മനുഷ്യൻ ക്രൂരനാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്ന് ഹിരോഷിമയിൽ ബോംബിട്ട് സംഹാരത്തിന്റെ ഭയാനകദൃശ്യം നഗ്നനേത്രങ്ങൾകൊണ്ട് കണ്ടവർതന്നെ മൂന്നാം നാൾ നാഗസാക്കിയിലും ബോംബിട്ടു എന്നതാണ്. രണ്ടു ലക്ഷം പേരെങ്കിലും മരിച്ചു.
അതിനു ഭാഗ്യമില്ലാതിരുന്നവർ നരകത്തിൽനിന്നു കയറിവന്നവരെപ്പോലെ ഹിരോഷിമ, നാഗസാക്കി എന്നീ ശ്മശാനങ്ങളിലൂടെ പാതി വെന്തു നടന്നു. യുദ്ധത്തിന്റെ മറവിൽ മനുഷ്യർക്കുമേൽ അമേരിക്ക ആണവപരീക്ഷണം നടത്തിയതിന്റെ 80-ാം വാർഷികത്തിലേക്കു കടക്കുകയാണ് ലോകം.
1945 ഓഗസ്റ്റ് 6. സാതോഷി നാകാമുറ സൈക്കിൾ ആഞ്ഞുചവിട്ടി ഹിരോഷിമയിലേക്ക്. ഡോമൈ ന്യൂസ് ഏജൻസിയുടെ ഹിരോഷിമ ബ്യൂറോയിലെ മാധ്യമപ്രവർത്തകനായ അദ്ദേഹം തലേന്നു രാത്രി പട്ടണത്തിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ഇറ്റ്കായിച്ചിയിൽ ഒരു സുഹൃത്തിനെ കാണാൻ പോയതാണ്.
രാത്രി വൈകിയതിനാൽ അവിടെ തങ്ങി. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഒരു സ്ഫോടനത്തിന്റെ മുഴക്കം. കസേരയിൽനിന്നു വീണ സാതോഷിയുടെ ദേഹത്ത് പൊട്ടിയ ജനാലച്ചില്ലുകൾ തെറിച്ചുവീണു.
രണ്ടാം ലോകയുദ്ധം കൊടുന്പിരി കൊണ്ടിരിക്കുകയാണ്. ഹിരോഷിമയിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. നിഗമനം തെറ്റിയില്ല, അങ്ങകലെ ഹിരോഷിമ ഭാഗത്ത് കറുത്ത കൂൺപോലെ എന്തോ ഒന്ന് ആകാശത്തേക്കുയരുന്നു. അപ്പോൾതന്നെ അയാൾ സൈക്കിളെടുത്ത് ഹിരോഷിമയിലേക്കു പാഞ്ഞു.
വാർത്തയുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യുകയും വേണം. പട്ടണത്തോടടുത്തപ്പോൾ സൈക്കിൾ സാവധാനത്തിലായി. തലേന്നു പോരുന്പോഴത്തെ ഹിരോഷിമ അവിടെയില്ല. "കറുത്ത കൂൺ' ആകാശം മുട്ടെ വളർന്നിരിക്കുന്നു.
അതിനു താഴെ ഹിരോഷിമ ഒരു ചടലക്കളംപോലെ പുകയുന്നു. നഗരത്തെ വിഴുങ്ങിയ പുകപടലങ്ങൾക്കും അവശിഷ്ടങ്ങൾക്കും ഒരേ നിറം. അതേ നിറത്തിൽ മൃതദേഹങ്ങളും വേച്ചുനടക്കുന്ന മനുഷ്യരും. നടക്കുന്ന പലരുടെയും ചർമം ശരീരത്തിൽനിന്നു വേർപെട്ട് തൂങ്ങിക്കിടക്കുന്നത് അവർ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.
സാതോഷി തന്റെ വീടിരുന്നിടത്തേക്ക് സൈക്കിൾ ചവിട്ടി. അവിടെ ഒന്നുമില്ല. എല്ലാ കെട്ടിടങ്ങൾക്കുമൊപ്പം അയാളുടെ വീടും കത്തിപ്പോയി. വഴിയോരങ്ങളിൽ കെട്ടിടങ്ങളുടെ കോൺക്രീറ്റ് തൂണുകളും കന്പിയും മാത്രം അസ്ഥിപഞ്ജരങ്ങൾപോലെ വേറിട്ടുനിന്നു.
ഇങ്ങനെയൊന്നു കണ്ടിട്ടില്ല. ഹിരോഷിമയിലെ പത്ര ഓഫീസുകളൊന്നുമില്ല. ഡോമൈയുടെ ന്യൂസ് ബ്യൂറോ ചുഗോക്കു ബിൽഡിംഗിലാണ്. പക്ഷേ, അവിടേക്ക് പോകാനാവില്ല. എല്ലാം തകർന്നു. 800 കിലോമീറ്റർ അകലെ ടോക്യായിലാണ് ഡോമൈയുടെ കേന്ദ്ര കാര്യാലയം.
വാർത്ത എത്രയും പെട്ടെന്ന് എത്തിക്കണം. വീണ്ടും സൈക്കിളെടുത്തു. അവശേഷിക്കുന്ന ഏക ട്രാൻസ്മിറ്റർ ഉള്ള ഹാരയിലെത്തിയപ്പോൾ 11.20. അവിടെനിന്നു ടോക്യോയിലെ "ഡോമൈ'കേന്ദ്ര കാര്യാലയത്തിലേക്ക് വാർത്ത അയച്ചു.
"" ഇന്നു രാവിലെ 8.16ന് വിമാനങ്ങൾ ഒരു 'സ്പെഷ്യൽ' ബോംബിട്ടു. ഹിരോഷിമ തകർന്നു തരിപ്പണമായി. 1,70,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്''
പിന്നീട് 21 വർഷങ്ങൾക്കുശേഷം 1967ൽ ജപ്പാൻ ന്യൂസ് പേപ്പർ പബ്ലിഷേഴ്സ് ആൻഡ് എഡിറ്റേഴ്സ് അസോസിയേഷൻ ബുള്ളറ്റിനിൽ സാതോഷി എഴുതി,"" ഞാൻ അന്ന് എഴുതിയ ചെറിയ വാർത്ത കേന്ദ്ര ഓഫീസിലിരുന്നവർ വിശ്വസിച്ചില്ല.''
ഒരു ബോംബിട്ടാൽ എങ്ങനെയാണ് 1,70,000 പേർ കൊല്ലപ്പെടുന്നത് എന്നായിരുന്നു ടോക്യോയിലിരുന്നവർ ചിന്തിച്ചത്. കാരണം, അണുബോംബ് അതിനുമുന്പ് ഉപയോഗിച്ചിട്ടില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു നഗരത്തിൽ അതുണ്ടാക്കുന്ന വിനാശത്തെക്കുറിച്ച് ഡോമൈയിലെ എഡിറ്റർമാർക്കല്ല, ലോകത്ത് ഒരു പത്രക്കാരനും അറിയില്ലായിരുന്നു.
അതുകൊണ്ട് അത് ഹിരോഷിമ ദുരന്തത്തെക്കുറിച്ച് എഴുതിയ ആദ്യവാർത്ത മാത്രമായി; പ്രസിദ്ധീകരിക്കാത്ത വാർത്ത. പക്ഷേ, പിന്നീട് കാലം എണ്ണി... 1,40,000 മനുഷ്യർ ഹിരോഷിമയിൽ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ അണുവികിരണത്തെത്തുടർന്ന് പിന്നീടും. സാതോഷി 1981ൽ 72-ാമത്തെ വയസിൽ മരിച്ചു.
ഹിരോഷിമയിലെത്തിയ ആദ്യത്തെ പാശ്ചാത്യ പത്രപ്രവർത്തകൻ വിൽഫ്രഡ് ബർഷെറ്റ് സെപ്റ്റംബർ അഞ്ചിന് ഇംഗ്ലണ്ടിലെ ഡെയ്ലി എക്സ്പ്രസിൽ എഴുതിയ വാർത്തയുടെ തലക്കെട്ട് "ദി ആറ്റമിക് പ്ലേഗ്'എന്നായിരുന്നു. തൊട്ടുതാഴെ ഇങ്ങനെ സബ്ഹെഡിംഗ് കൊടുത്തു.
""ഞാനിതെഴുതുന്നത് ലോകത്തിനു മുന്നറിയിപ്പായിട്ടാണ്.'' ബോംബ് വർഷിച്ചതിന്റെ തുടർന്നുള്ള ദിവസങ്ങളിൽ മനുഷ്യർ കൂട്ടത്തോടെ മരിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്. പക്ഷേ, നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്കൂപ് (മറ്റാർക്കുമില്ലാത്ത വിശിഷ്ടമായ വാർത്ത) പ്രസിദ്ധീകരിച്ചപ്പോൾ റിപ്പോർട്ടറുടെ പേര് തെറ്റിപ്പോയി. വിൽഫ്രഡ് എന്നത് പീറ്റർ എന്ന് ഡെയ്ലി എക്സ്പ്രസ് ഒന്നാം പേജിൽ അച്ചടിച്ചു.
യുദ്ധം
""ഞാൻ മരണമാണ്. ലോകത്തിന്റെ അന്തകൻ.'' ആറ്റം ബോംബിന്റെ നിർമാതാവായി അറിയപ്പെടുന്ന റോബർട്ട് ഓപ്പൻഹൈമർ പറഞ്ഞതോടെ ലോകം വീണ്ടും ശ്രദ്ധിച്ച വാക്യമാണിത്. ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട ബോംബ് അമേരിക്കയിൽ നിർമിച്ചത് അദ്ദേഹവും സഹശാസ്ത്രജ്ഞരുമാണ്. ഹിറ്റ്ലർ അണുബോംബ് നിർമിച്ചേക്കുമോയെന്ന ആശങ്കയിലാണ് അമേരിക്ക മാൻഹാട്ടൺ പദ്ധതിയിലൂടെ ബോംബ് നിർമിച്ചത്.
1945 ജൂലൈ 16ന് ന്യൂ മെക്സിക്കോയിലെ മരുഭൂമിയിൽ ആദ്യ അണുബോബ് സ്ഫോടനം വിജയകരമായി പരീക്ഷിച്ചതിനെത്തുടർന്നാണ് ഓപ്പൻഹൈമർ ഇങ്ങനെ പറഞ്ഞത്. അത് ഭഗവത്ഗീതയിൽനിന്നുള്ള ഉദ്ധരണിയെ അവലംബിച്ചായിരുന്നു. ഹിരോഷിമ-നാഗസാക്കി സ്ഫോടനത്തോടെ ഹീറോ ആയ ഓപ്പന്ഹൈമറെ തൊട്ടുപിന്നാലെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് വിചാരണ ചെയ്യുന്നതും അദ്ദേഹത്തിന്റെ ഒടുങ്ങാത്ത കുറ്റബോധവുമാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഓപ്പൻഹൈമർ എന്ന സിനിമയുടെ പ്രമേയം.
1939ൽ ഹിറ്റ്ലറുടെ നാസി ജർമനി പോളണ്ടിനെ ആക്രമിച്ചതോടെ തുടങ്ങിയ രണ്ടാം ലോകയുദ്ധത്തിൽ രണ്ടു ചേരികളുണ്ടായിരുന്നു. സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളും. സഖ്യകക്ഷികളിൽ മൂപ്പന്മാർ അമേരിക്ക, സോവിയറ്റ് യൂണിയൻ, ബ്രിട്ടൺ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളായിരുന്നു. ജർമനി, ജപ്പാൻ, ഇറ്റലി തുടങ്ങിയവർ അച്ചതണ്ട് ശക്തികളെന്ന് അറിയപ്പെട്ടു.
1945ൽ അച്ചുതണ്ട് ശക്തികൾ പരാജയത്തിന്റെ വക്കിലെത്തി. ഇറ്റലിയുടെ ഫാസിസ്റ്റ് നേതാവ് മുസോളിനിയെ ജനം തല്ലിക്കൊന്നു കെട്ടിത്തൂക്കി. ഹിറ്റ്ലർ സ്വയം ജീവനൊടുക്കി. ജപ്പാൻ കീഴടങ്ങാൻ തയാറായില്ല. പെട്ടെന്നൊരു വഴിത്തിരിവുണ്ടായി. 1945 ഏപ്രിൽ 12ന് അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റ് അന്തരിച്ചു.
വൈസ് പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാൻ പ്രസിഡന്റായി. അപ്പോഴാണ് അതീവരഹസ്യമായി അമേരിക്ക തയാറാക്കിവച്ചിരുന്ന അണുബോംബിനെക്കുറിച്ച് ട്രൂമാൻ പോലും അറിഞ്ഞത്. അതു പ്രയോഗിക്കാൻ പ്രസിഡന്റിനു മാത്രമാണ് അധികാരമെന്നറിഞ്ഞതോടെ ആ പരമാധികാരം അദ്ദേഹം ഉപയോഗിച്ചു. ജപ്പാനെ ബോംബിട്ട് തോൽപ്പിക്കാൻ ജൂലൈ 25ന് പ്രസിഡന്റ് ഉത്തരവിട്ടു.
അന്തകനായ "പയ്യൻ'
ഓപ്പൻഹൈമറും സംഘവും ബോംബ് നിർമിച്ച ന്യൂമെക്സിക്കോയിലെ ലോസ് അലാമോസ് ലബോറട്ടറിയിൽനിന്ന് കൊണ്ടുവന്ന ഭാഗങ്ങൾ ടിനിയൻ ദ്വീപിൽവച്ച് കൂട്ടിച്ചേർക്കുകയായിരുന്നു. അമേരിക്കൻ വ്യോമസേനയുടെ 'എനോലാ ഗേ' എന്ന ബി-29 വിമാനത്തിലാണ് ബോംബ് കയറ്റിയത്. പയ്യൻ എന്നർഥം വരുന്ന "ലിറ്റിൽ ബോയ്' എന്ന ബോംബിന് മൂന്നര മീറ്റർ നീളവും നാലു ടൺ ഭാരവുമുണ്ടായിരുന്നു.
ഓഗസ്റ്റ് ആറിന് അതിരാവിലെ അവർ പുറപ്പെട്ടു. ഹിരോഷിമ എന്ന വ്യവസായ നഗരത്തിലേക്ക് മൂന്ന് അമേരിക്കൻ വിമാനങ്ങൾ പറന്നടുക്കുന്നത് ജപ്പാൻ റഡാറിൽ കണ്ടു. സൈറൺ മുഴങ്ങിയതോടെ തെരുവുകളിൽനിന്ന് ആളുകൾ ഓടി. കൗണ്ട് ഡൌൺ തുടങ്ങി. പതിനഞ്ചിൽനിന്ന് സീറോയിലെത്തിപ്പോഴേക്കും "പയ്യൻ' ഹിരോഷിമയുടെ നെഞ്ച് ലക്ഷ്യമാക്കി വിമാനത്തിൽനിന്നിറങ്ങി.
ഷിമ ക്ലിനിക്കിന്റെ ഇരുനിലക്കെട്ടിടത്തിനുമേൽ ലോകത്തെ ആദ്യ അണുബോബ് വീണു. രോഗികളും ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 80 പേരും ഒരു തെളിവ് പോലുമില്ലാതെ അപ്രത്യക്ഷമായി. 12,500 ടിഎൻടി ശേഷിയുള്ള ബോംബ് പതിച്ചതോടെ ചൂട് 10 ലക്ഷം ഡിഗ്രി സെന്റിഗ്രേഡിലേക്കു കുതിച്ചു.
നിമിഷങ്ങൾകൊണ്ട് സൂര്യനെപ്പോലെ പ്രകാശിച്ച സ്ഫോടനസ്ഥലത്തുനിന്ന് ഉയർന്ന തീജ്വാലകൾ ഹിരോഷിമയെ വിഴുങ്ങി. കൂൺ ആകൃതിയിൽ പുക 40,000 അടി ഉയരത്തിലേക്കു പൊങ്ങി. ആ കുടെ കുഞ്ഞുങ്ങളടക്കം 80,000 മനുഷ്യരുടെ ആത്മാക്കളുമുണ്ടായിരുന്നു. പൊടിക്കാറ്റ് 1000 അടി ഉയരെ നഗരമാകെ പടർന്നു. ബി-29 ബോംബ് വാഹിനിക്കൊപ്പമുണ്ടായിരുന്ന പോർവിമാനം അപ്പോൾ ആകാശത്തുനിന്ന് ഫോട്ടോയെടുക്കുകയായിരുന്നു; വിജയകരമായി നടത്തിയ ഒരു വെടിക്കെട്ടിന്റേതെന്നപോലെ. ഹിരോഷിമയിൽനിന്നു വളർന്നുകൊണ്ടിരുന്ന "വിഷക്കൂൺ' വിമാനത്തിലിരുന്നവർ കണ്ടു. വിജയശ്രീലാളിതർ മടങ്ങിപ്പോയി.
സ്ഫോടനത്തിലൂടെ ഉരുത്തിരിഞ്ഞ മേഘങ്ങൾ 11 മണിക്ക് മഴയായി തിരികെ ഹിരോഷിമയിലെത്തി. കറുത്ത മഴ. ആപത്കരമായ റേഡിയോ ആക്ടീവ് അവശിഷ്ടങ്ങളുൾപ്പെടെ അതിലുണ്ടായിരുന്നു. ആദ്യം സ്ഫോടനമായും പിന്നെ മഴയായും മരണം മനുഷ്യർക്കുമേൽ പെയ്തു.
കൊക്കൂറ വഴി നാഗസാക്കി
ഹിരോഷിമയെ തുടച്ചുനീക്കിയിട്ടും ജപ്പാൻ കീഴടങ്ങിയില്ല. എങ്കിൽ, ജപ്പാന്റെ ആയുധപ്പുരകളും പട്ടാള ബാരക്കുകളും സ്ഥിതി ചെയ്യുന്ന കൊക്കൂറയിൽ ബോംബിടാൻ അമേരിക്ക തീരുമാനിച്ചു. ഓഗസ്റ്റ് ഒന്പതിന് ബോക്സ് കാർ എന്നു പേരായ ബി-29 വിമാനത്തിൽ തടിയൻ എന്ന "ഫാറ്റ്മാൻ' ബോംബ് കയറ്റി.
ഹിരോഷിമയിൽനിന്ന് 215 കിലോമീറ്റർ അകലെയാണ് കൊക്കൂറ. പക്ഷേ, അന്തരീഷം മേഘാവൃതമായതിനാൽ വിമനം കൊക്കൂറയുടെ ആകാശത്ത് കയറ്റാനായില്ല. ഹിരോഷിമ ദൗത്യത്തിന്റെ പൈലറ്റായ ചാൾസ് സ്വീനി തന്നെയാണ് ഇത്തവണയും വിമാനത്തിലുള്ളത്. കൊക്കൂറയിൽ ബോംബിടാൻ ആകുന്നത് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീരുമാനം മാറി. ഏതായാലും വന്നതല്ലേ, തിരിച്ചുപോകുന്നതിനു പകരം 210 കിലോമീറ്റർ അകലെയുള്ള നാഗസാക്കിയിലേക്കു വിമാനം പറന്നു. 11.02ന് പയ്യനെക്കാൾ സംഹാരശേഷിയുള്ള തടിയനെ നഗരത്തിനു മുകളിൽനിന്ന് ഇറക്കി.
അതിന്റെ ശേഷി 20,000 ടൺ ടിഎൻടി ആയിരുന്നു. നിമിഷങ്ങൾകൊണ്ട് 75,00 മനുഷ്യർക്കൊപ്പം നാഗസാക്കി ചാരമായി. പ്രഹരശേഷി കൂടുതലുള്ള ബോംബാണ് വർഷിച്ചതെങ്കിലും രണ്ടു മലകൾക്കിടയിലുള്ള നഗരമായിരുന്നതുകൊണ്ട് നാശം കുറഞ്ഞു. 1945 ഓഗസ്റ്റ് 15ന് ജപ്പാൻ കീഴടങ്ങി. സഖ്യകക്ഷികൾ വിജയിച്ചു..?
കൊന്നൊടുക്കുന്നതിൽ ഒന്നാമതാകുന്നവരെ പരാജിതൻ എന്നതിനു പകരം വിജയി എന്നു വിളിക്കുന്ന ചരിത്രത്തിൽ, മനുഷ്യന്റെ ഹിംസാത്മക ചിന്തയുടെ പ്രലോഭനങ്ങളും ശത്രുതയുടെ അനാട്ടമിയും മറയില്ലാതെ കിടപ്പുണ്ട്.
രണ്ടാം ലോകയുദ്ധത്തിന്റെ കാര്യമാണെങ്കിൽ, വംശഹത്യയിലൂടെ ഹിറ്റലറും ഫാസിസ്റ്റ് ഏകാധിപത്യത്തിലൂടെ മുസോളിനിയും ഹിരോഷിമയുടെ ആർത്തനാദം അടങ്ങുംമുന്പ് നാഗസാക്കിയിൽ ബോംബിട്ട പ്രസിഡന്റ് ഹാരി എസ് ട്രൂമാനും അങ്ങനെ വിജയിച്ചവരാണ്. ലോകത്ത് ആദ്യമായി മനുഷ്യർക്കുമേൽ അണുബോംബ് വർഷിച്ചതിന്റെ 80-ാം വർഷത്തിലേക്കു കടക്കുന്പോഴും ആ ചരിത്രത്തിനു മാറ്റമില്ല. കൊല്ലാനുള്ള കൊതിടയങ്ങിയിട്ടില്ല. കറുത്ത കൂണുകളിൽനിന്ന് മനുഷ്യവംശത്തിന് എത്രനാൾ മാറിനിൽക്കാനാകും?
അമേരിക്ക, റഷ്യ, യുകെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ഇസ്രയേൽ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ പക്കൽ 12,000 ആണവായുധങ്ങൾ ഇപ്പോഴുണ്ട്. അതിന്റെ ചെറിയൊരംശം മതി ഭൂഗോളത്തെ ഒരു വിഷക്കൂണിൽ ഇല്ലാതാക്കാൻ. ജയിക്കാൻ ആരുമുണ്ടാകില്ല.
അപ്പോൾ നമ്മുടെ ഹിംസയുടെ പ്രലോഭനങ്ങളും ശത്രുതയുടെ അനാട്ടമിയും വിശ്വരൂപം പ്രാപിച്ച് ഇങ്ങനെ പറയും. ""ഞാൻ മരണമാകുന്നു, ലോകത്തിന്റെ അന്തകൻ.'' പിന്നെ വെറുപ്പും സ്നേഹവും ഒന്നുമില്ല. ആദിയിലെന്നപോലെ ഭൂമി പാഴായും ശൂന്യമായും കിടക്കും.
ജോസ് ആൻഡ്രൂസ്