മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്. കേരളം പ്രഖ്യാപിക്കേണ്ടത് ഇത്തരം സത്യസന്ധമായ നിലപാടാണ്.
നടി വിൻസി അലോഷ്യസ് അഭിനയം സിനിമയിലൊതുക്കിയിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്ന അവരുടെ പ്രഖ്യാപനം, എന്തിനെ എതിർക്കുന്നോ അതുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള യാതൊരു ചങ്ങാത്തവും ഇല്ലെന്ന തീരുമാനമാണ്. കേരളം ആവശ്യപ്പെടുന്ന സത്യസന്ധതയാണത്.
മദ്യത്തെയും മയക്കുമരുന്നിനെയും മഹത്വവത്കരിക്കുന്ന രംഗങ്ങൾ ഇനി സിനിമയിൽ ഉണ്ടായിരിക്കില്ലെന്ന് നിർമാതാക്കളും സംവിധായകരും, അത്തരം രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് നടീനടന്മാരും തീരുമാനിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ.
സ്വന്തം പാർട്ടിക്കാർ ഉൾപ്പെടെ ആരു മയക്കുമരുന്നു കേസിൽ പിടിക്കപ്പെട്ടാലും രക്ഷിക്കാൻ ഇടപെടില്ലെന്നും പോലീസ് സ്റ്റേഷനിൽ പോകില്ലെന്നും രാഷ്ട്രീയക്കാർ തീരുമാനിച്ചാലോ? നമ്മുടെ പരിചയക്കാർ മയക്കുമരുന്നുമായി പിടിക്കപ്പെട്ടാലും ന്യായീകരിക്കില്ലെന്നും പോലീസിനെ കള്ളനാക്കില്ലെന്നും നമ്മളോരുത്തരും തീരുമാനിച്ചാലോ? മയക്കുമരുന്നുവിരുദ്ധ യുദ്ധം വിജയിക്കും, അത്രതന്നെ.
ഇന്നത്തെ സാഹചര്യത്തിൽ തീരുമാനം അത്ര എളുപ്പമല്ലെന്ന് വിൻസിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ്, ലഹരിക്കെതിരേ പരസ്യമായ നിലപാടെടുക്കുന്നതിന്റെ പേരിൽ സിനിമാ മേഖലയിൽനിന്നു വെല്ലുവിളികൾ ഉണ്ടായേക്കാമെങ്കിലും താൻ അതിനെ ഭയക്കുന്നില്ലെന്നു വിൻസി കൂട്ടിച്ചേർത്തത്. എറണാകുളത്ത് കെസിവൈഎമ്മിന്റെ (കേരളാ കാത്തലിക് യൂത്ത് മൂവ്മെന്റ്) പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു വിൻസി.
2023ൽ മയക്കുമരുന്നിനെതിരേ നടൻ ടിനി ടോം മറ്റൊരു പരാമർശം നടത്തിയിരുന്നു. മലയാള സിനിമയിൽ ലഹരിയുടെ സാന്നിധ്യമുണ്ടെന്നും അതുകൊണ്ടാണ് മകനെ അഭിനയത്തിലേക്ക് കൊണ്ടുവരാത്തതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആലപ്പുഴയിൽ കേരള സർവകലാശാലാ കലോത്സവ ഉദ്ഘാടനവേദിയിലായിരുന്നു വെളിപ്പെടുത്തൽ. “ഒരു വലിയ നടന്റെ മകനായി അഭിനയിക്കാൻ എന്റെ മകന് അവസരം ലഭിച്ചു.
എന്റെ ഭാര്യ പറഞ്ഞു വിടാൻ പറ്റില്ലെന്ന്. ഭയം മയക്കുമരുന്നു തന്നെയാണ്. അവനെ വിട്ടെന്നു വിചാരിച്ചു കുഴപ്പമുണ്ടെന്നല്ല. പക്ഷെ, 17-18 വയസിലാണ് ഏറ്റവും കൂടുതൽ വഴിതെറ്റുന്നത്, എനിക്ക് ആകെയുള്ളത് ഒരു മകനാണ്”- ടിനി ടോം പറഞ്ഞു. തുടർച്ചയായ ലഹരി ഉപയോഗം ഒരു നടന്റെ പല്ല് പൊടിയുന്നതിലേക്കുവരെ നയിച്ചെന്നും ടിനി ടോം പറഞ്ഞതോടെ അതു വിവാദമാകുകയും ചെയ്തിരുന്നു. പക്ഷേ, അദ്ദേഹം നിലപാട് മാറ്റിയില്ല.
ആ സമയത്ത്, മയക്കുമരുന്നുപയോഗിച്ച് അഭിനയിക്കാനെത്തുകയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു എന്ന ആരോപണം നേരിട്ട ചില യുവതാരങ്ങൾക്കെതിരേ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വർഷങ്ങളായി കേരളം മയക്കുമരുന്നുവേട്ട നടത്തുകയും അതേസമയം അതിന്റെ വ്യാപനം നാടാകെ വർധിക്കുകയും ചെയ്യുന്പോൾ അതിന് എന്തെങ്കിലുമൊരു കാരണമുണ്ടാകണമല്ലോ.
അതായത്, മയക്കുമരുന്നുവേട്ടയും സംരക്ഷണവും ഒരേസമയം നടക്കുന്നു. ഉപയോഗിക്കുന്ന കുറെപ്പേരും ചില്ലറവിൽപ്പനക്കാരുമല്ലാതെ വലിയ മീനുകളും സംരക്ഷകരും കുടുങ്ങുന്നില്ല. ഇതിന് അറുതിയുണ്ടാകണം. സിനിമയുടെ സ്വാധീനം യുവാക്കളിൽ പ്രവചനാതീതമായതുകൊണ്ടാണ് ലഹരിയുപയോഗവും അതിരുവിട്ട ആക്രമണങ്ങളും സിനിമയിൽ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
പോളിഷ്-ഫ്രഞ്ച് ചലച്ചിത്ര പ്രവർത്തകനായ റൊമാൻ പൊളാൻസ്കി പറയുന്നതുപോലെ, “തങ്ങൾ തിയറ്ററിലാണന്ന കാര്യം കാണികളെ ഓർമിപ്പിക്കാത്തതാണ് സിനിമ”. അതുകൊണ്ടാണ് സിനിമയിലെ ദൃശ്യങ്ങൾ കാഴ്ചക്കാരന്റെ ജീവിതത്തെ മാറ്റിമറിക്കുന്നത്. സിനിമ വലിയ സ്വാധീനമാണെങ്കിൽ രാഷ്ട്രീയം വലിയ യാഥാർഥ്യമാണ്. അതിനു മയക്കുമരുന്നുലോകവുമായി കൂട്ടുകെട്ടുണ്ടെങ്കിൽ മയക്കുമരുന്നുവേട്ട പ്രഹസനമാകും.
വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽപ്പെട്ടവരുടെ മയക്കുമരുന്നുപയോഗവും വിപണനവും ഹിംസാത്മകതയുമൊക്കെ കേരളം കണ്ടതാണ്. അപ്പോഴൊക്കെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അത്തരക്കാരെ സംരക്ഷിക്കാനിറങ്ങിയ മാതൃപാർട്ടികളെയും നാം കണ്ടു. അതേ, മയക്കുമരുന്നിനെ എതിർക്കുന്നെന്നു പറയുന്നവരൊക്കെ അതിൽ പങ്കെടുക്കില്ലെന്നു തീരുമാനിക്കണം.
എല്ലാ പൗരന്മാരും തീരുമാനിക്കേണ്ട കാര്യമാണ്. പക്ഷേ, സിനിമയിലെയും രാഷ്ട്രീയത്തിലെയും തീരുമാനങ്ങൾക്ക് ഫലപ്രാപ്തി കൂടുതലുണ്ട്. വിൻസി അലോഷ്യസിന്റെ തീരുമാനം ഏറ്റെടുക്കാൻ ഒരാളും വന്നിട്ടില്ല.
കാരണം, അതത്ര എളുപ്പമല്ല. ഗ്രീക്ക് ചരിത്രകാരൻ ഹെറോഡോട്ടസിന്റെ വാക്കുകൾ കടമെടുത്താൽ, “മക്കൾ മാതാപിതാക്കളുടെ മൃതസംസ്കാരം നടത്തുന്ന സമാധാനകാലമല്ല, മാതാപിതാക്കൾ മക്കളുടെ സംസ്കാരം നടത്തേണ്ടിവരുന്ന യുദ്ധകാലമാണിത്.
മയക്കുമരുന്നു മാഫിയയ്ക്കെതിരേയുള്ള യുദ്ധത്തിൽ ആരുടെ പക്ഷത്താണെന്നു കേരളം തീരുമാനിക്കണം. മയക്കുമരുന്നിനോടു സഖ്യമില്ലെന്ന പ്രതിജ്ഞാപത്രത്തിൽ ആദ്യം ഒപ്പുവച്ചിരിക്കുകയാണ് വിൻസി അലോഷ്യസ്; അഭിവാദ്യങ്ങൾ!