ധോളാവീര... ഹാരപ്പൻ ജീവിതത്തിന്റെ തുടിപ്പുകൾ ഇന്നും തൊട്ടറിയാൻ ഗുജറാത്തിന്റെ തീരപ്രദേശമായ ധോളാവീരയിലൂടെ ഒന്നു സഞ്ചരിച്ചാൽ മതിയാകും. നമ്മെ അദ്ഭുതപ്പെടുത്തുന്ന പല നിർമിതികളുടെയും സംവിധാനങ്ങളുടെയും ശേഷിപ്പുകൾ ഇവിടെ കാണാം. ധോളാവീരയിലൂടെ ഒരു യാത്ര.
പ്രാചീന ലോകത്തെ ഏറ്റവും വലിയ ജലസംഭരണി എവിടെയായിരുന്നു എന്നറിയാമോ? അത് ഇന്ത്യയിലായിരുന്നു. ഗുജറാത്തിലെ ധോളാവീരയിൽ.
അതിപുരാതന ഹാരപ്പൻ സംസ്കാരത്തിന്റെ തുടിപ്പുകൾ ഇന്നും തൊട്ടറിയാൻ കഴിയുന്ന ഇടമാണ് ധോളാവീര. പല നിർമിതികളും ആധുനിക ലോകത്തെപ്പോലും അദ്ഭുതപ്പെടുത്തും.
ഇവിടത്തെ മഴവെള്ളച്ചാൽ, ചെത്തിയ കൽക്കെട്ടുകൊണ്ട് നിർമിച്ചതും അഞ്ചടിയിലധികം ഉയരമുള്ളതുമായിരുന്നു. ഇവയിലൂടെ ജലം ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നു. അകത്തേക്കിറങ്ങാൻ പടിക്കെട്ടുള്ള ഒരു ജലസംഭരണി ധോളാവീരയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനകത്ത് ഇറങ്ങിനിന്നു ഞങ്ങൾ ചിത്രങ്ങളെടുത്തു.
ഹാരപ്പൻ സംസ്കൃതി പാക്കിസ്ഥാനിലെ മോഹൻജൊദാരോയിൽനിന്നു ഗുജറാത്തിന്റെ തീരപ്രദേശങ്ങളായ ധോളാവീരയിലും ലോതാളിലും വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും ഇന്ത്യയിലുള്ള ആ സംസ്കൃതി സിന്ധുനദീതടങ്ങളിലല്ല.
അതുകൊണ്ടുതന്നെ അതിനെ സിന്ധുനദീതട സംസ്കാരമെന്ന് വിളിക്കാനാവില്ലെന്നു സ്ഥാപിക്കുന്ന പഠനങ്ങളാണ് ടോണി ജോസഫിന്റെ ആദിമ ഇന്ത്യക്കാർ(2018) എന്ന പുസ്തകം.
പുസ്തകം പുറത്തിറങ്ങും മുന്പ് ലോതാൾ സന്ദർശിച്ചുപോന്നെങ്കിലും ധോളാവീരയിലേക്കുള്ള യാത്ര ദൂരക്കൂടുതൽകൊണ്ട് അന്നു സാധ്യമായില്ല.
സിഎംഐ സഭയുടെ ഗുജറാത്ത് പ്രോവിൻസിന്റെ ആസ്ഥാനം രാജ്കോട്ടാണ്. 1972 മുതൽ രാജ്കോട്ട് മിഷൻ ഗുജറാത്തിൽ സജീവമാണ്. ബിഷപ് മാർ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ പ്രവർത്തന മികവും സംഘടനാപാടവവും മൂലം നൂറോളം സ്കൂളുകളും സൗരാഷ്ട്ര യൂണിവേഴ്സിറ്റിയുടെ കീഴിൽ കോളജുകളും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലുകളും സഭയ്ക്കുണ്ട്. 134 വൈദികരും 449 കന്യാസ്ത്രീകളും ഇവിടെ സേവനനിരതരാണ്.
ക്ഷേമം, സേവനം
ഒരു ജനതയെ എങ്ങനെ ക്ഷേമത്തിലേക്കു നയിക്കണമെന്നതിന്റെ രസതന്ത്രം വളരെ കൃത്യമായി അറിയുകയും നടപ്പാക്കുകയും ചെയ്ത വ്യക്തിയാണ് ബിഷപ് മാർ ഗ്രിഗറി കരോട്ടേംബ്രേൽ. അതുകൊണ്ടാണ് മോദിസർക്കാരുമായി അടുത്ത ചങ്ങാത്തം പുലർത്തി തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനും കൂടെയുള്ളവർക്കും കഴിഞ്ഞത്.
മനപ്പരിവർത്തനത്തിലൂന്നിയുള്ള പ്രവർത്തനശൈലിയാണ് ഈ മിഷനറിമാർ മുന്നോട്ടുവച്ചിരുന്നത്. ദീർഘകാലം നീണ്ട ശുശ്രൂഷകൾക്കൊടുവിൽ 2010ലാണ് മാർ കരോട്ടെമ്പ്രേൽ സ്ഥാനം ഒഴിഞ്ഞത്. 2001ലെ ഭൂകന്പത്തിൽ തകർന്ന ഗ്രാമങ്ങളുടെ പുനരധിവാസം ഏറ്റെടുത്തു നടത്തിയത് സിഎംഐ സഭയാണ്.
ജാവാ, 50 വയസ്!
രാജ്കോട്ടിൽനിന്ന് 259 കി.മീ. ദൂരമുണ്ട് ധോളാവീരയിലേക്ക്. 2001ൽ ഭൂമികുലുക്കമുണ്ടായ ബച്ചാവോ, അൻജാർ, ഗാന്ധിഡാം എന്നിവിടങ്ങളൊക്കെ താണ്ടിയായിരുന്നു കാർ യാത്ര.
രാജ്കോട്ട് പ്രോവിൻഷ്യൽ ഹൗസിലെ ഫാ. ജോജോ തളികസ്ഥാനമാണ് കാറോടിച്ചത്. ഡ്രൈവിംഗ് ഹരമാണ് ജോജോ അച്ചന്. കോവിഡ് രാജ്യത്തെ വരിഞ്ഞുമുറുക്കിയ 2020ൽ കുട്ടനാട്ടിൽനിന്നു രാജ്കോട്ട് വരെ 2,250 കിലോമീറ്റർ ദൂരം ഒറ്റയ്ക്കു കാറിൽ പിന്നിട്ട സാഹസികനാണ് ജോജോ അച്ചൻ.
രാജ്കോട്ട് മിഷനിലെ ആദ്യകാല മിഷനറിയായ ഫാ. റോമുവാൾഡ് ചക്കുങ്കൽ (1953-1995) ഉപയോഗിച്ചിരുന്ന"മിഷനറിമുദ്ര’ പേറുന്ന ഒരു ജാവ മോട്ടോർ സൈക്കിൾ പ്രൊവിൻഷൽ ഹൗസിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
വാഹന സൗകര്യമില്ലാതിരുന്ന അക്കാലങ്ങളിൽ ഗ്രാമങ്ങളിൽ കടന്നുചെല്ലാൻ ഉപകരിച്ച ഈ വാഹനത്തിനുതന്നെ അരനൂറ്റാണ്ട് പ്രായമുണ്ട്.
റാൻ ഒഫ് കച്ച് താണ്ടിയാണ് യാത്ര. 1979ൽ ഒരു മണ്ണ് ഡാം പൊട്ടി 25,000 പേരുടെ ജീവൻ നഷ്ടമായ മോർബി വഴി കടന്നുപോയപ്പോൾ ഞങ്ങളുടെ സംസാരം മുല്ലപ്പെരിയാർ വിഷയത്തിലേക്കു കടന്നു. തറയോടുകൾ നിർമിക്കുന്ന ഫാക്ടറികൾ തന്പടിച്ചിരിക്കുന്നത് സൗരാഷ്ട്രയിലാണ്.
കേരളത്തിലേക്കു ഫ്ളോർ ടൈലുകളെത്തുന്നത് ഇവിടെനിന്നാണ്. മോർബിയിലെ കളിമണ്ണ് ഈ വ്യവസായത്തെ പരിപോഷിപ്പിക്കുന്നു. നമുക്കു പരിചിതമായ ഏതാണ്ട് എല്ലാ ബ്രാൻഡും ഇവിടെനിന്നാണ് പുറത്തിറങ്ങുന്നത്.
മധുരപ്രിയർ
വഴിനീളെ വിൻഡ് മില്ലുകളും ഉപ്പളങ്ങളും കൂട്ടമായി പറന്നകലുന്ന പൂഞ്ഞാറകളുമാണ്. റോഡിനിരുവശത്തും ഗുജറാത്തി ഡാബകളാണ്. പലതരം വറ പൊരികളാണ് ഗുജറാത്തികളുടെ തനത് ഭക്ഷണം.
നമുക്കു പരിചിതമായത് ഗോതന്പ് റൊട്ടിയും താലി മീൽസും മാത്രമേയുള്ളു. എരിവ് കുറഞ്ഞ മുളകുപൊരിച്ചത് എല്ലാ ഡാബയിലുമുണ്ട്. മധുരം ധാരാളം ഉപയോഗിക്കുന്ന കൂട്ടരാണ് ഗുജറാത്തികൾ.
അതുകൊണ്ടു കൂടിയാണോ എന്നറിയില്ല പൊതുവേ തടി കൂടുതലാണ് ഇക്കൂട്ടർക്ക്. മരുന്നുകളുടെ ഉപയോഗം തീരെക്കുറവാണെന്നു തോന്നിപ്പിക്കുന്ന വിധം വഴിയോരങ്ങളിലൊന്നും മെഡിക്കൽ ഷോപ്പുകൾ കാണാനേയില്ല.
കടുകുപാടങ്ങളും ഗോതന്പു വയലുകളും പിന്നിട്ടാണ് യാത്ര. പരുത്തി, നിലക്കടല, പുകയില എന്നിവ വിളയുന്ന പാടങ്ങൾ. ഇടയ്ക്കു പൊടിക്കാറ്റ് ചുഴിയിട്ട് ആകാശത്തേക്കു പിരിയൻ ഗോവണി തീർക്കുന്നുണ്ട്.
ആടുകളുമായി റോഡ് മുറിച്ചുപോകുന്ന ഇടയന്മാർ. വൈകാതെ വെള്ളനിറമുള്ള ഉപ്പു പാടങ്ങളിലൂടെ യാത്രാപഥം മാറി. അഞ്ചു മണിക്കൂറെടുത്തു ധോളാവീരയിലെത്താൻ. ഇന്ത്യയിൽ ഏറ്റവും നല്ല വീതിയേറിയ റോഡുകളുള്ളത് ഗുജറാത്തിലാണ്.
ഖാദിർ ദ്വീപ്
ഹാരപ്പൻസംസ്കാരത്തിന്റെ അനുഭവം തൊട്ടറിയണമെങ്കിൽ സന്ദർശിക്കേണ്ട ഇടമാണ് ഗ്രേറ്റ് റാൻ ഓഫ് കച്ചിനടുത്തുള്ള ധോളാവീര. സൂര്യകിരണങ്ങൾ പ്രതിഫലിക്കുന്ന "വൈറ്റ് റാനിന്റെ' വിജനതയിൽ ജീവന്റെ ചലനങ്ങൾ ഒരിടത്തുമില്ല.
ഇവിടെയൊരു സംസ്കൃതി രൂപപ്പെടുന്ന ഘട്ടത്തിൽ ഈ ഭൂതലം നാലു മീറ്ററോളം കടലിനടിയിലായിരുന്നു. നാലായിരത്തോളം വർഷംമുൻപ് ഇവിടെയൊരു ജനപദമുണ്ടായിരുന്നുവെന്നു ചിന്തിച്ച് ശ്വാസമടക്കിപ്പിടിച്ചു മാത്രമേ 100 ഹെക്ടറിൽ ചിതറിക്കിടക്കുന്ന ബാക്കിപത്രങ്ങളിൽ ചിലതെങ്കിലും കണ്ടുതീർക്കാനാവൂ.
ഉപ്പുപാടങ്ങളാൽ വലയംചെയ്യപ്പെട്ട ഖാദിർ എന്ന ദ്വീപിലാണ് നഗരാവശിഷ്ടങ്ങൾ നിലകൊള്ളുന്നത്. ദക്ഷിണേഷ്യയിലെ ഹാരപ്പൻ സംസ്കാരത്തിന്റെ തുടക്കം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള മെഹർഗഡ് ആണെന്നു സ്ഥിരീകരിക്കുന്നുണ്ട്.
ചെളിക്കട്ടകൊണ്ട് നിർമിച്ച വീടുകളുടെയും ധാന്യക്കലവറകളുടെയും ബാക്കിപത്രങ്ങൾ മുതൽ ഗോതന്പിന്റെയും ബാർളിയുടെയും അവശിഷ്ടങ്ങൾ വരെ ബിസി 7000 മുതൽക്കുള്ള കാലഘട്ടത്തിലേതാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വീടുപണി, വേട്ടയാടൽ, കൃഷി എന്നിവയുടെ തെളിവുകളാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.
മതിലുകൾ കെട്ടിത്തിരിച്ച പട്ടണങ്ങളാണ് ഹാരപ്പൻ സംസ്കൃതിയിലുള്ളത്. പാക്കിസ്ഥാനിലും വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലും പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പശ്ചിമേന്ത്യയിലും വ്യാപിച്ചിരുന്നു ആ സംസ്കൃതി.
സിന്ധുനദീതട സംസ്കാരം എന്നു ഹാരപ്പൻ സംസ്കാരം പൊതുവേ അറിയപ്പെടുന്നുണെങ്കിലും ഇന്ത്യയിലേത് നദിതട സംസ്കൃതിയല്ല. ഹാരപ്പൻ നിവാസികൾക്ക് ആരാധനാലയങ്ങളും കൊട്ടാരങ്ങളും ഉണ്ടായിരുന്നു.
എന്നാൽ, ആഡംബരമായ ശവസംസ്കാര ചടങ്ങുകൾ അനുഷ്ഠിച്ചതായി കാണുന്നില്ല. ശവശരീരം മറവു ചെയ്യുന്നതിനൊപ്പം കളിമണ് പാത്രങ്ങളിൽ മരണാനന്തര ജീവിതത്തിലേക്കുള്ള ആഹാരം മാത്രമാണ് വച്ചു കാണുന്നത്. അക്രമവാസനയുള്ള ജനതയായിരുന്നില്ല ഹാരപ്പൻ സംസ്കാരത്തിലുണ്ടായിരുന്നതെന്നു കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
വെള്ളത്തിന്റെ വില
ക്രമമായി പണിതീർത്ത പാതകളും നന്നായി ആസൂത്രണം ചെയ്ത പട്ടണങ്ങളും വീടുകളുമാണ് ധോളാവീരയിൽ കണ്ടെത്താനാവുക. മറ്റൊരു സംസ്കൃതിയിലും കാണാത്തവിധം ജലവിനിയോഗ പദ്ധതി ധോളാവീരയിലുണ്ടായിരുന്നു.
അവർ മണ്സൂണ് മഴയിൽനിന്നുള്ള വെള്ളം ഫലപ്രദമായി ശേഖരിച്ചിരുന്നു. അതുപോലെ പട്ടണത്തിലെ ഇരുവശങ്ങളിലുമായി അനുകൂലമായ കാലാവസ്ഥയിൽ മാത്രം ഒഴുകുന്ന രണ്ട് അരുവികളിലെ ജലം പാഴായിപ്പോകാതെ തടയണ കെട്ടി സംഭരിച്ചിരുന്നു. അന്യോന്യം ബന്ധിപ്പിച്ച നിരവധി ജലസംഭരണികൾ ഇവിടെ ഉണ്ടായിരുന്നുവെന്നത് ഗവേഷകരെ അതിശയിപ്പിച്ചു.
ഇപ്പോഴും ധോളാവീരയിൽ ഗവേഷണം തകൃതിയാണ്. അനേകം ചരിത്രസാക്ഷ്യങ്ങളാണ് ഇവിടെനിന്നു നിരന്തരം കണ്ടെത്തുന്നത്. മണ്ണിനടിയിൽനിന്നു കണ്ടെടുത്ത വിഗ്രഹങ്ങൾ, കളിക്കോപ്പുകൾ, മുത്തുകൾ, നാണയങ്ങൾ, പണിയായുധങ്ങൾ, മണ്പാത്രങ്ങൾ, നൂൽനൂൽക്കുന്ന തക്ലി എന്നിവ മ്യൂസിയത്തിലുണ്ട്.
ഏകീകൃത ഭാഷ, ലിപി, ആചാരസംബന്ധമായ ചര്യകൾ എന്നിവയിൽ വേറിട്ടുനില്ക്കുന്നു. കിണറും അഴുക്കുചാലും സ്നാനഘട്ടവുമുണ്ടായിരുന്നു. കുളിപ്പുരയുടെ നിലം ഇഷ്ടികകൾ കൊണ്ടു നിർമിച്ചതാണ്.
ഇഷ്ടികയുടെ വീതികുറഞ്ഞ വശം ഉറപ്പിച്ചു വെള്ളം അകത്തേക്കിറങ്ങാതെ ശ്രദ്ധാപൂർവം ചെരിച്ചാണ് പണിതിരിക്കുന്നത്. ഇതിൽനിന്നുള്ള മലിനജലം വീട്ടുചുമരു തുളച്ച് പുറത്തേക്കൊഴുകി അഴുക്കുചാലിൽ ചേരുന്ന വിധം.
ചുവന്ന കല്ലുകൾ
മറ്റ് ഹാരപ്പൻ കേന്ദ്രങ്ങളിൽനിന്നു വിഭിന്നമായി ധോളാവീരയിൽ ചുവന്ന കല്ല് ധാരാളമായി ഉപയോഗിച്ചു കാണുന്നുണ്ട്. എന്നാൽ, കച്ച് മേഖല മുഴുവൻ കളിമണ്ണിന്റെ തിട്ടകളാണ്. ചെളി കൊണ്ടുള്ള ഇഷ്ടികകളും വെയിലത്തുണങ്ങിയതോ ചുട്ടെടുത്തതോ ആയ ഇഷ്ടികകളുമാണ് ഉപയോഗിച്ചു കാണുന്നത്.
അതിവിശിഷ്ടമായ നഗരാസൂത്രണം മൂലം ഉയർന്നുവന്ന പാർപ്പിട സങ്കേതമാണ് ധോളാവീര. ഉയർന്ന പ്രദേശത്താണ് നഗരത്തിന്റെ നിർമിതി. നാലായിരം കൊല്ലംമുന്പ് ഗണിതപരമായി കൃത്യതയുള്ള ഇങ്ങനെയൊരു "ആസൂത്രിത നഗരം’ നിർമിച്ചെന്നതു മാത്രമല്ല അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലകൊള്ളുന്നുവെന്നോർക്കുന്പോൾ അന്പരന്നു പോകും.
1920കളിലാണ് ഇന്ത്യയിലെ ഹാരപ്പൻ സംസ്കാര കേന്ദ്രങ്ങൾ കണ്ടെത്തിയത്. ഹാരപ്പൻ ലിപികൾക്കു ദ്രാവിഡ ഭാഷയുടെ പ്രാഗ് രൂപമാണെന്നു സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ, ഭാഗികമായിപ്പോലും ഈ ലിപികൾ വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. കണ്ടെടുത്ത ചില മുദ്രകൾ വ്യാഖ്യാനിച്ചെടുക്കാൻ മാത്രം ചരിത്രകാരന്മാർക്കു കഴിഞ്ഞിട്ടുണ്ട്.
എങ്ങനെയാണ് ഹാരപ്പൻ ഭൂവിഭാഗങ്ങൾ വാസയോഗ്യമല്ലാതായത്? ആഭ്യന്തര വിപ്ലവംമൂലം നഗരം നിർജനമായതോ സുനാമി മൂലം കടലെടുത്തതോ ഭൂചലനമോ? എന്താണെന്നു വ്യക്തമായട്ടില്ല. ഉദ്ഖനനത്തിൽ വെളിപ്പെടുന്നവ കൊണ്ട് നിഗമനത്തിലെത്താൻ മാത്രമേ ചരിത്രകാരന്മാർക്കു കഴിയൂ.
ഇന്ത്യയിൽ വാണിജ്യത്തിനും വ്യവസായത്തിനും മാതൃകയായ ഒരു സംസ്ഥാനത്തുകൂടിയാണ് യാത്ര ചെയ്യുന്നതെന്ന കാഴ്ചകൾ പലേടത്തുമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മുന്തിയ ഇനം കന്നുകാലികളുള്ളത് സൗരാഷ്ട്രയിലാണ്.
പശുക്കളിൽ ഗീർ, കാങ്ങ്രേജ്, മെഹ്സാന എന്നിവയും എരുമകളിൽ ശ്രുതി, മെഹ്സാന, ജഫ്രാബാദി, മുറാ എന്നിവയും അസാധാരണ വലിപ്പമുള്ളവയും നല്ല കറവ ലഭിക്കുന്നവയുമാണ്. ഒരു പ്രധാന പ്രശ്നമായി തോന്നിയത് വഴിയിലെന്പാടും ആധിപത്യം പുലർത്തി വിഹരിക്കുന്ന കന്നുകാലിപ്പടയാണ്. അതിനിടയിൽ ഒട്ടകവണ്ടിയിൽ സാധനങ്ങളുമായിപ്പോകുന്ന സ്ത്രീകളുടെ തിരക്കും. അതുകൊണ്ടുതന്നെ സൂക്ഷിച്ചു വണ്ടിയോടിക്കുന്നതു വളരെ നല്ലതാണ്.
വർഗീസ് അങ്കമാലി