മരിച്ചവരുടെ പ്രിയപ്പെട്ടവൾ...ആരോരുമില്ലാതെ ഡൽഹി തെരുവിൽ മരിക്കുന്നവർ ഇപ്പോൾ അനാഥരല്ല. അവർക്കു മതാചാരപ്രകാരം കർമങ്ങൾ ചെയ്യാൻ ഒരാളുണ്ട്. ദിവസം അഞ്ചു മുതൽ 25 വരെ മൃതദേഹങ്ങൾ സംസ്കരിച്ച് മരിച്ചവർക്കു ജീവനാകുന്ന പൂജാ ശർമ. ഇതിനകം അയ്യായിരം പേരെ സംസ്കരിച്ചുകഴിഞ്ഞു ഈ പെൺകുട്ടി. ലോകത്തിലെ 100 സ്ത്രീകളുടെ ബിബിസി പട്ടികയിലും ഇടം.
ഡൽഹിയിലെ കടുത്ത തണുപ്പുള്ള പ്രഭാതം. പൂജാ ശർമ എന്ന ഇരുപത്താറുകാരി തന്റെ മൊബൈൽ ഫോൺ ചിലയ്ക്കുന്നതു കേട്ടുകൊണ്ടാണ് ഉറക്കമുണർന്നത്. കിളികളുടെ കൂജനമല്ല, മൊബൈൽ ഫോണിന്റെ മണിമുഴക്കമാണ് പൂജയുടെ പ്രഭാതങ്ങളെ ഉണർത്തുന്നത്. ഒന്നുകിൽ പോലീസിൽനിന്ന് അല്ലെങ്കിൽ ആശുപത്രിയിൽനിന്ന്... ഡൽഹി തെരുവിൽ എവിടെയെങ്കിലും അനാഥരായി ആരെങ്കിലും മരിച്ചാൽ ഉടൻ ശബ്ദിക്കുന്ന ഫോണുകളിലൊന്ന് പൂജാ ശർമയുടേതാണ്. ഡൽഹി പോലീസിന്റെ കോൾ ലിസ്റ്റ് പരിശോധിച്ചാൽ ഒരുപക്ഷേ, ഏറ്റവും കൂടുതൽ കോളുകൾ പോയിട്ടുള്ള നന്പരാണ് പൂജാ ശർമയുടേത്. തണുപ്പു വകവയ്ക്കാതെ പൂജ അതിവേഗം ഒരുങ്ങി. തന്റെ സ്കൂട്ടറിൽ ആശുപത്രിയിലേക്ക്.
ഏറ്റെടുക്കാൻ ആളില്ലാതെ രണ്ടോ മൂന്നോ മൃതദേഹങ്ങൾ അവിടെ അവളെ കാത്തുകിടക്കുന്നു. കഴിഞ്ഞ മൂന്നു വർഷമായി പൂജയുടെ എല്ലാ ദിവസങ്ങളും ഏതാണ്ട് ഇങ്ങനെയാണ്. മരിച്ചവരോടൊപ്പം കൂട്ടുകൂടിയും മരിച്ചവർക്കു വേണ്ടി സംസാരിച്ചും അവൾ അവരുടെ മാത്രമല്ല ഇപ്പോൾ രാജ്യത്തിന്റെ തന്നെ ജീവനായി മാറിയിരിക്കുന്നു.ന്യൂഡൽഹിയിൽ രാഷ്ട്രപതിഭവനടുത്ത് പ്രൈം മിനിസ്റ്റേഴ്സ് ലൈബ്രറിക്കു പുറത്തു പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മരണപത്രത്തിലെ വാക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
"ഇന്ത്യയിലെ മൺപൊടിയോടിടകലർന്ന്, ഇന്ത്യയുടെ തിരിച്ചറിയാൻ കഴിയാത്ത ഭാഗമായി തീരത്തക്കവണ്ണം എന്റെ ചിതാഭസ്മം ഒരു വിമാനത്തിൽനിന്ന് ഇന്ത്യയിലെ കൃഷിക്കാർ അധ്വാനിക്കുന്ന വയലുകൾക്കുമേൽ വിതറണം''. കാഷ്മീരി ബ്രാഹ്മണകുടുംബത്തിൽ ജനിച്ച് തികഞ്ഞ യുക്തിവാദിയായി ജീവിച്ച ജവഹർലാൽ നെഹ്റു തന്റെ മരണത്തിനു ശേഷം യാതൊരു മതപരമായ ചടങ്ങുകളും നിർവഹിക്കരുതെന്നു വിൽപത്രത്തിലെഴുതി. അദ്ദേഹത്തിന്റെ വിശ്വാസങ്ങളും ആദർശങ്ങളും മരണത്തിലൂടെ പൂർത്തീകരിക്കണമെന്ന സന്ദേശം രാജ്യത്തിനു നൽകിയാണ് അദ്ദേഹം വിട പറഞ്ഞത്.
ആരും കൂട്ടിനില്ലാത്തവർ
ചേതനയറ്റാലും ശരീരം ഭൂമിയോടു വിട പറയുന്നതുവരെ നമ്മുടെ വിശ്വാസങ്ങളാണ് നമ്മുടെ മരണത്തെയും നിർവചിക്കുന്നത്. ശരീരം മണ്ണിനോടു ചേർക്കണോ ചിതയിലെരിഞ്ഞു പഞ്ചഭൂതങ്ങളുടെ ഉറവിടങ്ങളിലേക്ക് മടങ്ങണോ കഴുകന്മാർക്ക് ഭക്ഷണമാകണമോ മെഡിക്കൽ വിദ്യാർഥികൾക്കു പഠനമാകണമോയെന്നെല്ലാം നമ്മുടെ വിശ്വാസങ്ങളും ആദർശങ്ങളുമാണ് നിർവചിക്കുന്നത്.
ഒരുവന്റെ ജീവിതത്തിൽ എന്ന പോലെ മരണത്തിലും വിശ്വാസങ്ങൾക്കും ആദർശങ്ങൾക്കും സ്ഥാനമുണ്ട്. എന്നാൽ, താൻ പിന്തുടർന്ന വിശ്വാസങ്ങൾ മരണത്തിലൂടെ പൂർത്തീകരിക്കാൻ കഴിയാത്ത ചിലരുണ്ട്. ആരും കൂട്ടില്ലാതെ, വിശുദ്ധ ചടങ്ങുകളുടെ അകമ്പടിയില്ലാതെ, ആരാലും ഓർമിപ്പിക്കപ്പെടാതെ ഭൂമിയോടു വിട പറയുന്നവർ. എന്നാൽ, ആരൊക്കെ മറന്നാലും അവരുടെ വിശ്വാസങ്ങൾക്കും അവരുടെ ആത്മാവിനും മരണത്തിലും ജീവനേകുന്ന ഒരു പെൺകുട്ടിയുണ്ട് ഡൽഹിയിൽ.
അനാഥരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് അവരുടെ വിശ്വാസപ്രകാരം അന്ത്യകർമം ചെയ്ത് അർഹമായ വിട നൽകുന്ന പൂജാ ശർമ.അനാഥ മൃതദേഹങ്ങൾ സംസ്കരിക്കനായി ജീവിതം സമർപ്പിച്ചിരിക്കുന്ന പൂജ മൂന്നു വർഷത്തിനകം ഏറ്റെടുത്തു സംസ്കരിച്ച മൃതദേഹങ്ങളുടെ എണ്ണം കേട്ടാൽ ആരും അന്പരക്കും, അയ്യായിരത്തിലേറെ. എല്ലാവരെയും അവരവരുടെ മതാചാരപ്രകാരമാണ് സംസ്കരിച്ചത്. ബിബിസിയുടെ "100 സ്ത്രീകളു''ടെ പട്ടികയിൽ ഈ വർഷം ഇന്ത്യയിൽനിന്ന് ഇടംപിടിച്ച മൂന്നു പേരിലൊരാൾ പൂജയാണ്. അനാഥരായി ജീവിച്ചവരെ മരണത്തിലും തനിച്ചാക്കാൻ പൂജ അനുവദിക്കുന്നില്ല. ജീവിതം നൽകിയ ചില അനുഭവങ്ങളാണ് ഈ സ്നേഹസമർപ്പണത്തിലേക്ക് പൂജയെ നയിച്ചത്.
ചിത കൊളുത്തുന്പോൾ
വേദനകളാണ് മനുഷ്യനെ വിപ്ലവകാരികളാക്കുന്നത് എന്നൊരു ജാപ്പനീസ് ഹൈക്കുവിൽ പറയുന്നുണ്ട്. പൂജയുടെ ജീവിതവും ഒരു തരത്തിൽ വിപ്ലവമാണ്. മതാചാരങ്ങൾ സ്ത്രീകളെ അന്ത്യകർമം നിർവഹിക്കാൻ അനുവദിക്കില്ലെങ്കിലും എല്ലാ മതത്തിലുമുള്ളവർക്ക് അവരുടെ വിശ്വാസപ്രകാരമുള്ള വിടവാങ്ങൽ പൂജ നൽകുന്നു.
തങ്ങളുടെ മതം സ്ത്രീകളെ ചിത കൊളുത്താനും കബറടക്കാനും അനുവദിക്കില്ലെന്നു പറയുന്നവരോട് താൻ പഠിച്ച ഒരു വേദത്തിലും വിശുദ്ധ പുസ്തകത്തിലും സ്ത്രീകൾ അന്ത്യകർമം ചെയ്യരുതെന്ന് എഴുതിയിട്ടില്ലെന്നു പൂജ മറുപടി നൽകുന്നു. മൂന്നു വർഷം മുമ്പ് സഹോദരന്റെ വേർപാടിൽനിന്നു തുടങ്ങുന്നു പൂജാ ശർമ എന്ന വിപ്ലവകാരിയുടെ കഥ.
23 വയസ് വരെ ഈസ്റ്റ് ഡൽഹിയിലെ ഏതൊരു സാധാരണ സ്ത്രീയുടെയും ജീവിതം പോലെ തന്നെയായിരുന്നു പൂജയുടെയും ജീവിതം. 2019ൽ അമ്മ മരിച്ചെങ്കിലും അച്ഛന്റെയും ചേട്ടന്റെയും സ്നേഹം തണലായി ഉണ്ടായിരുന്നു. ഡൽഹിയിലെ ഒരു സർക്കാർ ആശുപത്രിയിൽ എച്ച്ഐവി കൗൺസലറായി സേവനമനുഷ്ഠിച്ചിരുന്ന പൂജയുടെ ജീവിതവഴികൾ മാറിമറിഞ്ഞത് അപ്രതീക്ഷിതമായാണ്.
2022ൽ പൂജയുടെ സഹോദരൻ രാമേശ്വറും ഒരു സംഘം ആളുകളുമായി ഡൽഹിയിലെ ഷെഹ്ദാരയിൽ വച്ച് ഒരു വാക്കുതർക്കമുണ്ടായി. നിസാരമായി തുടങ്ങിയ തർക്കം അവസാനിച്ചത് രാമേശ്വറിന്റെ കൊലപാതകത്തിലാണ്.
പൂജയുടെ കൺമുന്നിലാണ് സഹോദരൻ മുപ്പതാം വയസിൽ കൊല്ലപ്പെട്ടത്. മകന്റെ അപ്രതീക്ഷിത മരണവാർത്ത കേട്ട പിതാവ് യശ്പാൽ പണ്ഡിറ്റ് തളർന്നുവീണു. പിന്നീട് കോമ അവസ്ഥയിലായി. ഒറ്റ നിമിഷംകൊണ്ട് പൂജ അനാഥയെപ്പോലെയായി. കടുത്ത സങ്കടത്തിലും സഹോദരന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അവൾ പലരെയും സമീപിച്ചു. ഹൈന്ദവാചാരപ്രകാരം അന്ത്യകർമം പുരുഷൻ ചെയ്യണം. അതിനായി പലരെയും സമീപിച്ചിട്ടും ആരും തയാറായില്ല.
കൊല ചെയ്യപ്പെട്ട ഒരാളുടെ അന്ത്യകർമം ചെയ്യാനുള്ള ഭയമായിരുന്നു പലരുടെയും പിന്മാറ്റത്തിനു പിന്നിൽ. ഒടുവിൽ ആ ദൗത്യം അവൾത്തന്നെ ഏറ്റെടുത്തു. മാതാചാരപ്രകാരം അന്ത്യകർമം ലഭിക്കാതെ നിരവധി പേർ ഡൽഹി നഗരത്തിൽ മൃഗങ്ങളെപ്പോലെ സംസ്കരിക്കപ്പെടുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. ഇനിയൊരാളും അനാഥരെപ്പോലെ ഈ നഗരത്തിൽ സംസ്കരിക്കപ്പെടാൻ പാടില്ലെന്ന് ആ നിമിഷം അവൾ തീരുമാനിച്ചു. പുതിയൊരു പൂജയുടെ ഉദയമായിരുന്നു ആ സന്ധ്യയിൽ സംഭവിച്ചത്.
അനാഥരുടെ സഹോദരി
ഡൽഹി തെരുവുകളിൽ അനാഥരായി മരിക്കുന്നവരിലേറെയും ഇതരസംസ്ഥാനങ്ങളിൽനിന്നു തൊഴിലന്വേഷിച്ച് എത്തിയവരാണ്. വയറു നിറയ്ക്കാനുള്ള കഷ്ടപ്പാടിനിടയിൽ ഉറ്റവരില്ലാതെ ഇവിടെയെത്തുന്ന പലരുടെയും കൈവശം തിരിച്ചറിയൽ കാർഡ് പോലുമുണ്ടാവില്ല. 2018-2021 വരെയുള്ള അഞ്ചു വർഷത്തിനുള്ളിൽ ഒരു ദിവസം അഞ്ചു മുതൽ എട്ടുവരെ മൃതദേഹങ്ങൾ തിരിച്ചറിയപ്പെടാതെ ലഭിച്ചിട്ടുണ്ടെന്നാണ് ഡൽഹി പോലീസിന്റെ കണക്ക്. മൃതദേഹം ആരും അവകാശപ്പെടാതെ വരുമ്പോൾ പോസ്റ്റ്മോർട്ടത്തിനു ശേഷം 72 മണിക്കൂർ കഴിഞ്ഞു പോലീസ്തന്നെ മൃതദേഹം സംസ്കരിക്കുന്നായിരുന്നു രീതി.
എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി അത്തരം മൃതദേഹങ്ങൾക്കു ബഹുമാനപൂർവമായ യാത്രയയപ്പ് നൽകാൻ പോലീസുകാർ പൂജയുടെ സഹായം തേടുന്നു. പോലീസ് നടപടിക്കു ശേഷം ആശുപത്രികളിൽനിന്ന് ഒരു ദിവസം അഞ്ചു മുതൽ 25 വരെ മൃതദേഹങ്ങൾ പൂജ ഏറ്റുവാങ്ങുന്നു. എല്ലാ ദിവസവുമിങ്ങനെ ജീവനില്ലാത്തവരുടെ കൂടെയാണ് ഏറെ സമയവും. എല്ലാ അമാവാസി ദിനങ്ങളിലും ഡൽഹിയിൽനിന്ന് 215 കിലോമീറ്റർ അകലെയുള്ള ഹരിദ്വാറിൽ ഹിമാലയത്തെ സാക്ഷി നിർത്തി മരിച്ചവരുടെ ചിതഭസ്മം ഗംഗയ്ക്ക് സമർപ്പിക്കാനും പൂജ മറക്കാറില്ല.
ഡൽഹിയിൽ മരിച്ചുവീഴുന്ന എല്ലാ അനാഥർക്കും അർഹമായ ആദരവോടെ വിട നൽകണമെന്നതു പൂജയുടെ നിശ്ചയദാർഢ്യമാണ്. മൂന്നു വർഷംകൊണ്ട് ആയിരങ്ങൾക്ക് അവൾ സഹോദരിയും മകളുമൊക്കെയായി മാറിയിരിക്കുന്നു. ജാതിമത വേർതിരിവുകളില്ലാതെ അനാഥരായി മരിക്കുന്നവർക്കെല്ലാം അർഹമായ യാത്രയയപ്പ് നൽകുന്നു.
പ്രചോദനം
ബിബിസി ഈ വർഷം പുറത്തിറക്കിയ 100 സ്ത്രീകളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നു ഗുസ്തി താരം വിനേഷ് ഫോഗട്ട്, വിവരാവകാശ സമരത്തിലൂടെ പ്രശസ്തയായ അരുണ റോയി എന്നിവരാണ് പൂജയോടൊപ്പം ഇടം പിടിച്ചത്.
ഈ വർഷം ലോകത്തെ പ്രചോദിപ്പിച്ച സ്ത്രീകളുടെ പട്ടികയിൽ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്, ഹോളിവുഡ് നടി ഷാരോൺ സ്റ്റോൺ, ഫ്രാൻസിലെ ബലാത്സംഗ അതിജീവിത ജിസേൽ പെലികോട്ട്, നൊബേൽ സമ്മാന ജേതാവ് നാദിയ മുറാദ് എന്നീ പ്രമുഖരുമുണ്ട്. ലോകമറിയുന്ന സ്ത്രീകളോടൊപ്പം തന്റെ പേരും ചേർക്കപ്പെട്ട വാർത്തയറിഞ്ഞപ്പോൾ പൂജയ്ക്ക് അദ്ഭുതമായിരുന്നു. എന്നാൽ, ഒരു ദിനംകൊണ്ട് പൂജാ ശർമ എന്ന പേര് ലോകം മുഴുവനറിഞ്ഞിട്ടും അടുത്തറിയാവുന്നവർ ഒറ്റപ്പെടുത്തിയെന്ന നൊന്പരവും അവൾക്കുണ്ട്.
എതിർപ്പും കുതിപ്പും
അന്ത്യകർമങ്ങൾ ചെയ്തു തുടങ്ങിയ ശേഷം ബന്ധുക്കളും ബാല്യകാല സുഹൃത്തുക്കളുമൊക്കെ തന്നിൽനിന്ന് അകന്നുവെന്നു പൂജ പറയുന്നു. താൻ പ്രേതാത്മാക്കളുടെ സുഹൃത്താണെന്നു കുറ്റപ്പെടുത്തിയാണ് അവർ അകന്നത്. നിശ്ചയിച്ചുറപ്പിച്ച വിവാഹവും ഈ കാരണത്താൽ മുടങ്ങി. എന്നാൽ, പൂജ അതിലൊന്നും സങ്കടപ്പെടുന്നില്ല. താൻ ചെയ്യുന്ന കർമം ശാന്തിയും സന്തോഷവും നല്കുന്നതാണെന്ന് അവൾ പറയുന്നു.
പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാൻ "ബ്രൈറ്റ് ദി സോൾ ഫൗണ്ടേഷൻ'' എന്നൊരു സംഘടനയ്ക്കും പൂജ രൂപം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തന്നെപ്പോലെ ഒരു പൂജാ ശർമയെയെങ്കിലും നിയോഗിക്കുക എന്നതാണ് അവളുടെ ലക്ഷ്യം. ആചാരങ്ങൾ കരുവാക്കി ഒരു വിഭാഗം എതിർപ്പുന്നയിച്ച് ഒറ്റപ്പെടുത്തുമ്പോഴും അനാഥർക്ക് കൂട്ടായി, ലോകത്തിനു പ്രചോദനമായി പൂജാ ശർമ രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നു.
സീനോ സാജു