ഇരുപതാം നൂറ്റാണ്ടിലൂടെ - 2
അന്താരാഷ്ട്ര സമാധാന സംഘടനയുടെ പിറവി
വേഴ്സായ് ഉടന്പടിയിലെ ഒരു സവിശേഷത സർവരാഷ്ട്രസഖ്യത്തിന്റെ രൂപീകരണമാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ വിരാമത്തിനു വേണ്ടി അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസണ് പ്രഖ്യാപിച്ച പതിന്നാലു തത്ത്വങ്ങളിൽ അവസാനത്തേതായിരുന്നു സർവരാഷ്ട്ര സഖ്യത്തിന്റെ രൂപവത്കരണം. ലോകസമാധാനവും നിരായുധീകരണവും രാഷ്ട്ര സഹകരണവുമായിരുന്നു സഖ്യത്തിന്റെ പ്രധാനലക്ഷ്യങ്ങൾ.
1920 നവംബർ 19 ആദ്യത്തെ പൊതുയോഗം ജനീവയിൽ നടന്നു. എന്നാൽ, സംഘടനയുടെ യഥാർഥ ശില്പിയായ യു.എസ്. പ്രസിഡന്റോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ഈ സമ്മേളനത്തിൽ പങ്കെടുത്തില്ല. 27 അംഗങ്ങളുമായി തുടങ്ങിയ സർവരാഷ്ട്ര സഖ്യം അടുത്ത വർഷങ്ങളിൽ അംഗസംഖ്യ വർധിച്ചു നിരവധി അന്തർദേശീയ പ്രശ്നങ്ങളിൽ ഇടപെടാനും സമിതിക്കുകഴിഞ്ഞു. 1929നു ശേഷം സഖ്യത്തിന്റെ പ്രസക്തി മങ്ങാൻ തുടങ്ങി. നിർദേശങ്ങൾ വയ്ക്കാനല്ലാതെ അംഗരാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്താനായില്ല. ചൈനയിലെ മഞ്ചൂറിയയിൽ ജപ്പാൻ നടത്തിയ ആക്രമണം (1931) ഇറ്റലിയുടെ എത്യോപ്യ ആക്രമണം (1935- 36) ജർമനിയുടെ ഓസ്ട്രിയ ആക്രമണം (1938) തുടങ്ങിയ സംഭവങ്ങളിലൊന്നും കാര്യമായൊന്നും സമിതിക്കു ചെയ്യാനായില്ല. 1939നോടുകൂടി സമിതി നിശ്ചലമാക്കി.
ഇറ്റലി ഫാസിസത്തിലേക്ക്
ഒന്നാം ലോകമഹായുദ്ധത്തിൽ വിജയികളായ സഖ്യശക്തികൾക്കൊപ്പമായിരുന്നെങ്കിലും ഇറ്റലിക്ക് നേട്ടമൊന്നും ഉണ്ടായില്ല. യുദ്ധം ഇറ്റലിയെ തകർക്കുകയും ചെയ്തു. വ്യവസ്ഥാമാറ്റത്തിനുവേണ്ടിയുളള ആഗ്രഹം രാജ്യത്തു വ്യാപകമായി. യുദ്ധാനന്തര ഇറ്റാലിയൻ ഭരണകൂടത്തിന്റെ ദൗർബല്യവും അസ്ഥിരതയും മുതലെടുത്തുകൊണ്ട് 1921ൽ ബെനിറ്റോ മുസോളനി സ്ഥാപിച്ച ഫാസിസ്റ്റ് പാർട്ടിയും സായുധവിഭാഗമായ കരിങ്കുപ്പായക്കാരും ശക്തി പ്രാപിച്ചു. സൈന്യസ്വഭാവമുള്ള സംഘടനയുടെ അനുയായികളും, നേതാവായ ബെന്നിറ്റോ മുസോളനിയും റോമിലേക്കു മാർച്ചു ചെയ്തു. റോമിലേക്കു നീങ്ങിയ കരിങ്കുപ്പായക്കാർ സർക്കാർ മന്ദിരങ്ങളും ആയുധ ശാലകളും തീവണ്ടിയാപ്പീസുകളും ഉൾപ്പെടെയുള്ള മന്ദിരങ്ങൾ കീഴടക്കി. ഭയന്നുപോയ രാജാവ് വിറ്റോറിയോ ഇമ്മാനുവേൽ III മുസോളനിയെ പുതിയ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ചു. ജയം നേടിയ മുസോളനി തന്റെ ഫാസിസ്റ്റ് വാഴ്ച ആരംഭിച്ചു.
ദണ്ഡുകളും അവയ്ക്കു വിലങ്ങനെ വച്ച മഴുവും ആയിരുന്നു ഫാസിസ്റ്റ് പാർട്ടിയുടെ ചിഹ്നം. ഐക്യം, അനുസരണം, രാഷ്ട്രത്തിനായുള്ള വ്യക്തിയുടെ അർപ്പണവും ത്യാഗവും ഇതാണ് ലക്ഷ്യമെന്ന് മുസോളനി ഇറ്റലിയാകെ പ്രചരിപ്പിച്ചു. വിശ്വസിക്കുക, അനുസരിക്കുക, സമരം ചെയ്യുക ഇറ്റലിക്കു വേണ്ടി എന്നതായിരുന്നു ഫാസിസ്റ്റു പാർട്ടിയുടെ മുദ്രാവാക്യം. ജനാധിപത്യത്തിന്റെ അടിസ്ഥാനസിദ്ധാന്തമായ വ്യക്തിവാദത്തെയും ആദർശമായ വ്യക്തിസ്വാതന്ത്ര്യത്തെയും ഫാസിസം നിരാകരിച്ചു. പത്രങ്ങൾക്കു കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തി. എതിർ പാർട്ടികളെ നിരോധിച്ചു. ജീവശാസ്ത്രപരമായ ഒരനിവാര്യതയാണ് യുദ്ധമെന്ന് ഫാസിസ്റ്റുകൾ കണക്കാക്കി.
കറുത്തവ്യാഴം
ലോകസാന്പത്തിക മാന്ദ്യം - 1929
1929 ഒക്ടോബർ 24, ന്യൂയോർക്ക് ഓഹരികന്പോളത്തിൽ തകർച്ച. ദരിദ്രൻ തൊട്ട് കോടീശ്വരൻ വരെയുള്ള അമേരിക്കക്കാരുടെ ധനസ്വപനങ്ങൾ തകർന്നുവീണു. നിരവധി പേർക്ക് ജീവിതത്തിലെ മുഴുവൻ സന്പാദ്യവും നഷ്ടമായി. ധാരാളം പേർ ആത്മഹത്യ ചെയ്തു. കറുത്ത വ്യാഴാഴ്ചയെന്ന് ചരിത്രം ഈ ദിവസത്തെ അടയാളപ്പെടുത്തി. ന്യൂയോർക്കിലെ തകർച്ച അമേരിക്കയിൽ മാത്രം ഒതുങ്ങിനിന്നില്ല . യൂറോപ്പിനെയും അത് കഠിനമായി ബാധിച്ചു. ലോകത്താകെമാനം നിക്ഷേപമൂലധനത്തിൽ ഇടിവു സംഭവിച്ചതോടെ വ്യവ്യസായശാലകൾ ഉത്പാദനം കുറച്ചു. അസംഖ്യം പേർക്ക് തൊഴിലില്ലാതായി. കൂലി കുറഞ്ഞു. ലോകവാണിജ്യം തകരാറിലായി. ഓരോ രാജ്യവും ഏർപ്പെടുത്തിയിരുന്ന സംരക്ഷണച്ചുങ്കങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി.
ഹിറ്റ്ലർ പിടിമുറുക്കുന്നു..
ജയിലിൽ കിടന്ന് ജർമനിയിലെ നാസി നേതാവ് അഡോൾഫ് ഹിറ്റ്ലർ തന്റെ ആത്മകഥ മെയിൻകാഫ് (meinkampf) അഥവാ എന്റെ സമരം പ്രസിദ്ധീകരിച്ചു. ജൂതവിരോധവും ജർമൻ ദേശീയവാദവും നിറഞ്ഞ ഈ കൃതി നാസിസത്തിന്റെ വേദപുസ്തകമായി. നാസി പാർട്ടിയിൽ അണിചേർന്ന് ജർമനിയുടെ പുനരുത്ഥാനം ത്വരിതപ്പെടുത്താൻ മെയിൻ കാഫിലൂടെ ഹിറ്റ്ലർ അഭ്യർഥിച്ചു.
ജർമനിയിൽ ജനാധിപത്യത്തിന്റെ അന്ത്യം കുറിച്ച തെരഞ്ഞെടുപ്പ് 1932ൽ നടന്നു. നാസി പാർട്ടിക്കായിരുന്നു ജയം. 1933 ജനുവരി 30ന് ഹിറ്റ്ലർ ചാൻസലറായി. നാസി ഭീകരവാഴ്ച ആരംഭിച്ച ജർമനിയിൽ കലാകാരന്മാർക്കു ഭ്രഷ്ട്. അവരുടെ പുസ്തകങ്ങളും സൃഷ്ടികളും അഗ്നിക്കിരയായി. അവതരണങ്ങൾ നിരോധിക്കപ്പെട്ടു. നിരവധി ജൂതവംശജരായ കലാപ്രവർത്തകർ ജർമനിയിൽനിന്ന് പലായനം ചെയ്തു. നാസി പാർട്ടി ഒഴിച്ചുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു നിരോധനം. ഫലത്തിൽ ഏകകക്ഷിരാഷ്ട്രമായി ജർമനി മാറി. പ്രതിപക്ഷ പത്രങ്ങൾ നിരോധിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് - ജൂതവേട്ടയുടെ ഭാഗമായി നാലായിരത്തിലധികം പേർ തടവറയിലായി.
ജൂതന്മാരെ വേട്ടയാടാനായി കോൺസെൻട്രേഷൻ ക്യാന്പുകൾ തുറന്നു. 1934 ഓഗസ്റ്റ് രണ്ടിന് ജർമൻ പ്രസിഡന്റ് ഹിൽഡെൻ ബർഗ് അന്തരിച്ചു. പ്രസിഡന്റിന്റെ അധികാരം ഏറ്റെടുത്ത ചാൻസലർ അഡോൾഫ് ഹിറ്റ്ലർ പ്രസിഡന്റ് സ്ഥാനം റദ്ദാക്കി ഫ്യൂറർ ആയി സ്വയം പ്രഖ്യാപിച്ചു. വേഴ്സായ് സന്ധിയിൽനിന്ന് പിന്മാറിയ ഹിറ്റ്ലർ ജർമനിയെ വീണ്ടും ആയുധം അണിയിക്കാൻ തുടങ്ങി. നിർബന്ധിത സൈനിക സേവനത്തിനു ഹിറ്റ്ലർ ഉത്തരവിട്ടു. സന്ധിയിൽനിന്നുളള പിൻമാറ്റം മറ്റൊരു ലോകമഹായുദ്ധത്തിന്റെ തീപ്പൊരിയിടുകയും ചെയ്തു.
ലോകം - രണ്ടാം ലോകമഹായുദ്ധത്തിലേക്ക്
ഒന്നാം ലോകമഹായുദ്ധാന്ത്യത്തിൽ ജർമനിക്കു മേൽ അടിച്ചേൽപ്പിച്ച ന്യായരഹിത വേഴ്സായ് ഉടന്പടിയെ വ്യവസ്ഥകൾ ലംഘിക്കാൻ അധികാരത്തിൽ വന്ന ഹിറ്റ്ലർ പ്രതിജ്ഞാബന്ധനായിരുന്നു. അധികാരത്തിൽ വന്ന വർഷംതന്നെ അദ്ദേഹം സർവരാഷ്ട്ര സഖ്യത്തിൽനിന്ന് പിന്മാറി. നഷ്ടപരിഹാരം നല്കാനുള്ള ബാധ്യത നിരാകരിച്ചു. വേഴ്സായ് ഉടന്പടിവ്യവസ്ഥകളെ വകവയ്ക്കാതെ ജർമനിയിൽ നിർബന്ധ സൈനിക പരിശീലനം ഏർപ്പെടുത്തി. ഓസ്ട്രിയ ജർമനിയുമായി കൂട്ടിച്ചേർക്കപ്പെട്ടു. തുടർന്ന് ചെക്കോസ്ലോവാക്യയിലെ സഡെറ്റൻ ലാൻഡ് പിടിക്കാൻവേണ്ടി അതിർത്തിയിൽ സൈന്യത്തെ അണിനിരത്തി. ചെക്കോസ്ലോവാക്യ ഗവണ്മെന്റ് ബ്രിട്ടനോടും ഫ്രാൻസിനോടും സഹായമഭ്യർഥിച്ചു.
ചെക്കോസ്ലോവാക്കിയ ആക്രമിക്കപ്പെട്ടാൽ സഹായിക്കാമെന്ന് ഫ്രാൻസ് ഉറപ്പുകൊടുത്തപ്പോൾ ബ്രിട്ടണ് സഡെറ്റൻ ലാൻഡ് ഹിറ്റ്ലർക്കു വിട്ടുകൊടുത്തു. അന്താരാഷ്ട്ര അംഗീകാരം നല്കാൻ നാലു വൻ ശക്തികൾ - ജർമനി, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ- 1938ൽ മ്യൂണിക്കിൽ സമ്മേളിച്ചു. സഡെറ്റർ ലാൻഡ് ഹിറ്റ്ലർക്കു നല്കി. അധികം താമസിയാതെ ഹിറ്റ്ലർ ചെക്കോസ്ലോവാക്യ മുഴുവൻ കൈയടക്കി.
മുസോളനി ഹിറ്റ്ലറെപ്പോലെ 1935 ൽ അബീസിനിയയും, 1939ൽ അൽബോനിയെയും പിടിച്ചടക്കി. കിഴക്കൻ മേഖലയിൽ ജപ്പാൻ 1931ൽ മഞ്ചൂറിയ ആക്രമിച്ചു. ഈ നടപടികൾക്കെതിരേ ഒരു ചെറുവിരലമർത്താൻ സർവരാഷ്ട്ര സഖ്യത്തിനു സാധിച്ചില്ല. ഹിറ്റ്ലറുടെ ഇംഗിതം ബോധ്യപ്പെട്ട ബ്രിട്ടനും ഫ്രാൻസും ജർമനിയുടെ മുന്നേറ്റത്തെ തടയാൻ ഒരു മുന്നണി രൂപീകരിച്ചു. ഇതു സഖ്യശക്തികൾ എന്നറിയപ്പെട്ടു.
ഇതിനു പകരമായി 1939ൽ മുസോളനിയുമായി ജർമനി ഒരു പൂർണ സൈനിക ഉടന്പടി റോം-ബർലിൻ അച്ചുതണ്ട് ഉണ്ടാക്കി. അച്ചുതണ്ടു സഖ്യത്തിന് രൂപം നല്കി.
പോളണ്ട് കീഴടക്കാനായി ഒരുങ്ങാൻ 1939 ഓഗസ്റ്റ് 31ന് ഹിറ്റ്ലർ സൈന്യത്തിന് ഉത്തരവു നല്കി. പോളണ്ടിനോട് ഡാൻസിഗും, കിഴക്കൻ പ്രഷ്യയുമായി ജർമനിയെ ബന്ധപ്പെടുത്തുന്ന ഒരു ഇടനാഴിയും ആവശ്യപ്പെട്ടു. പോളണ്ട് ജർമനിയുടെ ആവശ്യം തള്ളിക്കളഞ്ഞു. സെപ്റ്റംബർ ഒന്നിന് പുലർച്ചെ പടനീക്കം ആരംഭിച്ചു. സെപ്റ്റംബർ മൂന്നിന് ബ്രിട്ടനും ഫ്രാൻസും ജർമനിയോട് യുദ്ധം പ്രഖ്യാപിച്ചു. 1940 ജൂണിൽ ഇറ്റലി ജർമനിയുടെ ഭാഗം ചേർന്ന് യുദ്ധത്തിൽ പ്രവേശിച്ചു. 1941 ഡിസംബർ ഏഴിന് അമേരിക്കൻ താവളങ്ങളിലും ബോംബു വർഷിച്ചുകൊണ്ട് ജപ്പാനും സഖ്യശക്തികൾക്കെതിരേ യുദ്ധം ആരംഭിച്ചു. ഡിസംബർ എട്ടിന് അമേരിക്ക ജപ്പാനെതിരേ യുദ്ധം പ്രഖ്യാപിച്ചു.
ജർമൻ കൊടുങ്കാറ്റിൽ യൂറോപ്പിലെ വൻമരങ്ങൾ വീഴാൻ തുടങ്ങി. സുസംഘടിതമായ നാസിപ്പടയെ ചെറുത്തു നിൽക്കാനാവാതെ രാജ്യങ്ങൾ ഓരോന്നായി കീഴടങ്ങി. തെക്കു-കിഴക്കൻ ഏഷ്യയിൽ ശത്രുക്കളെ തകർത്ത് ജപ്പാൻ മുന്നേറി. മലയ, സിംഗപ്പൂർ, ഓസ്ട്രേലിയയിലെ ഡാർവിനിലുള്ള സഖ്യകക്ഷികളുടെ താവളം തുടങ്ങിയവ അവർ ആക്രമിച്ചതിൽപ്പെടുന്നു.
രണ്ട് ആക്രമണങ്ങൾ രണ്ടാം ലോകഹായുദ്ധത്തിന്റെ ഗതി നിശ്ചയിക്കാൻ ആരംഭിച്ചു. ജർമനിയുടെ റഷ്യൻ ആക്രമണവും ജപ്പാന്റെ പേൾഹാർബർ ആക്രമണവും. ഇതോടെ സോവിയറ്റ് യൂണിയനും യുഎസും ഫാസിസ്റ്റ് വിരുദ്ധ സംഘത്തോടൊപ്പം ചേർന്നു. 1943 ജൂലൈ 10ന് യുഎസ് വ്യോമസേന സിസിലിയിലിറങ്ങി. പിന്നാലെ സഖ്യശക്തികളുടെ കരസേനയും. ഇറ്റലിയുടെ പരാജയം അതോടെ ആരംഭിച്ചു. ജൂലൈ 24ന് ഫാസിസ്റ്റ് ഗ്രാൻഡ് കൗണ്സിൽ മുസോളനിയെ പുറത്താക്കി വീട്ടുതടങ്കലിലാക്കി. സെപ്റ്റംബർ മൂന്നിന് ഇറ്റലി സഖ്യശക്തികൾക്ക് കീഴടങ്ങി.
1942 ഓഗസ്റ്റിൽ അമേരിക്ക ജപ്പാനെതിരേ പ്രത്യാക്രമണം ആരംഭിച്ചു. 1945 ആയപ്പോഴേക്കും ജപ്പാൻ കൈയടക്കിയ പ്രദേശങ്ങളെല്ലാം സഖ്യശക്തികൾ പിടിച്ചെടുത്തു. മാത്രമല്ല ജപ്പാനും സഖ്യശക്തികളുടെ ആക്രമണത്തിനിരയായി. 1945 ജൂലൈ 26ന് അമേരിക്ക, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ പോട്ട്സ്ഡാമിൽ സമ്മേളിച്ച് ജപ്പാനോട് നിരുപാധികം കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, ജപ്പാൻ ഈ അന്ത്യശാസനം നിരസിച്ചു. തുടർന്ന് അമേരിക്ക ഓഗസ്റ്റ് ആറിന് ഹിരോഷിമയിലും ഒന്പതിന് നാഗസാക്കിയിലും ആറ്റം ബോംബ് പ്രയോഗിച്ചു. ഗത്യന്തരമില്ലാതെ ജപ്പാൻ സെപ്റ്റംബർ രണ്ടിന് അമേരിക്കയ്ക്കു മുന്നിൽ കീഴടങ്ങി.
സഖ്യശക്തികളുടെ മുന്നേറ്റത്തിൽ ജർമനിയുടെ തകർച്ച തുടങ്ങി. 1944 ജനുവരി 27ന് ലെനിൻഗ്രാഡ് ഉപരോധിച്ച നാസി സൈന്യത്തെ സോവിയറ്റ് യൂണിയന്റെ ചെന്പട പരാജയപ്പെടുത്തി. പിന്നീട് നടന്ന ഓരോ യുദ്ധമുഖത്തും അവർ വീണുകൊണ്ടിരുന്നു. കീഴടങ്ങിയ നഗരങ്ങൾ വിമോചിപ്പിച്ച് സഖ്യസേന മുന്നേറി. 1945 ഏപ്രിൽ 30ന് സ്വയം നിറയൊഴിച്ച് ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. ഒരു ദിവസം മുന്പു മാത്രം ഹിറ്റ്ലർ വിവാഹം കഴിച്ച കാമിനി ഈവബ്രൗണ് സയനൈഡ് കഴിച്ച് ഭർത്താവിനെ പിന്തുടർന്നു. 1945 മേയ് ഏഴിന് ജർമനി നിരുപാധികം കീഴടങ്ങി. മേയ് എട്ടിന് യൂറോപ്പിലെ യുദ്ധം അവസാനിച്ചതായി സഖ്യശക്തികൾ ഒൗദ്യോഗികമായി പ്രഖ്യാപനം നടത്തി.
മറക്കാനാവാത്ത ദുരന്തങ്ങൾ
1945 ഓഗസ്റ്റ് ആറിനും ഒന്പതിനും മാനവചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്ടിച്ചുകൊണ്ട് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആദ്യത്തെ അണുബോംബുകൾ പ്രയോഗിച്ചു. ഓഗസ്റ്റ് ആറിന് പുലർച്ചയ്ക്ക് ശാന്തസമുദ്രത്തിലെ മറിയാനാ ദ്വീപ് സമൂഹത്തിലെ ട്രിനിയൽ ദ്വീപിൽനിന്ന് ഉയർന്ന ഇനോലഗേ എന്ന ബി-29 യുദ്ധവിമാനമാണ് 8.15ന് ഹോണ്ഷു ദ്വീപിലെ നഗരമായ ഹിരോഷിമയിൽ ആദ്യത്തെ അണുബോംബിട്ടത്. ഓഗസ്റ്റ് ഒന്പതിന് ക്യൂഷു ദ്വീപിലെ തുറമുഖനഗരമായ നാഗസാക്കിയിലാണ് ആദ്യത്തേതിനേക്കാൾ സംഹാരശേഷിയുള്ള രണ്ടാമത്തെ ബോംബിട്ടത്.
അണുപ്രസരണത്തിന്റെ വിപത്തുകളാൽ മരിച്ചവർക്കും അംഗഭംഗം വന്നവർക്കും കണക്കില്ല. സൂര്യതുല്യം ഉയർന്നുപൊങ്ങിയ തീക്കുണ്ഡത്തിലും മാരകമായ ചൂടിലും ആഘാതത്തിലും നഗരങ്ങൾ തകർന്നു. ബോംബുവീണ സ്ഥലത്തെ 10 ചതുരശ്ര കിലോമീറ്റർ ഭാഗം തുടച്ചു നീക്കപ്പെട്ടു. ഇതോടെ ജപ്പാൻ തകർന്നു. ഓഗസ്റ്റ് 14ന് സഖ്യസേനയ്ക്കു മുന്നിൽ ജപ്പാൻ കീഴടങ്ങി. ലോകം ആണവഭയത്തിന്റെ നിഴലിൽ അകപ്പെടുകയും ചെയ്തു. ആഗോള തലത്തിൽ ആണവ നയതന്ത്രത്തിനു തുടക്കമായി.
പി.വി. എൽദോ
ഗവ. വൊക്കേഷണൽ എച്ച്എസ്എസ്, തൊടുപുഴ