നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിൽ നിറയുന്പോൾ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) പുറത്തുവിട്ട ഒരു ചിത്രം ഏവരെയും അതിശയിപ്പിച്ചു. ഒരു "സ്പേസ് ക്രിസ്മസ് ട്രീ'യുടെ വിസ്മയകരമായ ചിത്രമാണ് നാസ പങ്കുവച്ചത്. ഇതു ഭൂമിയിലെ ആഘോഷങ്ങൾക്കു പ്രപഞ്ചത്തിന്റെ കൈയൊപ്പു പോലെ തെളിഞ്ഞുനിൽക്കുന്നു.
ഭൂമിയിൽനിന്ന് 2,500 പ്രകാശവർഷം അകലെയുള്ള ക്ഷീരപഥ ഗാലക്സിയിലാണ് "കോസ്മിക് ക്രിസ്മസ് ട്രീ' കണ്ടെത്തിയത്. വാസ്തവത്തിൽ യുവനക്ഷത്രങ്ങളുടെ കൂട്ടമാണെന്നാണ് ബഹിരാകാശ ഏജൻസി ചിത്രത്തെ വിശേഷിപ്പിച്ചത്.
"കോസ്മിക് ക്രിസ്മസ് ട്രീ' എന്ന പോലെ കാണപ്പെട്ടത് NGC 2264 എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടമാണത്രേ! ഗണത്തിലെ ചില നക്ഷത്രങ്ങൾ താരതമ്യേന ചെറുതാണ്, ചിലതു താരതമ്യേന വലുതാണ്, അവയെല്ലാം ചേർന്നൊരുങ്ങിയതാണ് കാമറ ഒപ്പിയെടുത്ത പ്രപഞ്ചാദ്ഭുതം!
താരാഗണങ്ങൾ സംയോജിച്ച ചിത്രം, ഇമേജ് റൊട്ടേഷനിലൂടെ ക്രിസ്മസ് ട്രീയുമായുള്ള സാമ്യം വർധിപ്പിക്കുന്നു. ഒപ്റ്റിക്കൽ ഡാറ്റയെ പ്രതിനിധീകരിക്കുന്നത് പച്ചനിറത്തിലുള്ള വരകളും ആകൃതികളും ആണ്. ഇതു മരത്തിന്റെ ആകൃതിയിലുള്ള ശാഖികളെ സൃഷ്ടിക്കുന്നു.
NGC 2264 പോലെയുള്ള യുവനക്ഷത്രങ്ങൾ അസ്ഥിരമാണെന്നും എക്സ്-റേകളിലും വിവിധ തരം പ്രകാശങ്ങളുടെ വ്യതിയാനങ്ങളിലും ശക്തമായി മിന്നിത്തിളങ്ങുമെന്നും ബഹിരാകാശ ഏജൻസി വിവരിക്കുന്നു. ചിത്രത്തിലെ മിന്നിത്തിളങ്ങുന്ന വ്യതിയാനങ്ങൾ വാസ്തവമല്ലെന്നും നാസ. എങ്കിലും, "കോസ്മിക് ക്രിസ്മസ് ട്രീ' ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ലോകം.
പി. ടി. ബിനു