ഈ പെസഹാ നിങ്ങളോടൊപ്പം ഭക്ഷിക്കണമെന്ന് എനിക്കു വലിയ ആഗ്രഹമായിരുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ക്രിസ്തു തുടങ്ങിയത്. ആരറിഞ്ഞു നമ്മുടെ ഒടുവിലത്തെ അത്താഴം
എന്നാണെന്ന്!
എന്നാണെന്ന് അറിയില്ലെങ്കിലും എല്ലാവർക്കുമുണ്ട് ഒടുവിലത്തെ ഒരത്താഴം. അന്ന് മരണം തൊട്ടടുത്തായിരിക്കുമെങ്കിലും നമ്മളോ അത്താഴത്തിനൊപ്പമുള്ളവരോപോലും അറിയില്ല. അറിഞ്ഞാൽ ആരുമതു കഴിക്കില്ല. പക്ഷേ, മണിക്കൂറുകൾക്കകം ക്രൂരമായി കൊല്ലപ്പെടുമെന്ന് അറിഞ്ഞിട്ടും പ്രിയപ്പെട്ടവർക്ക് അത്താഴം വിളന്പിക്കൊടുക്കുകയും ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ അവരെ ഓർമിപ്പിക്കുകയും ചെയ്ത ഒരാളുടെ പേരാണ് ക്രിസ്തു.
ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ട ആ രാത്രിയിലെ സമാനതകളില്ലാത്ത സംഭവങ്ങളുടെ ഓർമത്തിരുനാളാണിന്ന്; പെസഹാ. മനുഷ്യർക്കു നടപ്പാക്കാൻ അത്യന്തം വിഷമകരമായ എളിമയും സ്നേഹവും അസാധ്യമല്ലെന്നു പ്രവൃത്തിയിലൂടെ കാണിച്ചിട്ട് അവൻ കുരിശുമരണം വരിക്കാൻ പുറത്തേക്ക് ഇറങ്ങിപ്പോയി. സ്നേഹിക്കൂ, വിനയാന്വിതരാകൂ, ഒരു മേശയ്ക്കു ചുറ്റും ഇരിക്കൂ എന്ന് ഈ പെസഹായിലും ക്രിസ്തു കാലുപിടിച്ചു ചുംബിച്ചു പറയുകയാവാം.
വിഷാദഭരിതമായ ഒരു വ്യാഴാഴ്ചയായിരുന്നു അത്. പഴയനിയമപ്രകാരം പെസഹാ ആചരിക്കാനുണ്ട്. ജറൂസലെം ദേവാലയത്തിൽ ബലിയർപ്പിച്ചു കൊണ്ടുപോകാൻ കുഞ്ഞാടുകളെയുമായെത്തുന്നവരുടെ തിരക്കു തുടങ്ങി. ക്രിസ്തു രാവിലെതന്നെ പത്രോസിനെയും യോഹന്നാനെയും വിളിച്ച് പെസഹാ ഒരുക്കാനുള്ള സ്ഥലം പറഞ്ഞുകൊടുത്തു. ജറൂസലെമിലെ ഒരു മാളികയുടെ മുകളിലത്തെ മുറിയിൽ സന്ധ്യയോടെ അവർ ഒത്തുകൂടി. അതിനുമുന്പ്, യൂദാസ് പ്രധാന പുരോഹിതരുടെയും സേനാധിപന്മാരുടെയും അടുത്തുപോയി ക്രിസ്തുവിനെ ഒറ്റിക്കൊടുക്കേണ്ട സ്ഥലവും പ്രതിഫലവും ചർച്ച ചെയ്തു തീരുമാനിച്ചിരുന്നു. എല്ലാമറിയാമായിരുന്നെങ്കിലും ക്രിസ്തു യൂദാസിനെയും ചേർത്തിരുത്തി.
ഈ പെസഹാ നിങ്ങളോടൊപ്പം ഭക്ഷിക്കണമെന്ന് എനിക്കു വലിയ ആഗ്രഹമായിരുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ക്രിസ്തു തുടങ്ങിയത്. തനിക്ക് ഇനിയൊരത്താഴമില്ലെന്നു സൂചിപ്പിക്കുകയും ചെയ്തു. പിന്നെ അപ്രതീക്ഷിതമായി ധരിച്ചിരുന്ന മേലങ്കി മാറ്റിയിട്ട് ഒരു തൂവാല അരയിൽ കെട്ടി. ആർക്കും ഒന്നും മനസിലായില്ല. അവൻ ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്തുകൊണ്ടുവന്ന് അവരുടെ കാലുകൾ കഴുകാനും അരയിലെ തൂവാലകൊണ്ട് തുടയ്ക്കാനും ചുംബിക്കാനും തുടങ്ങി.
യഹൂദഭവനങ്ങളിലെത്തുന്ന അതിഥികളുടെ കാലുകൾ കഴുകുന്നത് അടിമകളോ വേലക്കാരോ ആണ്. ഇതു ചെയ്യരുതെന്നു പത്രോസ് പറഞ്ഞെങ്കിലും, ഇല്ലെങ്കിൽ നിനക്ക് എന്നോടു പങ്കില്ലെന്നും നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാനിതു ചെയ്തെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണമെന്നും ക്രിസ്തു ഓർമിപ്പിച്ചു. അഹന്തയുടെ വാളുകൾ മേശപ്പുറത്തു വച്ച് മസ്തിഷ്കങ്ങൾ കീഴടങ്ങി. മനുഷ്യന്റെ അകത്തും പുറത്തുമുള്ള എല്ലാ യുദ്ധങ്ങൾക്കുമുള്ള ദൈവത്തിന്റെ ഉത്തരമായിരുന്നു അത്.
അപ്പവും വീഞ്ഞും ബലിവസ്തുപോലെ മേന്മയേറിയതായി. ക്രിസ്തു, പ്രാർഥിച്ച് അപ്പമെടുത്ത് മുറിച്ച് ഇതു തന്റെ ശരീരമാണെന്നു പറഞ്ഞ് അവർക്കു കൊടുത്തു. അതിനുശേഷം, വീഞ്ഞു കൊടുക്കുന്പോൾ പാപമോചനത്തിനായി ചിന്തപ്പെടുന്ന തന്റെ രക്തമാണെന്നും പറഞ്ഞു. ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിച്ചു.
ഇതെന്റെ ഓർമയ്ക്കായി ചെയ്യണമെന്നും ഓർമിപ്പിച്ചു. അപ്പം കൈമാറുന്നതിനിടെ അവൻ ഹൃദയഭേദകമായ ആ യാഥാർഥ്യം വെളിപ്പെടുത്തി. നിങ്ങളിൽ എല്ലാവരും തെരഞ്ഞെടുക്കപ്പെട്ടവരല്ല, ഒരാൾ എന്നെ ഒറ്റിക്കൊടുക്കും. നടുങ്ങിപ്പോയ ശിഷ്യർ അതാരെന്ന മട്ടിൽ പരസ്പരം നോക്കി. ഈ അപ്പക്കഷണം മുക്കി ആർക്കു കൊടുക്കുന്നുവോ അയാൾ എന്നു പറഞ്ഞുകൊണ്ട് അവനതു യൂദാസിനു കൊടുത്തു. പുറത്ത് ഇരുട്ട് ഘനീഭവിച്ചു. അതു വാങ്ങിയ ഉടനെ യൂദാസ് പുറത്തേക്കു പോകുകയും ചെയ്തു. അപ്പോൾ അവൻ സ്നേഹത്തെക്കുറിച്ചു പറഞ്ഞു. ഞാന് നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്. അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാരാണന്നു ലോകം അറിയട്ടെ. അത്താഴം കഴിഞ്ഞു. മുകളിലത്തെ മുറിയിൽനിന്നിറങ്ങി ജറൂസലെമിന്റെ വിജനമായ തെരുവുകളിലേക്ക് ആദ്യം ക്രിസ്തുവും പിന്നാലെ ശിഷ്യരും ഇറങ്ങിപ്പോയി.
രണ്ടു സഹസ്രാബ്ദങ്ങൾക്കു മുന്പു നടന്ന സംഭവമാണ്. അതിന്റെ ഓർമയ്ക്കായി പള്ളികളിൽ ഇന്നു കാൽകഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയുമുണ്ട്. ക്രൈസ്തവഭവനങ്ങളിൽ ഇന്നു ഗൃഹനാഥന്മാർ അപ്പം മുറിക്കും. രാവിലെ മുതൽ ഒരുങ്ങണം. എല്ലാവരും ഒരു മേശയ്ക്കു ചുറ്റുമിരിക്കാൻ വീട്ടിലെത്തുമെന്ന് ഉറപ്പാക്കണം. ക്രിസ്തുവിനെപ്പോലെ ഹൃദയംകൊണ്ട് അപ്പം പകുത്തു കൊടുക്കുകയും വാങ്ങുകയും വേണം. ആരറിഞ്ഞു ഇനിയെത്രനാൾ ഒന്നിച്ചിരിക്കാമെന്ന്. ആരറിഞ്ഞു ഒരിക്കൽ സംഭവിക്കേണ്ട ഒടുവിലത്തെ അത്താഴം എന്നായിരിക്കുമെന്ന്. രണ്ടായിരം വർഷമായി ഒരാൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു; നിങ്ങൾ പരസ്പരം സ്നേഹിക്കുവിന്, എന്റെ ശിഷ്യരെ മറ്റുള്ളവർ തിരിച്ചറിയട്ടെ. മറ്റുള്ളവർ നോക്കുന്നുണ്ട്, വീടുകളിലേക്ക്, പള്ളികളിലേക്ക്, സഭയിലേക്ക്, തൊഴിലിടങ്ങളിലേക്ക്, പൊതു ഇടങ്ങളിലേക്ക്... ക്രിസ്തുശിഷ്യരെ കാണാൻ. അത്താഴമേശയ്ക്കു ചുറ്റും എല്ലാവരുമുണ്ടോ?
ഖലീൽ ജിബ്രാന്റെ ‘മനുഷ്യപുത്രനായ യേശു’ എന്ന പുസ്തകത്തിൽ പത്രോസ്, ക്രിസ്തുവിനെ ആദ്യമായി കണ്ടതിനെക്കുറിച്ചു പറയുന്നുണ്ട്: “ഞാൻ ഗലീലിയയിലെ കടപ്പുറത്തു നിൽക്കുന്പോഴാണ് ക്രിസ്തുവിനെ ആദ്യമായി കണ്ടത്. എന്റെ സഹോദരൻ അന്ത്രയോസും അടുത്തുണ്ടായിരുന്നു. കടൽ പ്രഷുബ്ധമായിരുന്നതുകൊണ്ട് അന്നു മീൻ തീരെ കുറവായിരുന്നു. ഞങ്ങൾ ദുഃഖിതരായിരുന്നു. ക്രിസ്തു അടുത്തു വന്നതു ഞങ്ങൾ കണ്ടില്ല. അവൻ ഞങ്ങളെ പേരു ചൊല്ലി വിളിച്ചു. ധാരാളം മത്സ്യങ്ങളുള്ള ഒരു അഴിമുഖം കാണിച്ചുതരാമെന്നു പറഞ്ഞു. ഹോ! അവന്റെ തേജോമയമായ മുഖത്ത് ഞാൻ ഒന്നേ നോക്കിയുള്ളൂ. എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പായുന്നതുപോലെ തോന്നി. വല താഴെ വീണുപോയി. ഞാൻ അവനെ തിരിച്ചറിഞ്ഞു.”
ഈ രാത്രി തിരിച്ചറിവിന്റേതായാൽ എന്റെ ഉള്ളിലൂടെ ക്രിസ്തു ഒരു കൊള്ളിയാൻ പോലെ കടന്നുപോകും. പിന്നെ, ചതിയും വഞ്ചനയുമില്ല. അക്രമിയോ കൊലപാതകിയോ വർഗീയവാദിയോ ആകില്ല. സ്നേഹത്തിന്റെ ആനന്ദമറിയും, അപരന്റെ കാൽ കഴുകാവുന്നത്ര വിനയാന്വിതരാകും, ശത്രുത വെടിഞ്ഞു ചുംബിക്കും. സ്നേഹമല്ലാത്തതെല്ലാം കൈയിൽനിന്നു താഴെ വീഴും. വീട്ടിലെ അത്താഴമേശയിൽനിന്ന് സ്നേഹത്തിന്റെ വീഞ്ഞു നുകർന്നവരാരും ലഹരി തേടി പോകില്ല. ഉറക്കമില്ലാത്ത രാത്രിക്കൊടുവിൽ മരണം ചൂളം വിളിക്കുന്ന പാളങ്ങളിലേക്കോ കുത്തിയൊഴുകുന്ന പുഴയിലേക്കോ ഇറങ്ങിയോടില്ല. എന്റെ ഓർമയ്ക്കായി നിങ്ങളിതു ചെയ്യുക എന്നൊരാൾ വിളിക്കുന്നു. എല്ലാവരും തിരിച്ചുവരണം, ഇന്നു പെസഹാത്തിരുനാളാണ്.