എടക്കര: ഞാറ്റുപാട്ടിന്റെ ഈണവും താളവും നെൽകൃഷിയുമറിയാത്ത ഒരുപറ്റം വിദ്യാർഥികൾ ഞാറ്റുമുടികളുമായി നടീലിന് ഇറങ്ങിയപ്പോൾ ഉഴുതു മറിച്ചിട്ട നെൽവയലിൽ ഉത്സവാന്തരീക്ഷം.
പാലേമാട് ശ്രീ വിവേകാനന്ദ ഹയർ സെക്കന്‍ഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങളായ ഇരുപത്തിയഞ്ചോളം വിദ്യാർഥികളാണ് നെൽകൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനുമായി ഉഴുതുമറിച്ചിട്ട വയലിലെ ചേറിൽ ആദ്യമായി നൂറുമേനി വിളയിക്കാനിറങ്ങിയത്.
പാതിരിപ്പാടത്തെ തുരുത്തേൽ ബെന്നി എന്ന യുവകർഷകന്റെ രണ്ടേക്കർ വരുന്ന നെൽവയലിലാണ് തൊഴിലാളികൾക്കൊപ്പം ഞാറ്റുപാട്ടിന്റെ ഈണവും താളവും നുകർന്ന് വിദ്യാർഥികൾ നെൽകൃഷിയിൽ പുതിയ അറിവു നേടാനിറങ്ങിയത്.
അന്യം നിന്നു പോകുന്ന നെൽകൃഷിയും കാർഷിക സംസ്കാരവും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെയും കൃഷി ഉദ്യോഗസ്ഥരുടെയും പ്രോത്സാഹനത്തോടെ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു വിദ്യാർഥികളുടെ ഞാറുനടീൽ.
വാർഡ് അംഗം ഉമ്മുസൽമ ഞാറുനടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.