1924 ജൂലൈ എട്ട്. അന്നൊരു ചൊവ്വാഴ്ചയായിരുന്നു. എട്ടാമത് ഒളിമ്പിക്സിന് പാരീസില്‍ കൊടിയേറിയിട്ട് നാലാം ദിവസം. ഉച്ചകഴിഞ്ഞ നേരം. പ്രശസ്തമായ കൊളംബസ് സ്റ്റേഡിയത്തിന് ചുറ്റും 44 രാജ്യങ്ങളുടെ ദേശീയ പതാകകള്‍ ഉയര്‍ന്നുപാറുന്നു. 110 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരങ്ങളാണ് ട്രാക്കില്‍. അഞ്ചാം ഹീറ്റ്സിന്റെ വെടിയൊച്ച മുഴങ്ങി. കാലില്‍ ചിറകുമായി പറക്കുന്ന താരങ്ങള്‍...
അമേരിക്ക, ഫ്രാന്‍സ്, കാനഡ, ഗ്രീസ് രാജ്യങ്ങളിലെ അത്ലറ്റുകള്‍ക്കൊപ്പം മിന്നലായി ഒരു മലയാളിയും! കടലായിരം കഥപറയുന്ന പയ്യാമ്പലത്തെ പൂഴിപ്പരപ്പിലും കടലോളം വിശാലമായ കണ്ണൂരിന്റെ മൈതാനങ്ങളിലും ഓടിക്കളിച്ചു വളര്‍ന്ന സി.കെ. ലക്ഷ്മണന് എന്ന ചെറുവാരി കൊറ്റ്യത്ത് ലക്ഷ്മണന്. അതേ, ഒളിമ്പിക്സില്‍ മലയാളിയുടെ ആദ്യ പാദസ്പര്‍ശത്തിനു നാളെ നൂറ്റാണ്ടിന്റെ നിറവ്.
ഒളിമ്പ്യന്‍ മാത്രമായിരുന്നില്ല ഡോ. സി.കെ. ലക്ഷ്മണന്. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും അത്യുന്നത പദവികള്‍ അലങ്കരിച്ച പ്രതിഭാശാലി. മേജര്‍ ജനറലായി സൈനിക സേവനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്, സെക്രട്ടറി ജനറല്‍ ഓഫ് ഇന്ത്യന്‍ റെഡ്ക്രോസ് എന്നീ പദവികളിലും തിളങ്ങി. 1967ല്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചു.
ചരിത്രമുറങ്ങുന്ന "ദി ഗാര്‍ഡന്‍സ്'
കണ്ണൂര്‍ പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം ബീച്ച് റോഡില്‍ കാടുമൂടി ഒരു പുരാതന തറവാടുണ്ട്. വന്മരങ്ങള്ക്കും കുറ്റിക്കാടുകള്‍ക്കുമിടയില്‍ ഇരുനില മാളികയുടെ ഓടുപൊട്ടിയ മേല്‍ക്കൂര മാത്രം കാലത്തിനു സാക്ഷിയായി തലയുയര്‍ത്തി നില്ക്കുന്നു. പ്രവേശനകവാടത്തിലെ ശില്പചാതുര്യമുള്ള പായല്പ്പൊതിഞ്ഞ തൂണില്‍ പ്രൗഢിയോടെ ഇപ്പോഴും തിളങ്ങുന്നത് ഒന്നുമാത്രം. ഇംഗ്ലീഷില്‍ ഭംഗിയായി കൊത്തിവച്ച തറവാട്ടുപേര്- "ദി ഗാര്‍ഡന്‍സ്'.
1876ല്‍ നിര്‍മിച്ച തറവാട് നാട്ടുകാര്‍ക്ക് "തോട്ടത്തില്‍' വീടായിരുന്നു. തലമുറകളിലൂടെ ഒരുപാട് പ്രതിഭകള്‍ക്കു ജന്മം നല്‍കിയെങ്കിലും പിന്മുറക്കാരെല്ലാം ലോകത്തിന്റെ വിവിധഭാഗങ്ങളിലായതോടെ തറവാടിന്റെ പ്രൗഢി മങ്ങി. ഹോസ്റ്റലായി, ഹോം സ്റ്റേയായി... ഒരുപാട് വേഷങ്ങള്‍ മാറി ഇപ്പോള്‍ അനാഥമായി.
കണ്ണൂരിലെത്തിയ ഒരുപാട് മഹാരഥന്മാര്ക്ക് ആതിഥ്യമൊരുക്കിയ, ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഈ തറവാട്ടില്‍ 1898 ഏപ്രില്‍ അഞ്ചിനാണ് സി.കെ. ലക്ഷ്മണന് ജനിച്ചത്. പിതാവ് കണ്ണൂരില്‍ യൂറോപ്യന്മാര്ക്ക് ഏറെ പ്രിയങ്കരമായിരുന്ന "ചോയീസ്' ഹോട്ടല്‍ നടത്തിയിരുന്ന കൊറ്റ്യത്ത് ചോയി ബട്ലര്. മാതാവ് ചെറുവാരി കല്യാണി അമ്മ. ഒമ്പത് മക്കളില്‍ ആറാമനായിരുന്നു ലക്ഷ്മണന്.
ലക്ഷ്മണന്റെ സഹോദരി വാണിയുടെ മകള്‍ ഉമാദേവിയുടെ മകന് ഡബ്ല്യു. ജയകുമാറായിരുന്നു ഒടുവില്‍ തറവാട്ടില്‍ താമസിച്ചിരുന്നത്. അഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചു. അതിനും വളരെ മുമ്പ് അദ്ദേഹം ഈ വീട്ടില്‍നിന്നു മാറിയിരുന്നു. ചരിത്രത്തിലേക്കു മറയുമായിരുന്ന ഒളിമ്പ്യന്‍ സി.കെ. ലക്ഷ്മണന്റെ ഓര്‍മകള്‍ ജ്വലിപ്പിച്ചു നിര്‍ത്തിയത് ജയകുമാറായിരുന്നു. കണ്ണൂരില്‍ ലക്ഷ്മണന്റെ പ്രതിമ സ്ഥാപിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി.
അക്കാലത്ത് തോട്ടത്തില്‍ തറവാടിന്റെ സ്വീകരണമുറിയുടെ ചുമരിലെ ചില്ലിട്ട ചിത്രങ്ങള്‍ തന്നെ പറയുമായിരുന്നു, കുടുംബത്തിന്റെ വേരും പ്രൗഢിയും. പാരമ്പര്യവേഷത്തിന്റെ ഗരിമയോടെ ചോയി ബട്ലറും കല്യാണി അമ്മയും...ഒരു ഇംഗ്ലീഷുകാരന്റെ പത്രാസോടെ സി.കെ. ലക്ഷ്മണന്...പോലീസ് മേധാവിയുടെ യൂണിഫോമില്‍ സഹോദരനും മദ്രാസ് സംസ്ഥാനത്തെ ഇന്ത്യക്കാരനായ ആദ്യത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ജനറലും പിന്നീട് ആഭ്യന്തര സെക്രട്ടറിയുമായ സി.കെ. വിജയരാഘവന്.
സായ്പിനെ പോലൊരു മാമന്
കണ്ണൂര്‍ കോട്ട മൈതാനത്ത് എയര്‍ക്രാഫ്റ്റില്‍ വന്നിറങ്ങുന്ന മേജര്‍ ജനറല്‍ സി.കെ. ലക്ഷ്മണന്റെ രൂപഭാവങ്ങള്‍ എക്കാലവും ഡബ്ല്യു. ജയകുമാര്‍ മനസില്‍ സൂക്ഷിച്ചിരുന്നു. നാലോ അഞ്ചോ വയസുള്ളപ്പോള്‍ കാണാനിടയായ "ലക്ഷ്മണ മാമനെ' ജയകുമാര്‍ വരച്ചിട്ടതിങ്ങനെ: "നീണ്ടു മെലിഞ്ഞ ശരീരം. നല്ല ഉയരം.സൗമ്യ പ്രകൃതം. ഒറ്റ നോട്ടത്തില്‍ സായ്പിനെ പോലെ തോന്നും...' സി.കെ.ലക്ഷ്മണനില്‍ സായ്പിന്റെ രൂപഭാവങ്ങള്‍ കാണുന്നതില്‍ അതിശയിക്കാനില്ല. ഇംഗ്ലീഷുകാരനായിരുന്നു അദ്ദേഹത്തിന്റെ മുത്തച്ഛന്.
അമ്മ വീടായ ചെറുവാരി തറവാട്ടില്‍നിന്ന് ഇംഗ്ലീഷുകാര്‍ വിവാഹം കഴിക്കുക പതിവായിരുന്നു. 1835ല്‍ തലശേരിയില്‍നിന്നു കണ്ണൂരിലേക്ക് കുടിയേറിയ ചെറുവാരി കുടുംബത്തിലെ കുഞ്ഞിബാബയും സഹോദരി വലിയബാബയും ഇംഗ്ലീഷുകാരെയാണ് വിവാഹം കഴിച്ചത്. കുഞ്ഞിബാബയുടെ മകള്‍ ചിരുതയും ആ പാത പിന്തുടര്ന്നു. ചിരുതയ്ക്ക് ലോര്‍ഡ് സ്ട്രിക്ക്ലന്ഡില് ജനിച്ച മകളാണ് ലക്ഷ്മണന്റെ അമ്മ കല്യാണിയമ്മ.
കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളിലായിരുന്നു സി.കെ. ലക്ഷ്മണന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നു. മദ്രാസ് മെഡിക്കല്‍ കോളജിലെ പഠനത്തിനു ശേഷം ലണ്ടനില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് ക്രിക്കറ്റും ടെന്നീസുമായിരുന്നു ഹരം. മദ്രാസ് സംസ്ഥാനത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന അമ്മാവന് ജസ്റ്റീസ് കൃഷ്ണന്റെ മകള്‍ സരോജിനിയായിരുന്നു ലക്ഷ്മണന്റെ ഭാര്യ. മക്കള്‍: ശ്രീലത ഖത്രി, റാം, ജയ്കൃഷ്ണന്. സഹോദരങ്ങള്‍: സി.കെ. ഭരതന്, രേവതി, വാണി, ശാരദ, സി.കെ. വിജയരാഘവന് ഐസിഎസ്, അരുന്ധതി, കൗസല്യ, നളിനി.
പാരീസിലെ കുതിപ്പ്
പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കുമ്പോള്‍ ലക്ഷ്മണന് ഇരുപത്താറ് വയസായിരുന്നു. 1924 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ആദ്യ ദേശീയ അത്ലറ്റിക്സ് മീറ്റില്‍ 120 വാര ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയാണ് ലക്ഷ്മണന് ഒളിമ്പിക്സിലേക്ക് എത്തുന്നത്. മൂന്നു വെള്ളക്കാര്‍ ഉള്‍പ്പെടെ ഏഴ് അത്ലറ്റുകളാണ് പാരീസില്‍ ബ്രിട്ടീഷ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്.
110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 17 രാജ്യങ്ങളിലെ 31 അത്ലറ്റുകള് എട്ട് ഹീറ്റ്സുകളിലായി മാറ്റുരച്ചു. സ്വര്‍ണമെഡല്‍ ജേതാവ് അമേരിക്കയുടെ ഡാനിയല്‍ കിന്‍സെ ഉള്‍പ്പെടെ മത്സരിച്ച അഞ്ചാമത്തെ ഹീറ്റ്സിലായിരുന്നു ലക്ഷ്മണന്. 16.4 സെക്കന്‍ഡില്‍ അഞ്ചാംസ്ഥാനത്താണ് ഓട്ടം പൂര്‍ത്തിയാക്കിയതെങ്കിലും ചരിത്രത്തില്‍ ലക്ഷ്മണന്റെ നേട്ടത്തിന് തിളക്കമേറെ. കരിയറിലെ മികച്ച സമയമായിരുന്ന 16.0 സെക്കന്‍ഡ് കണ്ടെത്തിയിരുന്നെങ്കില്‍ ഹീറ്റ്സില്‍ മൂന്നാം സ്ഥാനത്ത് എത്തുമായിരുന്നു.
വളരെ കുറഞ്ഞ കാലത്തെ പരിശീലനവുമായാണ് ഇന്ത്യന്‍ ടീം പാരീസിലെത്തിയത്. ഇന്ത്യന്‍ അത്ലറ്റിക്സ് ഉണരാന്‍ തുടങ്ങിയത് 1920ലായിരുന്നു. വ്യവസായ പ്രമുഖന് ദൊറാബ്ജി ടാറ്റയാണ് അതിനുള്ള നേതൃത്വമേറ്റെടുത്തത്. അക്കാലത്തു കായികമേഖലയിലെ ശ്രദ്ധേയമായ ഒരേയൊരു സ്ഥാപനമായിരുന്നു മദ്രാസിലെ വൈഎംസിഎ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജ്. സ്വാഭാവികമായും ദൊറാബ്ജിയുടെ കണ്ണുകള്‍ അവിടെയെത്തി. രാജ്യമെങ്ങുമുള്ള കായികപ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ വൈഎംസിഎ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ എ. നോഹെന്, ഹാരി ക്രോ ബക്ക് എന്നിവരെ അദ്ദേഹം ചുമതലപ്പെടുത്തി.
അതിനൊടുവിലാണ് ഡല്‍ഹിയില്‍ ആദ്യത്തെ അഖിലേന്ത്യാ ഒളിന്പിക്സ് ഗെയിംസ് സംഘടിപ്പിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഇതു പിന്നീട് നാഷണല്‍ ഗെയിംസ് ഓഫ് ഇന്ത്യയായി മാറി. 70 അത്ലറ്റുകള് മീറ്റില്‍ പങ്കെടുത്തു. രാജ്യത്തെ എല്ലാ പ്രവിശ്യകളുടെയും പങ്കാളിത്തം മീറ്റിനെ ഉത്സവമാക്കി. ദേശീയ മീറ്റിലെ വിജയികളില്നിന്നു വിശദമായ സ്ക്രീനിംഗിന് നടത്തിയാണ് പാരീസിലേക്കുള്ള ടീമിനെ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ കായിക വിദ്യാഭ്യാസത്തിന്റെ പിതാവായി അറിയപ്പെടുന്ന അമേരിക്കക്കാരന് ഹാരി ക്രോ ബക്ക് തന്നെ പരിശീലന ചുമതലയേറ്റു. അങ്ങനെയാണ് ലക്ഷ്മണന് ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘം പാരീസിലെത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും താരം
മദ്രാസ് സംസ്ഥാനത്തെ പ്രഗല്ഭരായ ക്രിക്കറ്റ് താരങ്ങളില്‍ ഒന്നാം നിരയിലായിരുന്നു മികച്ച പേസ് ബൗളറായിരുന്ന ലക്ഷ്മണന്റെ സ്ഥാനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒളിമ്പ്യന്മാരുടെ ആഗോള പട്ടികയെടുത്താല്‍ അതിലൊരാളായി സി.കെ. ലക്ഷ്മണനുണ്ട്. ഇന്ത്യയില്‍ മറ്റൊരു അത്ലറ്റിനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടം. പീറ്റര്‍ പോള്‍ ഫെര്‍ണാണ്ടസ് (ഹോക്കി 1936), ചുനി ഗോസ്വാമി (ഫുട്ബോള്‍ 1960), എസ്.എം.ഹാദി (ടെന്നീസ് 1924) എന്നിവരാണ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഇനങ്ങള്‍ക്കു പുറമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും തിളങ്ങിയ മറ്റ് ഇന്ത്യന്‍ പ്രതിഭകള്‍.
1925-31 കാലത്താണ് സി.കെ.ലക്ഷ്മണന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സജീവമായിരുന്നത്. എട്ട് മത്സരങ്ങളാണ് കളിച്ചത്. 676 റണ്‍സ് വിട്ടുനല്‍കി 19 വിക്കറ്റുകള്‍ സ്വന്തമാക്കി. 72 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച നേട്ടം. 35.57 ആണ് ബൗളിംഗ് ശരാശരി. 14 ഇന്നിംഗ്സുകളിലായി 118 റണ്‍സ് നേടി. പുറത്താകാതെ നേടിയ 32 റണ്‍സാണ് ബാറ്റിംഗിലെ മികച്ചത്. ബാറ്റിംഗ് ശരാശരി-14.75.
1927ല്‍ ഗില്ലിഗന്സിന് എതിരായ മത്സരത്തില്‍ ദക്ഷിണേന്ത്യന്‍ ടീമിലും അംഗമായിരുന്നു. അദ്ദേഹത്തിന്റേത് ക്രിക്കറ്റ് കുടുംബം തന്നെയായിരുന്നുവെന്ന് പറഞ്ഞാലും തെറ്റില്ല. സഹോദരന്മാരായ സി.കെ. ഭരതനും സി.കെ. വിജയരാഘവന് ഐസിഎസും അക്കാലത്തെ പ്രഗല്ഭ ബാറ്റ്സ്മാന്മാരായിരുന്നു.
സ്റ്റെതസ്കോപ്പുമായി യുദ്ധമുന്നണിയില്‍
കായികരംഗത്തെ നേട്ടങ്ങള്‍ക്കൊടുവില്‍ ഡോ. ലക്ഷ്മണന് പൂര്‍ണമായും ആരോഗ്യമേഖലയിലേക്കു ചുവടുമാറ്റി. ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിനു ശേഷം ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ചേര്‍ന്നു. വിവിധ സൈനിക ആശുപത്രികളിലും സ്ഥാപനങ്ങളിലുമായിരുന്നു സേവനം. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു.
ബ്രിട്ടിഷ് കോളനിയായിരുന്ന ബര്‍മയില്‍ നടന്ന യുദ്ധപരമ്പരകളുടെ കാലത്ത് ഇന്ത്യന്‍ ആര്‍മിയില്‍ മെഡിക്കല്‍ ഓഫീസറായുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. യുദ്ധമുന്നണിയില്‍ പരിക്കേറ്റ നിരവധി സൈനികരെ ഇന്ത്യയിലെ ആശുപത്രികളിലെത്തിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ഏറെ പ്രശംസനേടി. ഡോ. ലക്ഷ്മണന്റെ മെഡിക്കല്‍ വൈദഗ്ധ്യവും ധീരതയും ഒരുപാട് സൈനികരെ ജീവിതത്തിലേക്കു തിരികെയെത്തിച്ചു. 1960ല്‍ മേജര്‍ ജനറല്‍ പദവിയോടെയാണ് അദ്ദേഹം സൈന്യത്തില്‍നിന്നു വിരമിച്ചത്.
പദ്മഭൂഷണ്‍ ഡോക്ടര്‍
1955 മുതല്‍ 60 വരെ സി.കെ.ലക്ഷ്മണന് കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് പദവി വഹിച്ചു.സ്വതന്ത്ര ഇന്ത്യയുടെ ആരോഗ്യരംഗം പിച്ചവച്ചു തുടങ്ങുന്ന കാലമായിരുന്നു അത്. കേന്ദ്ര ആരോഗ്യമന്ത്രി രാജകുമാരി അമൃത് കൗറിനൊപ്പം ആരോഗ്യമേഖലയുടെ നയരൂപീകരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിനും നേതൃത്വം നല്കാന് ലക്ഷ്മണന് സാധിച്ചു.
ആരോഗ്യരംഗത്തു ഗ്രാമീണ മേഖലയ്ക്ക് പ്രധാന്യം നല്കാന് പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. പ്രതിരോധ വാക്സിനുകളുടെ കാര്യത്തിലും പൊതുജനാരോഗ്യ ബോധവത്കരണത്തിനും അദ്ദേഹം മുന്‍ഗണന നല്കി. 1956 മേയില്‍ അദ്ദേഹം ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോര്‍ഡിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായിരുന്നു സി.കെ. ലക്ഷ്മണന്. 1958 ജൂലൈ മുതല്‍ 1969 ഏപ്രില്‍ വരെയുള്ള സേവനകാലത്തു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം പകരാന്‍ അദ്ദേഹത്തിനു സാധിച്ചു. ചൈന, പാക്കിസ്ഥാന് യുദ്ധകാലത്തു സൈന്യത്തിനു സഹായമായി പ്രവര്‍ത്തിച്ചതിനൊപ്പം പ്രകൃതിദുരന്തങ്ങളിലും ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സംഘടനയെ ചടുലമായി നയിച്ചു.
വിപുലമായ സൈനിക പരിചയവും മെഡിക്കല്‍ വൈദഗ്ധ്യവും ഇക്കാര്യത്തില്‍ അദ്ദേഹത്തിനു പിന്‍ബലമായി. ഇന്ത്യന്‍ റെഡ്ക്രോസിനെ മാനുഷിക നന്മയ്ക്കുതകുന്ന പ്രവര്‍ത്തനങ്ങളിലേക്കു നയിക്കുന്നതിനൊപ്പം ഇന്റര്‍നാഷണല്‍ റെഡ്ക്രോസ് പോലെയുള്ള സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്കി. കായികമേഖലയെയും ഒരിക്കലും മറന്നില്ല. എഴുപത്തിരണ്ടാമത്തെ വയസില്‍ 1970 ഒക്ടോബര്‍ മൂന്നിന് സംഭവബഹുലമായ ജീവിതകഥകള്‍ ബാക്കിയാക്കി അദ്ദേഹം യാത്രയായി.
പ്രഥമം ഈ പ്രതിമ
തലമുറകള്‍ക്കു പ്രചോദനമാകേണ്ട സി.കെ.ലക്ഷ്മണന്റെ ജീവിതവും തറവാട് വീടും ഒരുപാടുനാള് മറവിയുടെ ഏടുകളിലായിരുന്നു. 2004 ഏതന്‍സ് ഒളിമ്പിക്സ് സമയത്താണ് പത്രവാര്‍ത്തയിലൂടെ ഒളിമ്പ്യന്റെ തറവാടിനെക്കുറിച്ച് ജന്മനാട് ഓര്‍മിച്ചെടുത്തത്. അന്നു തറവാട്ടില്‍ താമസിച്ചിരുന്ന സഹോദരിയുടെ മകളുടെ മകന് ഡബ്ല്യു. ജയകുമാറിലൂടെ വിവരം ലക്ഷ്മണന്റെ മക്കളിലും മറ്റ് ബന്ധുക്കളിലുമെത്തി.
മലയാളിയെ ഒളിമ്പിക്സിലേക്കു നയിച്ച സി.കെ. ലക്ഷ്മണനു ജന്മനാട്ടില് ഒരു സ്മാരകമൊരുക്കാന്‍ ജയകുമാറിനൊപ്പം ഫുട്ബോള്‍ ഫ്രന്‍ഡ് ഫ്രീ കോച്ചിംഗ് സെന്റര്‍ സ്ഥാപകരായ എന്‍.ടി. കരുണാകരനും കെ. കുഞ്ഞിരാമനും മുന്നിട്ടിറങ്ങി. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിനു മുന്നില്‍ പ്രതിമ സ്ഥാപിക്കാന്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു.
കണ്ണൂര്‍ ബ്രഷ്മാന് സ്കൂള്‍ ഓഫ് ആര്‍ട്സ് പ്രിന്‍സിപ്പലും ശില്പിയുമായ എം.സി. ശ്രീജിത്ത് പ്രതിമയുടെ നിര്‍മാണമേറ്റെടുത്തു. ചെമ്പ്, പിത്തള, സിമന്റ് എന്നിവയില്‍ അദ്ദേഹം പൂര്‍ത്തിയാക്കിയ അര്‍ധകായ പ്രതിമ 2008 ഓഗസ്റ്റ് അഞ്ചിന് ഒളിമ്പ്യന്‍ ഒ. ചന്ദ്രശേഖരന് അനാച്ഛാദനം ചെയ്തു. ഒളിമ്പിക്സിലെ ആദ്യ മലയാളിയുടെ പേരില്‍തന്നെ കേരളത്തില്‍ ഒരു കായികതാരത്തിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ടെന്നത് ചരിത്രത്തിന്റെ കാവ്യനീതി.
പിതാവിന് ജന്മനാട് സ്മാരകമൊരുക്കുന്നതിനു സാക്ഷിയാകാന്‍ ഡല്‍ഹിയില്‍നിന്നു ലക്ഷ്മണന്റെ മകള്‍ ശ്രീലത ഖത്രിയെത്തിയത് ഒരു അത്യപൂര്‍വ ചിത്രവും കൈയില്‍ കരുതിയായിരുന്നു. പ്രഥമ ദേശീയ അത്ലറ്റിക് മീറ്റില്‍ ഹര്‍ഡിലുകള്‍ക്ക് മുകളില്‍ സ്വര്‍ണക്കുതിപ്പു നടത്തുന്ന സി.കെ. ലക്ഷ്ണന്റെ ഒളിമങ്ങാത്ത ചിത്രം. ആ കുതിപ്പില്‍ നിന്നാണല്ലോ നൂറു വര്‍ഷം മുമ്പ് ചെറുവാരി കൊറ്റ്യത്ത് ലക്ഷ്മണന് ഒളിമ്പിക്സിലേക്കു പറന്നിറങ്ങിയത്.
സിജി ഉലഹന്നാന്