്റ് മുൻ സെക്രട്ടറി അനീഷ് ആയാടത്തിലിനും സമ്മേളനത്തിൽ വച്ച് കൈരളി സ്നേഹാദരവ് നൽകി. കേരളത്തിന്‍റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് കേരളോത്സവം ഹൃദ്യമായ ഒരനുഭവമായിമാറി.
നൂറിലധികം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര, ഒപ്പന, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, ശിങ്കാരിമേളം, പഞ്ചാരിമേളം ,കോൽക്കളി, കളരിപ്പയറ്റ്, മംഗളംകളി,റെട്രോ ഡാൻസ്, യുവഗായകരായ അതുൽ നറുകരയും കൃതികയും നയിച്ച ഫോക്ക് ഗ്രാഫർ മ്യൂസിക്ക് ബാൻഡിൻ്റെ ഗാനമേള എന്നിവ വിവിധ വേദികളിലായി അരങ്ങേറി. തെയ്യം, കാവടിയാട്ടം, പുലികളി, പൂക്കാവടി തുടങ്ങി ഒട്ടേറെ കേരളീയ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്ന വർണ്ണ ശബളമായ ഘോഷയാത്ര കേരളോത്സവത്തിന് പൂരപ്പൊലിമയേകി.
ഉത്സവ നഗരിയിലേക്ക് കടന്നു വന്ന പ്രവാസി കലാപ്രതിഭകൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള പ്രത്യേക വേദിയും കേരളോത്സവത്തിൽ സജ്ജമാക്കിയിരുന്നു. രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന ഭക്ഷണശാലകൾ, പുസ്തക സ്റ്റാളുകൾ തുടങ്ങി വ്യത്യസ്തങ്ങളായ സ്റ്റാളുകൾ കേരളോത്സവ നഗരിയെ പൂരപറമ്പാക്കി മാറ്റി. മലയാളം മിഷൻ്റെയും നോർക്കയുടെയും പ്രത്യേക സ്റ്റാളുകളും ഉത്സവ നഗറിൽ സജീവമായിരുന്നു.