വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെങ്കിൽ വിദ്യാർഥികൾ ഏറ്റവും കുറച്ചുസമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഇടങ്ങളായിരുന്നു ലൈബ്രറികൾ. എത്രയും പെട്ടെന്നു പുറത്തുചാടണമെന്ന ചിന്തയോടെയാണ് പലരും അകത്തേക്കു കയറുന്നതു തന്നെ. എന്നാൽ, ഇന്ന് അകത്തുകയറിയവർ പുറത്തിറങ്ങാൻ മടിക്കുന്നു. റവ.ഡോ.ജോൺ നീലങ്കാവിൽ എന്ന വൈദികനാണ് ലൈബ്രറികളിൽ വിസ്മയം വിരിയിക്കുന്നത്.
അരണ്ട വെളിച്ചം, ചിലന്തി കൂടുകെട്ടിയ മൂലകൾ, പൊടിപിടിച്ചിരിക്കുന്ന അലമാരകൾ, വലിച്ചെടുക്കാനാവാത്ത രീതിയിൽ തിങ്ങിക്കൂടിയിരിക്കുന്ന പുസ്തകങ്ങൾ, അഞ്ചാറു പേർ ഒന്നിച്ചുകയറിവന്നാൽ തിക്കുംതിരക്കും, ശ്വാസം മുട്ടുന്ന അന്തരീക്ഷം... ലൈബ്രറി എന്നു കേൾക്കുന്പോൾ മലയാളികൾ പലരുടെയും ഉള്ളിൽതെളിയുന്ന ചിന്തകൾ ഇതൊക്കെയായിരുന്നു. നാട്ടിൻ പുറത്തെ ലൈബ്രറിയെന്നല്ല നാട്ടിലെ പേരു കേട്ട പല ലൈബ്രറികളുടെയും അവസ്ഥ ഇതൊക്കെയാണെന്ന് അനുഭവസ്ഥർ പറയും...
വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെങ്കിൽ വിദ്യാർഥികൾ ഏറ്റവും കുറച്ചുസമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഇടങ്ങളായിരുന്നു ലൈബ്രറികൾ. മടുപ്പിക്കുന്ന നിശബ്ദത, മൂടിക്കെട്ടിയ അന്തരീക്ഷം, എത്രയും പെട്ടെന്നു പുറത്തുചാടണമെന്ന ചിന്തയോടെയാണ് അകത്തേക്കു കയറുന്നതുതന്നെ... എന്നാൽ, ഇപ്പോൾ കഥയാകെ മാറിമറിഞ്ഞിരിക്കുന്നു. ലൈബ്രറികളിലേക്ക് വിദ്യാർഥികൾ ഒഴുകിയെത്തുന്നു, സമയം കഴിഞ്ഞാലും പോകാൻ മടിച്ച് അവിടെ തന്പടിക്കുന്നു, ലൈബ്രറിയിലെ കാഴ്ചകൾ സോഷ്യൽ മീഡിയ സ്റ്റാറ്റസ് ആക്കുന്നു, കാന്പസിലെതന്നെ അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം ലൈബ്രറിയെന്ന് അടയാളപ്പെടുത്തുന്നു...
അടിപൊളിയിടം
ആഹാ എത്ര നടക്കാത്ത മനോഹരമായ സ്വപ്നം എന്നു പറയാൻ വരട്ടെ. ഇതൊക്കെ നടന്നു കഴിഞ്ഞു, കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പലേടത്തും. സംശയമുണ്ടെങ്കിൽ ചങ്ങനാശേരി എസ്ബി കോളജിലേക്കോ എംജി യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്കോ മഹാരാജാസ് കോളജിലേക്കോ അല്ലെങ്കിൽ രാജഗിരി കോളജിലേക്കോ തൃശൂർ സെന്റ് തോമസ് കോളജിലേക്കോ ചെന്നു നോക്കൂ.
കാമ്പസിലെ ഏറ്റവും പ്രിയപ്പെട്ട ഇടമേതാണെന്നു വിദ്യാർഥികളോടു ചോദിച്ചാൽ അവർ പറയുന്നതിൽ അവരുടെ ലൈബ്രറിയുണ്ടായിരിക്കും. ലൈബ്രറി രൂപകല്പനയിൽ സംഭവിച്ചിരിക്കുന്ന അദ്ഭുതകരമായ ചില മാറ്റങ്ങളാണ് ലൈബ്രറികളെ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആക്കി മാറ്റിയിരിക്കുന്നത്. ഇതിനു ചുക്കാൻ പിടിച്ചത് ഒരു കത്തോലിക്ക വൈദികനും, സിഎംഐ സന്യാസ സഭാംഗമായ റവ.ഡോ.ജോൺ നീലങ്കാവിൽ.
ലൈബ്രറികളിലെ പൊടിയും മാറാലയും തിക്കുമുട്ടലുമൊക്കെ എവിടെയോ പോയി മറഞ്ഞു. ഒരു പാർക്കിലോ ഫൈവ് സ്റ്റാർ റസ്റ്ററന്റിലോ ടൂറിസ്റ്റ് കേന്ദ്രത്തിലോ ഒക്കെ ചെന്നിരിക്കുന്ന അനുഭവം വായനക്കാർക്കു സമ്മാനിക്കുകയാണ് ഈ ലൈബ്രറി ഡിസൈനർ. നൂറിലേറെ ലൈബ്രറികളെ അടിമുടി നവീകരിച്ച് ഇന്ത്യയിലെ ആധുനിക ലൈബ്രറികളുടെ പിതാവ് എന്ന വിശേഷണവും ഇദ്ദേഹം നേടിക്കഴിഞ്ഞു.
വായനക്കാരന്റെ സഹൃദയത്വവും ആർക്കിടെക്ടിന്റെ നിപുണതയും എൻജിനിയറുടെ കൃത്യതയും അധ്യാപകന്റെ പ്രാഗല്ഭ്യവും യുവത്വത്തിന്റെ പ്രസരിപ്പും ഫാ. നീലങ്കാവിൽ ഡിസൈൻ ചെയ്ത ലൈബ്രറികളിൽനിന്നു തൊട്ടറിയാം. കോട്ടയം സിഎംഎസ് കോളജ്, ബിസിഎം കോളജ്, സെന്റ് ജോസഫ് ഇരിങ്ങാലക്കുട, പ്രോവിഡൻസ് കോളജ് കോഴിക്കോട്, ക്രൈസ്റ്റ് സ്കൂൾ തുടങ്ങി അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ ലൈബ്രറികൾ നിരവധി.
വിസ്മയക്കൂട്ടുകൾ
ലൈബ്രറി രൂപകല്പന പഠിക്കാൻ ഇറങ്ങിത്തിരിച്ച ആളൊന്നുമല്ല നീലങ്കാവിലച്ചൻ. ലൈബ്രറി സയൻസും പുസ്തകങ്ങളുമൊക്കെ ഇഷ്ടവിഷയമായതിനാൽ അതു പഠിക്കണമെന്ന മോഹമുണ്ടായിരുന്നു. എന്നാൽ, ഒരു നിയോഗം പോലെ എത്തിച്ചേർന്ന് ഇന്നു ലൈബ്രറി രൂപകല്പനയിൽ വിസ്മയങ്ങൾ സൃഷ്ടിക്കുകയാണ് ഇദ്ദേഹം. ഏറ്റവുമൊടുവിൽ കോഴിക്കോട് ദേവഗിരി കോളജിൽ ആധുനിക ലൈബ്രറി ഒരുക്കി കാന്പസിന് ആവേശം പകർന്നിരിക്കുന്നു.
ദേവഗിരിയിലെ പല അധ്യാപകരുടെയും വിദ്യാർഥികളുടെയുമൊക്കെ സോഷ്യൽ മീഡിയ സ്റ്റാറ്റസ് തങ്ങളുടെ പുതിയ അടിപൊളി ലൈബ്രറിയാണ്. ആധുനിക ലൈബ്രറിയെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും കൈകാര്യം ചെയ്യണമെന്നും ലൈബ്രറിയുമായി ബന്ധപ്പെട്ടവർക്കു പരിശീലനം നൽകുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഇന്ന് ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ സ്ഥാപനം ലൈബ്രറി നവീകരിക്കാൻ തീരുമാനമെടുത്താൽ ആദ്യമെത്തുന്ന വിളികളിലൊന്ന് ഫാ. നീലങ്കാവിലിന് ആയിരിക്കും.
തുടക്കം ധർമാരാമിൽ
2000ൽ ബംഗളൂരുവിലെ പ്രശസ്തമായ ധർമാരാം കോളജിലെ ലൈബ്രറി നവീകരിക്കാൻ അധികാരികൾ തീരുമാനമെടുത്തു. മധുരകാമരാജ് യൂണിവേഴ്സിറ്റിയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഫാ. നീലങ്കാവിലിന് അതിന്റെ ചുമതല വന്നുചേർന്നു. ആർക്കിടെക്ട് പ്ലാൻ വരച്ചുനൽകിയിട്ടുണ്ട്. നീലങ്കാവിലച്ചൻ പ്ലാനുമായി നേരേ മധുരകാമരാജിലെ തന്റെ പ്രഫസറെ കാണാൻ പോയി. അതുകണ്ടതും അദ്ദേഹം പറഞ്ഞു, ഇതൊക്കെ പഴഞ്ചൻ രീതികളാണ്. ലൈബ്രറി ഡിസൈനിംഗിൽ മോഡേൺ രീതികളാണ് ആവശ്യം.
അതിനു പറ്റിയ ഒരാളുണ്ട്. ആന്ധ്രക്കാരൻ ഡോ. സീതാരാമ. ഇന്ത്യയിലെ ലൈബ്രറി സയൻസിന്റെ പിതാവ് ഡോ.രംഗനാഥിന്റെ ശിഷ്യൻ. ബംഗളൂരു ഡിആർടിസി ലൈബ്രറി സയൻസ് ഡയറക്ടറായിരുന്ന സീതാരാമയെ കാണാൻ അദ്ദേഹം താമസിച്ചിരുന്ന ചെന്നൈയിൽ പോയി. അദ്ദേഹം വിലപ്പെട്ട ചില മാറ്റങ്ങളും നിർദേശങ്ങളും നൽകി. മദ്രാസ് ഐഐടിയിലെ ഹരിഷ്ചന്ദ്ര ലൈബ്രറി സൗത്ത് ഇന്ത്യയിലെതന്നെ മികച്ച ഡിസൈനർ ലൈബ്രറിയായിരുന്നു. അതു പോയി കാണാൻ ഉപദേശിച്ചു.
നിലവിലെ പ്ലാനിൽ നാലു ഫീച്ചറുകൾ ഉണ്ടായിരുന്നത് 64 സേവനരൂപങ്ങളാക്കി മാറ്റി പരിഷ്കരിച്ചു. പഴഞ്ചൻ രീതികളിൽനിന്ന് അടിമുടി മാറണമെന്ന് അധികാരികളെ ബോധ്യപ്പെടുത്താൻ നിരവധി ചർച്ചകൾ നടത്തി. ധർമാരാം പ്രസിഡന്റ് ആയിരുന്ന റവ.ഡോ. കുഞ്ചെറിയ പത്തിൽ സിഎംഐ പ്രോത്സാഹനവുമായി ഒപ്പംനിന്നത് ധൈര്യം പകർന്നതായി ഫാ. നീലങ്കാവിൽ പറയുന്നു. 2003ൽ നിർമാണം തുടങ്ങി. 2004ൽ 45,000 ചതുരശ്രയടിയിൽ ആധുനിക ലൈബ്രറി തീർന്നപ്പോൾ ഏവർക്കും അദ്ഭുതം. ഇങ്ങനെയും ലൈബ്രറിയോ?
പെരുമയുടെ ഷെൽഫിൽ
ഇതിനൊപ്പം അരലക്ഷം അടിയിൽ ഒരു ഉദ്യാനലൈബ്രറിയും ധർമാരാമിൽ ഒരുക്കി. ഇതിനിടയിൽ ധർമാരാമിലെ ലൈബ്രറിയുടെ പെരുമ അങ്ങ് കോൽക്കത്തയിൽ വരെ എത്തിയിരുന്നു. കൽക്കട്ട മോർണിംഗ് സ്റ്റാർ കോളജിലെ ലൈബ്രറി നവീകരിക്കാൻ നീലങ്കാവിലച്ചന്റെ ഉപദേശം തേടി അവരെത്തി. ലൈബ്രറി ഡിസൈനിംഗ് മേഖലയിലൊന്നും താൻ വിദഗ്ധനല്ലെന്നു പറഞ്ഞെങ്കിലും അവർ വിട്ടില്ല. ആർക്കിടെക്ടും എൻജിനിയറും മറ്റ് ഉദ്യോഗസ്ഥരുമൊക്കെ വിമാനം പിടിച്ചുവന്നു ചർച്ച നടത്തി. തുടർന്ന് രണ്ടാഴ്ചത്തേക്ക് അച്ചനെ അവർ കോൽക്കത്തയിലേക്കു കൊണ്ടുപോയി. അങ്ങനെ മോർണിംഗ് സ്റ്റാറിൽ 40,000 ചതുരശ്രയടി വിസ്തീർണമുള്ള ആധുനിക ലൈബ്രറി ഒരുങ്ങി.
ഇതിനിടെ, ട്രിച്ചി ബിഷപ് ഹെബർ കോളജിൽനിന്നു ലൈബ്രറി സയൻസിൽ ഡോക്ടറേറ്റ് എടുക്കാൻ തീരുമാനിച്ചു. എന്നാൽ, അവിടത്തെ ഗൈഡ് ഡോ.എസ്.അല്ലിസ്വർണം മറ്റൊരു ഉപദേശം നൽകി. അച്ചനെപ്പോലൊരാൾ ലൈബ്രറി സയൻസിൽ അല്ല ലൈബ്രറി രൂപകല്പനയിലാണ് ഗവേഷണം നടത്തേണ്ടതെന്നായിരുന്നു ഉപദേശം. ഇതോടെ "സ്പേസ് മാനേജ്മെന്റ് ഇൻ യൂണിവേഴ്സിറ്റി ലൈബ്രറി' എന്ന വിഷയത്തിൽ ഗവേഷണം നടത്തി. ഇതോടെ ലൈബ്രറി ഡിസൈനിംഗിലെ ശാസ്ത്രീയമായ പല കാര്യങ്ങളും പഠിച്ചു. ഇറ്റലി, സിംഗപ്പുർ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ആധുനിക ലൈബ്രറികൾ സന്ദർശിച്ചു. ജർമനിയും ഇറ്റലിയും ക്ലാസിക് ലൈബ്രറികളുടെ രാജ്യങ്ങളാണ്. എന്നാൽ, സിംഗപ്പുരിൽ ഹൈടെക് മോഡേൺ ലൈബ്രറിയായിരുന്നു ആകർഷണം.
180 ഫീച്ചറുകൾ
ആദ്യമുണ്ടാക്കിയ ധർമാരാമിലെ ലൈബ്രറിക്കു വേണ്ടി 64 ഫീച്ചറുകളാണ് തയാറാക്കിയതെങ്കിൽ ഇന്ന് 180 ഫീച്ചറുകൾ വരെ പ്ലാനിലുണ്ടെന്ന് അദ്ദേഹം പറയുന്നു. തൃശൂർ സെന്റ് തോമസിലെ 125 വർഷം പഴക്കമുള്ള ലൈബ്രറി നവീകരിച്ചപ്പോഴുള്ള ചില അനുഭവങ്ങൾ മറക്കാനാവില്ലെന്ന് അച്ചൻ പറയുന്നു. മൂന്നു സ്ഥലത്തായിട്ടായിരുന്നു ലൈബ്രറി പ്രവർത്തിച്ചിരുന്നത്. ലൈബ്രറിയുടെ സ്ഥിതി പരിഷ്കരിക്കേണ്ടതുണ്ടെന്നു പരിശോധനയ്ക്ക് എത്തിയ നാക് ടീം അഭിപ്രായപ്പെട്ടിരുന്നു.
ഇതോടെ വിഷയം നീലങ്കാവിലച്ചന്റെ അടുത്തെത്തി. പ്രതിദിനം നൂറു പേർ മാത്രമായിരുന്നു ലൈബ്രറിയിലേക്ക് എത്തിയിരുന്നത്. എന്നാൽ, നീലങ്കാവിൽ മാജിക്കിൽ ലൈബ്രറി ഒരു സ്വപ്നലോകമായി മാറി. പണി പൂർത്തിയായപ്പോൾ രണ്ടു ദിവസംകൊണ്ട് മൂവായിരത്തിലേറെ വിദ്യാർഥികളുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസ് ലൈബ്രറി കാഴ്ചകളായിരുന്നു. ഇന്ന് ദിനംപ്രതി എഴുനൂറു മുതൽ ആയിരം പേർ വരെ ഈ ലൈബ്രറിയിലേക്ക് എത്തുന്നു.
ലൈബ്രറികളിൽ അച്ചൻ കരുതിവയ്ക്കുന്ന ഇൻസ്റ്റലേഷനുകളും ഇരിപ്പിടങ്ങളുമൊക്കെയാണ് പലപ്പോഴും യുവതലമുറയെ ആകർഷിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ലൈബ്രറിയിൽ ആർട്ടിസ്റ്റ് കൂടിയായ ഫാ. ഡിറ്റോ സൂപ്രത്ത് സിഎംഐയെക്കൊണ്ട് ചെയ്യിച്ച ഇൻസ്റ്റലേഷനു മുന്നിൽനിന്നു സെൽഫിയെടുക്കുന്ന വിദ്യാർഥികളെ എപ്പോഴും കാണാം.
കേരളത്തിലെ പ്രമുഖമായ പല സ്വയംഭരണ കോളജുകൾക്കും നാക് അംഗീകാരങ്ങൾ നേടിക്കൊടുത്തതിനു പിന്നിലെ ഒരു പ്രധാന ഘടകം അവിടങ്ങളിലെ ആധുനിക ലൈബ്രറികളായിരുന്നു, ആ ലൈബ്രറികൾക്കു പിന്നിൽ പ്രവർത്തിച്ചതു റവ.ഡോ.ജോൺ നീലങ്കാവിലും. സിഎംഐ തൃശൂർ ദേവമാതാ പ്രോവിൻസ് അംഗമായ അച്ചൻ പേരാമംഗലം നീലങ്കാവിൽ പരേതരായ വാറുണ്ണി- അന്നമ്മ ദന്പതികളുടെ പുത്രനാണ്. ആറ് ആൺമക്കളും രണ്ടു പെൺമക്കളുമായിരുന്നു ഈ ദന്പതികൾക്ക്. നീലങ്കാവിലച്ചനെ കൂടാതെ ഇളയ സഹോദരനും വൈദികനാണ്, സാഗർ രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന റവ.ഡോ. ദേവമിത്ര നീലങ്കാവിൽ.
ഇരുളിൽനിന്നു വെളിച്ചത്തിലേക്ക്
ലൈബ്രറിയിലെ ഫാ. നീലങ്കാവിൽ മാജിക് നേരിട്ട് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ത്രില്ലിൽ എംജി യൂണിവേഴ്സിറ്റി ലൈബ്രറിയിലെ അസി. ലൈബ്രേറിയൻ ഡോ.കെ. സാബുപറയുന്നു:
എംജി യൂണിവേഴ്സിറ്റി ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ടാണ് റവ.ഡോ.ജോൺ നീലങ്കാവിലുമായി സംസാരിക്കാൻ ഇടവന്നത്. ലാളിത്യവും കുലീനമായ പെരുമാറ്റവുമുള്ള ഒരു വൈദികൻ. എന്നാൽ, അടുത്തറിഞ്ഞപ്പോൾ അദ്ഭുതവും പ്രത്യേക ആദരവും തോന്നി.
മുന്നിലിരിക്കുന്നതു നിസാരക്കാരനല്ല, കേരളത്തിന് അകത്തും പുറത്തുമുള്ള നൂറോളം പ്രമുഖ ലൈബ്രറികൾക്ക് ആധുനികമുഖം നൽകി നവീകരിച്ച പ്രതിഭ. ഇദ്ദേഹത്തെ ഇനിയും സമൂഹം വേണ്ട രീതിയിൽ തിരിച്ചറിഞ്ഞിട്ടില്ല. അച്ചന്റെ കഥ മാധ്യമങ്ങളിലൂടെ ലോകം അറിയണമെന്നു തോന്നി. അങ്ങനെയാണ് സൺഡേ ദീപികയെ സമീപിച്ചത്.
ലൈബ്രറികളെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കു നയിക്കുന്ന ദൗത്യമാണ് അച്ചൻ നിറവേറ്റിക്കൊണ്ടിരിക്കുന്നതെന്നു പറയാം. ദൈവത്തിന്റെ കൈയൊപ്പ് ഉള്ള ഒരു ലൈബ്രറി നവീകരണ ആർക്കിടെക്ട് എന്ന് അദ്ദേഹത്തെ വിളിക്കാനാണ് എനിക്കിഷ്ടം.
ശബ്ദമുണ്ടിവിടെ
നമ്മൾ കണ്ടിട്ടുള്ള ലൈബ്രറികളുടെയെല്ലാം മുഖമുദ്ര കനത്ത നിശബ്ദതയാണ്. സൈലന്റ്സ് പ്ലീസ് എന്നതാവും അവിടെ ഏറ്റവും കൂടുതൽ കേൾക്കുന്ന വാചകം. എന്നാൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽത്തന്നെ ആധുനിക ലൈബ്രറികൾ എങ്ങനെയായിരിക്കണമെന്നു പറയുന്നുണ്ട്. അവിടെ നിശബ്ദമായ ഒരിടവും നിശബ്ദരഹിതമായ ഒരിടവും ഉണ്ടാകണം.
അതായത് ശ്രദ്ധാപൂർവമായ വായനയ്ക്ക് നിശബ്ദമായ ഇടവും ചെറിയ ചർച്ചകൾക്കും ആശയവിനിമയത്തിനുമായി നോൺ സൈലന്റ് ഏരിയയും. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇത് ഏറ്റവും മനോഹരമായി ഒരുക്കാനുള്ള വൈദഗ്ധ്യമാണ് നീലങ്കാവിലച്ചനെ ശ്രദ്ധേയനാക്കുന്നത്. ഇനി ഞങ്ങളുടെ അനുഭവം പറയാം.
എംജി യൂണിവേഴ്സിറ്റി ലൈബ്രറി റവ.ഡോ.ജോൺ നീലങ്കാവിലിന്റെ നേതൃത്വത്തിൽ നവീകരിച്ചതിനു ശേഷം അദ്ഭുതകരമായ മാറ്റമാണ് ലൈബ്രറിയിൽ കാണുന്നത്. നേരത്തേ വളരെ കുറച്ചു സമയം മാത്രം ലൈബ്രറിയിൽ ചെലവഴിച്ചിരുന്ന പല വിദ്യാർഥികളും ഇപ്പോൾ ഏറെ സമയം കഴിഞ്ഞാണ് ലൈബ്രറിയിൽനിന്നു പോകുന്നത്. അതുപോലെ ഫുൾടൈം ലൈബ്രറിയിൽ ചെലവഴിക്കുന്നവരുടെ എണ്ണവും കൂടി. വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട ഒരു "ആംപിയൻസ്'''' നവീകരണത്തിലൂടെ സൃഷ്ടിക്കാനായി.
വൃത്തി, വെടിപ്പ്, വെളിച്ചം...
ലൈബ്രറിയുടെ ചുമതലക്കാർ എന്ന നിലയിൽ വർധിച്ച അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് ഇന്നു ഞങ്ങൾ ജോലി സ്ഥലത്തേക്കു വരുന്നത്. ഒരു പോസിറ്റീവ് എനർജി നൽകാൻ മാറിയ ഈ അന്തരീക്ഷത്തിനു കഴിയുന്നുണ്ട്. അതു തന്നെയാവണം വിദ്യാർഥികളെ ആകർഷിക്കുന്നതും. സോഷ്യൽ മീഡിയയും നിർമിതബുദ്ധിയും കീഴടക്കുന്ന വായനയെയും വായനക്കാരെയും ലൈബ്രറികളിലേക്കു തിരികെ കൊണ്ടുവരാൻ ഇത്തരം നവീകരണങ്ങൾക്കു സാധിക്കും. മറ്റു പല ലൈബ്രറികളിലും കൊണ്ടുവന്നത്ര ഫീച്ചറുകൾ എംജി ലൈബ്രറിയിൽ സ്ഥലപരിമിതി മൂലം കൊണ്ടുവരാനായിട്ടില്ല. എങ്കിലും ലൈബ്രറി നവീകരണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ ഉണ്ടാകുമെന്ന് സർവകലാശാല അധികൃതർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
മാർക്കറ്റ് ചെയ്യണം
യുവത്വത്തിന്റെ മനസറിഞ്ഞ് അച്ചനൊരുക്കുന്ന ലൈബ്രറികളിലേക്ക് വിദ്യാർഥികൾ ഒഴുകിയെത്തുന്നുണ്ട്. ഈ അന്തരീക്ഷത്തെ മാർക്കറ്റ് ചെയ്യുക എന്നതും വളരെ പ്രധാനമാണ്. ആവശ്യക്കാരെ അഭിമാനത്തോടെ ലൈബ്രറിയിലേക്കു ക്ഷണിക്കാൻ ഇന്നു നമുക്കു കഴിയും, അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാനും. വിദ്യാർഥികളുടെ സാന്നിധ്യത്തെ അക്കാദമികമായി പ്രയോജനപ്പെടുത്താൻ അധികൃതർക്കു കഴിയുമ്പോഴാണ് നവീകരണം പൂർണവിജയമായി മാറുന്നത്. ലൈബ്രറി നിർമിച്ചു കൈമാറുന്നതിനു മുന്പ് അതു കൈകാര്യം ചെയ്യുന്നവർക്കും അധ്യാപകർക്കുമായി ഇതിനുള്ള മാർഗനിർദേശങ്ങളും ഫാ. നീലങ്കാവിൽ നൽകുന്നുണ്ട്.
പി.എൻ. പണിക്കർ ഗ്രാമഗ്രാമാന്തരങ്ങളിൽ ലൈബ്രറികൾ സ്ഥാപിച്ചു വിപ്ലവം തീർത്തെങ്കിൽ ലൈബ്രറികൾ ആധുനികമായി നവീകരിച്ചുകൊണ്ടു മറ്റൊരു നിശബ്ദവിപ്ലവം തീർക്കുകയാണ് റവ.ഡോ.ജോൺ നീലങ്കാവിൽ. എംജി ലൈബ്രറി നവീകരണത്തിനു നേതൃത്വം നൽകിയ നീലങ്കാവിലച്ചനെ എംജി വൈസ് ചാൻസലർ ആദരിച്ചിരുന്നുവെന്ന് സന്തോഷത്തോടെ ഡോ. കെ. സാബു പറയുന്നു.
2005ൽ കാലിക്കറ്റ് വാഴ്സിറ്റിയിൽനിന്നാണ് ഡോ.കെ.സാബു എംജിയിലേക്ക് എത്തിയത്. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ സ്മിത നോക്സ് കോട്ടയം ഗവൺമെന്റ് കോളജ് കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് അസി. പ്രഫസറാണ്.