‘ദെ റെവലൂറ്റ്സ്യോനിബൂസ് ഓർബിയും ചെലെസ്തിയും’ (വാനവിതാനങ്ങളുടെ ചംക്രമണം) എന്ന ഗ്രന്ഥത്തിലൂടെ മിഥ്യാധാരണകളിൽനിന്നു മാനവരാശിക്ക് വിപ്ലവകരമായ വ്യതിയാനം വരുത്തിയ നിക്കോളാസ് കോപ്പർനിക്കസിന്റെ 550-ാം ജൻമവാർഷികമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 19ന്. മാനവരാശിയെ ശാസ്ത്രപുരോഗതിയിലേക്കു നയിച്ച ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമാണിത്.
തത്വശാസ്ത്രത്തെയും സഭയുടെ പഠനങ്ങളെയും എതിരിട്ട് ചമയങ്ങളിൽനിന്ന് യാഥാർഥ്യത്തിലേക്കും ആവരണങ്ങളിൽനിന്നു സത്യത്തിന്റെ അവധാനതയിലേക്കും യുക്തിയും വിശ്വാസവും തമ്മിൽ പൊരുത്തക്കേടുകളില്ലായെന്ന ശരിയിലേക്കും കോപ്പർനിക്കസ് നമ്മെ നയിക്കുന്നു.
കവിയും ശാസ്ത്രജ്ഞനും ഭരണാധികാരിയും പട്ടാള കമാൻഡറും ഭിഷഗ്വരനും ഫ്രംബോർക് കത്തീഡ്രലിലെ കാനനുമായ നിക്കോളാസ് കോപ്പർനിക്കസിന്റെ ജീവിതം ഉദ്വേഗജനകമാണ്. അതുല്യപ്രതിഭയായ ഈ മഹാനുഭവന്റെ ശാസ്ത്രകൗതുകവും ആധ്യാത്മിക ചോദനയും സമന്വയിപ്പിക്കുന്ന ജീവിതമാതൃക നമുക്ക് നിത്യവിസ്മയമാണ്.
സ്ഥിരവും അചഞ്ചലവും ഭൗമകേന്ദ്രീകൃതവുമാണ് പ്രപഞ്ചമെന്ന് അനുദിന സൂര്യാസ്തമയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പൗരാണിക മനുഷ്യർ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തു. കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യൻ ഭൂമിയെ വലംവയ്ക്കുന്നതിനെ ആധാരമാക്കി ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കണക്കാക്കി അവർ കാലഗണനയും നിർവഹിച്ചു. അഗാധമായ ഈ ജീവിതാനുഭവങ്ങൾ തങ്ങളുടെ ഈശ്വരാനുഭവത്തിലും അവ രേഖപ്പെടുത്തിയ വിശുദ്ധമായ ഗ്രന്ഥങ്ങളിലും ബൈബിളിലും ഉൾപ്പെടെ പ്രതിഫലിച്ചു.
ചിന്താശീലരായ ദാർശനികർ ഈ അനുഭവങ്ങൾക്ക് താത്വിക അടിത്തറ പാകി, പ്രപഞ്ചദർശനത്തിന് ശാസ്ത്രീയമാനം പകർന്നു. യുഡക്സസിന്റെ ജാമിയതയും യൂക്ലീഡിന്റെ ഖഗോള പരികല്പനയും അപ്പോളണിയസിന്റെ എപ്പിസൈക്ലിക് മോഡലും അരിസ്റ്റോട്ടിലിന്റെ തത്വശാസ്ത്രപ്രധാനമായ ഭൗമ പ്രപഞ്ച ദർശനവുമായി ചേർത്ത് ടോളമി സൂര്യ-ചന്ദ്രഗ്രഹണങ്ങളെ പ്രവചിക്കാവുന്ന വിധത്തിൽ വിശ്വപ്രപഞ്ചത്തിന്റെ മാർഗരേഖ അവതരിപ്പിച്ചു.
സ്ഥിരതയുള്ള നക്ഷത്രങ്ങൾ പുറത്തും അൻപത്തിയേഴിലേറെ ഗോളങ്ങൾ പരസ്പരമുള്ളിലുമായി അവിരാമം ചരിച്ചുകൊണ്ടിരിക്കുന്ന ബൃഹത്തായ ഈ പ്രപഞ്ചവ്യാഖ്യാനം മനസിലാക്കാൻ വൈഷമ്യം ഏറിയതെങ്കിലും സൂര്യചന്ദ്ര ഗ്രഹണങ്ങളെ മുൻകൂട്ടി പ്രവചിക്കാമായിരുന്നതിനാൽ തികച്ചും ശാസ്ത്രീയമാണെന്നു കരുതിപ്പോന്നിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ തത്വശാസ്ത്രജ്ഞനായ തോമസ് അക്വിനാസ്, അരിസ്റ്റോട്ടിലിന്റെ ഈ ഭൗമപ്രപഞ്ചദർശനവും ക്രൈസ്തവ വിശ്വാസവുമായി സമരസപ്പെടുത്തി, ബൈബിളിലും തത്വശാസ്ത്രത്തിലും ഏകതാനതയോടുകൂടി ഭൗമകേന്ദ്രീകൃതമായ വിശ്വദർശനം പ്രഖ്യാപിച്ചു.
യുക്തിയും വിശ്വാസവും തമ്മിൽ പൊരുത്തപ്പെട്ട് അചഞ്ചലമായ, സ്ഥിരമായ ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവെന്നും ഭൂമിയെ ചുറ്റി പ്രപഞ്ചം ചലിക്കുന്നുവെന്നും പഠിപ്പിച്ചു.അരിസ്റ്റോട്ടിലിന്റെയും ടോളമിയുടെയുമായ ഈ പ്രപഞ്ചവ്യാഖ്യാനം കാലാന്തരത്തിൽ പ്രശ്നകലുഷിതമാണെന്നു ജ്യോതിശാസ്ത്ര നിരീക്ഷകർക്ക് ബോധ്യപ്പെട്ടു. ഇസ്ലാമിക ജ്യോതിശാസ്ത്രജ്ഞൻമാർക്ക് തങ്ങളുടെ ഇടമനുസരിച്ച് മെക്കയിലേക്കു നോക്കി പ്രാർഥിക്കേണ്ടിയിരുന്നതും റംസാൻ മാസങ്ങളുടെ തുടക്കവും ഒടുക്കവും പ്രഖ്യാപിക്കേണ്ടിയിരുന്നതും അരിസ്റ്റോട്ടിൽ-ടോളമി ഭൗമപ്രപഞ്ചദർശനത്തിന്റെ പാളിച്ചകൾ വെളിവാക്കിയിരുന്നു.
ഇറാനിലും ബാഗ്ദാദിലും നിരീക്ഷണം നടത്തിയിരുന്ന അബ്ദുൾ റഹ്മാൻ അൽ സൂഫി, മുഹമ്മദ് അൽബത്താനി, കെയ്റോയിലെ ഇബൻ അൽമൊയ്ത്താം, സ്പെയിനിലെ ജബീർ ഇബൻ അഫ്ളാ, ഗണിതശാസ്ത്രജ്ഞനായ ഇറാനിലെ നസിറുദീൻ അൽതൂസി തുടങ്ങിയവർ ഭൗമകേന്ദ്രീകൃതമായ പ്രപഞ്ചദർശനത്തിലെ പൊരുത്തക്കേടുകൾ വിവരിച്ച് ഇതെങ്ങനെ ശരിയാക്കാമെന്ന് ആലോചിച്ചിരുന്നു. ഈ അവസരത്തിലാണ് ക്രൈസ്തവലോകത്തിന് അത്യന്താപേക്ഷിതമായ ഉയിർപ്പുഞായറിന്റെ കാലഗണന പിഴയ്ക്കുന്നത്.
മാർച്ച് 21ന് വസന്തകാല വിഷുസംക്രമത്തിനുശേഷം വരുന്ന പൗർണമിക്ക് ശേഷമുള്ള ഞായറാഴ്ചയാണ് സാധാരണയായി ഉയിർപ്പുഞായറായി ആചരിച്ചിരുന്നത്. പക്ഷേ മധ്യകാലഘട്ടത്തിൽ ഉയിർപ്പുഞായർ വസന്തത്തിൽ വരുന്നതിനു പകരം തണുപ്പുകാലത്തേക്കും ക്രിസ്മസ് ഇലപൊഴിയും കാലത്തേക്കും മാറിവന്നിരുന്നത് ശാസ്ത്രീയപ്രശ്നം മാത്രമല്ല, വിശിഷ്യ ദൈവശാസ്ത്ര പ്രശ്നവുമായി മാറി. മാർപാപ്പമാർ ഈ പ്രശ്നത്തെ പഠിക്കുന്നതിനായി നിരവധി കമ്മിറ്റികൾ രൂപീകരിക്കുകയും ശാസ്ത്രജ്ഞരുടെ ഉപദേശം തേടുകയും ചെയ്തു. ഈ അവസരത്തിലാണ് തന്റെ വിപ്ലവകരമായ കണ്ടെത്തലുമായി നിക്കോളാസ് കോപ്പർനിക്കസ് രംഗപ്രവേശം ചെയ്യുന്നത്.
ജർമനിയിൽനിന്ന് പോളണ്ടിലേക്ക്
ജർമനിയിൽനിന്ന് പോളണ്ടിലേക്കു കുടിയേറിയ കുലീനകുടുംബമായിരുന്നു കോപ്പർനിക്കസിന്റേത്. തോറൂണ് എന്ന ടൗണിൽ ചെന്പുകച്ചവടം നടത്തിയിരുന്നതിനാൽ കോപ്പർനിക്കസ് എന്ന കുടുംബനാമം അവർക്കു കൈവരുകയായിരുന്നു. ക്രാക്കോവിലേക്ക് പതിനാലാം നൂറ്റാണ്ടിൽ താമസം മാറ്റിയ കുടുംബത്തിന്റെ രേഖകൾ ഇന്നും അവിടെയുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ ഒരു പെയിന്റിംഗിൽ മുട്ടുകുത്തിനിന്ന് പ്രാർഥിക്കുന്ന ഒരു കോപ്പർനിക്കൻ കുടുംബാംഗത്തെ കാണാം. തോറൂണിലെ മജിസ്ട്രേട്ടും സമൂഹനേതാവുമായിരുന്ന നിക്കോളാസ്, വാട്ട്സെൻറോഡെ കുടുംബത്തിൽനിന്നു വിവാഹം കഴിച്ച് അവർക്ക് നാലു മക്കളുണ്ടായി.
ആന്ദ്രയാസ്, നിക്കോളാസ്, ബാർബര, കാതറൈൻ എന്നിവരിൽ ബാർബര ഒരു ബെനഡിക്ടൈൻ സന്യാസിനിയായി. കാതറൈൻ വിവാഹിതയായി. നിക്കോളാസിന് പത്തു വയസുള്ളപ്പോൾ പിതാവ് അന്തരിച്ചതിനെത്തുടർന്ന് കുടുംബത്തിന്റെ സംരക്ഷണം വാർമിയായിലെ മെത്രാനായ മാതുലൻ ലുക്കാസ് വാട്ട്സെൻറോഡെ ഏറ്റെടുത്തു. ക്രാക്കോവിലെ ജഗില്ലോണിയൻ സർവകലാശാലയിൽ 1491ൽ നിക്കോളാസ് പഠനത്തിനു ചേർന്നു.
ജ്യോതിശാസ്ത്രവും ഗണിതവും ക്രാക്കോവിലെ മികച്ച വിഷയങ്ങളായിരുന്നു. അക്കാലത്തെ പ്രസിദ്ധനായ ജ്യോതിശാസ്ത്രജ്ഞൻ ബ്രൂസ്വോയിലെ അഡൽബർട്ട് ക്രാക്കോവിലെ അധ്യാപകനായിരുന്നു. മാർട്ടിൻ ബയിലിക്ക എന്ന ക്രാക്കോവിൽ പഠിച്ച ജ്യോതിശാസ്ത്രജ്ഞൻ ആധുനികമായ ജ്യോതിശാസ്ത്ര ഉപകരണങ്ങൾ അവിടേക്ക് പരീക്ഷണത്തിനായി സംഭാവന ചെയ്തു.
‘ഗ്രഹണങ്ങളെക്കുറിച്ചുള്ള പുതിയ പഠനം’ യോഹാന്നസ് മ്യുള്ളർ എന്ന ജ്യോതിശാസ്ത്രജ്ഞൻ റേഗിയോ മൊന്താനൂസ് എന്ന പേരിൽ പ്രസിദ്ധപ്പെടുത്തുകയും അദ്ദേഹത്തിന്റെ ശിഷ്യനായ ഗെയോർഗ് പോയർബാക്ക് അതിനു വലിയ പ്രചാരം നല്കുകയും ചെയ്തു. പോയർബാക്കാവട്ടെ പ്രപഞ്ചസംവിധാനം എന്ന ഗ്രന്ഥത്തിലൂടെ ഇസ്ലാമിക് ജ്യോതിശാസ്ത്രജ്ഞൻമാരുടെ കണ്ടെത്തലുകളെ അംഗീകരിച്ചു. ഈ നവോത്ഥാനചിന്തകൾ കോപ്പർനിക്കസിനെ ആകർഷിക്കുകയും അത് ഹൃദിസ്ഥമാക്കുന്നതിൽ അദ്ദേഹം ആമഗ്നനാവുകയും ചെയ്തു.
1495ൽ ബിരുദം സന്പാദിക്കാതെ ക്രാക്കോവ് സർവകലാശാലയിലെ പഠനം പൂർത്തിയാക്കി കോപ്പർനിക്കസ്, മാതുലനായ ബിഷപ് ലൂക്കാസിന്റെ നിർദേശാനുസരണം വിയന്ന, വെനീസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും ഇറ്റലിയിലെ ബൊളോഞ്ഞാ സർവകലാശാലയിൽ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് പഠനത്തിനു ചേരുകയും ചെയ്തു. ഇതിനിടെ മാതുലനായ മെത്രാൻ വാർമിയ കത്തീഡ്രൽ ചാപ്റ്ററിന്റെ 16 അംഗ കാനൻ സമിതിയിൽ അംഗമാക്കി.
കാനൻനിയമ പണ്ഡിതൻ
1500ൽ റോം സന്ദർശിച്ച കോപ്പർനിക്കസ് അവിടത്തെ ജ്യോതിശാസ്ത്രജ്ഞന്മാരുമായി സന്ധിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. 1501ൽ പഠനം തുടരുന്നതിന് മാതുലന്റെ അനുവാദം ലഭിക്കുകയും പാദുവ സർവകലാശാലയിൽ വൈദ്യപഠനത്തിന് ചേരുകയും ചെയ്തു.
മെഡിസിനിൽ ബിരുദം സന്പാദിക്കാതെ, ഫെറാറ സർവകലാശാലയിൽനിന്ന് കാനൻനിയമത്തിൽ 1503 മേയ് 31ന് ഡോക്ടർ ബിരുദം നേടി വാർമിയായിലേക്ക് തിരിച്ചെത്തി മാതുലനായ ബിഷപ്പിന്റെ സെക്രട്ടറിയായി നിയമിതനായി. രോഗബാധിതനായ മാതുലനെ ശുശ്രൂഷിച്ചശേഷം 1510ൽ ഫ്രംബോർക് കത്തീഡ്രലിലെ കാനനായി പൂർണശുശ്രൂഷയ്ക്കായി കോപ്പർനിക്കസ് നിയോഗിക്കപ്പെട്ടു.
വാർമിയായിലെ ബാൾട്ടിക് കടൽത്തീരത്തുള്ള നഗരമായിരുന്നു ഫ്രംബോർക്ക്. വാർമിയ രൂപതയുടെ ഭരണാധികാരത്തിൽ സഹായിക്കാനുള്ള ജോലിയിൽ ജീവിതാവസാനംവരെ കോപ്പർനിക്കസ് നിരതനായി. ജർമൻ പ്രഭുക്കളുമായുള്ള യുദ്ധത്തിൽ കമാൻഡറായി. ഗ്രീക്ക്, ലാറ്റിൻ ഭാഷകളിൽ കവിതയെഴുതുന്നതിനും സമയം കണ്ടെത്തി. ഹിരോണിം, സെബുൾസ്കി എന്നീ രണ്ടു സേവകരോടൊത്ത് ജ്യോതിശാസ്ത്ര നിരീക്ഷണത്തിനും രോഗീശുശ്രൂഷയ്ക്കും ഒപ്പം ഗ്രന്ഥരചനയ്ക്കും കോപ്പർനിക്കസ് സമയം കണ്ടെത്തി.
ക്രാക്കോവിലെയും ബോളോഞ്ഞായിലെയും ജ്യോതിശാസ്ത്ര പഠനത്തിനിടെ അരിസ്റ്റോട്ടിൽ-ടോളമിയുടെ പ്രപഞ്ചദർശനം ശരിയാണോ എന്ന വിലയിരുത്തൽ കോപ്പർനിക്കസ് ആരംഭിച്ചിരുന്നു. ഭൗമകേന്ദ്രീകൃതമായ പ്രപഞ്ചപരികല്പനയിൽ സൂര്യനെയെടുത്ത് മധ്യത്തിൽ വച്ച്, മധ്യത്തിലായിരുന്ന ഭൂമിയെ സൂര്യന്റെ സ്ഥാനത്തേക്കു മാറ്റിയാൽ ഒട്ടേറെ പ്രശ്നങ്ങൾ ലഘൂകരിക്കാമെന്ന് 1505ൽതന്നെ കോപ്പർനിക്കസ് കണ്ടെത്തുകയും വ്യാഖ്യാനങ്ങൾ എന്ന ഗ്രന്ഥം പേരില്ലാതെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
വിപ്ലവകരമായ ഈ നൂതന പ്രപഞ്ചദർശനം ശാസ്ത്രകുതുകികളെ ആകർഷിക്കുകയും ബൃഹത്തായ ഗ്രന്ഥമായി പ്രസിദ്ധീകരിക്കാൻ പലരും കോപ്പർനിക്കസിനെ പ്രേരിപ്പിക്കുകയും ചെയ്തു. പെട്രേയിസ് പ്രിന്റേഴ്സ് എന്ന ന്യൂറംബർഗിലെ പ്രസാധകർ, കോപ്പർനിക്കസിന്റെ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിനായി യോഹാന്നസ് റേറ്റിക്കസ് എന്ന ഗണിതശാസ്ത്രജ്ഞനെ നിയമിക്കുകയും രണ്ടുവർഷക്കാലത്തിലേറെ റേറ്റിക്കസ് കോപ്പർനിക്കസിനൊപ്പം താമസിച്ച് ഗ്രന്ഥത്തിലെ ഗണിത വാനനിരീക്ഷണരേഖകൾ പരിഷ്കരിക്കുകയും ചെയ്തു.
കോപ്പർനിക്കസിന്റെ സുഹൃത്തായ റ്റീഡ്മാൻ ഗിസെ എന്ന മെത്രാൻ പുസ്തക പ്രസിദ്ധീകരണത്തിനായി ഇരുവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭൂമിക്കുചുറ്റും പ്രപഞ്ചം ചലിക്കുന്നുവെന്ന ബൈബിളിലെയും അരിസ്റ്റോട്ടിലിന്റെയും സഭയുടെയും പഠനങ്ങൾക്കു വിപരീതമായുള്ള തന്റെ കണ്ടെത്തൽ ലോകം എങ്ങനെ സ്വീകരിക്കുമെന്ന ചിന്തയിൽ വ്യാകുലനായിരുന്നു കോപ്പർനിക്കസ്. എങ്കിലും സത്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഇതു പ്രസിദ്ധീകരിക്കാൻ കോപ്പർനിക്കസിന് പ്രേരണയായി. യുക്തിയും വിശ്വാസവും ദൈവത്തിൽനിന്ന് അനർഗളമായി പ്രവഹിക്കുന്നുവെന്നും അവ തമ്മിൽ വൈരുധ്യമില്ലെന്നുമുള്ള അക്വിനാസിന്റെ കണ്ടെത്തൽ കോപ്പർനിക്കസിന് ആശ്വാസമായി.
പുതിയ സിദ്ധാന്തം
അരിസ്റ്റോട്ടലിന്റെയും ടോളമിയുടെയും അക്വീനാസിന്റെയും ഭൗമകേന്ദ്രീകൃതമായ പ്രപഞ്ചദർശനം ശരിയല്ലെന്നും സൂര്യകേന്ദ്രീകൃതമായ പ്രപഞ്ചവീക്ഷണമാണ് സങ്കല്പങ്ങളിൽനിന്നു മാറി, യാഥാർഥ്യത്തിലുള്ളതെന്നും തന്റെ വിപ്ലവകരമായ വാനവിതാനങ്ങളുടെ ചംക്രമണം എന്ന ഗ്രന്ഥത്തിലൂടെ കോപ്പർനിക്കസ് ആവിഷ്കരിച്ചു. പ്രസിദ്ധീകരണത്തിനായി റേറ്റിക്കസ് ന്യൂറംബർഗിലുള്ള പ്രസാധകരെ ഏല്പിച്ചുവെങ്കിലും അതിന്റെ പ്രൂഫ് പരിശോധിക്കാൻ അദ്ദേഹത്തിനായില്ല.
തന്മൂലം സുഹൃത്തായ ന്യൂറംബർഗിൽതന്നെയുള്ള അന്ദ്രെയാസ് ഓസിയാന്തർ എന്ന ലൂതറൻ പാസ്റ്ററെ ഏല്പിക്കുകയും അദ്ദേഹം തന്റേതായ ഒരു മുഖക്കുറിപ്പ് ഗ്രന്ഥത്തിനു നൽകുകയും ചെയ്തു. ബൈബിളിന്റെ അക്ഷരാര്ത്ഥത്തിലുള്ള വ്യാഖ്യാനത്തിൽ വിശ്വസിച്ചിരുന്ന അന്ദ്രെയാസ് തന്റെ മുഖക്കുറിപ്പിൽ കോപ്പർനിക്കസിന്റെ സൗരയൂഥ കേന്ദ്രീകൃത മായ പ്രപഞ്ചദർശനം തുലോം ഗണിതശാസ്ത്രമാണെന്നും അത് യാഥാർഥ്യത്തിലുള്ളതല്ലെന്നും വ്യാഖ്യാനിച്ചു.
ഗ്രന്ഥം ലഭിച്ച റേറ്റിക്കസ് നിരാശാഭരിതനായി അന്ദ്രെയാസിന്റെ മുഖക്കുറിപ്പ് കീറിക്കളഞ്ഞുവെന്നു പറയപ്പെടുന്നു. 1543 മേയ് 24ന് കോപ്പർനിക്കസിന് ഗ്രന്ഥം ലഭിച്ചുവെങ്കിലും പക്ഷാഘാത ബാധിതനായ അദ്ദേഹം അന്നു മരണപ്പെടുകയാണുണ്ടായത്. 2005ൽ കോപ്പർനിക്കസിന്റെ ഭൗതികശരീരം ഫ്രംബോർക്ക് കത്തീഡ്രലിൽ കണ്ടെത്തുകയും 2010 മേയ് 22ന് അദ്ദേഹത്തിന് വിപുലമായ മൃതസംസ്കാരകർമങ്ങൾ സഭയുടെയും രാഷ്ട്രത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുകയും ചെയ്തു.
കത്തോലിക്കാസഭയുടെ കാനനായും സൗരയൂഥസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായും സ്മാരകശിലയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു സുവർണസൂര്യനും അതിനെ ചുറ്റിയുള്ള ആറ് ഗ്രഹങ്ങളും സ്മാരകശിലയിൽ കൊത്തിവച്ച് ഈ സത്യാന്വേഷകന്റെ ശാസ്ത്രസപര്യയെ സർവലോകവും അംഗീകരിച്ചിരിക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ മത്തേയ്ക്കോ എന്ന ചിത്രകാരൻ കോപ്പർനിക്കസിന്റെ ശാസ്ത്രാന്വേഷണസപര്യ സത്യത്തിലേക്കുള്ള ആരോഹണമായി, ഈശ്വരനിലേക്കുള്ള അദമ്യമായ അഭിനിവേശം കലർന്ന ഉയർച്ചയും പകർച്ചയുമായി കോറിയിട്ടിട്ടുണ്ട് . എന്നും ഫ്രംബോർക്കിലെ തന്റെ സൗധത്തിന്റെ മേലാപ്പിൽനിന്ന് ആകാശവിതാനത്തെ ധ്യാനിച്ച് വ്യാഖ്യാനിച്ച് ഈശ്വരദർശനവും പ്രപഞ്ചദർശനവും സ്വായത്തമാക്കിയ കോപ്പർനിക്കസ് ശാസ്ത്രവും വിശ്വാസവും വിരുദ്ധധ്രുവങ്ങളിലല്ല, പ്രത്യുത ഒരേ ദിശയിലുള്ള പ്രയാണമാണെന്ന് സമർഥിക്കുന്നു.
ബോസ്റ്റണ്, ഹാർവാർഡ് ഗ്രന്ഥപ്പുരയിലെ കോപ്പർനിക്കസിന്റെ 1543ലെ ഗ്രന്ഥം, വാനവിതാനങ്ങളുടെ ചംക്രമണം കൈയിലെടുത്ത് എന്റെ ഗുരുവായ ജോതിശാസ്ത്രജ്ഞൻ ഓവൻ ഗിംഗ്രിച്ചിനൊപ്പം പഠിക്കുന്പോൾ മാനവരാശിയെ വിപ്ലവകരമായ ചിന്തയിലേക്കും പുരോഗതിയിലേക്കും വഴിതിരിച്ച ആ മഹാനുഭവന്റെ സുവർണ സ്മരണകൾ എന്നെ ഗ്രസിച്ചിരുന്നു. സത്യത്തിലേക്കുള്ള ആരോഹണം എന്ന എന്റെ ഗ്രന്ഥം കോപ്പർ നിക്കസിന്റെ വഴി പിന്തുടർന്ന് സത്യത്തിലേക്കും ഈശ്വരനിലേക്കും ശാസ്ത്രത്തിലൂടെ എത്തിച്ചേരാമെന്നതിന്റെ വ്യാഖ്യാനമാണ്.
ഡോ. മാത്യു ചന്ദ്രൻകുന്നേൽ സിഎംഐ