കാഞ്ഞിരപ്പള്ളിയിലെ ഒറ്റ മുറിയിൽ കേട്ട മൗസ് ക്ലിക്കിന്റെ ശബ്ദം കാൽ നൂറ്റാണ്ടിനിപ്പുറം കേരളത്തിലെന്പാടും മുഴങ്ങുന്ന ഓക്സിജൻ എന്ന വിജയമന്ത്രമായി മാറിയിരിക്കുന്നു. യാതൊരു ബിസിനസ് പാരന്പര്യങ്ങളുമില്ലാതെ ഡിജിറ്റൽ റീട്ടെയ്ൽ ബിസിനസ് രംഗത്ത് വിജയഗാഥ രചിച്ച ഓക്സിജന്റെ അമരക്കാരൻ ഷിജോ കെ. തോമസ് ബിസിനസ് രംഗത്ത് 25 വർഷങ്ങൾ പിന്നിട്ടു മുന്നോട്ട്. പുതുസംരംഭകർക്ക് ഒരു പാഠപുസ്തകമാണ് ഈ ചെറുപ്പക്കാരന്റെ ജീവിതം.
രാവിലെ 10.30ന് മുന്പുതന്നെ കോട്ടയം നാഗന്പടം ഒാക്സിജൻ ഷോറൂമിലെത്തി. ഫോട്ടോഗ്രാഫർ അനൂപും ഒപ്പമുണ്ട്. ഷോറൂമിലേക്കു കയറിപ്പോൾത്തന്നെ പുഞ്ചിരി തൂകുന്ന മുഖവുമായി ഒന്നിലേറെ സ്റ്റാഫ് അടുത്തേക്കെത്തി. ദക്ഷിണേന്ത്യയിലെ മുൻനിര ഡിജിറ്റൽ റീട്ടെയ്ൽ ചെയിൻ ആയ ഒാക്സിജന്റെ മേധാവി ഷിജോ കെ. തോമസുമായി മുൻനിശ്ചയിച്ച കൂടിക്കാഴ്ചയ്ക്ക് എത്തിയതാണെന്നു പറഞ്ഞപ്പോൾ അവർ ഞങ്ങളെ എംഡിയുടെ മുറിയിലേക്ക് ആനയിച്ചു. ഞങ്ങളെ കാത്തിരുന്നതുപോലെ നിറഞ്ഞ പുഞ്ചിരിയോടെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ യുവബിസിനസുകാരിൽ ഒരാളായ ഷിജോ കെ. തോമസ് അദ്ദേഹത്തിന്റെ കാബിനിലേക്കു ഞങ്ങളെ സ്വീകരിച്ചു. ഒരു ബിസിനസുകാരൻ എന്നു ചിന്തിക്കുന്പോൾത്തന്നെ പലരുടെയും മനസിൽ തെളിയുന്നത് കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച പരിഷ്കാരി എന്നായിരിക്കും. എന്നാൽ, തന്റെ ബിസിനസ് വഴികൾ പോലെ അവിടെ തികച്ചും വ്യത്യസ്തനാണ് ഷിജോ. മുണ്ടും ഷർട്ടുമാണ് വേഷം. കാബിൻ പോലും ലളിതം സുന്ദരം.
1999ൽ കാഞ്ഞിരപ്പള്ളിയിൽ ഒറ്റ മുറിയിൽ തുടങ്ങിയ ഒാക്സിജൻ എന്ന സംരംഭം ഇന്നു 42 ഷോറൂമുകളും രണ്ടായിരത്തോളം ജീവനക്കാരുമായി ദക്ഷിണേന്ത്യയിലെതന്നെ മുൻനിര ഡിജിറ്റൽ റീട്ടയ്ൽ ചെയ്നായി വളർന്നിരിക്കുന്നു. യാതൊരു ബിസിനസ് പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽനിന്നു കേരളത്തിന്റെ ഡിജിറ്റൽ ബിസിനസ് രംഗത്തു വിജയഗാഥ എഴുതുകയായിരുന്നു ഷിജോ കെ. തോമസ്. അല്പനേരം ഷിജോയുമായി ബിസിനസ് കാര്യങ്ങൾ സംസാരിച്ചാൽ പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ഒരു ബിസിനസ് കുടുംബത്തിൽനിന്നുള്ള തഴക്കവും പഴക്കവുമുള്ള ഒരു ബിസിനസുകാരനാണ് മുന്നിലിരിക്കുന്നതെന്നു തോന്നിപ്പോകും. കേരളത്തിൽ ബിസിനസ് നടത്തി വിജയിപ്പിക്കാൻ കഴിയില്ലെന്ന മുൻവിധി മിഥ്യാധാരണയാണെന്ന് ഈ 47കാരൻ ഉറപ്പിച്ചുപറയുന്നു. പക്ഷേ, ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, ചിലതൊക്കെ പഠിക്കേണ്ടതുണ്ട്, ചിലതൊക്കെ പാലിക്കേണ്ടതുണ്ട്.
"ആധുനിക യുഗത്തിന്റെ ഒാക്സിജനാണ് ഇൻഫർമേഷൻ''എന്നു പറഞ്ഞത് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന റൊണാൾഡ് റീഗനാണ്. കാൽനൂറ്റാണ്ടായി കേരളത്തിന്റെ ഡിജിറ്റൽ റീട്ടെയ്ൽ യുഗത്തിന് ഒാക്സിജൻ പകരുന്ന ഷിജോ കടന്നുവന്ന ബിസിനസ് പാതകളെക്കുറിച്ചും സംരംഭക സാധ്യതകളെക്കുറിച്ചും ഒരു ബിസിനസുകാരൻ തിരിച്ചറിയേണ്ട യാഥാർഥ്യങ്ങളെക്കുറിച്ചും സൺഡേ ദീപികയോട് മനസുതുറക്കുന്നു.
കാൽ നൂറ്റാണ്ടിന് മുന്പുള്ള ഷിജോ ?
സത്യം പറഞ്ഞാൽ ഞാൻ തീരുമാനിച്ചുറപ്പിച്ചു ബിസിനസ് രംഗത്ത് ഇറങ്ങിയ ആളല്ല. ഹിസ്റ്ററിയും സോഷ്യൽ സയൻസുമൊക്കെ പഠിക്കാനായിരുന്നു താത്പര്യം. പക്ഷേ, കംപ്യൂട്ടർ സയൻസ് പഠിക്കാൻ പറഞ്ഞത് കണക്ക് അധ്യാപകൻ കൂടിയായിരുന്ന പിതാവ് കെ.വി. തോമസ് ആണ്. പിതാവ് കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കൊല്ലംപറന്പിൽ കെ.വി. തോമസും അമ്മ മോളി തോമസും കൂവപ്പള്ളി സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപകരായിരുന്നു. നാട്ടിൽ കംപ്യൂട്ടറും മറ്റും വ്യാപകമാകുന്നതിനു മുന്പേ അടുത്ത യുഗം കപ്യൂട്ടറിന്റേതാവുമെന്നു തിരിച്ചറിഞ്ഞ് ആ വഴിയിലേക്ക് എന്നെ തിരിച്ചുവിട്ട പിതാവിന്റെ കണക്കുകൂട്ടൽ ഒട്ടും തെറ്റിയില്ല. കളമശേരിയിൽ കംപ്യൂട്ടർ സയൻസ് പഠിച്ചു. തുടർന്ന് കംപ്യൂട്ടർ അസംബിൾ ചെയ്യുന്ന ഒരു സ്ഥാപനത്തിൽ രണ്ടര വർഷം ജോലി ചെയ്തു. തുടർന്നാണ് ബിസിനസ് രംഗത്തേക്ക് ഇറങ്ങിയത്.
ആ ദിനങ്ങൾ ഇന്നും ഒാർമയിലുണ്ടോ?
തീർച്ചയായും. കാഞ്ഞിരപ്പള്ളിയിലെ ഒരു ഒറ്റ മുറിയിലായിരുന്നു തുടക്കം. സഹായത്തിന് കൂടെയുണ്ടായിരുന്നത് ഒരേയൊരാൾ. 1999 കാലത്ത് ലാപ്ടോപ് പ്രചാരത്തിലായിട്ടില്ല. ഡെസ്ക് ടോപ് കംപ്യൂട്ടറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ബ്രാൻഡഡ് കംപ്യൂട്ടറുകളുമില്ല. ഉണ്ടെങ്കിൽത്തന്നെ അവയ്ക്കു വലിയ വിലയും. സ്പെയർ പാർട്സുകൾ വാങ്ങി കംപ്യൂട്ടറുകൾ അസംബിൾ ചെയ്തു കൊടുക്കും. അതുപോലെ സർവീസിംഗും. രണ്ടായിരം പിന്നിട്ടതോടെ ലാപ്ടോപ് വിപണി സജീവമായി വന്നു. കോട്ടയത്ത് രണ്ടാമത്തെ ഷോറൂം തുറന്നു. അവിടെനിന്ന് ശരിയായ ക്ലിക്കിൽ ഒരു കംപ്യൂട്ടറിന്റെ ഒാരോ വിൻഡോയും തുറക്കുന്നതുപോലെ പടിപടിയായി ഉയരുകയായിരുന്നു ഒാക്സിജൻ.
ഓക്സിജൻ എന്ന പേരിനുമുണ്ടല്ലോ ഒരു പ്രത്യേകത?
ഒാക്സിജനില്ലാതെ ജീവനില്ല. ആർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്ന്. മനുഷ്യനുമായി അത്രത്തോളം ചേർന്നുനിൽക്കുന്ന ഒരു പേരു വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ എത്തിയതാണ് ഒാക്സിജനിലേക്ക്. ഒറ്റത്തവണ കേട്ടാൽ ആരും മറക്കാത്ത പേരാണ് ഒാക്സിജൻ.
യാതൊരു ബിസിനസ് പാരന്പര്യങ്ങളുമില്ലാതെ ഈ രംഗത്തിറങ്ങാനുള്ള ധൈര്യം?
ബിസിനസ് കുടുംബത്തിൽനിന്നുള്ളവർക്കേ നന്നായി ബിസിനസ് നടത്താൻ കഴിയൂ എന്നൊക്കെയുള്ളത് നമ്മുടെ നാട്ടിലെ ചില അബദ്ധധാരണകളാണ്. ബിസിനസിന് ഒരു സയൻസുണ്ട്. അനുഭവത്തിലൂടെയും ഈ രംഗത്തു പ്രവർത്തിക്കുന്നവരിലൂടെയും അതു മനസിലാക്കിയെടുത്താൽ താത്പര്യമുള്ള ഏതൊരു വ്യക്തിക്കും ചുവടുറപ്പിക്കാം. ബിസിനസ് രംഗത്ത് ഇറങ്ങാൻ ആർക്കും പറ്റും. എന്നാൽ, വളരണമെങ്കിൽ ഒപ്പം നിൽക്കുന്ന ഒരു ടീം വേണം. ആ ടീമിനെ രൂപപ്പെടുത്തിയെടുക്കാൻ കഴിയുന്നവരാണ് ഈ രംഗത്തു വിജയചരിത്രമെഴുതുന്നത്.
ഒപ്പം ഒരു ടീം വേണം... വിശദീകരിച്ചാൽ?
കഴിഞ്ഞ ഒരു മണിക്കൂറോളമായി നമ്മൾ സംസാരിക്കുന്നു. ശ്രദ്ധിച്ചോ, ഇതിനിടയിൽ ഒരിക്കൽ പോലും ഷോറൂമുകളിലെ ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് എനിക്കൊരു ഫോൺ കോൾ വന്നിട്ടില്ല. എനിക്ക് എത്രയും കുറച്ചു ഫോൺ കോളുകൾ വരുന്നുവോ അത്രയും മെച്ചമായി സ്ഥാപനത്തിന്റെ സംവിധാനങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് അതിന്റെ അർഥം. കൂടെയുള്ളവർ വിശ്വസ്തതയോടെ കാര്യങ്ങൾ ചെയ്യുമെന്ന വിശ്വാസമുണ്ട്. ഒരു കുടുംബാന്തരീക്ഷം സ്ഥാപനത്തിലുണ്ടാകുന്പോൾ അതു തനിയെ വരും. അപ്പോൾ സ്ഥാപനം വളർന്നുകൊണ്ടേയിരിക്കും. ഒാക്സിജൻ തുടങ്ങിയ കാലം മുതലുളള പലരും ഇന്നും ഒപ്പമുണ്ടെന്നത് അഭിമാനത്തോടെ പറയുന്നു.
ഒരു നല്ല ബിസിനസുകാരൻ രൂപപ്പെടുന്നത്?
ഇംഗ്ലീഷ് അക്ഷരമായ S ൽ തുടങ്ങുന്ന അഞ്ചു കാര്യങ്ങൾ ഒരു സംരംഭകന്റെ ജീവിതത്തിലുണ്ടാകുമെന്നതാണ് മനസിലാക്കിയിട്ടുള്ളതും എന്റെ അനുഭവവും.
1. Struggle (ബുദ്ധിമുട്ടുകൾ)- ഇതു തുടക്കത്തിലെ പ്രതിസന്ധികളുടെയും വിഷമങ്ങളുടെയും ഘട്ടമാണ്. പല കാര്യങ്ങളും തനിച്ചു ചെയ്യേണ്ടി വരും. ചില സമയങ്ങളിൽ എന്തു ചെയ്യണം.. എങ്ങനെ ചെയ്യണമെന്നറിയാതെ വിഷമിക്കും. പക്ഷേ, പിടിച്ചുനിൽക്കണം.
2. Survival (അതിജീവനം)- വിഷമങ്ങളെ അതിജീവിക്കുന്ന ഘട്ടമാണിത്. ഇക്കാലത്തും പല കാര്യങ്ങളും തനിയെ ചെയ്യേണ്ടി വരും. ലാഭവും നഷ്ടവുമില്ലാത്ത ഒരു സ്ഥിതിയിലേക്ക് എത്തും.
3. Stability (സ്ഥിരത)- ബിസിനസ് ലാഭത്തിലേക്കു നീങ്ങുന്ന സമയം. ഈ ഘട്ടത്തിലും പല കാര്യങ്ങൾക്കും നേരിട്ട് ഇടപെടേണ്ടിവരും.
4. Success (വിജയം)- ഒപ്പം പ്രവർത്തിക്കാൻ ഒരു ടീം രൂപപ്പെടുന്ന ഘട്ടം. ഉത്തരവാദിത്വങ്ങൾ ഇവിടെ പങ്കുവയ്ക്കപ്പെടും. സ്ഥാപനത്തിൽ ഒരു പ്രവർത്തന സംവിധാനം സ്ഥാപിതമാകും.
5. Scale (വളർച്ച) - ടീം വർക്ക് വളർച്ചയിലേക്കു നയിക്കും. ഈ ഘട്ടങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസരിച്ചു പ്രവർത്തിക്കുമ്പോഴാണ് നല്ല സംരംഭകനാകാൻ കഴിയുക.
കണ്ണുമടച്ച് ആളുകളെ ഏല്പിക്കാനാകുമോ?
ബിസിനസ് സുഹൃത്തുക്കളുമായി സംസാരിക്കുന്പോൾ ചിലർ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമുണ്ട്, കേരളത്തിലുള്ളവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളോടു പലപ്പോഴും വേണ്ടത്ര കൂറ് കാണിക്കില്ലെന്ന്. എന്നാൽ, എന്റെ അനുഭവം മറിച്ചാണ്. 99 ശതമാനം പേരും സ്ഥാപനത്തെ നെഞ്ചോടു ചേർക്കുന്നവരാണ്. സ്ഥാപനം അവർക്ക് ഒരു കുടുംബം പോലെ അനുഭവപ്പെടുന്പോഴാണ് ഇതു തിരികെ കിട്ടുന്നത്. 18 വർഷം മുന്പ് എനിക്ക് തിരുവനന്തപുരത്തു വച്ചു ഗുരുതരമായ ഒരു അപകടമുണ്ടായി. ഏതാനും ആഴ്ചകൾ ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു. അപ്പോഴാണ് കൂടെയുള്ളവരുടെ ആത്മാർഥതയുടെ ആഴം തിരിച്ചറിഞ്ഞത്. ഇന്ന് എനിക്ക് ഉറപ്പുണ്ട്, ഒരു മാസം ഞാൻ ഈ സ്ഥാപനത്തിലേക്കു വന്നില്ലെങ്കിലും എല്ലാ കാര്യങ്ങളും കൃത്യമായി നടന്നുകൊണ്ടിരിക്കും. വളർച്ച നേടേണ്ട ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാനം ഇത്തരം സംവിധാനമാണ്. ഇതിന്റെ അർഥം നമ്മൾ കൈയും കെട്ടിയിരുന്നാൽ മതിയെന്നല്ല. ശാസ്ത്രീയമായ മേൽനോട്ടവും നിരീക്ഷണവും വിലയിരുത്തലും ഉണ്ടാകണം.
കേരളം സംരംഭത്തിനു പറ്റിയ ഇടമല്ലെന്നാണല്ലോ പലരുടെയും പരാതി?
ഇതു മുൻവിധിയോടെയുള്ള ഒരു നെഗറ്റീവ് ബ്രാൻഡിംഗ് ആണ്. എനിക്ക് അങ്ങനെയൊരു അഭിപ്രായമില്ല. ശരിയായ പ്രോഡക്ട് കൃത്യമായ സമയത്ത് ഉചിതമായ രീതിയിൽ മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞാൽ കേരളത്തിലും സംരംഭങ്ങൾക്കു സാധ്യതകളുണ്ട്. പക്ഷേ, ആളുകളുടെ മനോഭാവവും സമീപനവുമൊക്കെ കുറെക്കൂടി മാറേണ്ടതുണ്ട്. നമ്മുടെ ബിസിനസ് മാനേജ്മെന്റ് സ്കൂളുകളിൽ പോലും ഒരു സംരംഭക മനോഭാവം രൂപപ്പെടുത്താനുള്ള പ്രായോഗിക പരിശീലനങ്ങൾ കിട്ടുന്നുണ്ടോയെന്നു സംശയമുണ്ട്. ഏതെങ്കിലും ബിസിനസുകാരെ വിളിച്ച് ഏതാനും മണിക്കൂർ ക്ലാസ് എടുപ്പിക്കുന്നതിൽ ഒതുങ്ങുകയാണ് പലപ്പോഴും ഇത്തരം പരിശീലനങ്ങൾ.
യുവതലമുറ വിദേശത്തേക്കു കുടിയേറുകയാണല്ലോ?
തലച്ചോറുകളുടെ ചോർച്ച ആശങ്കാജനകമാണ്. മെച്ചപ്പെട്ട സാഹചര്യങ്ങൾ തേടിയാണ് പലരും പോകുന്നത്. എന്നാൽ, ഇന്ത്യയിലെ സാഹചര്യങ്ങൾ അടിമുടി മാറാൻ ഏറെ കാത്തിരിക്കേണ്ടി വരില്ല എന്നാണ് ഞാൻ കരുതുന്നത്. കാരണം, ഇത്രയേറെ സാധ്യതകളുള്ള ഒരു രാജ്യം വേറെയില്ല. ലാൻഡ് ഒാഫ് ഒാപ്പർച്യൂണിറ്റി എന്നാണ് ഇന്ത്യയുടെ വിശേഷണം. ലോകത്തിലെ മുൻനിര കന്പനിയായ ആപ്പിൾ അവരുടെ ഏറ്റവും വലിയ നിർമാണ കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കുന്നു. അതുപോലെ മറ്റ് ആഗോള കമ്പനികളും. ഇലക്ട്രിസിറ്റി, റോഡ് നെറ്റ്വർക്കിന്റെ കാര്യത്തിലും നമ്മൾ മുൻനിരയിലേക്ക് എത്തുന്നു. ആഗോള ആഡംബര ബ്രാൻഡുകളെ കണ്ടെത്താനുള്ള ഡിലോയിറ്റിന്റെ (Deloitte) നൂറു ബ്രാൻഡുകളുടെ ലിസ്റ്റിൽ ആറ് ഇന്ത്യൻ ബ്രാൻഡുകൾ ഇടം പിടിച്ചു. അതിൽ മൂന്നു ബ്രാൻഡുകൾ (മലബാർ ഗോൾഡ്, കല്യാൺ ജ്വല്ലേഴ്സ്, ജോയി ആലുക്കാസ്) കേരളത്തിൽനിന്നുള്ളവയാണ്. ഇന്ത്യയിലെ ഹോട്ടലുകളിൽ സാധാരണ ദിവസങ്ങളിൽ പോലും 75 ശതമാനം ബുക്കിംഗ് ഉണ്ട്. വിമാനങ്ങൾ ഏതാണ്ട് നൂറു ശതമാനം ബുക്കിംഗുമായിട്ടാണ് പറക്കുന്നത്. ഇങ്ങനെ വികസനാന്തരീക്ഷം അതിവേഗം ഇന്ത്യയിൽ രൂപപ്പെടുകയാണ്. നേരത്തേ 97 ശതമാനം സ്മാർട്ട് ഫോണും ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ന് 97 ശതമാനം ഫോണും ഇന്ത്യയിൽ നിർമിക്കുന്നു. മാത്രമല്ല, കയറ്റുമതിയും ചെയ്യുന്നു. ലോകത്തിലെ ആകെ ഡിജിറ്റൽ പണമിടപാടിന്റെ 48 ശതമാനം ഇന്ത്യയിലാണ്. തമിഴ്നാട്ടിലും കർണാടകയിലും വൻ നിക്ഷേപങ്ങൾ വരുന്നു. ചെറുകിട സംരംഭങ്ങൾക്ക് കേരളത്തിലും വലിയ സാധ്യതകളുണ്ട്.
ഇപ്പോൾ വിദേശത്തേക്കു കുടിയേറുന്നവരുടെ അടുത്ത തലമുറ ഇന്ത്യയിലേക്കു ജോലി തേടി വരുമെന്നാണോ?
അങ്ങനെ സംഭവിച്ചാലും അതിശയിക്കാനില്ല. അടൂരിലെ ഞങ്ങളുടെ ഷോറൂം ഈ ഒാണക്കാലത്ത് തുറക്കേണ്ടതായിരുന്നു. എന്നാൽ, യോഗ്യരായ ജോലിക്കാരെ കിട്ടാതെ വന്നതോടെ അടുത്ത മാസത്തേക്ക് ഉദ്ഘാടനം മാറ്റി. ഇതാണ് ഇപ്പോഴത്തെ സ്ഥിതി. പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാൻ ഞാനടക്കമുള്ള പല സംരംഭകരും തയാറാണ്. ആകെ ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള കരീബിയൻ ദ്വീപ് രാജ്യത്തേക്കു പോലും ലക്ഷങ്ങൾ മുടക്കി പഠിക്കാൻ പോയ യുവാക്കളെ അറിയാം. ട്രെൻഡിനു പിന്നാലെ ഇങ്ങനെ പോയ പലരും തിരികെ എത്തിത്തുടങ്ങി. ഇപ്പോൾ ഞങ്ങളുടെ ഇന്റർവ്യൂവിൽ അടക്കം ഇവർ വരുന്നുണ്ട്.
25-ാം വാർഷിക ആഘോഷം?
ഈ വർഷം അവസാനം കോട്ടയത്ത് ഒരു പരിപാടി പ്ലാൻ ചെയ്തിട്ടുണ്ട്. ഒാക്സിജനെ തേടിവരുന്ന ജനങ്ങളെ ചേർത്തുപിടിച്ചാണ് മുന്നോട്ടുപോകുന്നത്. രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി 25 കാറുകൾ ഈ വർഷം കസ്റ്റമേഴ്സിനു നറുക്കിട്ടു സമ്മാനിക്കും. നിശബ്ദമായ ജീവകാരുണ്യപ്രവർത്തനങ്ങളും ഉണ്ടാകും.
പുതുസംരംഭകരോടു പറയാനുള്ളത്?
ബിസിനസിന് ഒരു മൂല്യവ്യവസ്ഥയുണ്ടാകണം. ഷോർട്ട് കട്ട് തേടിപ്പോയാൽ ചില്ലറ വിജയങ്ങൾ കിട്ടിയേക്കാമെങ്കിലും താത്കാലികമായിരിക്കും. ബിസിനസുകാർ തമ്മിൽ പരസ്പര മത്സരത്തിന്റെ കാലം കഴിഞ്ഞു. സഹകരിച്ചു പ്രവർത്തിക്കേണ്ട കാലമാണ്. കോമ്പറ്റീഷനല്ല കൊളാബറേഷനാണ് വേണ്ടത്. റിസ്ക് എടുക്കാൻ തയാറാവണം. ലീഡർഷിപ്പും മാനേജമെന്റ് ഗുണവും ഒന്നിക്കുന്പോഴാണ് വിജയമുണ്ടാകുന്നത്. ഇന്ത്യ ലീഡർഷിപ്പിന്റെ നാടാണ്. പക്ഷേ, മാനേജ്മെന്റിന്റെ അഭാവമാണ് പല മേഖലയിലും കുതിപ്പിനു തടസമാകുന്നത്.
മൂല്യബോധത്തിന്റെ ശക്തി
ചെറുപ്പത്തിൽ വേദപാഠ ക്ലാസുകളിൽനിന്നും മറ്റും കിട്ടിയ മൂല്യബോധമാണ് ഇന്നും മുന്നോട്ടു നയിക്കുന്നത്. കുടുംബമാണ് വലിയ ശക്തി. ഒപ്പം നിൽക്കുന്നവരെ ചേർത്തുപിടിച്ചു ഷിജോ പറഞ്ഞുനിർത്തുന്നു. ഒാക്സിജനിൽനിന്ന് ഇറങ്ങുന്പോൾ ഷോറൂമിൽ തിരക്കേറിയിരുന്നു. ജനറൽ മാനേജർ റെനിച്ചേട്ടൻ നിറഞ്ഞ ചിരിയോടെ ഞങ്ങളെ യാത്രയാക്കി. ഒന്നുറപ്പിക്കാം, കാർ പാർക്കിംഗിലെ സെക്യൂരിറ്റിയുടെ മുതൽ മാനേജിംഗ് ഡയറക്ടർ ഷിജോ കെ. തോമസിന്റെ വരെ മുഖത്തു കണ്ട മായാത്ത പുഞ്ചിരിയാണ് ഒാക്സിജന്റെ ജീവൻ...