മനഃസാക്ഷിയുണ്ടെങ്കിൽ, വേനലവധിക്കുശേഷം കോടതി ചേരുന്പോൾ ഈ രാജ്യത്ത് ഇപ്പോഴുള്ള ഏറ്റവും ഗതികെട്ട മനുഷ്യരുടെ വായ്പ കേന്ദ്രസർക്കാർ എഴുതിത്തള്ളണം. അല്ലെങ്കിൽ കേരളത്തെ എഴുതിത്തള്ളിയെന്നേ അർഥമുള്ളൂ.
വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെട്ട ഭൂമിയിലെ മനുഷ്യരോടു കരുണ കാണിക്കണമെന്ന്, അവരെ സംരക്ഷിക്കേണ്ട ഭരണകൂടത്തോടു കോടതിക്ക് നിർബന്ധിക്കേണ്ടി വന്നിരിക്കുന്നു. വായ്പയെടുത്ത പണമോ അതുകൊണ്ടു വാങ്ങിയ വസ്തുക്കളോ അവരുടെ കൈയിലില്ല.
കപ്പലുകളെല്ലാം മുങ്ങി തിരിച്ചടവിനു നിവൃത്തിയില്ലാത്ത വെനീസിലെ വ്യാപാരിയുടെ അവസ്ഥയിലാണവർ. പണമില്ലെങ്കിൽ കരാർ പ്രകാരം ദേഹത്തുനിന്ന് ഒരു റാത്തൽ മാംസം മതിയെന്നു പറഞ്ഞ ഷൈലോക്കാകരുത് ആരും. ആ പണം എഴുതിത്തള്ളിയെന്നു കേന്ദ്രസർക്കാർ കോടതിയിൽ പറയണം.
റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങളെ പഴി പറഞ്ഞ്, ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു മുന്‍പ് നിലപാടെടുത്ത കേന്ദ്രത്തോട് ഇന്നലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും തീരുമാനം മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. കേരള ബാങ്ക് മുഴുവൻ വായ്പയും എഴുതിത്തള്ളിയെന്നു കോടതി കേന്ദ്രത്തെ ഓർമിപ്പിക്കുകയും ചെയ്തു. പക്ഷേ, കോവിഡ് കാലത്ത് എംഎസ്എംഇ (സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ) വായ്പകൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ അതു നിരാകരിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.
ഇതനുസരിച്ച് വയനാട് ദുരന്തബാധിതരുടെ വായ്പ ഒരു വർഷത്തേക്കു മരവിപ്പിക്കാമെന്നു കേന്ദ്രം നിലപാടെടുത്തു. എന്നാൽ കോടതി ഇതിനെ എതിർക്കുകയായിരുന്നു. കോടതിയുടെ ചോദ്യങ്ങൾ, കേന്ദ്രസർക്കാർ മറന്ന ഉത്തരവാദിത്വത്തെ ഓർമിപ്പിക്കുന്നതിനു തുല്യമായിരുന്നു. “കോവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താത്കാലികമായിരുന്നു, എന്നാൽ വയനാട് ദുരിതബാധിതരുടെ ജീവനോപാധി എന്നെന്നേക്കുമായിട്ടാണ് ഇല്ലാതായത്. ഇതു കണ്ടില്ലെന്നു നടിക്കാനാവില്ല. ദേശീയ ദുരന്തമായതുകൊണ്ടുതന്നെ കടബാധ്യത എഴുതിത്തള്ളാൻ വ്യവസ്ഥയില്ലേ?” - ജസ്റ്റീസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാരും എസ്. ഈശ്വരനും അടങ്ങിയ ബെഞ്ച് ചോദിച്ചു.
ഇതോടെയാണ്, കോടതി ഉത്തരവിറക്കിയാൽ അക്കാര്യം പരിശോധിക്കാമെന്ന് കേന്ദ്രം നിലപാടെടുത്തത്. വായ്പ എഴുതിത്തള്ളാൻ കേന്ദ്രനിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ അനുമതികൂടി വേണമത്രേ. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിൽ നിരാലംബരായ മനുഷ്യർക്കുവേണ്ടി ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ അനുമതി കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ കിട്ടാത്തതാണോ? ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാം എന്നറിയിച്ച കോടതി കേസ് പരിഗണിക്കുന്നത് വേനലവധിക്കുശേഷം മാറ്റുകയും ചെയ്തു. കേന്ദ്രസർക്കാർ ഇന്നലെ കോടതിയിൽ അറിയിച്ച തടസങ്ങളൊക്കെ കേവലം സാങ്കേതികമാണെന്നു തിരിച്ചറിയാവുന്നതേയുള്ളൂ. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ കാര്യത്തിൽ തുടക്കം മുതൽ കേന്ദ്രം സ്വീകരിച്ച നിലപാട് ശത്രുതാപരമെന്നു തോന്നിപ്പിക്കുന്നതായിരുന്നു.
ഏറെ സമ്മർദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് പുനരധിവാസത്തിന് 1,059 കോടി രൂപ അംഗീകരിച്ചത്. പക്ഷേ, ഇതിന്റെ 50 ശതമാനം വരുന്ന 529.5 കോടി രൂപ അനുവദിച്ചതിനൊപ്പം ഒന്നര മാസത്തിനകം, അതായത്, മാർച്ച് 31നകം തുക ചെലവഴിക്കണമെന്ന നിബന്ധനയും വച്ചു. ഇതെങ്ങനെ സാധിക്കുമെന്നു സംസ്ഥാന സർക്കാരിനു മാത്രമല്ല, കോടതിക്കും മനസിലായില്ല. കേന്ദ്രസർക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണോയെന്നും മറ്റെന്തെങ്കിലും അജന്ഡയുണ്ടോയെന്നും വരെ കോടതിക്കു ചോദിക്കേണ്ടിവന്നു. കൃത്യമായ ഉത്തരമില്ലെങ്കിൽ, ഡല്‍ഹിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥരെ അടുത്ത വിമാനത്തില്‍ കൊച്ചിയിലെത്തിക്കാന്‍ അറിയാമെന്നു കോടതി മുന്നറിയിപ്പു നൽകിയതോടെയാണ് ഡിസംബർ 31നകം ഫണ്ട് വിനിയോഗിച്ചാൽ മതിയെന്ന് കേന്ദ്രം സമ്മതിച്ചത്.
പത്രണ്ട് ബാങ്കുകളില്‍നിന്നായി 320 കോടിയോളം രൂപയുടെ വായ്പയാണ് ദുരന്തബാധിതർക്കുള്ളത്. ഇതില്‍ കേരള ബാങ്കിലുണ്ടായിരുന്ന 3.86 കോടി രൂപയുടെ കടം എഴുതിത്തള്ളിയതും കേന്ദ്രത്തിന്റെ വാദത്തെ നിർവീര്യമാക്കാൻ സഹായകരമായി. അതുപോലെ, വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്നും മോറട്ടോറിയം പ്രഖ്യാപിച്ചു വായ്പ പുനഃക്രമീകരിക്കാനേ സാധിക്കൂ എന്നും മുഖ്യമന്ത്രികൂടി പങ്കെടുത്ത, കഴിഞ്ഞ ഓഗസ്റ്റിലെ എസ്എല്‍ബിസി യോഗത്തിൽ തീരുമാനിച്ചതാണെന്നും കേന്ദ്രം അറിയിച്ചപ്പോൾ, അതു തെറ്റാണെന്നു സ്ഥാപിക്കാൻ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ബാങ്ക് വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടതിന്റെ രേഖകൾ സംസ്ഥാനം കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ജൂലൈ 30നാണ് 200ലധികം പേർ മരിക്കുകയും 32 പേരെ കാണാതാകുകയും ചെയ്ത ഉരുൾപൊട്ടലുണ്ടായത്. അതിൽനിന്നു പരിക്കേറ്റും അല്ലാതെയും രക്ഷപ്പെട്ട് പെരുവഴിയിൽ നിൽക്കുന്ന മനുഷ്യരോടാണ് കേന്ദ്രത്തിന്റെ ഈ ക്രൂരത.
ഈ ഭരണകൂടത്തിനു കീഴിലാണ് 2015 മുതൽ 2024 വരെ, വാണിജ്യ ബാങ്കുകള്‍ 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയത്. അത് പൂർണമായും ഉപേക്ഷിക്കപ്പെട്ടതല്ലെങ്കിലും പകുതിപോലും തിരിച്ചുകിട്ടില്ല. അതിലേറെയും തിരിച്ചടയ്ക്കാൻ എടുത്തതുമല്ല. പൊതുമേഖലാ ബാങ്കുകളിൽനിന്ന് ഏറ്റവുമധികം വായ്പയെടുത്ത് മനഃപൂർവം തിരിച്ചടക്കാത്ത 20 പേരുടെ വിവരം നൽകണമെന്ന് കഴിഞ്ഞ മാസം പാർലമെന്റിൽ തൃണമൂൽ കോൺഗ്രസിലെ ഋതബ്രത ബാനർജി ചോദിച്ചെങ്കിലും ധനമന്ത്രി പ്രതികരിച്ചില്ല. ഇതേ സർക്കാരാണ് വയനാട്ടിലെ ശ്മശാനതുല്യമായ മണ്ണിൽ പിരിവിനിറങ്ങിയിരിക്കുന്നത്. മനഃസാക്ഷിയുണ്ടെങ്കിൽ, വേനലവധിക്കുശേഷം കോടതി ചേരുന്പോൾ ഈ രാജ്യത്ത് ഇപ്പോഴുള്ള ഏറ്റവും ഗതികെട്ട മനുഷ്യരുടെ വായ്പ കേന്ദ്രസർക്കാർ എഴുതിത്തള്ളണം. അല്ലെങ്കിൽ കേന്ദ്രം കേരളത്തെ എഴുതിത്തള്ളിയെന്നേ അർഥമുള്ളൂ.