ഞാറുനടീൽ ഉത്സവമാക്കി വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാർ.
ഞാറ്റുപാട്ടും താളവും ചുവടുകളുമായി പഴയകാല കൃഷിനന്മകളെ ഓർമപ്പെടുത്തുന്നതായിരുന്നു വിദ്യാർത്ഥിനികളുടെ നടീൽപണികൾ.
ജൈവ നെൽകൃഷി നടത്തുന്ന വടക്കഞ്ചേരി പാടശേഖരത്തിലെ ആറു പറ നിലമാണ് ഇതിനായി പാകപ്പെടുത്തിയിരുന്നത്. പാടശേഖരത്തിൽ ജൈവ നെൽ കൃഷിക്കു നേതൃത്വം നൽകുന്ന രാമകൃഷ്ണസ്വാമിയുടെയും ശങ്കരസ്വാമിയുടെയും കൃഷിയിടമാണിത്.
ഞാറുപറിച്ച് കെട്ടുകളാക്കി അതു വരിവരിയായി നടീൽ നടത്തിയാണ് വിദഗ്ധ തൊഴിലാളികളെപ്പോലെ കുട്ടികളും കാർഷിക വൃത്തിക്കുപിന്തുണ പ്രഖ്യാപിച്ചത്.
മുട്ടോളം ചെളിയുള്ള കണ്ടത്തിൽ ഞാറുനടീൽ പുതിയ അനുഭവമായിരുന്നെന്നു വിദ്യാർത്ഥിനികൾ പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ ഡോ. അനു ഡേവിഡിന്റെ മേൽനോട്ടത്തിലായിരുന്നു കുട്ടികളുടെ കൃഷിപാഠങ്ങൾ.