വായു, മണ്ണ്, ജലം എന്നിവയുടെ ഭൗതിക-രാസ-ജൈവ ഘടനയിൽ മാലിന്യകാരികൾ സൃഷ്ടിക്കുന്ന അനഭിലഷണീയ മാറ്റത്തെയാണ് മലിനീകരണം എന്നതുകൊണ്ട് അർഥമാക്കുന്നത്.
മാലിന്യകാരികൾ
പരിസ്ഥിതിയിലെ അപകടകരമായ സാന്ദ്രതയിലുള്ള വസ്തുക്കളോ, ഉൗർജമോ ആണ് മാലിന്യകാരികൾ. ഇതിൽ വസ്തുക്കൾ മാത്രമല്ല ശബ്ദം, വികിരണം, ചൂട് എന്നിവയും ഉൾപ്പെടും. പല മാലിന്യകാരികളും പ്രകൃതിയിൽ സ്വാഭാവികമായിതന്നെ ഉണ്ടാകുന്നവയാണ്. മനുഷ്യപ്രവർത്തനഫലമായുണ്ടാകുന്നവയുമായി കൂടിച്ചേരുന്പോഴാണ് ഇവ അപകടകാരികളാകുന്നത്. ഉദാഹരണമായി കാർബണ്‍ഡയോക്സൈഡ്, പൊടിപടലങ്ങൾ.
മാലിന്യകാരികളെ രണ്ടായി വിഭജിക്കാം.
• പ്രാഥമിക മാലിന്യകാരികൾ
(Primary Pollutants)
• ദ്വിതീയ മാലിന്യകാരികൾ
(Secondary Pollutants)
ചില മാലിന്യങ്ങൾ പരിസ്ഥിതിയൽ ഉത്സർജിക്കപ്പെട്ട രൂപത്തിൽതന്നെ നിലനിൽക്കും. ഇവയെ പ്രാഥമിക മാലിന്യകാരികളെന്നും, പ്രാഥമികമാലിന്യകാരികൾ തമ്മിൽ പ്രതിപ്രവർത്തിച്ചുണ്ടാകുന്ന പുതിയ മാലിന്യങ്ങളെ ദ്വിതീയ മാലിന്യകാരികളെന്നും പറയുന്നു. പ്രാഥമികമാലിന്യകാരികൾക്ക് ഉദാഹരണമാണ് കാർബണ്‍ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്. എന്നാൽ നൈട്രജന്റെ ഓക്സൈഡുകൾ, ഹൈഡ്രോകാർബണുകൾ ഇവ സൂര്യപ്രകാശത്തിൽ പ്രതിപ്രവർത്തിച്ച് പെറോക്സി അസൈൽ നൈട്രേറ്റ് (PAN), ഓസോണ്‍ തുടങ്ങിയ ദ്വിതീയമാലിന്യകാരികൾക്ക് ഉദാഹരണങ്ങളാണ്. ദ്വിതീയമാലിന്യകാരികൾ, പ്രാഥമിക മാലിന്യകാരികളേക്കാൾ അപകടകാരികളാണ്.
മലിനീകരണം മനുഷ്യനുൾപ്പെടെയുള്ള സ്പീഷിസുകളുടെ ജീവിത സാഹചര്യങ്ങളെ മാറ്റിമറിക്കുന്നു. സാംസ്കാരിക സന്പത്തുകൾ നശിക്കാൻ ഇത് കാരണമാകുന്നു. കൂടാതെ ഇക്കോവ്യൂഹങ്ങളുടെ പ്രവർത്തനത്തിൽ ഇടപെട്ട് ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്നു.
ഏതുതരം പരിതസ്ഥിതിയിലാണ് മലിനീകാരികൾ കാണപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ മലിനീകരണത്തെ മൂന്നായി വർഗീകരിക്കാറുണ്ട്.
• ജല മലിനീകരണം
• മണ്ണ് മലിനീകരണം
• അന്തരീക്ഷ മലിനീകരണം
മാലിന്യങ്ങളുടെ പ്രവർത്തനപരിധിയിൽ വലിയവ്യത്യാസങ്ങൾ കാണാം. മണ്ണ് മലിനീകരണം തികച്ചും പ്രാദേശികമായിരിക്കും. വായു മലിനീകരണമാകട്ടെ കിലോമീറ്ററുകളോളം വ്യാപിക്കാം. പൊടിക്കാറ്റുകൾ, ആസിഡ്കണികകൾ പോലുള്ളവ പൊതുവെ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കാറുണ്ട്. അതുപോലെ കാർബണ്‍ഡയോക്സൈഡ് മലിനീകരണം ആഗോള തലത്തിലാണ് അനുഭവപ്പെടുന്നത്. കൂടാതെ ക്ലോറോ ഫ്ലൂറോ കാർബണുകൾ മൂലം ഓസോണ്‍ പാളിയിലുണ്ടാകുന്ന മാറ്റങ്ങളും ആഗോളപ്രതിഭാസമാണ്.
അന്തരീക്ഷ മലിനീകരണം
മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും അസുഖകരവും ഹാനികരവുമായ രീതിയിൽ അന്തരീക്ഷത്തിന്റെ സ്വാഭാവിക ഗുണങ്ങളിൽ മാറ്റം വരുത്തുന്ന രാസപദാർഥങ്ങൾ (പുക, വിഷവാതകങ്ങൾ....) ധൂളിപടലങ്ങൾ, ജൈവപദാർഥങ്ങൾ എന്നിവ അന്തരീക്ഷത്തിൽ കലരുന്നതുമൂലമുണ്ടാകുന്ന മലിനീകരണത്തെ അന്തരീക്ഷമലിനീകരണം അഥവാ വായുമലിനീകരണം എന്ന് വിളിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ മുഖ്യകാരണങ്ങൾ പ്രകൃതിദത്തവും മനുഷ്യജന്യവുമായ സ്രോതസുകളാണ്.
പ്രകൃതിദത്ത സ്രോതസുകൾ
• അഗ്നി പർവതവാതകങ്ങൾ
• ചതപ്പുനിലങ്ങളിൽനിന്ന് ബഹിർഗമിക്കുന്ന വാതകങ്ങൾ
• കാട്ടുതീ
• ധൂളിക്കാറ്റ്
• കാറ്റു വഴി നടക്കുന്ന സമുദ്ര ജലശീകരം (sea spray aerosol)
• പൂന്പൊടി
• ഫംഗസുകളും മറ്റ് താഴ്ന്നതരം ജീവികളുടെ സ്പോറുകളും കോശങ്ങളും
മനുഷ്യജന്യസ്രോതസുകൾ
• ഗാർഹിക-വ്യവസായിക-ഗതാഗത ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഉൗർജോത്പാദനത്തിനായി വിറക്, കൽക്കരി, മറ്റ് ഫോസിൽ ഇന്ധനങ്ങൾ തുടങ്ങിയവ കത്തിക്കുന്പോഴുണ്ടാകുന്ന വാതകങ്ങളും പൊടിപടലങ്ങളും
• ഖനനം, ലോഹശുദ്ധീകരണം തുടങ്ങിയ വ്യാവസായിക പ്രവർത്തനങ്ങൾ
• കീടനാശിനികൾ, രാസവളങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ ഉത്പാദനവും ഉപയോഗങ്ങളും
• വാഹനഗതാഗതം
• നിർമാണ പ്രവർത്തനങ്ങൾ
• യുദ്ധം
• ഖരമാലിന്യങ്ങളുടെ ജ്വലനം
• പുകവലി
ജീവജാലങ്ങളിലും മനുഷ്യനിർമിത വസ്തുക്കളിലും ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ അന്തരീക്ഷത്തിൽ കലരുന്ന പദാർഥങ്ങൾ അന്തരീക്ഷമലിനീകാരികൾ എന്നറിയപ്പെടുന്നു.
അന്തരീക്ഷമലിനീകാരികൾ
• വാതക മലിനീകാരികൾ (Gaseous pollutants)
• ധൂളിപടല മലിനീകാരികൾ (Particulate pollutants)
• എയറോസോളുകൾ (Aerosol)
• കീടനാശിനികൾ (Pesticides)
• ലോഹസംഭൂഷകങ്ങൾ (Metallic Contaminants)
• റേഡിയോ ആക്ടീവ് മാലിന്യങ്ങൾ (Radio Active Pollutants)
• ജൈവിക സംഭൂഷകങ്ങൾ (Biological Contaminants)
വാതക മലിനീകാരികൾ
കാർബണികം (Organic)
ഉദാ: മീഥേൻ (CH4)
ഈഥേൻ (C2H6)
അസറ്റിലീൻ (C2H2)
എഥിലിൻ (C2H4)
ബെൻസീൻ (C8H8)
അകാർബണികം (Inorganic)
കാർബൺമോണോക്സൈഡ് (CO)
സൾഫർ ഓക്സൈഡുകൾ
നൈട്രജൻ ഓക്സൈഡുകൾ
അമോണിയ
ക്ലോറിൻ
ധൂളിപടല മലിനീകാരികൾ
• പുക (smoke)
• പൊടി (dust)
• മൂടൽമഞ്ഞ് (mist)
• സ്പ്രേ (spray)
• ധൂമം (fumes)
വിളപരിരക്ഷണ
കീടനാശിനികൾ
എൻഡോസൾഫാൻ
അൽഡ്രിൻ
ഡെൽഡ്രിൻ
ക്ലോർഡെൻ
ഡിഡിടി
ബിഎച്ച്സി
ലോഹസംഭൂഷകങ്ങൾ
കാഡ്മിയം
ലെഡ്
ക്രോമിയം
സെറിലിയം
ബേരിയം
മാംഗനീസ്
അർബുദമാലിന്യങ്ങൾ
ആൽഫാ നാഫ്തലിൻ
ബീറ്റാ നാഫ്തലിൻ
വിനൈൽ ക്ലോറൈഡ്
ജൈവികസംഭൂഷകർ
ബാക്ടീരിയകൾ
വൈറസുകൾ
പരാദങ്ങൾ
എയ്റോസോളുകൾ
അതിസൂക്ഷ്മവും അന്തരീക്ഷവായുവിൽ നിലംബിതവും ദീർഘകാലം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതുമായ ഖര-ദ്രവമായ മലിനീകാരികൾ.
റേഡിയോ ആക്ടീവ് മലിനീകാരികൾ
ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന എക്സ്റേ.
ആണവായുധ പരീക്ഷണവും പ്രയോഗവും
മൂലമുണ്ടാകുന്ന അണുപ്രസരണം.
ആണവ റിയാക്ടറുകളിൽനിന്നുള്ള വികിരണങ്ങൾ
ആണവാവശിഷ്ടങ്ങൾ.
വ്യാവസായികാവശ്യത്തിനുപയോഗിക്കുന്ന
റേഡിയോ ആക്ടീവ് കണങ്ങൾ.
അന്തരീക്ഷ മലിനീകരണം ദൂഷ്യഫലങ്ങൾ
അമ്ലമഴ
പുകമഞ്ഞ്
ഓസോൺ പാളി ശോഷണം
ആഗോളതാപനം
കാലാവസ്ഥാവ്യതിയാനം
മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു - ശ്വാസകോശാർബുദം, ശ്വാസകോശവീക്കം, ആസ്ത്മ, ശ്വാസകോശ രക്തസ്രാവം.
സസ്യങ്ങളെ ദോഷകരമായി ബാധിക്കുന്നു - ഹരിതരോഗം (chlorosis), ഉൗതക്ഷയം (necrosis), സസ്യകലകളുടെ ക്ഷതം, കാർഷികവിളകളുടെ വിളവ് കുറയുക, വിളകളുടെ രോഗപ്രതിരോധശേഷി കുറയുക.
മനുഷ്യനിർമിത സാമഗ്രികളുടെയും, വസ്തുവകകളുടെയും നാശം - അലൂമിനിയം, ഇരുന്പ്, ചെന്പ് തുടങ്ങിയ ലോഹങ്ങളുടെയും അവയുടെ സങ്കരങ്ങളെയും ദ്രവിപ്പിക്കുന്നു. പേപ്പർ, ആസ്ബസ്റ്റോസ്, നൈലോണ്‍, തുകൽ എന്നിവയുടെ ജീർണനം - മാർബിൾ നിർമിത വസ്തുക്കളെ ദ്രവിപ്പിക്കുകയും അവയുടെ നിറവും തിളക്കവും നശിപ്പിക്കുന്ന ശിലാകുഷ്ഠം.
പി.വി. എൽദോ
ഗവ. വൊക്കേഷണൽ എച്ച്എസ്എസ്, തൊടുപുഴ