അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മിനാറിന്റെ ഉയരത്തേക്കാൾ അഞ്ചിരട്ടിയിലേറെ കനം! ഏകദേശം ഒരു ലക്ഷം കോടി മെട്രിക് ടൺ ആണ് ഇതിന്റെ ഭാരം! അപ്പോൾത്തന്നെ മഞ്ഞുമലയുടെ വലിപ്പം ഊഹിക്കാവുന്നതേയുള്ളു.
മഞ്ഞുമല എന്നു കേൾക്കുന്പോൾ മനസിൽ ആദ്യം തെളിയുന്നത് ടൈറ്റാനിക് കപ്പൽ ദുരന്തമാണ്. കന്നിയാത്രയിൽ കൂറ്റൻ മഞ്ഞുമലയിൽ ടൈറ്റാനിക് ഇടിച്ചുതകർന്നതും രണ്ടായി പിളർന്ന് കടലിന്നടിയിലേക്കു മുങ്ങിത്താണതും ആയിരത്തിഅഞ്ഞൂറിലേറെ യാത്രക്കാർ മരിച്ചതും ലോകത്തിന് ഇന്നും നടുക്കമാണ്. ടൈറ്റാനിക്കിനെ മുക്കിയതിനേക്കാൾ എത്രയോ ഇരട്ടി വലിപ്പമുള്ള, ലോകത്തിന്റെ വൻ നഗരങ്ങളേക്കാൾ വലിപ്പമുള്ള ഒരു മഞ്ഞുമലയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ചർച്ച.
അതേ, ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല! പേര്, A23a. 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ഈ മഞ്ഞുമല അന്റാർട്ടിക്കയിൽനിന്നു നീങ്ങുന്നതായി ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. ദിവസവും അഞ്ചു കിലോമീറ്ററോളം മഞ്ഞുമല ഒഴുകുന്നത്രെ! സംഭവിക്കുന്നതു സ്വാഭാവിക ചലനമാണെന്നും പ്രത്യേക കാരണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകർ. മഞ്ഞുമല കാലക്രമേണ ചെറുതായി കനംകുറഞ്ഞതാകുമെന്നും സമുദ്രപ്രവാഹങ്ങളാൽ ഒഴുകിനടക്കുമെന്നും ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ ഗ്ലേസിയോളജിസ്റ്റ് ഒലിവർ മാർഷ് പറഞ്ഞു.
അന്പോ വന്പൻ!
A23a- യുടെ വിസ്തീർണം എകദേശം 4,000 ചതുരശ്ര കിലോമീറ്റർ ആണ്. അതായത്, അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മിനാറിന്റെ ഉയരത്തേക്കാൾ അഞ്ചിരട്ടിയിലേറെ കനം! ഏകദേശം ഒരു ലക്ഷം കോടി മെട്രിക് ടൺ ആണ് ഇതിന്റെ ഭാരം! അപ്പോൾത്തന്നെ മഞ്ഞുമലയുടെ വലിപ്പം ഊഹിക്കാവുന്നതേയുള്ളു.
1986 ഓഗസ്റ്റിലാണ് A23a മഞ്ഞുമല അന്റാർട്ടിക്കയിൽനിന്നു വേർപെട്ടത്. പിന്നീട് അന്റാർട്ടിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലുള്ള തെക്കൻ സമുദ്രത്തിന്റെ ഭാഗമായ വെഡൽ കടലിൽ നിലയുറപ്പിക്കുകയായിരുന്നു. A23a പോലുള്ള വലിയ മഞ്ഞുമലകൾ അന്റാർട്ടിക്കയിൽനിന്ന് ദശാബ്ദത്തിലൊരിക്കൽ പൊട്ടിത്തെറിക്കാറുണ്ട്. ചിലപ്പോൾ, അന്റാർട്ടിക്കയിലെ തണുത്ത ജലത്തിൽ കുടുങ്ങുന്നു. അതുമൂലം മഞ്ഞുമലകൾ ഉരുകാറില്ല. ഇത്രയും വലിയ മഞ്ഞുമലകൾക്കു പതിറ്റാണ്ടുകളോളം ഒരിടത്തുതന്നെ നിലയുറപ്പിക്കാൻ കഴിയും, പക്ഷേ കുറച്ചുകാലം കഴിയുന്പോൾ മഞ്ഞുമലകൾ ഉരുകാൻ തുടങ്ങിയേക്കാം.
ഇതുവഴി
ബ്രിട്ടീഷ് അന്റാർട്ടിക് സർവേ ആണ് 2020ൽ മഞ്ഞുമല വീണ്ടും നീങ്ങുന്നതായി കണ്ടെത്തിയത്. സർവേയിൽനിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച് 2022 ലും 2023 ലും മഞ്ഞുമല വെഡൽ കടലിലൂടെ അനേകം കിലോമീറ്ററുകൾ സഞ്ചരിച്ചതായി കണ്ടെത്തി. കഴിഞ്ഞ മാസങ്ങളിൽ മഞ്ഞുമല അതിവേഗം നീങ്ങുകയും ഇപ്പോൾ അന്റാർട്ടിക് ഉപദ്വീപിന്റെ മുകളിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു.
ഇത്രയും വലിയ മഞ്ഞുമല നീങ്ങുന്നത് അസാധാരണമായതിനാൽ, ശാസ്ത്രജ്ഞർ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. മഞ്ഞുമല കിഴക്കോട്ട് പോകുമെന്നും "ഐസ്ബർഗ് അലെ' എന്നു വിളിക്കപ്പെടുന്ന പാതയിൽ അവസാനിക്കുമെന്നും ഈ പ്രദേശത്തുനിന്നു നിരവധി മഞ്ഞുമലകൾ തെക്കൻ അറ്റ്ലാന്റിക്കിലേക്കു തള്ളപ്പെടുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഭീഷണി ഇങ്ങനെ
A23a മഞ്ഞുമല മനുഷ്യരാശിക്ക് അപായകരമല്ല. എന്നിരുന്നാലും വന്യജീവികൾക്കു പ്രശ്നമായിത്തീരാം. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുനിന്ന് 1,600ലേറെ കിലോമീറ്ററുകൾക്കകലെ കിഴക്കായി സ്ഥിതി ചെയ്യുന്ന തെക്കൻ ജോർജിയ ദ്വീപിൽ മഞ്ഞുമല ഇടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നതോടെ സീലുകൾ, പെൻഗ്വിനുകൾ, കടൽപ്പക്ഷികൾ, മേഖലയിലെ മറ്റു ജീവികൾ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
A23a അന്റാർട്ടിക്കയിൽനിന്നു വേർപിരിഞ്ഞത് ഒരു സ്വാഭാവിക സംഭവമാണെങ്കിലും കാലാവസ്ഥാ വ്യതിയാനം ഭൂഖണ്ഡത്തിൽ മഞ്ഞുവീഴ്ചയ്ക്കു കാരണമാകുന്നു. 2021ൽ അന്റാർട്ടിക്കയിൽനിന്നു പൊട്ടിത്തെറിച്ച A76 ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല. പിന്നീട് അതു മൂന്നു ഭാഗങ്ങളായി ചിതറുകയായിരുന്നു.
പി.ടി. ബിനു