സാഹചര്യങ്ങളെല്ലാം അനുകൂലമായതുകൊണ്ടല്ല പലരും ആത്മഹത്യ ചെയ്യാതിരിക്കുന്നത്. ഒരോ വാതിലുമടയുന്പോൾ അവർ മറ്റൊന്നിനായി തിരയുന്നതുകൊണ്ടാണ്. ആ പോരാട്ടത്തിന്റെ പേരാണ്, ജീവിതം.
ആത്മഹത്യ ചെയ്തവർ ചീത്ത മനുഷ്യരായിരുന്നില്ല. ഒരുപക്ഷേ, ജീവിച്ചിരിക്കുന്ന നമ്മേക്കാൾ നല്ലവരുമായിരുന്നു. പക്ഷേ, ഒരു ദുർബലനിമിഷത്തിൽ അവർ തനിച്ചായിപ്പോയി. അടക്കാനാവാത്ത സങ്കടമോ ദുഃഖമോ കടബാധ്യതയോ മദ്യ-മയക്കുമരുന്നു ലഹരിയോ നഷ്ടസ്നേഹമോ ദുരഭിമാനമോ അങ്ങനെ എന്തെങ്കിലും അവരോട് അടക്കം പറഞ്ഞിട്ടുണ്ടാകും “നീ തനിച്ചാണ്” എന്ന്. ചിലപ്പോൾ ചേർത്തുപിടിക്കേണ്ടിയിരുന്നവർ പറഞ്ഞിരിക്കാം “പോയി ചാക് എന്ന്”. പക്ഷേ, “എനിക്കു മനസില്ല” എന്നു പറയാൻ അവർക്കു ധൈര്യമുണ്ടായില്ല. ഇനിയങ്ങനെ പറയണം.
ആത്മഹത്യാനിരക്കിൽ കേരളം കുതിക്കുകയാണ്. കഴിഞ്ഞ വർഷം 10,779 പേർ ജീവനൊടുക്കി, ഇക്കൊല്ലം രണ്ടര മാസത്തിനിടെ 1785 പേരും. സാഹചര്യങ്ങളെല്ലാം അനുകൂലമായതുകൊണ്ടല്ല പലരും ആത്മഹത്യ ചെയ്യാതിരിക്കുന്നത്. ഓരോ വാതിലുമടയുന്പോൾ അവർ മറ്റൊന്നിനായി തിരയുന്നതുകൊണ്ടാണ്. ആ പോരാട്ടത്തിന്റെ പേരാണ് ജീവിതം.
സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയാണ് പുതിയ കണക്ക് പുറത്തുവിട്ടത്. രാജ്യത്തെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിൽ 13 ആണെങ്കിൽ കേരളത്തിൽ ഇത് 28 ആണ്. അതായത്, ഇരട്ടിയിലധികം. സാക്ഷരത, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയ പ്രബുദ്ധ- എല്ലാറ്റിലും മുന്നിലുള്ള ഒരു സംസ്ഥാനത്തിന്റെ സ്ഥിതിയാണിത്. ആത്മഹത്യ ചെയ്യുന്നതിന്റെ 20 ഇരട്ടി പേർ അതിനായി ശ്രമിക്കുന്നുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. എത്ര വലിയ ആപത്താണ് കേരളത്തിനു മുകളിൽ തൂങ്ങിയാടുന്നത്! ജീവനൊടുക്കുന്നവരിലേറെയും പുരുഷന്മാരാണ്; സ്ത്രീകളുടെ നാലിരട്ടി. പ്രായം കൂടിയവർക്കിടയിലാണ് ആത്മഹത്യാനിരക്ക് കൂടുതൽ. അതിലേറെയും വിവാഹിതരായ പുരുഷന്മാർ. ചെറുപ്പക്കാരിലെ ആത്മഹത്യകളിലേറെയും മയക്കുമരുന്നിന്റെയും ഓൺലൈൻ ഗെയിമുകളുടെയും അടിമത്തത്തെ തുടർന്നാണ്.
അയഞ്ഞ കുടുംബബന്ധങ്ങളിൽനിന്നാണ് ഏറ്റവും കൂടുതലാളുകൾ മരണത്തിലേക്ക് ഊർന്നിറങ്ങിയത്. സ്വന്തമെന്നു കരുതിയവരുടെ അവഗണനയും ക്രൂരതകളും പലരെയും അവസാന വഴിയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു. ആത്മഹത്യയുടെ പ്രധാന കാരണം കുടുംബപ്രശ്നങ്ങളാണെന്ന് കോഴിക്കോട് ആസ്ഥാനമായുള്ള ആത്മഹത്യാ പ്രതിരോധ കേന്ദ്രമായ ‘തണൽ’ നടത്തിയ പഠനത്തിലും പറയുന്നു. ശരീരാരോഗ്യത്തിന്റെ കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ച് നാം മുന്നിലാണ്; മാനസികാരോഗ്യത്തിൽ പിന്നിലും.
കുടുംബങ്ങളിലെ കൂട്ട ആത്മഹത്യകളിൽ ഇരകൾ കുട്ടികളാണ്. മാതാപിതാക്കളുടെ തെറ്റായ തീരുമാനത്തിലേക്ക് മക്കളെയും ബലമായി കൂട്ടിക്കൊണ്ടു പോകുകയാണ്. അതിലേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഭൂരിപക്ഷം കുടുംബങ്ങളും വ്യക്തികളും ആത്മഹത്യ ചെയ്യുന്നില്ല. വലിയ ധൈര്യശാലികളായിട്ടല്ല, തോൽക്കാൻ മനസില്ലാത്തവരായതുകൊണ്ട്. ശിഥിലമാകുന്ന കുടുംബബന്ധങ്ങളും മൊബൈൽ ഫോണുകൾ തകർത്തെറിഞ്ഞ വ്യക്തിബന്ധങ്ങളും ലഹരിയുടെ അതിപ്രസരവും ആത്മഹത്യയെ മഹത്വവത്കരിക്കുന്ന മാധ്യമവാർത്തകളും സാഹിത്യവും സിനിമയുമൊക്കെ ഡിജിറ്റൽ യുഗത്തിലെ മരണകാരണങ്ങളായി മാറിയിരിക്കുന്നു.
പുതിയ പഠനങ്ങൾ ഉണ്ടാകണം. സർക്കാർ തന്നെയാണ് മുൻകൈയെടുക്കേണ്ടത്. വിദ്യാഭ്യാസത്തിൽ മാനസികാരോഗ്യ പരിശീലനം ഉറപ്പാക്കണം. മതങ്ങൾ അവയുടെ ഉത്തരവാദിത്വങ്ങൾ പുനർനിർണയിക്കണം.വീട്ടിൽ എല്ലാവരും മറ്റുള്ളവരുടെ കാവൽക്കാരാകണം. പുറത്തുനിന്നുള്ളതിലും നീറ്റൽ കൂടുതലാണ് വീട്ടിൽനിന്നേൽക്കുന്ന മുറിവുകൾക്ക്. അകത്തുള്ളവരുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ കേൾക്കാൻ നാം കടപ്പെട്ടിരിക്കുന്നു. മൃതദേഹത്തിനരികിൽനിന്ന് “എന്നോടൊന്നു പറഞ്ഞിരുന്നെങ്കിൽ” എന്നു പറയുന്നതിൽ ഒരർഥവുമില്ല. അവർ നിശബ്ദമായി അതു പറയുന്നുണ്ടായിരുന്നു!
എല്ലാറ്റിലുമുപരി, ജീവനൊടുക്കാനുള്ള തീരുമാനം വ്യക്തിയുടേതാണ്; അയാളുടേതു മാത്രം. ജീവനൊടുക്കാൻ തീരുമാനിക്കുന്നവർ സ്വന്തം കുടുംബത്തിലെ ബാക്കിയുള്ളവരെ കൊല്ലാക്കൊല ചെയ്യുകയാണ്. അവരുടെ തുടർന്നുള്ള ജീവിതം കൂടുതൽ കഷ്ടങ്ങളിലൂടെ കടന്നുപോകും. യാതനകൾ ഒന്നിനു പിറകെ മറ്റൊന്നായി സംഭവിച്ചിട്ടും പിടിച്ചുനിൽക്കാൻ ശ്രമിക്കുകയും കുടുംബാംഗങ്ങളെ ചേർത്തുപിടിക്കുകയും ചെയ്തവർ എല്ലാ കുടുംബങ്ങളിലുമുണ്ട്. അവർ ഉറക്കമിളച്ചിരുന്നതുകൊണ്ടാണ് നമ്മൾ ഇതുവരെ എത്തിയത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, പുതിയ ദുരന്തങ്ങളുടെ തുടക്കമാണ്. നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകൊള്ളാമെന്നു വാക്കു തരാൻ ഒരാൾക്കും സാധ്യമല്ലെന്നു തിരിച്ചറിഞ്ഞുകൊള്ളുക. പിടിച്ചുനിൽക്കാനാവില്ലെന്നു തോന്നിയാൽ വിശ്വസിക്കാമെന്നു കരുതുന്നവരോടു സഹായം ചോദിക്കണം. ഇരുട്ടിൽ ഒന്നും കാണാനാകാതെ വരുന്പോൾ ലൈറ്റ് തെളിക്കാൻ ശ്രമിക്കുന്നത് നാണക്കേടല്ല, ജ്ഞാനമാണ്.
എം.ടി തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത ‘താഴ്വാരം’ എന്ന സിനിമയിൽ, പണവും കുടുംബവുമെല്ലാം നഷ്ടപ്പെട്ടു ശൂന്യമായ കരങ്ങളുമായി മരണമുഖത്തു ജീവിക്കുന്ന ബാലൻ എന്ന മോഹൻലാൽ കഥാപാത്രം പറയുന്നുണ്ട്: “അവൻ ഇനിയും കൊല്ലാൻ നോക്കും, ഞാൻ ചാകാതിരിക്കാനും.” കളഞ്ഞുപോയ സന്പത്തും പ്രണയവും സമാധാനവും മാനവും ആരോഗ്യവും; ചിലപ്പോൾ ഒരു വീടോ ഒരു കിടക്കയോ പങ്കിട്ടവർ പോലും “പോയി മരിച്ചൂടെ” എന്നു ചോദിച്ചു കൊല്ലാൻ നോക്കും. മനസില്ലെന്നു പറഞ്ഞു ചാകാതിരിക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ എല്ലാ നരകവും ഒരിക്കൽ മുട്ടുമടക്കും. ഈ സമയവും കടന്നുപോകും.