കംഗാരു കോടതിയുടെ കാവൽക്കാർ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട
വഖഫ് ഭേദഗതി ബിൽ ‘ഇന്ത്യ’ മുന്നണിയുടെ സഹായമില്ലാതെ ലോക്സഭയും രാജ്യസഭയും പാസാക്കി. നിയമ ഭേദഗതി ഉടൻ പ്രാബല്യത്തിലാകും. ആയിരക്കണക്കിനു പൗരന്മാരെ അവരുടെ കിടപ്പാടങ്ങളിൽനിന്ന് ആട്ടിപ്പായിച്ച, കിരാത വകുപ്പുകൾ ഒഴിവാക്കിയതാണ് പ്രധാനം.
അതേസമയം, എല്ലാ ഭേദഗതികളും മുസ്ലിം സമുദായത്തിനു ഗുണകരമല്ലെന്ന വാദവുമുണ്ട്. തീർച്ചയായും മുസ്ലിം ലീഗ് പ്രസ്താവിച്ചതുപോലെ അവ കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണ്. അവർ പോകുന്നത് മത ട്രൈബ്യൂണലുകളിലേക്ക് അല്ലാത്തതിനാൽ അർഹതയുണ്ടെങ്കിൽ നീതി ലഭിക്കുകയും ചെയ്യും.
മറ്റൊരു കാര്യം എടുത്തുപറയേണ്ടത്, വഖഫ് നിയമത്തിലെ ജനദ്രോഹ വകുപ്പെങ്കിലും തിരുത്താൻ സഹായിക്കണമെന്ന കത്തോലിക്കാ സഭയുടേതുൾപ്പെടെയുള്ള അഭ്യർഥനകളെ തുടക്കംമുതൽ നിരസിച്ച കോൺഗ്രസും ഇടതുപക്ഷവും ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നതയും ആശങ്കയും പരത്താൻ ലോക്സഭയിലും ശ്രമിച്ചു എന്നതാണ്. അതിനായി, മണിപ്പുരിലും ഉത്തരേന്ത്യയിലും തകർക്കപ്പെട്ട പള്ളികൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവരെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്ന സംഘപരിവാർ അഴിഞ്ഞാട്ടം, മതപരിവർത്തന നിരോധന നിയമങ്ങൾ, അതുപയോഗിച്ചുള്ള പീഡനങ്ങൾ, എഫ്സിആർഎ (വിദേശ സംഭാവനാ നിയന്ത്രണ നിയമം), ലോക്സഭയിലും നിയമസഭയിലും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കുണ്ടായിരുന്ന സംവരണം നിർത്തലാക്കിയത് തുടങ്ങിയ കാര്യങ്ങൾ അവർ ചൂണ്ടിക്കാണിച്ചു.
ഈ ക്രൈസ്തവ വിരുദ്ധതകളും ആക്രമണങ്ങളും കോൺഗ്രസും സിപിഎമ്മും പറഞ്ഞിട്ടാണോ ഈ സമൂഹം അറിയുന്നത്? കത്തോലിക്കാ സഭയും മറ്റു ക്രൈസ്തവ വിഭാഗങ്ങളുമൊക്കെ അവ കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുകയും തിരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, ബിജെപി ചെവിക്കൊണ്ടിട്ടില്ല. അതുകൊണ്ട്, വഖഫ് നിയമം ഈ രാജ്യത്തെ ജനങ്ങളുടെ വീടും പറന്പും കൈയേറുന്നത് കണ്ടുനിൽക്കണമെന്നാണോ? മേൽപ്പറഞ്ഞ ക്രൈസ്തവവിഷയങ്ങളിലും മുസ്ലിം സമുദായം അഭിമുഖീകരിക്കുന്ന വിഷയങ്ങളിലും ബന്ധപ്പെട്ട മതങ്ങളും കോൺഗ്രസും സിപിഎമ്മുമൊക്കെ പ്രതികരിച്ചിട്ടുണ്ട്. എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ? അതുകൊണ്ട്, മറ്റു വിഷയങ്ങളിലൊന്നും ഇനിമേൽ നിങ്ങൾ പ്രതികരിക്കാതിരിക്കുമോ?
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രാജ്യത്തിന് അനിവാര്യമാണ്. പക്ഷേ, വോട്ടുരാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമായി അധഃപതിച്ച രാഷ്ട്രീയം കുടുതൽ സത്യസന്ധമാകേണ്ടതുണ്ട്. 1995ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദം പോലെ ചില വകുപ്പുകൾ മുനന്പത്ത് ഉൾപ്പെടെ രാജ്യത്തെ നിരവധി പൗരന്മാരെ നിരാലംബരാക്കിയെന്നത് വസ്തുതയായതിനാൽ, അവയിൽ ഭേദഗതി വരുത്തി മറ്റുള്ളവ നിലനിർത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിൽ ചർച്ചകൾ എല്ലാവരെയും പരിഗണിക്കുന്നതും കൂടുതൽ ഫലപ്രദമാകുകയും ചെയ്യുമായിരുന്നു. അതിനുള്ള ഗൃഹപാഠം ‘ഇന്ത്യ’ മുന്നണി നടത്തിയില്ലെന്നാണ് ലോക്സഭയിലെ ഉപരിപ്ലവ പ്രതികരണങ്ങൾ വ്യക്തമാക്കിയത്.
പകരം, വഖഫ് നിയമത്തെ തൊടുന്നത് ഭരണഘടനയ്ക്കു നേരേയുള്ള ആക്രമണമാണെന്നും മുസ്ലിംകളെ അനാഥരാക്കാനാണെന്നും ആരോപിക്കുന്നതും, അതിനെ കത്തോലിക്കാ സഭ പിന്തുണച്ചെന്നുമുള്ള വ്യാഖ്യാനങ്ങൾ നിരുത്തരവാദപരമാണ്. രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധതയുണ്ട്. പക്ഷേ, ഉള്ളതും ഇല്ലാത്തതുമെല്ലാം ആ പട്ടികയിൽ തിരുകിക്കയറ്റുന്നവർ നശിപ്പിക്കുന്ന വിശ്വാസ്യത മറ്റു മതസ്ഥരെ അകറ്റുകയും മതേതര പോരാട്ടങ്ങളെ ദുർബലമാക്കുകയും ചെയ്യും. സത്യത്തിൽ കോൺഗ്രസും സിപിഎമ്മും അനാവശ്യ പ്രീണനങ്ങളിലൂടെ മുസ്ലിം സമുദായത്തെ പൊതുസമൂഹത്തിൽനിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. അത് ബിജെപിക്ക് എത്ര ഗുണകരമായിട്ടുണ്ടെന്ന് പഠിച്ചാൽ നന്ന്. ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ ലോക്സഭയിൽ നടത്തിയ നിയമനിർമാണമുൾപ്പെടെ പാഠമാക്കണം.
മറ്റൊരു വ്യാഖ്യാനം, ഇന്നു മുസ്ലിം സമുദായത്തിനെതിരേ നിൽക്കുന്ന ബിജെപി നാളെ ക്രിസ്ത്യൻ വിഭാഗത്തിനെതിരേ തിരിയുമെന്ന മുന്നറിയിപ്പാണ്. അതേ എംപിമാരേ, ക്രൈസ്തവർ നാളെയല്ല ഇപ്പോൾതന്നെ പീഡനങ്ങൾക്കു വിധേയരാണ്. മധ്യപ്രദേശിലെ ജബൽപുരിൽ കത്തോലിക്കാ പുരോഹിതരെയും വിശ്വാസികളെയും സംഘപരിവാർ ആക്രമിച്ച ദിവസങ്ങളിൽതന്നെയാണ് വഖഫ് ചർച്ച നടന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുൾപ്പെടെ സംഘപരിവാർ അത്തരം ആക്രമണങ്ങളിൽ ഏർപ്പെടുന്നുമുണ്ട്. ആരും തടയുന്നില്ല. ഇക്കാര്യങ്ങളിൽ ക്രൈസ്തവ സംഘടനകൾ തയാറാക്കിയ റിപ്പോർട്ടുകളാണ് നിങ്ങളും ഉപയോഗിക്കുന്നത്.
ആ മുറിവുകളിൽ തറഞ്ഞിരിക്കുന്ന കഠാരയിൽ പിടിച്ച് ഇളക്കിക്കൊണ്ടാണ് നിങ്ങൾ വഖഫിന്റെ ഇരകളായ ക്രൈസ്തവർക്കു മുന്നറിയിപ്പു നൽകുന്നത്. ഇത്ര സാഡിസം വേണോ? പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസിവിരുദ്ധ പ്രവർത്തകനുമായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമിൽ മാർട്ടിൻ നീമൊളെറുടെ കവിത അസ്ഥാനത്ത് ഉപയോഗിച്ച്, ഒടുവിലവർ നിങ്ങളെത്തേടി വരുമെന്നു പറയുന്നത്, തങ്ങളെത്തേടി വന്നുകഴിഞ്ഞ പീഡനങ്ങളിൽ ജീവിക്കുന്നവരോടാണ്. നിങ്ങളുടേതു ക്രൂരഫലിതം മാത്രമല്ല, രാഷ്ട്രീയ വിശകലനങ്ങളിലെ അജ്ഞതയുമാണ്. പക്ഷേ, ചാനലുകളിൽ ഓളമിട്ട് യാഥാർഥ്യങ്ങളെ മുക്കിക്കളയുന്നതുപോലെയല്ല പാർലമെന്റ് എന്നതു നിങ്ങൾ മറന്നു.
ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കാണുന്ന വിചാരധാരയെക്കുറിച്ച് നിങ്ങൾ ഇന്നലെയും ഓർമിപ്പിച്ചു. പക്ഷേ, യഹൂദർക്കൊപ്പം ക്രിസ്ത്യാനികളെയും കൊല്ലപ്പെടേണ്ടവരോ രണ്ടാംതരം പൗരന്മാരോ ആയി പരസ്യമായി പ്രഖ്യാപിക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്ന ഹമാസ് ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അവരെ ഭീകരരെന്നു വിളിക്കുമോ? അത്തരം ആശയങ്ങൾ വംശീയതയാണെന്നു സമ്മതിക്കുമോ? ആഗോള മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള നിങ്ങളുടെ റാലികളിൽ ക്രിസ്ത്യാനികൾക്ക് ഒരിക്കലും ഇടമില്ല.
മുസ്ലിം മതമൗലികവാദികളാൽ കൊല്ലപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യർ നിങ്ങളുടെ മതേതര റഡാറിൽ തെളിയില്ല. പലസ്തീനപ്പുറം നിങ്ങൾക്കൊരു ലോകവുമില്ല. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും മതേതരത്വത്തെ പലരും സംശയിച്ചുതുടങ്ങിയിരിക്കുന്നു. ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും മുസ്ലിമിനെയും ഉൾപ്പെടെ എല്ലാവരെയും ചേർത്തുനിർത്തുന്ന സത്യസന്ധതയാണ് ഇനി ഇന്ത്യൻ രാഷ്ട്രീയത്തിൽ ആവശ്യം; ബിജെപിയായാലും കോൺഗ്രസായാലും ഇടതുപക്ഷമായാലും. ജനം എല്ലാം നിരീക്ഷിക്കുന്നുണ്ട്.
വഖഫ് ഇനിയും ചർച്ച ചെയ്യപ്പെടും. നിങ്ങളുടെ മുനന്പത്തെ പ്രസംഗവും ലോക്സഭയിലെയും നിയമസഭയിലെയും പ്രവൃത്തിയും പരസ്പരവിരുദ്ധമെന്നു നിരീക്ഷിക്കുകയും വഖഫ് നിയമം പഠിക്കുകയും ചെയ്ത ശേഷമാണ് ക്രൈസ്തവർ തീരുമാനമെടുത്തത്. ഇനിയൊരു മുനന്പം ഉണ്ടാകരുത് എന്നതായിരുന്നു ആഗ്രഹം. അതു സാധ്യമാക്കി എന്നാണ് ബിജെപിയുടെ അവകാശവാദം. മുനന്പത്തെ നിലവിലുള്ള പ്രതിസന്ധികളും മാറാൻ ഇടയാകട്ടെ. ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും ക്രൈസ്തവർക്കെതിരായ പീഡനങ്ങളെക്കുറിച്ചും മുസ്ലിം സഹോദരന്മാർക്കെതിരേ നടത്തിയ ആൾക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചും ബുൾഡോസർ അതിക്രമങ്ങളെക്കുറിച്ചും നിർണായക മുഖപ്രസംഗങ്ങളെഴുതിയ ദീപിക, വഖഫെന്ന കംഗാരു കോടതിയുടെ കാവൽക്കാർ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ടെന്നും ഓർമിപ്പിക്കുന്നു.