രാജ്യത്തെ പ്രശസ്തമായൊരു സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ജേതാവായി എന്നതു മാത്രമല്ല അവിര്‍ഭവ് എന്ന മലയാളി ബാലന്റെ മിടുക്ക്. ഏതു ഭാഷയിലുള്ള പാട്ടായാലും ആ ഏഴു വയസുകാരന് പകരുന്ന ഭാവം, ഉച്ചാരണത്തിലെ ശുദ്ധി, അനായാസ ആലാപനം- ഇതെല്ലാം കേള്‍വിക്കാരെ ആശ്ചര്യപ്പെടുത്തുന്നു. അവന്റെ പാട്ടുകള്‍ ദശലക്ഷക്കണക്കിനുപേര്‍ ഒരുപാടിഷ്ടത്തോടെ കേട്ടുകൊണ്ടിരിക്കുന്നു.. അവനില്ലെങ്കില്‍ ടെലിവിഷന്‍ ഷോ കാണുന്നതു നിര്‍ത്തുമെന്നു പറഞ്ഞവര്‍ ഉള്‍പ്പെടെ!
തിളക്കത്തോടെ ഉദിക്കുന്ന നക്ഷത്രമെന്നാണ് അനിര്‍വിന്യ എന്ന പേരിന്റെ അര്‍ഥങ്ങളിലൊന്ന്. മകള്‍ക്കുവേണ്ടി ആ പേര് തെരഞ്ഞെടുക്കുമ്പോള്‍ ഇടുക്കി രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റിയിലെ സജിമോനും സന്ധ്യയും തേടിയത് ഭംഗിയും വ്യത്യസ്തതയുമായിരുന്നു.
പ്ലസ്ടുവിനു പഠിക്കുന്ന ആ മകൾ ഇന്ന് പേരിനെ അന്വര്‍ഥമാക്കുന്നവിധം പാട്ടിലെ താരമാണ്. ഒപ്പം രണ്ടാം ക്ലാസുകാരനായ അനുജനെ അവള് തന്നേക്കാള്‍ തിളക്കമുള്ള താരമാക്കുകയും ചെയ്തിരിക്കുന്നു. അവനാണ് അവിര്‍ഭവ്- അസാധാരണമായ വൈഭവത്തോടെ, വൈബോടെ പാട്ടുകള്‍കൊണ്ട് പട്ടംപറത്തുന്നവന്! അവനും അച്ഛനമ്മമാരിട്ട പേരിന്റെ അര്‍ഥം ജീവിതത്തില്‍ തെളിയിച്ചു - മുന്നേറ്റം!
സോണി ടിവി സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ മൂന്നാം സീസണിലെ വിജയിയാണ് എസ്. അവിര്‍ഭവ്. ജാര്‍ഖണ്ഡ് സ്വദേശിയായ അഥര്‍വ ബക്ഷിക്കൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടത് പതിനഞ്ചു വയസു വരെയുള്ള മറ്റു പതിമൂന്നു മത്സരാര്‍ഥികളെ പിന്നിലാക്കിയാണ്. വിധികര്‍ത്താക്കളെയും കോടിക്കണക്കിനു വരുന്ന പ്രേക്ഷകരെയും അവിര്‍ഭവ് പാട്ടുംപാടി കൈയിലെടുത്തു, അവരുടെ പ്രിയപ്പെട്ടവനായി.
ചിട്ടി ആയീ ഹേ...
റിയാലിറ്റി ഷോയിലെ ഗസല്‍ നൈറ്റ് എന്നു പേരിട്ട ഭാഗം. വിഖ്യാത ഗായകരായ അനൂപ് ജലോട്ടയും തലത് അസീസും അതിഥികളായി ഫ്ളോറിലുണ്ട്. മറ്റൊരു മത്സരാര്‍ഥിയായ പിഹു ശര്‍മയ്ക്കൊപ്പം ചിട്ടി ആയീ ഹേ എന്ന ഗസലുമായി അവിര്‍ഭവ് വേദിയില്‍. ലക്ഷ്മികാന്ത്- പ്യാരേലാലിന്റെ സുന്ദരസംഗീതത്തില്, അനശ്വരഗായകന് പങ്കജ് ഉധാസ് ജീവന്‍കൊടുത്ത ഗാനം.
കുരുന്നുകള്‍ അതു പാടിത്തീര്‍ന്നതും വിധികര്‍ത്താക്കളും കാണികളും അതിഥികളും അടക്കമുള്ളവര്‍ എഴുന്നേറ്റുനിന്ന് കൈയടിക്കുന്നു. പലരുടെയും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. റിയാലിറ്റി ഷോയില്‍ ഇത്തരം പ്രതികരണങ്ങള്‍ സ്ക്രിപ്റ്റ് പ്രകാരമുള്ളതാവുമെന്നു നെറ്റിചുളിക്കാമെങ്കിലും യു ട്യൂബില്‍ ആ പാട്ടുകേള്‍ക്കുന്ന നമ്മളെപ്പോലുള്ളവര്‍ക്കു സങ്കടംകൊണ്ട് ഹൃദയഭാരംകൂടുന്നത് എങ്ങനെയാവും!
“ഏഴു വയസ് എന്നത് സ്വരങ്ങള്‍ തിരിച്ചറിയാന്‍പോലും എളുപ്പമല്ലാത്ത പ്രായമാണ്. മുകളിലിരുന്ന് പങ്കജ് ഇതു കേള്‍ക്കുകയാണെങ്കില്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ മനസില്‍” എന്നാശ്ചര്യപ്പെട്ടു, തലത് അസീസ്.
പിഹുവും മനോഹരമായി പാടിയെങ്കിലും പാട്ടിന്റെ അവസാനമുള്ള ആലാപിലടക്കം അവിര്‍ഭവ് കാട്ടിയ അത്യസാധാരണമായ മികവ് അവനെ ശ്രോതാക്കള്‍ക്കു പ്രിയങ്കരനാക്കി. അന്നേ അവര്‍ പ്രവചിച്ചു, ഇവനാവും ഒന്നാംസ്ഥാനം. യു ട്യൂബില്‍ ഒരു ചാനലില്‍ മാത്രം തൊണ്ണൂറു ലക്ഷത്തോളം തവണ ഈ പാട്ടു പ്ലേ ചെയ്യപ്പെട്ടു. അതും ഒരു മാസംകൊണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടത് എത്രയോ മില്യണ്കണക്കിനുവരും.
ആനന്ദ്ജി, ഉദിത് നാരായണ്‍
ഉദിത് നാരായണ്‍സ് മാസ്റ്റര്‍ക്ലാസ് എന്ന വിഭാഗത്തില്‍ അവിര്ഭവിനോട് ഉദിത് പാടാന്‍ നിര്‍ദേശിച്ചത് തന്റെ ചാന്ദ് ഛുപാ ബാദല്‍ മേ എന്ന പാട്ടായിരുന്നു. "ബഡാ ഹി റൊമാന്റിക് ഗാനാ ഹേ യെ' എന്നാണ് ഉദിത് ഈ പാട്ടിനെ വിശേഷിപ്പിച്ചത്. "സോഫ്റ്റ് സിംഗിംഗ്, ഓപ്പണ്‍ വോയ്സ് എല്ലാം ഈ പാട്ടിലുണ്ട്. താങ്കള്‍ ഹൃദയംകൊണ്ട് പാടൂ' എന്നായിരുന്നു ഉദിത് നാരായണിന്റെ ഉപദേശം.
മൂന്നാം സീസണിലെ ഏറ്റവും മികച്ച പ്രകടനമെന്നു പേരുനേടി അവിര്‍ഭവിന്റെ ആ പാട്ട്. ബിന്ദാസ് എന്നു വിശേഷിപ്പിച്ചു ആ പ്രകടനത്തെ ഉദിത് നാരായണ്‍. "ഞാന്‍ സ്വപ്നം കാണുകയല്ലെന്നു കരുതട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉദിത്ജിയേക്കാള് നന്നായി പാടിയെന്ന് അദ്ദേഹത്തിന്റെ പത്നി ദീപാ നാരായണ്‍ ഝാ! ലോകത്തെ എട്ടാമത്തെ അത്ഭുതമെന്ന് ഷോയുടെ വിധികര്‍ത്താവും ഗായികയുമായ നേഹ കക്കര്‍! ഈ വീഡിയോയും വിവിധ ചാനലുകളിലൂടെ ഇപ്പോഴും കോടിക്കണക്കിനുപേര്‍ കാണുന്നു, കൈയടിക്കുന്നു. ജീനിയസ് എന്ന ഒറ്റവാക്കുകൊണ്ടു അവിര്ഭവിനെ വിശേഷിപ്പിക്കുന്നു വിഖ്യാത സംഗീതസംവിധായകരായ കല്യാണ്ജി-ആനന്ദ്ജി ദ്വയത്തിലെ ആനന്ദ്ജി വീര്‍ജി ഷാ. മകന് ദൈവത്തിന്റെ വരദാനമാണെന്നാണ് അവിര്‍ഭവിന്റെ പിതാവ് സജിമോനോട് ആനന്ദ്ജി പറഞ്ഞത്.
ചേച്ചിയും മെന്ററും
2018ല്‍ സീടിവി തെലുങ്കിലെ മ്യൂസിക് റിയാലിറ്റി ഷോ സരിഗമപയില്‍ ചേച്ചി അനിര്‍വിന്യ പങ്കെടുക്കുമ്പോള്‍ അവിര്‍ഭവിന് കഷ്ടിച്ച് ഒന്നര വയസേയുള്ളൂ. അക്കാലംമുതല്‍ ചേച്ചിക്കൊപ്പം പാടിത്തുടങ്ങി. എല്ലാ ഭാഷകളിലുമുള്ള പാട്ടുകള്‍ ഒരു പ്രയാസവുമില്ലാതെ പാടും.
അങ്ങനെ, ആ റിയാലിറ്റി ഷോയുടെ ഫ്ളോറില്‍ കയറി കണ്ണുംപൂട്ടി പാട്ടുപാടി എന്റര്ടെയ്നര് അവാര്‍ഡും നേടി. ഷോയില്‍ സെക്കന്‍ഡ് റണ്ണര്‍ അപ് ആയിരുന്നു അനിര്‍വിന്യ. അവിടുന്നിങ്ങോട്ട് അവിര്‍ഭവിന്റെ പ്രചോദനം ചേച്ചിയാണ്. പരസ്പരം പാട്ടുപാടി പഠിപ്പിക്കുന്ന ഇവരുടെ വീഡിയോയും ഇടക്കാലത്ത് വൈറലായിരുന്നു.
സൂപ്പര്‍സ്റ്റാര്‍ സിംഗറിനുവേണ്ടി പാട്ടുകള്‍ തെരഞ്ഞെടുത്തതും പഠിപ്പിച്ചതുമെല്ലാം ചേച്ചി. അതിനായി ഏതാനും മാസം ക്ലാസുകള്‍ മുടക്കി മുംബൈയില്‍ അവനൊപ്പംനിന്നു.
സജിമോന്റെ ജോലിയുമായി ബന്ധപ്പെട്ട് സേലത്തായിരുന്നു മുമ്പ് ഈ കുടുംബത്തിന്റെ താമസം. കുട്ടികള്‍ ഇരുവരും ജനിച്ചത് അവിടെയാണ്. കോവിഡ് വ്യാപനത്തോടെ എറണാകുളം അങ്കമാലിയിലേക്കു മാറി. അനിര്‍വിന്യ നായത്തോട് എംജിഎം എച്ച്എസ്എസില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.
അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളില്‍ രണ്ടാം ക്ലാസിലാണ് അവിര്‍ഭവ്. കോഴിക്കോട്ടെ സംഗീതാധ്യാപകനായ ആനന്ദ് കാവുംവട്ടത്തിനു കീഴിലാണ് ശാസ്ത്രീയ സംഗീതപഠനം. ഓണ്‍ലൈനിലും നേരിട്ടും പഠനം തുടരുന്നു.
കെ-ഫോണിലെ ഉദ്യോഗസ്ഥനാണ് കെ.എസ്. സജിമോന്‍. മക്കളുടെ സംഗീത, പഠനകാര്യങ്ങള്‍ നോക്കുകയാണ് മലയാളം ബിരുദാനന്തര ബിരുദധാരിയായ അമ്മ പി.എന്‍. സന്ധ്യ.
നേരത്തേ ഫ്ളവേഴ്സ് ചാനലിലെ ടോപ് സിംഗര്‍ മത്സരത്തില്‍ അവിർഭവ് പങ്കെടുത്തെങ്കിലും സജിമോന്റെ ജോലിക്കാര്യവുമായി ബന്ധപ്പെട്ട് ഇടയ്ക്കുവച്ചു പിന്മാറേണ്ടിവന്നു. ആ പരിപാടിക്കിടെ എം.ജി. ശ്രീകുമാര്‍ നല്കിയ പേരാണ് ബാബുക്കുട്ടന് എന്നത്. ഇന്നു പലരും സ്നേഹത്തോടെ അതേ പേരുവിളിക്കുന്നു. എ.ആര്. റഹ്മാന്റെ സംഗീതസംഘത്തിലുള്ള പ്രാണം കമലാകറിന്റെ ഈണത്തില്‍ അവിര്‍ഭവ് പാടിയ തെലുങ്ക് ഭക്തിഗാനങ്ങള്‍ക്കു യുട്യൂബില്‍ ഒരുപാട് ശ്രോതാക്കളുണ്ട്. സിനിമാപ്പാട്ടുകളേക്കാള്‍ ഹിറ്റ്!.
സ്കൂളില്‍ തുടര്‍ച്ചയായി പോകാന്‍ സാധിക്കുന്നില്ലെങ്കിലും അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനാണ്. കളിപ്പാട്ടങ്ങളേക്കാള്‍ സംഗീതോപകരണങ്ങളോടാണ് പണ്ടേ അവിര്‍ഭവിന് ഇഷ്ടം. ഓരോന്നും കൂടുതല്‍ തുടര്‍ന്നു പഠിക്കാനുള്ള ശ്രമമാണ് ഇനിയെന്ന് അമ്മ സന്ധ്യ പറയുന്നു.
മുഹമ്മദ് റഫിയും അരിജിത് സിംഗുമാണ് ഇഷ്ടഗായകര്‍. കഴിഞ്ഞ ദിവസം മുംബൈയില്‍നിന്നു തിരിച്ചെത്തിയ ശേഷവും തുടരുന്ന അഭിനന്ദനപ്രവാഹത്തില്‍ ഈ കുടുംബത്തിൽ സന്തോഷം നിറയുന്നു.
ഇത്ര ചെറിയപ്രായത്തില്‍ ഇത്ര നന്നായി പാടുന്ന അവിര്ഭവിനെ ജീനിയസ് എന്നുതന്നെ വിശേഷിപ്പിക്കാമെന്ന് ഗായകന് പ്രദീപ് സോമസുന്ദരന്‍ പറയുന്നു.
അവിര്‍ഭവിന്റെ പാട്ടുകള്‍ കേട്ടിരുന്നു. ചെറിയപ്രായമായതിനാല്ത്തന്നെ ആഴത്തിലുള്ള ഒരു വിലയിരുത്തലിനു സമയമായിട്ടില്ല. എന്നാലും ഈ പ്രായത്തില്‍ ഇങ്ങനെ പാടുന്നത് നല്ല കഴിവായി കാണണം. ഇന്നത്തെ കുട്ടികള്‍ക്കുമുന്നില്‍ ഞങ്ങളൊന്നും ഒന്നുമല്ലെന്നു തോന്നാറുണ്ട്.
പല റിയാലിറ്റി ഷോകളിലും വിജയിച്ച പലരെയും, ഞാന്‍ ഉള്‍പ്പെടെ, പിന്നീട് എവിടെയും കാണാന്‍ സാധിക്കാറില്ല. ഇന്നത്തെ ഫീല്‍ഡില്‍ അവസരങ്ങള്‍ കിട്ടാന്‍ വലിയ പ്രയാസമാണെന്നതുതന്നെ കാരണം.
അവിര്‍ഭവിന്റെ മാതാപിതാക്കള്‍ ആ കുട്ടിയെ എങ്ങനെ മുന്നോട്ടുനയിക്കുന്നു എന്നത് പ്രധാനമാണ്. ഒരുപാടു ഷോകളില്‍ പങ്കെടുക്കുക എന്നതിനേക്കാള്‍ സംഗീതം പഠിക്കുന്നതിനാണ് പ്രാധാന്യം. വെസ്റ്റേണ്‍, കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി എന്നിവയില്‍ ഏതും പഠിക്കാം. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയുണ്ടായാല്‍ ഈ പാതയില്‍ നിസംശയം മുന്നേറാം.
സിനിമാപ്പാട്ടുകള്‍ രണ്ടുമൂന്നു വരികളിലേക്കു മാത്രമായി ചുരുങ്ങുന്ന അവസ്ഥയുണ്ട്. അത് ആരുപാടി, എങ്ങനെ പാടിയെന്ന് ആരും ശ്രദ്ധിക്കുന്നില്ല. വോക്കലിനു പ്രാധാന്യം നല്‍കിക്കൊണ്ട് മുഴുവനായി എക്സ്പ്രസ് ചെയ്യാവുന്ന പാട്ടുകളില്ല. ബിജിഎമ്മിന്റെ ഒരു ഭാഗം മാത്രമാണ് ഇന്നു പ്ലേബാക്ക് സിംഗിംഗ്.
സ്വന്തം ബാന്‍ഡ്, ലൈവ് പെര്‍ഫോര്‍മന്‍സ് എന്നിവയിലൂടെ, സ്വതന്ത്ര സംഗീതത്തിലൂടെ മാത്രമേ ഇന്നൊരു സംഗീതജ്ഞനു പിടിച്ചുനില്‍ക്കാനാവൂ. സിനിമാ പിന്നണിഗായകനാവുക എന്നത് ഒരു സ്വപ്നമായിപ്പോലും കൊണ്ടുനടക്കാന്‍ സാധ്യത കുറവാണ്. അങ്ങനെ സങ്കീര്‍ണമായൊരു വേദിയിലേക്കാണ് ഇന്നത്തെ മികച്ച കഴിവുള്ള കുട്ടികള്‍ എത്തുന്നതെന്നും പ്രദീപ് പറഞ്ഞു.
(1996ല്‍ ദൂരദര്ശന് ആദ്യമായി സംപ്രേഷണം ചെയ്ത മേരി ആവാസ് സുനോ എന്ന ദേശീയ സംഗീത മത്സരത്തില്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ട് ലതാ മങ്കേഷ്കര്‍ ട്രോഫി നേടിയ പ്രദീപ് സോമസുന്ദരന്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചലച്ചിത്രഗാനങ്ങള്‍ പാടിയിട്ടുണ്ട്. വടക്കഞ്ചേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പലാണ്).
വി.ആര്. ഹരിപ്രസാദ്