ജറൂസലെം നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള അയിൻ കെറം ഗ്രാമത്തിൽ ഹദാസാ പ്രസ്ഥാനത്തിന്റെ പുതിയൊരു മെഡിക്കൽ കോളജ് ആശുപത്രി സ്ഥാപിക്കാൻ തീരുമാനം. പണി തുടങ്ങിയിട്ടില്ലെങ്കിലും അതിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ മുൻകൂട്ടി ഉറപ്പാക്കാൻ അവർ തയാറെടുത്തു.
എല്ലാവരെയും ആകർഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കലാസൃഷ്ടി ആശുപത്രിയിൽ സ്ഥാപിക്കണമെന്ന് അധികൃതർ തീരുമാനിച്ചു. മഹത്തായ കലാസൃഷ്ടി ആകുന്പോൾ മഹാനായ ഒരു കലാകാരൻ വേണ്ടേ തയാറാക്കാൻ. അങ്ങനെയാണ് പ്രസിദ്ധ ചിത്രകാരൻ മാർക്ക് ചഗാളിന്റെ പേര് ഉയർന്നുവന്നത്. ആശുപത്രിക്കു വേണ്ടി ഒരു കലാസൃഷ്ടി തയാറാക്കി നൽകാമോയെന്നു ചഗാളിനോടു ചോദിക്കാൻ തീരുമാനമായി.
ഇക്കാര്യം നേരിട്ടു ചോദിക്കാൻ ഹദാസാ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ഡോ. മിറിയം ഫ്രോയ്ന്റ് തന്നെ നേരിട്ടു പാരീസിലേക്കു പോയി. ഈ സംഭവം നടന്നത് 1959ൽ. "നിങ്ങളെന്താണ് ഇത്ര വൈകിയത്' എന്നതായിരുന്നു ചഗാളിന്റെ ചോദ്യം. ഒരു കലാസൃഷ്ടിക്കു പകരം കലാസൃഷ്ടികളുടെ ഒരു പരന്പരതന്നെ രചിക്കാൻ ചഗാൾ തയാറായി.
അങ്ങനെ ഹദാസാ ആശുപത്രിയിലെ അബ്ബെൽ സിനഗോഗിന്റെ ചേതോഹരമായ 12 ചില്ലുജനാലകൾ ഉയർന്നു! പാരീസിൽവച്ചു പൂർത്തിയായ ഈ ഗ്ലാസ് പാനലുകൾ പാരീസിലെ ലൂവ്റിലും ന്യൂയോർക്കിലെ മ്യൂസിയം ഒാഫ് മോഡേൺ ആർട്ടിലും നടന്ന പ്രദർശനങ്ങളിൽ സഹൃദയരുടെ ആദരവ് നേടി. തുടർന്നു ജറൂസലെമിലേക്കു കൊണ്ടുപോയി 1962ൽ സിനഗോഗിൽ സ്ഥാപിച്ചു. ലോകം മുഴുവന്റെയും ശ്രദ്ധാകേന്ദ്രമാകാൻ പോകുന്ന ഒരു കലാസൃഷ്ടിയാണ് തങ്ങൾ സ്ഥാപിക്കുന്നതെന്ന് അന്നവർ തിരിച്ചറിഞ്ഞില്ല.
ഈ ചില്ലുജനാലകൾ സ്ഥാപിക്കുന്ന ചടങ്ങിൽ ചഗാൾ പറഞ്ഞു: "യഹൂദജനതയ്ക്കുള്ള എന്റെ എളിയ ഉപഹാരമാണിത്. ജനതകൾക്കിടയിൽ വേദപുസ്തകാധിഷ്ഠിതമായ സ്നേഹവും സൗഹൃദവും സമാധാനവും പുലരണമെന്നു സ്വപ്നം കണ്ടവരാണ് അവർ. ഇതര സെമിറ്റിക് ജനതകളോടൊപ്പം ഈ നാട്ടിൽ ആയിരക്കണക്കിനു വർഷങ്ങൾക്കുമുന്പേ ജീവിച്ചിരുന്ന ജനതയ്ക്കുള്ള എന്റെ സമ്മാനം'.
ചഗാൾ എന്ന പ്രതിഭ
ചിത്രകലയുടെ ആധുനിക ഘട്ടത്തിന്റെ തുടക്കക്കാരിൽ ഒരാളാണ് റഷ്യയിൽ ജനിച്ച് ഫ്രാൻസിൽ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ച വിശ്രുത കലാകാരൻ മോയിഷെ (മാർക്ക്) ചഗാൾ (1887-1985).
റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ബെലാറൂസിൽ വിത്തെബ്സ്ക്ക് പട്ടണത്തിൽ ഒരു യഹൂദകുടുംബത്തിലാണ് ചഗാളിന്റെ ജനനം. പാരീസ്, ബെർലിൻ, സെന്റ് പീറ്റേഴ്സ്ബർഗ്, മോസ്കോ നഗരങ്ങളിലെ കലാപാരന്പര്യങ്ങളുമായി സംവദിച്ച് യൗവനത്തിൽതന്നെ അദ്ദേഹം സ്വന്തം കലാദർശനവും ശൈലിയും രൂപപ്പെടുത്തി.
1910 മുതൽ 14 വരെ പാരീസിലും തുടർന്നു മോസ്കോയിലും പ്രവർത്തിച്ചിരുന്ന അദ്ദേഹം 1923ൽ വീണ്ടും പാരീസിലേക്കു മാറി. രണ്ടാം ലോകയുദ്ധകാലത്ത് ഏഴു വർഷം ന്യൂയോർക്കിൽ കഴിഞ്ഞ അദ്ദേഹം 1948 മുതൽ പാരീസിൽതന്നെയാണു താമസിച്ചത്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ യഹൂദചിത്രകാരനായിട്ടാണ് ചഗാൾ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും ആദരിക്കപ്പെടുന്ന രചനകൾ ചില്ലുജനാലകളിലാണു നിർവഹിച്ചിട്ടുള്ളത്. എന്നാൽ, വിശാലമായ കാൻവാസുകളും അദ്ദേഹത്തിനു വഴങ്ങുമായിരുന്നു. ഉദാഹരണമാണ് പാരീസ് ദാപ്പെറായുടെ മച്ചിൽ അദ്ദേഹം രചിച്ച ചിത്രം.
ആധുനിക ചിത്രകലയുടെ സുവർണകാലഘട്ടത്തിന്റെ പ്രതിനിധിയാണ് ചഗാൾ. അതിൽനിന്ന് ഉരുത്തിരിഞ്ഞ ക്യൂബിസം, സിംബോളിസം, ഫോവിസം, സർറിയലിസം മുതലായ നവീന സങ്കേതങ്ങളും ചഗാൾ തന്റെ രചനകളിൽ പരീക്ഷിച്ചു. നിറത്തെക്കുറിച്ച് അപാരമായ ജ്ഞാനമുണ്ടായിരുന്ന ചിത്രകാരനെന്നു സാക്ഷാൽ പിക്കാസോതന്നെ ചഗാളിനെ പ്രശംസിച്ചിട്ടുണ്ട്.
നിറങ്ങളുടെ അനുഭൂതി
1931ൽ വിശുദ്ധനാട്ടിലേക്കു യാത്രചെയ്ത ചഗാളിന് അതൊരു സ്വയം കണ്ടെത്തലിന്റെ അവസരമായിരുന്നു. ബൈബിൾ അദ്ദേഹത്തിന്റെ പ്രചോദനകേന്ദ്രമായി മാറി. ലോകയുദ്ധകാലത്തു ഫ്രാൻസ് നാസികളുമായി സഹകരിച്ചുതുടങ്ങിയപ്പോൾ ജീവൻ അപകടത്തിലായ മറ്റ് യഹൂദരെപ്പോലെ ചഗാളും കുടുംബവും അമേരിക്കയിലേക്കു പലായനംചെയ്തു. അവിടെയും കലാസപര്യ തുടർന്ന ചഗാൾ 1948ൽ ഫ്രാൻസിലേക്കു തിരിച്ചുപോന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ രചനകൾ ഇതൾ വിരിയുന്നത്.
നിറങ്ങളുടെ സമന്വയത്തിലൂടെ കാണികളുടെ ആസ്വാദനക്ഷമതയെ ഉദ്ദീപിപ്പിച്ച ചിത്രകാരനാണ് ചഗാൾ. രണ്ടോ മൂന്നോ നിറങ്ങൾ മാത്രം ഉപയോഗിച്ച് ഒരു ചിത്രം പൂർത്തിയാക്കുകയാണ് അദ്ദേഹത്തിന്റെ രീതി. നിറങ്ങളുടെ ഏറ്റവും ലളിതമെന്നു തോന്നുന്ന വിന്യാസത്തിലൂടെ വികാരപ്രപഞ്ചംതന്നെ സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ ഭാവനയ്ക്കു കഴിഞ്ഞു. പല ചിത്രങ്ങളും യാഥാർഥ്യത്തിന്റെ തലത്തിൽനിന്നുയർന്ന് ഫാന്റസിയായി മാറുന്നതായി നിരീക്ഷകനു തോന്നും.
എങ്കിലും അവയിലുടനീളം അലയടിക്കുന്നത് ആഹ്ലാദത്തിന്റെയും പ്രത്യാശയുടെയും തിരമാലകളാണ്. രചയിതാവിന്റെ ആ ആനന്ദാനുഭവത്തിൽ ആസ്വാദകനും മുഴുകിപ്പോകുന്ന വിധത്തിൽ അനുഭൂതികൾ സന്നിവേശിപ്പിക്കുന്ന മാന്ത്രികവിദ്യ ചഗാളിനു സ്വന്തം.
ബൈബിൾ തൊട്ടപ്പോൾ
ബൈബിളും തന്റെ യഹൂദബാല്യവുമാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്നു ചഗാൾ പറയുന്നു. ബെലാറൂസിലെ വിത്തെബ്സ്ക്കിലെ ഗ്രാമജീവിതത്തിന്റെ ഓർമകൾ സദാ കൊണ്ടുനടന്നിരുന്ന അദ്ദേഹത്തിന്റെ രചനകളിൽ അതിന്റെ കുതൂഹലങ്ങളും സൗഭാഗ്യങ്ങളും ഗൃഹാതുരത്വത്തോടെ വീണ്ടും ജീവൻവച്ചു.
നൂറു വയസിനു രണ്ടു വർഷം മാത്രം ശേഷിക്കെ അദ്ദേഹം അന്തരിച്ചു. 1985 മാർച്ച് 28ന് ഉച്ചകഴിഞ്ഞു നാലുവരെ അദ്ദേഹം പൂർത്തിയാക്കിക്കൊണ്ടിരുന്ന ജോബ് എന്നു പേരുള്ള ഒരു ചിത്രത്തെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു. ഏതാനും മണിക്കൂറുകൾക്കകം, ചിത്രകലയിലെ ആ കുലപതി നിത്യനിദ്രയിലേക്കു വഴുതിവീണു. ഫ്രാൻസിലെ പ്രോവെൻസ് സംസ്ഥാനത്തെ സെന്റ് പോൾ ഓഫ് വെൽസ് പട്ടണത്തിലെ കലാകാരന്മാരുടെ സെമിത്തേരിയിൽ അദ്ദേഹം ശാന്തമായി ഉറങ്ങുന്നു.
ബൈബിൾ പഴയനിയമത്തിലെ എസ്തേർ പുസ്തകത്തിലെ വിവരണമനുസരിച്ച് പേർഷ്യൻ രാജാവായിരുന്ന അഹസേരൂസിന്റെ പത്നിയായിത്തീർന്ന യഹൂദവനിതയാണ് എസ്തേർ. എസ്തേറിന്റെ ആദ്യത്തെ പേര് ഹദാസാ എന്നായിരുന്നു. ചെറിയ പച്ചിലകളും സുഗന്ധമുള്ള കൊച്ചു വെള്ളപ്പൂക്കളുമുള്ള ഒരു കുറ്റിച്ചെടിയാണ് ഹദാസാ. രാജ്ഞിയായപ്പോൾ ഹദാസായുടെ പേര് എസ്തേർ എന്നാക്കി.
(എസ്തേർ എന്ന സെമിറ്റിക് ധാതുവിന്റെ അർഥം മറച്ചുവയ്ക്കുക എന്നാണ്). രാജ്ഞിയായിത്തീർന്ന ഹദാസായുടെ നാമധേയത്തിൽ അമേരിക്കയിലെ ഒരു സംഘം യഹൂദവനിതകൾ പ്രധാനമായും പാലസ്തീനായിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിരക്ഷ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഹദാസാ ഹോസ്പിറ്റൽ.
1913ൽ അമേരിക്കയിൽനിന്ന് പാലസ്തീനായിലെത്തിയ രണ്ടു നഴ്സുമാരിലാണ് ഹദാസാ ആശുപത്രികളുടെ തുടക്കം.1918 മുതൽ പാലസ്തീനായിൽ പല പട്ടണങ്ങളിലും ഹദാസാ ആശുപത്രികൾ സ്ഥാപിതമായി. മതമോ ജാതിയോ നോക്കാതെയാണ് അവ പ്രവർത്തിച്ചത്. 1939ൽ ഒലിവുമലയിൽ പാലസ്തീനായിലെ ആദ്യത്തെ മെഡിക്കൽ കോളജ് സ്ഥാപിതമായി. ഇസ്രയേലിന്റെ സ്വാതന്ത്ര്യസമരകാലത്ത് (1948) അത് അടയ്ക്കേണ്ടിവന്നു.
1961ൽ ജറൂസലെം നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള അയിൻ കെറം ഗ്രാമത്തിൽ പുതിയൊരു ഹദാസാ മെഡിക്കൽ കോളജ് ആശുപത്രി സ്ഥാപിച്ചു. ഹദാസാ സ്ഥാപനങ്ങളെല്ലാം ജറൂസലെമിലെ ഹീബ്രു യൂണിവേഴ്സിറ്റിയോടാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ലോകനിലവാരത്തിലുള്ള ചികിത്സയും ഗവേഷണവും നടക്കുന്ന സ്ഥാപനങ്ങളാണവ.
അയിൻ കെറം
ജറുസലെം നഗരമധ്യത്തിൽനിന്ന് എട്ടു കിലോമീറ്റർ തെക്കുപടിഞ്ഞാറായി കിടക്കുന്ന ഒരു രമണീയ ഗ്രാമമാണ് അയിൻ കെറം. മുന്തിരിത്തോപ്പിന്റെ ഉറവ എന്നാണ് ഈ വാക്കുകളുടെ അർഥം. വിശുദ്ധ സ്നാപകയോഹന്നാന്റെ ജനനവും മറിയം-എലിസബത്ത് സമാഗമവും അനുസ്മരിക്കുന്ന മൂന്നു നാലു പള്ളികൾ ഇവിടെയുണ്ട്.
യൂദയായിലെ മലന്പ്രദേശത്തുള്ള ഈ ഗ്രാമത്തിലേക്കാണ് മറിയം എലിസബത്തിനെ ശുശ്രൂഷിക്കാനായി തിടുക്കത്തിൽ പോയതെന്ന് ലൂക്കാ സുവിശേഷകൻ എഴുതുന്നു. ഈ ഗ്രാമത്തിൽനിന്നു നോക്കിയാൽ അടുത്തുള്ള മറ്റൊരു കുന്നിൻമുകളിൽ ഹദാസാ ആശുപത്രിയുടെ കെട്ടിട സമുച്ചയങ്ങൾ കാണാം. 1,500 ബെഡുകൾ, അഞ്ചു ഫാക്കൽറ്റികൾ, 30 ബഹുനില മന്ദിരങ്ങൾ അങ്ങനെ അതിവിപുലമായ ഒരു ആശുപത്രി സംവിധാനമാണ് അയിൻ കെറമിലെ ഹദാസാ ആശുപത്രി.
രാജ്ഞിക്ക് ഒരു കിരീടം
ഹദാസാ യഹൂദജനതയിൽനിന്നുള്ള ആദ്യത്തെ പേർഷ്യൻ രാജ്ഞിയാണ്. ആ രാജ്ഞിയുടെ കിരീടമാണ് അബ്ബെൽ സിനഗോഗെന്നു ചഗാൾ പറഞ്ഞു. ആ കിരീടത്തിൽ പതിച്ച പന്ത്രണ്ടു രത്നങ്ങളാണ് പന്ത്രണ്ടു ജനാലകൾ.147 വയസായ വയോവൃദ്ധനായ യാക്കോബ് മരണസമയമടുത്തു എന്നു മനസിലാക്കി പുത്രന്മാരെ വിളിച്ചുകൂട്ടി.
ഓരോരുത്തരുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പിതാവിന്റെ മനോമുകുരത്തിൽ തെളിഞ്ഞു. കടിഞ്ഞൂൽ സന്താനമായ റൂബൻ മുതൽ കനിഷ്ഠപുത്രനായ ബഞ്ചമിൻ വരെയുള്ളവർ. തന്റെ സഞ്ചിതാനുഭവങ്ങളുടെ കലവറയിൽനിന്നു വൃദ്ധപിതാവിന്റെ അധരങ്ങളിലൂടെ ഹീബ്രൂ കവിതയുടെ ശക്തിയും സൗകുമാര്യവും വഴിയുന്ന വാക്കുകളൊഴുകി: റൂബൻ, നീ എന്റെ കടിഞ്ഞൂൽ പുത്രൻ, എന്റെ ശക്തിയും എന്റെ പൗരുഷത്തിന്റെ ആദ്യഫലവും. അഹങ്കാരത്തിലും ശക്തിയിലും നീ മുന്പൻ.
വെള്ളംപോലെ അസ്ഥിരനായ നീ മുന്പനായി വാഴില്ല... വടക്കേ ഭിത്തിയിലെ ഒന്നാമത്തെ ജനാലയിലേക്കു നോക്കൂ. അസ്ഥിരമായ ജലസഞ്ചയത്തിന്റെ ഇളകുന്ന നീലനിറത്തിൽ, നിഷ്കളങ്കത വറ്റിയ മുഖവുമായി റൂബൻ! തൊട്ടടുത്തുതന്നെ ശെമയോനും ലേവിയും. കിഴക്കേഭിത്തിയിൽ പേടമാനായ നഫ്ത്താലിയും നീരുറവയ്ക്കരികിലെ ഫലസമൃദ്ധവൃക്ഷമായ ജോസഫും ആർത്തിക്കാരനായ ചെന്നായയായ ബഞ്ചമിനും.
സിംഹമായ യൂദായും കടൽത്തീരവാസിയായ സെബുലൂണും കരുത്തുറ്റ കഴുതയായ ഇസാക്കറുമാണ് പടിഞ്ഞാറേ ജാലകങ്ങളിൽ. രാജകീയനിറമായ ചുവപ്പിന്റെ ധാരാളിത്തത്തിൽ യൂദാ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. യൂദാ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും... ചെങ്കോൽ യൂദായെ വിട്ടുപോകയില്ല; അതിന്റെ അവകാശി വന്നുചേരുംവരെ അധികാരദണ്ഡ് അവന്റെ സന്തതികളിൽനിന്നു നീങ്ങിപ്പോകയില്ല.
ജനതകൾ അവനെ അനുസരിക്കും... യാക്കോബിന്റെ മൂത്ത മകനല്ലായിരുന്നിട്ടും യൂദാഗോത്രത്തിൽനിന്നാകും അനശ്വര രാജാവുണ്ടാകുക എന്നാണ് ദീർഘദർശനം. അത് ഈശോമിശിഹായിൽ പൂർത്തിയായി എന്നാണ് ക്രൈസ്തവ വിശ്വാസം.ഇനിയുള്ള മൂന്നുപേർ, സൂത്രശാലിയും നീതിജ്ഞനുമായ ദാൻ, വിജിഗീഷുവായ ഗാദ്, സന്പന്നനായ ആഷേർ എന്നിവർ തെക്കേ ഭിത്തിയിൽഅണിനിരക്കുന്നു.
ചഗാൾ പറഞ്ഞു, "ഞാൻ ഇതു ചെയ്യുന്പോൾ എന്റെ അച്ഛനും അമ്മയും എന്റെ പിന്നിൽനിന്ന് ഇതു ശ്രദ്ധിക്കുന്നതുപോലെ. അവർക്കുപിന്നിൽ ഇന്നലെയും ആയിരക്കണക്കിനു വർഷങ്ങൾക്കുമുന്പും അപ്രത്യക്ഷരായ ദശലക്ഷക്കണക്കിനു യഹൂദർ.'
ഹദാസാ ആശുപത്രി പ്രസ്ഥാനത്തിന്റെ സുവർണജൂബിലി സ്മാരകമായി 1962 ഫെബ്രുവരി ആറിന് ഈ ജാലകങ്ങൾ ഹദാസായിൽ സ്ഥാപിതമായി. ഓരോ ജനാലയ്ക്കും 11 അടി ഉയരവും എട്ടടി വീതിയുമുണ്ട്.
ചഗാളിന്റെ ഗ്ലാസിൽ ചെയ്ത ചിത്രങ്ങൾ ജറൂസലെമിലെ പാർലമെന്റ് മന്ദിരം, ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനമന്ദിരം, ലോകമെന്പാടുമുള്ള ആർട്ട് ഗാലറികൾ (മോസ്കോ, പാരീസ്, ലണ്ടൻ, ഷിക്കാഗോ, ഫ്രാങ്ക്ഫർട്ട്, ആംസ്റ്റർഡാം, വിയന്ന, സൂറിക്ക്...) കത്തീഡ്രലുകൾ (റൈംസ്, മെറ്റ്സ്, മയിൻസ്) എന്നിങ്ങനെ നിരവധിയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
പന്ത്രണ്ടു ഗോത്രങ്ങൾക്ക് അനുഗ്രഹം
ഗോത്രപിതാവായ അബ്രാഹത്തിന്റെ മകൻ ഇസഹാക്കിന്റെ മകനാണ് കുലപതിയായ യാക്കോബ്. യാക്കോബിന് 12 മക്കൾ. യാക്കോബിനു കൈവന്ന മറ്റൊരു പേരാണ് ഇസ്രയേൽ. ഈ പന്ത്രണ്ടു മക്കളുടെ പിന്മുറക്കാരാണ് ഇസ്രയേൽ ജനത. തന്റെ 12 പുത്രന്മാർക്കു മരണക്കിടക്കയിൽവച്ചു യാക്കോബ് നൽകുന്ന അനുഗ്രഹമാണ് ബൈബിൾ ഉത്പത്തി പുസ്തകത്തിന്റെ 49-ാം അധ്യായത്തിലുള്ളത്.
ഈ അനുഗ്രഹങ്ങളാണ് മാർക്ക് ചഗാൾ സിനഗോഗിന്റെ പന്ത്രണ്ടു ചില്ലുജാലകങ്ങളിൽ (Stained glass windows) ചിത്രീകരിച്ചത്.ഒരു പുരാതന യഹൂദ സങ്കല്പമനുസരിച്ച് സ്വർഗത്തിന് 12 കവാടങ്ങളാണുള്ളത്. ഓരോ കവാടവും ഓരോ യഹൂദഗോത്രത്തിന്റെ പേരിലാണ്. ഭൂമിയിൽനിന്നുള്ള പ്രാർഥനകൾ ഈ കവാടങ്ങളിലൂടെയാണ് ദൈവസന്നിധിയിലെത്തുക. ഈ ചില്ലുജാലകങ്ങൾ സമൂർത്തമായി സൂചിപ്പിക്കുന്നത് സിനഗോഗിൽനിന്നുയരുന്ന പ്രാർഥനകൾ സുതാര്യമായ ഈ ജാലകങ്ങളിലൂടെ കടന്ന് സ്വർഗത്തിലെത്തുന്നുവെന്നാണ്.
ഓരോ ഗോത്രത്തെയും ചഗാൾ ചിത്രീകരിച്ചിരിക്കുന്നത് പ്രതീകാത്മകമായാണ്. വേദപുസ്തക സംഭവങ്ങളുടെ യഥാതഥ ചിത്രീകരണമല്ല, ചരിത്രത്തിലെ ദുരനുഭവങ്ങൾ ചവിട്ടിമെതിച്ച ഒരു ജനതയ്ക്ക് പ്രതീക്ഷയും പ്രകാശവും ഭാവിയും വാഗ്ദാനംചെയ്യുന്ന പ്രത്യാശാഭരിതമായ ഒരൊറ്റ അടയാളമാണ് ഈ ചിത്രാങ്കിത ജനാലകൾ.
നീലയും ചുവപ്പും മഞ്ഞയും നൃത്തമാടുന്ന ഈ ജനാലകളിൽ യഹൂദ ജനതയുടെ ഉല്പത്തിക്കു കാരണഭൂതനായ പൂർവപിതാവിന്റെ അനുഗ്രഹവും ആശംസയും സ്വപ്നവും പുനർജനിക്കുന്നു.
ജെറി ജോർജ്, ബോൺ