വിഭജിച്ചു വാഴുക
വളർന്ന് ശക്തിയാർജിക്കുന്ന ദേശീയപ്രസ്ഥാനത്തെ ചെറുക്കുന്നതിന് വിഭജിച്ചു വാഴുക(Divide and Rule)യെന്ന നയം ബ്രിട്ടീഷ് അധികൃതർ പ്രയോഗിച്ചു.
കോണ്‍ഗ്രസ് വിരുദ്ധപ്രസ്ഥാനം ആരംഭിക്കാൻ സയ്യിദ് അഹമ്മദ്ഖാൻ, രാജാശിവ പ്രസാദ് തുടങ്ങിയ ബ്രിട്ടീഷ് ആനുകൂലികളായ വ്യക്തികളെ ബ്രിട്ടീഷ് അധികാരികൾ പ്രോത്സാഹിപ്പിച്ചു.
ഹിന്ദിയെയും ഉർദുവിനെയും ചൊല്ലിയുള്ള വിവാദം അവർ കൗശലബുദ്ധിയോടെ ചൂഷണം ചെയ്തു.
യാഥാസ്ഥിതികരായ ഹിന്ദുക്കൾ ആരംഭിച്ച ഗോസംരക്ഷണപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചു.
യാഥാസ്ഥിതികരും മിതവാദികളുമായവരോട് കൂടുതൽ സൗഹാർദപരമായ സമീപനം സ്വീകരിച്ച് കോണ്‍ഗ്രസിനെ പിളർക്കാൻ ശ്രമിച്ചു.
ഓൾ ഇന്ത്യ മുസ്ലീംലീഗ്
ദേശീയതയുടെ വളർച്ചയോടൊപ്പം 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാമുദായികസ്പർധ പ്രത്യക്ഷപ്പെടുകയും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യത്തിനും ദേശീയ പ്രസ്ഥാനത്തിനും ഏറ്റവും വലിയ ഭീക്ഷണി ഉയർത്തുകയും ചെയ്തു. രാജ്യത്ത് ഐക്യത്തോടെയുള്ള ഒരു ദേശീയാവബോധത്തിന്റെ വളർച്ച തടയുന്നതിന് വിഭജിച്ച് ഭരിക്കുക എന്ന നയം കുറെകൂടി സജീവമായി പിന്തുടരുന്നതിനും മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്നതിനും ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചു.
ഈ ഉദ്ദേശ്യത്തോടെ മുസ്ലിംകളുടെ രക്ഷകരായി ചമയാനും തങ്ങളുടെ ഭാഗത്തേക്ക് മുസ്ലിംകളായ ജമീന്ദാർമാർ, ഭൂപ്രഭുക്കൾ, പുതുതായി വിദ്യാഭ്യാസം നേടിയവർ എന്നിവരെ ആകർഷിക്കാനും ബ്രിട്ടീഷ് ഭരണാധികാരികൾ തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ധാക്കയിലെ നവാബ് ആഗാഖാൻ, നവാബ് മൊഹ്സിനുൾമുൽക്ക് എന്നിവരുടെ നേതൃത്വത്തിൽ 1906ൽ ഓൾ ഇന്ത്യാ മുസ്ലിം ലീഗ്, ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പിന്തുണയോടെ സ്ഥാപിതമായി. ഒരു വിധേയത്വ, സാമുദായിക, യാഥാസ്ഥിതിക, രാഷ്ട്രീയ സംഘടന എന്ന നിലയിൽ മുസ്ലിം ലീഗ് സാമ്രാജ്യത്വത്തെ വിമർശിക്കാതിരിക്കുകയും, ഗവണ്മെന്റ് ഉദ്യോഗങ്ങളിൽ മുസ്ലിംകൾക്ക് പ്രത്യേക പരിരക്ഷ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവർത്തിച്ച ലീഗ് കാലക്രമത്തിൽ പ്രത്യേക നിയോജകമണ്ഡലങ്ങൾക്കുവേണ്ടി വാദിച്ചു. അധികാരക്കൈമാറ്റ ഘട്ടത്തിൽ (1947) മുസ്ലിം ലീഗ്, പാക്കിസ്ഥാൻ എന്ന ലക്ഷ്യം നേടി.
ബംഗാൾ വിഭജനവും വിഭജന വിരുദ്ധ പ്രസ്ഥാനവും
കഴ്സണ് പ്രഭു ഇന്ത്യയുടെ വൈസ്രോയിയായി രംഗപ്രവേശം ചെയ്തപ്പോൾ പ്രാദേശികഭരണം വിദ്യാഭ്യാസ സ്വയംഭരണാവകാശം, പത്രസ്വാതന്ത്ര്യം തുടങ്ങിയ ഇന്ത്യക്കാരുടെ ചിരകാലാഭിലാഷങ്ങൾക്ക് നേരേ ആക്രമണം തുടങ്ങി. അതിലൊരു നടപടിയായിരുന്നു ബംഗാൾ വിഭജനം (1905). അതിവിപുലമായ ഒരു പ്രവിശ്യയ്ക്കു കൂടുതൽ നല്ലഭരണം ഉറപ്പുവരുത്തുകയായിരുന്നു ഇതിന്റെ പ്രഖ്യാപിതലക്ഷ്യം. പക്ഷേ, യഥാർഥത്തിൽ വിപ്ലവവാദികളായ ബംഗാളി ദേശീയ പ്രവർത്തകർക്ക് കടിഞ്ഞാണിടുകയെന്നതായിരുന്നു ഇതിന്റെ ഉന്നം. കൽക്കട്ടയുടെ ഹാനികരമായ സ്വാധീനവലയത്തിൽനിന്ന് കിഴക്കൻ ജില്ലകളെ വിമുക്തമാക്കുന്നതും, മുസ്ലിംകൾക്ക് കൂടുതൽ നീതി നല്‍കുന്നതും ഇതിന്റെ ഗൂഢലക്ഷ്യമായി വ്യാഖ്യാനിക്കുന്നു. 1905 ജൂലൈയിൽ കഴ്സണ് പദ്ധതി പ്രഖ്യാപിച്ചു. വ്യാപകമായി പ്രതിഷേധ ശബ്ദമുയർന്നു. വികടമായ പദ്ധതിയെന്ന് കോണ്‍ഗ്രസ് ഇതിനെ വിശേഷിപ്പിച്ചു. ബംഗാളിലെ എല്ലാ ജനവിഭാഗവും ദേശീയനേതൃത്വത്തോടൊപ്പം ചേർന്ന് വിഭജന വിരുദ്ധ പ്രസ്ഥാനം പടുത്തുയർത്തി. സുരേന്ദ്രനാഥ് ബാനർജി, ബിപിൻ ചന്ദ്രപാൽ, അശ്വിനികുമാർ ദത്ത്, അരവിന്ദ്ഘോഷ് എന്നിവർ ഈ പ്രസ്ഥാനത്തിന് ചുക്കാൻ പിടിച്ചു.
1905 ഓഗസ്റ്റ് ഏഴിന് കൽക്കട്ട ടൗണ്‍ഹാളിൽ ചേർന്ന വന്പിച്ച യോഗം താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.
ബ്രിട്ടീഷ് ചരക്കുകൾ ബഹിഷ്കരിക്കുക.
വിഭജനം പ്രാബല്യത്തിൽ വന്ന ഒക്ടോബർ 16 ദേശീയ ദുഃഖാചരണദിനമായി ഹർത്താൽ ആചരിക്കുക.
ജനങ്ങൾ ഉപവാസമനുഷ്ഠിക്കുക.
സർവ ബംഗാളികളുടെയും സാഹോദര്യത്തിന്റെ പ്രതീകമായി ഹിന്ദുക്കളും മുസ്ലിംകളും കൈത്തണ്ടകളിൽ പരസ്പരം രാഖി കെട്ടുക.
രവീന്ദ്രനാഥടാഗോറിന്റെ സ്വദേശീഗീതങ്ങളിൽ ജനങ്ങളുടെ അമർഷവും വേദനയും അലയടിച്ചുയർന്നു.
വിഭജന വിരുദ്ധപ്രക്ഷോഭം അങ്ങിങ്ങ് ചിതറികിടന്ന ചകിതചിത്തരായ ശക്തികളെ അരക്കിട്ടുറപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തുകൊണ്ട് സ്വദേശിപ്രസ്ഥാനമായി വളർന്നു. സ്വദേശിപ്രസ്ഥാനം ജാതിഭേദം കൂടാതെ പുതിയ ജനവിഭാഗങ്ങളെ രാഷ്ട്രീയത്തിലേക്ക് ആനയിച്ചു. സ്വദേശിപ്രസ്ഥാനത്തിന്റെ പ്രക്ഷോഭത്തിന്റെ ഭാഗമായി...
ബ്രിട്ടീഷ് വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ വച്ച് കത്തിച്ചു.
ബ്രിട്ടീഷ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ ഉപരോധിച്ചു.
സ്വദേശി സാധന സാമഗ്രികളുടെ നിർമാണത്തിനും വില്പനയ്ക്കും ഉൗർജിതമായ യത്നങ്ങൾ നടന്നു.
മറുനാടൻ പഞ്ചസാര ഉപയോഗിക്കില്ലെന്ന് ബേക്കറി ഉടമകൾ പ്രതിജ്ഞയെടുത്തു. വിദേശ വസ്ത്രങ്ങൾ ഉപയോഗിച്ച് പൂജ നടത്തില്ലെന്ന് പുരോഹിതർ പ്രതിജ്ഞയെടുത്തു.
വിദേശത്തുനിന്നുള്ള വളകളും കണ്ണാടിപ്പാത്രങ്ങളും വർജിക്കാൻ വനിതകളും തീരുമാനിച്ചു.
സ്വദേശി പ്രസ്ഥാനത്തിന്റെ സൃഷ്ടിപരമായ പരിണിതഫലം
കുടിൽവ്യവസായങ്ങൾ, വൻകിടവ്യവസായങ്ങൾ തുടങ്ങിയവ ആരംഭിക്കാൻ ഇന്ത്യക്കാർക്ക് ഉത്തേജനം നല്കി.
സ്വദേശി തുണിമില്ലുകളും തീപ്പെട്ടിക്കന്പനികളും സോപ്പുഫാക്ടറികളും കളിമണ്‍പാത്ര ഫാക്ടറികളും തുകൽ സംസ്കരണശാലകളും നാടെങ്ങും പൊന്തിവന്നു.
സ്വദേശിപ്രസ്ഥാനത്തിലൂടെ, മാഞ്ചസ്റ്ററിന്റെ മേൽ സാന്പത്തികസമ്മർദം ചെലുത്തുമെന്നും, സാമ്രാജ്യത്വത്തിനെതിരേ രാഷ്ട്രീയ പ്രക്ഷോഭം നടത്താനുള്ള ഒരു ആയുധമായിത്തീരുമെന്നും, സ്വരാജ് നേടിയെടുക്കുന്നതിനുവേണ്ടി സ്വയം പര്യാപ്തതയിൽ പരിശീലനം നല്‍കുമെന്ന് വിശ്വസിച്ചും സ്വദേശിപ്രസ്ഥാനം ജാതിമതഭേദം കൂടാതെ പുതിയ ജനവിഭാഗങ്ങളെ രാഷ്ട്രീയത്തിലേക്ക് ആനയിച്ചു. അഭിപ്രായങ്ങൾ തുറന്നുപറയാൻ പത്രങ്ങളെയും അനീതിയെ എതിർക്കാൻ വിദ്യാർഥികളെയും പരസ്പരം സഹകരിക്കാൻ ഹിന്ദു-മുസ്ലിംകളേയും പഠിപ്പിച്ചു. ബംഗാൾ വിഭജനാനന്തരം ഉയർന്നുവന്ന രാഷ്ട്രീയ പ്രക്ഷോഭം ക്രമേണ വിപ്ലവ സ്വഭാവം കൈക്കൊണ്ടു. ഗവണ്മെന്റ് നടപ്പിലാക്കിയ ശിക്ഷാമുറകൾക്കൊന്നും ഇന്ത്യയിൽ പടർന്നുപിടിച്ച ബ്രിട്ടീഷ് വിരുദ്ധ വികാരത്തെ അടിച്ചമർത്താനായില്ല. 1911 ഡിസംബറിൽ ചേർന്ന ദർബാറിൽ ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമൻ ബംഗാൾ വിഭജനം റദ്ദാക്കിയതായി പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിൽ ഭിന്നിപ്പ്
ബംഗാളിന്റെ വിഭജനത്തിനെതിരായ പ്രക്ഷോഭം മിതവാദികളും തീവ്രവാദികളുമായ ദേശീയ പ്രവർത്തകർക്കിടയിൽ പൊതുതർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയാക്കി. ബഹിഷ്കരണപ്രസ്ഥാനവും സ്വദേശി പ്രസ്ഥാനവും ബംഗാളിൽനിന്ന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് തീവ്രവാദികളും, എന്നാൽ ഇത് ബംഗാളിൽ മാത്രം പരിമിതപ്പെടുത്തണമെന്ന് മിതവാദികളും ആഗ്രഹിച്ചു.
1907 ഡിസംബർ 26 സൂറത്ത് സമ്മേളനത്തിന്, സ്വദേശി, ബഹിഷ്കരണം, ദേശീയ വിദ്യാഭ്യാസം, സ്വയംഭരണം എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കണമെന്നും ബ്രിട്ടീഷ് ധിക്കാരികൾക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കണമെന്നും കോണ്‍ഗ്രസിലെ തീവ്രപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. മിതവാദികളും തീവ്രവാദികളും തമ്മിലുണ്ടായ തർക്കം കാരണം സമ്മേളനം അലസിപ്പിരിഞ്ഞു.
തീവ്രവാദികൾ അരവിന്ദഘോഷിന്റെ അധ്യക്ഷതയിൽ (ബാലഗംഗാധരതിലകൻ, വിപിൻചന്ദ്രപാൽ, ലാലാലജ്പത്റായ്) അവിടെ തന്നെ യോഗം ചേർന്ന് പുതിയ കക്ഷി രൂപവത്കരിച്ചു. നിരന്തരമായ ബഹിഷ്കരണം, സുസ്ഥിരമായ സ്വദേശി, ഉഗ്രമായ പ്രക്ഷോഭം എന്നതായിരുന്നു തീവ്രവാദികളുടെ മുദ്രാവാക്യം. മിതവാദികൾ ഡിസംബർ 28ന് അതേ സമ്മേളനപ്പന്തലിൽ തന്നെ ഡോ. റാഷ് ബിഹാരി ഘോഷിന്റെ അധ്യക്ഷതയിൽ (സുരേന്ദ്രനാഥബാനർജി, ഫിറോസ്ഷാമേത്ത, ഗോഖലെ) യോഗം ചേർന്ന് കോണ്‍ഗ്രസിന് ഒരു പുതിയ ഭരണഘടനയുണ്ടാക്കാൻ പൂർണാധികാരമുള്ള ഒരു കമ്മിറ്റിയെ നിയോഗിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ തുല്യാവകാശമുളള ഒരംഗമായി ഇരിക്കുന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അതിനായി വ്യവസ്ഥാപിതമാർഗങ്ങളിലൂടെ ഭരണപരിഷ്കാരങ്ങൾ നടത്തണമെന്നുമായിരുന്നു മിതവാദികളുടെ സിദ്ധാന്തം.
ഒന്നാം ലോകമഹായുദ്ധവും ഇന്ത്യൻ സ്വാതന്ത്ര്യസമരവും
ദേശീയ ഗവണ്മെന്റ് വിരുദ്ധവികാരങ്ങളുടെ വേലിയേറ്റത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ഗവണ്മെന്റ് സാമാധാനഭേദദണ്ഡന മുറകൾ പിൻതുടരാൻ തീരുമാനിച്ചു. ആനുകൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു 1917 ഓഗസ്റ്റ് 20ന് പ്രഖ്യാപിച്ച മോണ്ടേഗു-ചെംസ്ഫോഡ് പരിഷ്കാരം. ഒൗദ്യോഗിക പരിഷ്കാരങ്ങൾകൊണ്ട് തൃപ്തിപ്പെടാതിരുന്ന ദേശീയ പ്രവർത്തകരെ അടിച്ചമർത്താൻ കൊണ്ടുവന്നതാണ് 1919 മാർച്ചിൽ പാസാക്കിയ റൗലറ്റ് നിയമം. ഒരു നിയമകോടതിയിൽ വിചാരണയോ വിധിയോ കൂടാതെ ഏതു വ്യക്തിയെയും തടവിലാക്കാൻ ഈ നിയമം ഗവണ്മെന്റിനെ അധികാരപ്പെടുത്തി.
ഗാന്ധിജി ഇന്ത്യയിലേക്ക്
മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചത് 1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ. ബ്രിട്ടനിൽ നിയമവിദ്യാഭ്യാസം പൂർത്തിയാക്കി വക്കീലാകാൻ ദക്ഷിണാഫ്രിക്കയിലേക്കു പോയി. 1893 മുതൽ 1914 വരെ ദക്ഷിണാഫ്രിക്കയിലെ വംശീയ അധികാരികൾക്കെതിരേ ധീരോദാത്തമായ പോരാട്ടത്തിൽ ഏർപ്പെട്ടും വർഗീയതയ്ക്കെതിരെയുള്ള ദക്ഷിണാഫ്രിക്കയിലെ സമരത്തിനിടയ്ക്ക് സത്യവും അഹിംസയും ആധാരമാക്കി സത്യഗ്രഹമെന്ന കർമസിദ്ധാന്തം വികസിപ്പിച്ചു. 1915ൽ നാൽപ്പത്തിയാറാമത്തെ വയസിൽ ഇന്ത്യയിലേക്കു മടങ്ങി. ഇന്ത്യയുടെ അവസ്ഥയെയും ജനങ്ങളെയും മനസിലാക്കി ഇന്ത്യ ആകമാനം യാത്ര ചെയ്തുകൊണ്ട് ഒരു വർഷം അദ്ദേഹം ചെലവഴിച്ചു. എന്നിട്ട്, 1916ൽ അഹമ്മദാബാദിൽ സബർമതി ആശ്രമം സ്ഥാപിച്ചു.
ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യസത്യഗ്രഹ പരീക്ഷണം ബിഹാറിലെ ചന്പാരണ് ജില്ലയിലായിരുന്നു. ഇവിടത്തെ നീലത്തോട്ടങ്ങളിലെ കർഷകരെ യൂറോപ്പുകാരായ തോട്ടമുടമകൾ ഏറെ ദ്രോഹിച്ചതിനെതിരേയായിരുന്നു ആ സമരം. 1917ൽ അദ്ദേഹം ചന്പാരനിലെത്തി കർഷകരുടെ അവസ്ഥയെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി. കോപാകുലരായ ജില്ലാ ഉദ്യോഗസ്ഥർ ചന്പാരൻ വിട്ടുപോകാൻ ഗാന്ധിജിയോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ കല്പന ധിക്കരിക്കുകയും വിചാരണയും തടവുശിക്ഷയും നേരിടാൻ തയാറാവുകയും ചെയ്തു. തുടർന്ന് പ്രക്ഷോഭത്തിന്റെ സമ്മർദത്താൽ ഗാന്ധിജി അംഗമായ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാൻ ഗവണ്മെന്റ് നിർബന്ധിതമായി. ഇത് കർഷകർ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതങ്ങൾ കുറയ്ക്കാൻ ഇടയാക്കി.
1918ൽ അഹമ്മദാബാദിലെ മില്ലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കത്തിൽ ഗാന്ധിജി ഇടപെട്ടു. വേതനവർധന അനുവദിക്കാൻ വിസമ്മതിച്ച മില്ലുടമകൾക്കെതിരായി, ഗാന്ധിജിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്കി. തൊഴിലാളികൾക്ക് പ്രചോദനമേകാനായി ഗാന്ധിജി ഉപവാസമനുഷ്ഠിച്ചു. പ്രത്യാഘാതങ്ങൾ ഭയന്ന് നാലാംപക്കം മില്ലുടമകൾ സമ്മതിക്കുകയും 35 ശതമാനം വേതനവർധന അനുവദിക്കുകയും ചെയ്തു.
1918ൽ ഗുജറാത്തിലെ ഖേഡ ജില്ലയിൽ വിള നശിച്ചു. എന്നാൽ, ഭൂനികുതിയിളവ് അനുവദിക്കാതെ മുഴുവൻ തുകയും അടയ്ക്കാൻ ഗവണ്മെന്റ് കർഷകരെ നിർബന്ധിച്ചു. നികുതിയിളവ് അനുവദിക്കുന്നതുവരെ നികുതി അടയ്ക്കുന്നത് നിർത്തിവയ്ക്കാൻ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തു. അവസാനം ഗവണ്മെന്റ് മുട്ടുമടക്കി കർഷകരുമായി ഒരൊത്തുതീർപ്പുണ്ടാക്കാൻ നിർബന്ധിതമായി.
സത്യഗ്രഹ മാർഗത്തിലെ ഈ പ്രാരംഭപരീക്ഷണങ്ങൾ ഗാന്ധിജിക്കു ബഹുജനങ്ങളുമായി ഗ്രാമപ്രദേശങ്ങളിൽ കർഷകരും, നഗരങ്ങളിൽ തൊഴിലാളികളുമായി ഉറ്റസന്പർക്കത്തിന് വഴിതെളിച്ചു. ഇതോടെ ബഹുജനങ്ങൾ ദേശീയ പ്രസ്ഥാനത്തിലെ സജീവപങ്കാളികളായിത്തീർന്നു. ഗ്രാമീണ ജനതയുമായി പൂർണമായും നിരുപാധികമായും താദാത്മ്യം പ്രാപിച്ച ഏകനേതാവ് ഒരുപക്ഷേ ഗാന്ധിജിയായിരിക്കും. അവർക്ക് അനായാസം മനസിലാകുന്ന ഒരു ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്. ഹിന്ദു-മുസ്ലിം ഐക്യം, അയിത്തോച്ചാടനം, സ്ത്രീകൾക്ക് കൂടുതൽ ഉയർന്ന പദവി എന്നിവ അദ്ദേഹത്തിന് പ്രിയങ്കരമായിരുന്ന ആദർശങ്ങളായിരുന്നു.
ഗാന്ധിജി ദേശീയസമരത്തിലേക്ക്
1919ൽ സർ സിഡ്നി റൗലറ്റ് അധ്യക്ഷനായ കമ്മിറ്റിയുടെ ശിപാർശപ്രകാരം ബ്രിട്ടീഷ് പാർലമെന്റ് റൗലറ്റ് നിയമം പാസാക്കി. ഈ നിയമംമൂലം ഭീകരവാദ പ്രവർത്തനങ്ങൾ തടയാനെന്ന പേരിൽ പൗരാവകാശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഇതുമൂലം ഏതൊരാളെയും അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാമായിരുന്നു. ഇന്ത്യക്കാർ ഒറ്റശബ്ദത്തിൽ എതിർത്തു. ഗാന്ധിജിയുടെ ക്ഷമ അസ്തമിച്ചു. സത്യഗ്രഹം കൊണ്ട് അതിനെ എതിർക്കാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം ഒരു സത്യഗ്രഹസഭ ആരംഭിക്കുകയും 1919 ഏപ്രിൽ ആറിന് രാജ്യത്തുടനീളം പൊതുഹർത്താലിനും നിയമലംഘന പ്രസ്ഥാനത്തിനും ആഹ്വാനം നല്കി. ഹർത്താൽ വന്പിച്ച വിജയമായിരുന്നു. നിരവധി സ്ഥലങ്ങളിൽ കലാപങ്ങളുണ്ടായി. ഹർത്താലുകളും സമരങ്ങളും ജാഥകളും പ്രകടനങ്ങളുമുണ്ടായി. ഹിന്ദു-മുസ്ലിം ഐക്യവിളികൾകൊണ്ട് അന്തരീക്ഷം നിറഞ്ഞു.
ഖിലാഫത്ത്, നിസഹകരണപ്രസ്ഥാനം
ഒട്ടോമാൻ (തുർക്കി) സാമ്രാജ്യത്തിനെ ബ്രിട്ടനും സഖ്യകക്ഷികളും അധിക്ഷേപിക്കുകയും വിഭജിക്കുകയും തുർക്കിരാജ്യത്തിൽനിന്ന് ത്രേസിനെ അടർത്തിമാറ്റുകയും ചെയ്തത് രാഷ്ട്രീയബോധമുള്ള മുസ്ലിംകൾക്കിടയിൽ അസ്വസ്ഥത ഉളവാക്കി. ലോകമെന്പാടും പ്രതിഷേധങ്ങൾ ഉയർന്നു. കാരണം തുർക്കി സുൽത്താനെ മുസ്ലിംകളുടെ ആത്മീയനേതാവായ ഖലീഫ എന്ന നിലയിലാണ് അനേകർ കണക്കാക്കിയിരുന്നത്. ഈ പ്രതിഷേധത്തിന്റെ ഭാഗമായി താമസിയാതെ ഇന്ത്യയിൽ ഒരു ഖിലാഫത്ത് കമ്മിറ്റി അലി സഹോദരന്മാരുടെ (മുഹമ്മദലി, ഷൗക്കത്തലി) നേതൃത്വത്തിൽ രൂപീകരിക്കുയും ദേശവ്യാപകമായ ഒരു പ്രക്ഷോഭണം സംഘടിപ്പിക്കുകയും ചെയ്തു.
1919 നവംബറിൽ ഡൽഹിയിൽ ചേർന്ന ഓൾ ഇന്ത്യ ഖിലാഫത്ത് കോണ്‍ഫറൻസ് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഗവണ്മെന്റിനുള്ള എല്ലാ സഹകരണവും പിൻവലിക്കണമെന്ന് തീരുമാനമെടുത്തു. മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയനേതാക്കൾ, ഹിന്ദു-മുസ്ലിം ഐക്യം ഉറപ്പിക്കാനുള്ള സുവർണാവസരമായി ഇതിനെ കണ്ടു. 1920 സെപ്റ്റംബറിൽ കൽക്കട്ടയിൽ ചേർന്ന കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനത്തിൽ, പഞ്ചാബിലെയും ഖിലാഫത്തിന്റെയും ആക്രമണങ്ങൾ ഇല്ലാതാക്കുകയും സ്വരാജ് സ്ഥാപിക്കുകയും ചെയ്യുന്നതുവരെ ഗവണ്മെന്റിനോട് നിസഹകരിക്കാനുള്ള ഗാന്ധിജിയുടെ പദ്ധതിയെ കോണ്‍ഗ്രസ് പിന്തുണച്ചു. നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി
ഗവണ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമകോടതികളും നിയമനിർമാണ സഭകളും ബഹിഷ്കരിക്കുക.
വിദേശവസ്ത്രങ്ങൾ ഉപേക്ഷിക്കുക.
ഒൗദ്യോഗികമായി ലഭിച്ച സ്ഥാനങ്ങളും ബഹുമതികളും തിരികെ സമർപ്പിക്കുക.
ഖാദിനിർമാണത്തിന് കൈകൊണ്ട് നൂൽ നൂൽക്കാനും കൈത്തറിയിൽ വസ്ത്രം നെയ്യാനും ജനങ്ങളോട് ആവശ്യപ്പെട്ടു.
ഗവണ്മെന്റ് ഉദ്യോഗങ്ങളിൽനിന്ന് രാജി വയ്ക്കുക.
നികുതി അടയ്ക്കാൻ വിസമ്മതിക്കുക.
ഇതോടെ വിദേശ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യത്തിനായുള്ള ദേശീയ പോരാട്ടത്തിൽ ബഹുജനങ്ങളുടെ സംഘാടകനും നേതാവുമായി കോണ്‍ഗ്രസ് മാറി.
ഹിന്ദുക്കളും മുസ്ലിംകളും തോളോടുതോൾ ചേർന്നുനിന്ന് മുന്നോട്ട് നീങ്ങി.
ആയിരക്കണക്കിന് വിദ്യാർഥികൾ സ്കൂളുകളും കോളജുകളും ഉപേക്ഷിച്ചു.
നിരവധി വക്കീലന്മാർ തങ്ങളുടെ ലാഭകരമായ നിയമവൃത്തി ഉപേക്ഷിച്ചു.
വിദേശവസ്ത്രബഹിഷ്കരണം ഒരു വലിയ പ്രസ്ഥാനമായി.
ഖാദി സ്വാതന്ത്ര്യത്തിന്റെ ചിഹ്നമായി മാറി.
ഖാദി, അയിത്തോച്ചാടനം, മദ്യ നിരോധനം, ദേശീയ വിദ്യാഭ്യാസം തുടങ്ങിയ ക്രിയാത്മക മേഖലകളിലേക്ക് പാർട്ടി അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു.
അലിഗഡിലെ ജാമിയ മില്ലിയ ഇസ്ലാമിയ, ബിഹാർ വിദ്യാപീഠ്, കാശിവിദ്യാപീഠ്, ഗുജറാത്ത് വിദ്യാപീഠ് പോലുള്ള ദേശീയ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു.
ഗവണ്മെന്റ് വീണ്ടും അടിച്ചമർത്തലിലേക്ക് തിരിഞ്ഞു. കോണ്‍ഗ്രസ് ഖിലാഫത്ത് സന്നദ്ധ സേവകരുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഗാന്ധിജി ഒഴികെ പ്രധാനപ്പെട്ട ദേശീയ നേതാക്കൾ എല്ലാവരും അഴികൾക്കു പിറകിലായി. കൂടുതൽ പോരാട്ടത്തിനുള്ള ആഹ്വാനത്തിനായി ജനങ്ങൾ അക്ഷമരായി കാത്തിരുന്നു. മുന്‍പെങ്ങും കേട്ടറിഞ്ഞിട്ടുകൂടിയില്ലാത്ത രീതിയിൽ ആവേശത്തിന്റെ അലകൾ നാട്ടിലെങ്ങും തിരയടിച്ചുയർന്നു.
ഈ സമരവീര്യം വേഗത്തിൽ ശാന്തതയായിമാറി. ഫെബ്രുവരി അഞ്ചിന് ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ഒരു ഗ്രാമമായ ചൗരിചൗരയിൽ 3000 കർഷകർ അടങ്ങുന്ന ഒരു കോണ്‍ഗ്രസ് ജാഥയ്ക്കുനേരേ പോലീസ് വെടിവച്ചു. കോപാകുലരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും തീവയ്ക്കുകയും 22 പോലീസുകാരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് ഗാന്ധിജി 1922 ഫെബ്രുവരി 12ന് ഗുജറാത്തിലെ ബർദോലിയിൽ കോണ്‍ഗ്രസ് പ്രവർത്തകസമിതി വിളിച്ച് ചേർത്ത് നിയമലംഘനത്തിലേക്ക് നയിച്ചേക്കാവുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. താമസിയാതെ ഖിലാഫത്ത് പ്രശ്നത്തിന്റെയും പ്രാധാന്യം നഷ്ടപ്പെട്ടു. തുർക്കിയിലെ ജനങ്ങൾ മുസ്തഫ കമാൽപാഷയുടെ നേതൃത്വത്തിൽ കലാപമുയർത്തുകയും 1922 നവംബറിൽ സുൽത്താന്റെ രാഷ്ട്രീയാധികാരം ഇല്ലാതാക്കുകയും രാജ്യത്തെ മതനിരപേക്ഷരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
റൗലറ്റ് നിയമം
ദേശീയ ഗവണ്മെന്റ് വിരുദ്ധവികാരങ്ങളുടെ വേലിയേറ്റത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ഗവണ്മെന്റ് സാമാധാനഭേദദണ്ഡന മുറകൾ പിൻതുടരാൻ തീരുമാനിച്ചു. ആനുകൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു 1917 ഓഗസ്റ്റ് 20ന് പ്രഖ്യാപിച്ച മോണ്ടേഗു-ചെംസ്ഫോഡ് പരിഷ്കാരം. ഒൗദ്യോഗിക പരിഷ്കാരങ്ങൾകൊണ്ട് തൃപ്തിപ്പെടാതിരുന്ന ദേശീയ പ്രവർത്തകരെ അടിച്ചമർത്താൻ കൊണ്ടുവന്നതാണ് 1919 മാർച്ചിൽ പാസാക്കിയ റൗലറ്റ് നിയമം. ഒരു നിയമകോടതിയിൽ വിചാരണയോ വിധിയോ കൂടാതെ ഏതു വ്യക്തിയെയും തടവിലാക്കാൻ ഈ നിയമം ഗവണ്മെന്റിനെ അധികാരപ്പെടുത്തി.
സ്വരാജ് പാർട്ടി
നിസഹകരണപ്രസ്ഥാനം പിൻവലിച്ചത് സർവവ്യാപകമായ നൈരാശ്യത്തിന് ഇടനല്കി. ദേശീയ നേതാക്കൾ തമ്മിൽ ഗൗരവമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. 1922 ഡിസംബറിൽ ഗയാന കോണ്‍ഗ്രസിൽ സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു, വിത്തൽഭായ് പട്ടേൽ, മാളവ്യാ, ജയകർ എന്നിവർ നിയമനിർമാണ സഭകൾ ബഹിഷ്കരിക്കുന്നതിനു പകരം നിസഹകരണം കൗണ്സിലുകളിലേക്ക് വ്യാപിപ്പിക്കണമെന്ന് നിർദേശിച്ചു. കോണ്‍ഗ്രസിൽ ഭൂരിപക്ഷം ഈ അഭിപ്രായത്തെ അംഗീകരിക്കാത്തതിനെത്തുടർന്ന് സി.ആർ. ദാസ് അധ്യക്ഷനായും, മോത്തിലാൽ നെഹ്റു കാര്യദർശിയുമായി കോണ്‍ഗ്രസിനുള്ളിൽ തന്നെ കോണ്‍ഗ്രസ് ഖിലാഫത്ത് സ്വരാജ് പാർട്ടി, ഒരു പാർട്ടി ആയി രൂപീകരിക്കപ്പെട്ടു.
അക്രമരാഹിത്യം, നിസഹകരണം തുടങ്ങിയ മൗലിക, ദർശനങ്ങൾ പുതിയ പാർട്ടി ഉയർത്തി പിടിച്ചു. ഒരു ഭരണഘടനയ്ക്ക് രൂപം നല്‍കാനുള്ള അവകാശം ആവശ്യപ്പെടാൻ പാർട്ടി തീരുമാനിച്ചു. 1923ലെ തെരഞ്ഞെടുപ്പിൽ ലിബറൽ കക്ഷിക്കാരെ തറ പറ്റിച്ചു. വിവിധ പ്രവിശ്യകളിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. സ്വയംഭരണം, പൗരസ്വാതന്ത്ര്യം, വ്യവസായ വികസനം എന്നീ പ്രശ്നങ്ങളിൽ ശക്തമായ പ്രസംഗങ്ങളിലൂടെ അവർ പ്രക്ഷോഭം നടത്തി.
വേറിട്ട പാതകൾ
20-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ മാർക്സിസവും സോഷ്യലിസ്റ്റ് ആശയങ്ങളും അതിവേഗം പ്രചരിച്ചതിന്റെ പ്രതിഫലനം ദേശീയ സ്വാതന്ത്ര്യസമരത്തിനു വേറിട്ട പാതകൾ ആവിർഭവിക്കാൻ ഇടയാക്കി. ജവഹർലാൽ നെഹ്റുവിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും നേതൃത്വത്തിൽ കോൺഗ്രസിൽ പുതിയ ഇടതുപക്ഷം ഉയർന്നുവന്നു. ഇന്ത്യൻ യുവത്വം കർമനിരതമായി. രാജ്യം അനുഭവിക്കുന്ന രാഷ്ട്രീയ, സാന്പത്തിക, സാമൂഹിക അസ്വസ്ഥതകൾക്ക് വിപ്ലവകരമായ പരിഹാരങ്ങൾ നിർദേശിച്ചു. രാജ്യത്ത് സോഷ്യലിസ്റ്റ് സംഘങ്ങളും കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി. 1925ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നു. ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വളർച്ചയുണ്ടായി. നിരവധി തൊഴിലാളി സമരങ്ങൾക്ക് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.
നിരവധി വിപ്ലവപ്രസ്ഥാനങ്ങളുടെ പുനരുജ്ജീവനം ഈ കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു.1924 ഒക്ടോബറിൽ സ്ഥാപിതമായ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ ഇതിനൊരു ഉദാഹരണമാണ്. 1928ൽ ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ഈ സംഘടന ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്നായിമാറി. 1925ലെ കാക്കോരി ഗൂഢാലോചന കേസ്, 1928ലെ സൗണ്ടേഴ്സ് എന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം, 1929ലെ കേന്ദ്ര ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കുള്ള ബോംബേറ്, 1930ലെ ചിറ്റഗോംഗ് ഗവണ്മെന്റ് ആയുധപ്പുര ആക്രമണം തുടങ്ങി നിരവധി സംഭവങ്ങൾ വിപ്ലവകാരികളുടെ കിരീടത്തിലെ തൂവലുകളാണ്. ഗവണ്മെന്റ് ആഞ്ഞടിച്ചു. അനേകം പേർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 1931 മാർച്ച് 23ന് ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെ തൂക്കിലേറ്റി. ഇങ്ങനെ ഇരുപതുകളുടെ അവസാനത്തോടെ പുതിയ രാഷ്ട്രീയ സാഹചര്യം വേറിട്ട പാത ഉയർന്നുവരാൻ തുടങ്ങി.
സൈമണ്‍ കമ്മീഷൻ - പുതിയ ഘട്ടത്തിന്റെ തുടക്കം
ബ്രിട്ടീഷ് ഗവണ്മെന്റ് 1919ലെ മൊണ്ടേഗു-ചെംസ് ഫോർഡ് ഭരണ പരിഷ്കാരങ്ങളെ കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി അഭിഭാഷകനായ സർ ജോണ്‍ സൈമണിന്റെ നേതൃത്വത്തിൽ ഏഴംഗങ്ങളുള്ള ഒരു കമ്മീഷനെ നിയമിച്ചത് ദേശീയ പ്രസ്ഥാനത്തിന്റെ പുതിയ ഘട്ടത്തിന് ഉത്തേജകമായി. ഇന്ത്യക്കാരെ കമ്മീഷനിൽ ഉൾപ്പെടുത്താതിരുന്നതും സ്വയം ഭരണത്തിന് ഇന്ത്യ തയാറാണോ എന്ന് വിദേശികൾ ചർച്ച ചെയ്ത് തീരുമാനിക്കും എന്നതിന്റെ സൂചകമായ ഈ പുറംതള്ളലിന്റെ പിന്നിലെ അടിസ്ഥാനധാരണയും ഇന്ത്യക്കാരെ രോഷാകുലരാക്കി. 1927ലെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ മദ്രാസ് സമ്മേളനത്തിൽ ഈ കമ്മീഷനെ ബഹിഷ്കരിക്കാൻ തീരുമാനമെടുത്തു. മുസ്ലിം ലീഗും ഹിന്ദു മഹാസഭയും കോണ്‍ഗ്രസിന്റെ തീരുമാനത്തെ പിന്തുണച്ചു. കമ്മീഷൻ ബോംബെയിൽ എത്തിച്ചേർന്ന ഫെബ്രുവരി മൂന്നിന് ഒരു അഖിലേന്ത്യാ ഹർത്താൽ സംഘടിപ്പിക്കപ്പെട്ടു. കമ്മീഷൻ പോയിടത്തൊക്കെയും ഹർത്താലുകളും കരിങ്കൊടി പ്രകടനങ്ങളും സൈമണ്‍ മടങ്ങിപ്പോകൂ എന്ന മുദ്രാവാക്യവും അവരെ എതിരേറ്റു. രാജ്യം വീണ്ടും പോരാട്ടലഹരിയിലായി. ദേശീയ ആവേശവും ഐക്യവും പുതിയ ഉയരങ്ങളിൽ എത്തുകയും ചെയ്തു.
മോത്തിലാൽ നെഹ്റു റിപ്പോർട്ട്
ഇന്ത്യയിലെ എല്ലാ പ്രധാന നേതാക്കളും പാർട്ടികളും ചേർന്ന് ഭരണപരിഷ്കാരത്തിന്റെ ഒരു സമാന്തര പദ്ധതിക്കു രൂപം കൊടുത്തുകൊണ്ട് സൈമണ്‍ കമ്മീഷൻ ഉയർത്തിയ വെല്ലുവിളിയെ നേരിടാൻ ശ്രമിച്ചു. പ്രമുഖ രാഷ്ട്രീയ പ്രവർത്തകരുടെ പത്തോളം കോണ്‍ഫറൻസുകളും സംയുക്തയോഗങ്ങളും നടത്തപ്പെട്ടു. അതിന്റെ ആത്യന്തികഫലമായിരുന്നു മോത്തിലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ 1928 ഓഗസ്റ്റിൽ പൂർത്തിയാക്കപ്പെട്ട നെഹ്റു റിപ്പോർട്ട്. ബ്രിട്ടീഷ് ഇന്ത്യയിൽ അക്കാലത്ത് പരമാധികാരമുണ്ടായിരുന്ന നിർവഹണ വിഭാഗത്തിനുമേൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമസഭയ്ക്ക് ആധിപത്യം ഉറപ്പുവരുത്തുന്ന ഒരു ഉത്തരവാദിത്വ ഭരണകൂടമാണ് മോത്തിലാലിന്റെ റിപ്പോർട്ട് വിഭാവനം ചെയ്തിരുന്നത്. 1929ലെ കൽക്കട്ട കോണ്‍ഗ്രസിൽ യുവതലമുറ ഈ റിപ്പോർട്ടിനെ ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിലെ ഡൊമിനിയൻ പദവിയെന്നാണ് വ്യാഖ്യാനിച്ചത്. ഇടതുപക്ഷ യുവജനവിഭാഗത്തിന്റെ പ്രതിനിധികളും കോണ്‍ഗ്രസിന്റെ പൊതുകാര്യദർശികളുമായിരുന്ന ജവഹർലാൽ നെഹ്റുവും, സുഭാഷ് ചന്ദ്രബോസും ഇതിനെ വിമർശിച്ചു. തുടർന്ന് ഈ റിപ്പോർട്ട് പാസാക്കുന്നതിൽ പരാജയപ്പെട്ടു.
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
1919 ഏപ്രിൽ ആറിന് ഗാന്ധിജി ആഹ്വാനം ചെയ്ത ഹർത്താലിനോട് മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത ആവേശത്തോടെ ജനങ്ങൾ പ്രതികരിച്ചു. ബഹുജനപ്രക്ഷോഭണത്തെ അമർച്ച ചെയ്യാൻ ഗവണ്മെന്റ് നിശ്ചയിച്ചു. പഞ്ചാബിൽ ജനകീയ നേതാക്കളായ ഡോ. സൈനുദ്ദീൻ കിച്ച്ലുവിനെയും ഡോ. സത്യപാലിനെയും അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിക്കാൻ 1919 ഏപ്രിൽ 13ന് നിരായുധരായ വലിയ ഒരുജനക്കൂട്ടം അമൃത്സറിലെ (പഞ്ചാബ്) ജാലിയൻവാലാബാഗിൽ ഒന്നിച്ചുകൂടി. അമൃത്സറിലെ മിലിട്ടറി കമാൻഡറായ ജനറൽ ഡയർ, മൂന്നുവശങ്ങളും കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട, ഒരൊറ്റ ബഹിർഗമനമാർഗം മാത്രമുള്ള ജാലിയൻവാലാബാഗ് എന്ന പൂന്തോട്ടത്തെ സൈന്യത്തെക്കൊണ്ട് വളയുകയും പുറത്തേക്കുള്ള വാതിലിൽനിന്നുകൊണ്ട് ആൾകൂട്ടത്തിനുമേൽ തോക്കുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് വെടിവയ്ക്കാൻ ഉത്തരവ് നല്‍കുകയും ചെയ്തു. നിരവധിയാളുകൾ കൊല്ലപ്പെടുകയും മുറിവേൽക്കപ്പെടുകയും ചെയ്തു. കൂട്ടക്കൊലയ്ക്കുശേഷം, പഞ്ചാബിലുടനീളം പട്ടാളനിയമം പ്രഖ്യാപിക്കുകയും ജനങ്ങളെ ഏറ്റവും അപരിഷ്കൃതമായ അതിക്രമങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. പ്രതിഷേധ സൂചകമായി മഹാകവി രവീന്ദ്രനാഥടാഗോർ തനിക്ക് ലഭിച്ച പ്രഭുസ്ഥാനം ഉപേക്ഷിച്ചു. പഞ്ചാബ് ദുരന്തം, ഗാന്ധിജിയെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുന്നണിയിലേക്ക് ആനയിച്ചു. ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിൽ ഗവണ്മെന്റ് രൂപീകരിച്ച ഒൗദ്യോഗിക അന്വേഷണസമിതിയെ കോണ്‍ഗ്രസ് ബഹിഷ്കരിച്ചു.
പൂർണസ്വരാജ്
1929ലെ കോണ്‍ഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ വച്ച് ജവഹർലാൽ നെഹ്റുവിനെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കൂടാതെ വളരെ തന്ത്രപ്രാധാന്യമുള്ള നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടു.
കോണ്‍ഗ്രസിന്റെ ലക്ഷ്യം പൂർണസ്വരാജ് (പൂർണസ്വാതന്ത്ര്യം) ആണെന്നുള്ള തീവ്രവാദനിലപാടെടുത്തു.
1929 ഡിസംബർ 31ന് പുതുതായി അംഗീകരിച്ച സ്വാതന്ത്ര്യത്തിന്റെ ത്രിവർണ പതാക ഉയർത്താനും എല്ലാ വർഷവും ഈ ദിവസം സ്വാതന്ത്ര്യദിനമായി ആഘോഷിക്കാനും തീരുമാനിച്ചു.
ഒരു നിയമലംഘനപ്രസ്ഥാനം ആരംഭിക്കാനും, പോരാട്ട പദ്ധതികൾ തയാറാക്കാനും ഗാന്ധിജിയെ ചുമതലപ്പെടുത്തുകയും കോണ്‍ഗ്രസ് സംഘടനയെ ഗാന്ധിജിയുടെ നിയന്ത്രണത്തിൽ വിട്ടുകൊടുക്കുകയും ചെയ്തു.
രാജ്യത്തെന്പാടും ഒരു പുതിയ പ്രത്യാശ-ഒരു നവോന്മേഷം അലയടിച്ചുയർന്നു. സ്വാതന്ത്ര്യം നേടിയെടുക്കാൻ വേണ്ടി സമരം ചെയ്യാനുള്ള ജനങ്ങളുടെ ദൃഢനിശ്ചയം എങ്ങും മാറ്റൊലികൊണ്ടു.
ഗാന്ധി - ഇർവിൻ ഉടന്പടി
ഫെബ്രുവരി 17-ാം തീയതി മുതൽ മാർച്ച് അഞ്ചു വരെ ഒരു ഒത്തുതീർപ്പിനുവേണ്ടി ഗാന്ധിജി ഡൽഹിയിൽ വൈസ്രോയിയുമായി സംഭാഷണം നടത്തി. ഒന്നാം വട്ടമേശസമ്മേളനത്തിൽ എത്തിച്ചേർന്ന ഒത്തുതീർപ്പുകളുടെ അടിസ്ഥാനത്തിൽ (പ്രതിരോധം, വിദേശകാര്യം, സാന്പത്തികം, ആഭ്യന്തരസമാധാനം എന്നീ നാല് വിഷയങ്ങളിലൊഴികെയുള്ള കാര്യങ്ങളിൽ എക്സിക്യൂട്ടീവിന് നിയമസഭയോട് ഉത്തരവാദിത്വമുള്ളവിധം ഇന്ത്യൻ ഭരണവ്യവസ്ഥ പരിഷ്കരിക്കുന്നതിൽ സർക്കാരിനു വിരോധമില്ല) കോണ്‍ഗ്രസ് ചർച്ചകൾക്ക് സന്നദ്ധമാണെന്ന് ഗാന്ധിജി സമ്മതിച്ചു. നിയമലംഘനപ്രസ്ഥാനത്തിന്റെ ഫലമായി യാതനയനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നല്‍കാമെന്ന ഗവണ്മെന്റിന്റെ ഉറപ്പോടെ നിയമലംഘന പ്രസ്ഥാനം പിൻവലിക്കാമെന്ന് സമ്മതിച്ചു. മാർച്ച് അഞ്ചിന് രണ്ട് ഭാഗക്കാരും കരാറിൽ ഒപ്പിട്ടു. ഇത് ഗാന്ധി-ഇർവിൻ ഉടന്പടിയെന്ന് അറിയപ്പെടുന്നു.
നിയമലംഘന പ്രസ്ഥാനം
കോണ്‍ഗ്രസിന്റെ ലാഹോർ സമ്മേളനതീരുമാനപ്രകാരം 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിച്ചു. ഇന്ത്യയൊട്ടുക്കും ആവുന്നത്ര ജനങ്ങൾ പരസ്യമായി സ്വാതന്ത്ര്യ പ്രതിജ്ഞ എടുത്തു. നിയമലംഘന പ്രസ്ഥാനം തുടങ്ങുന്നതിന് ദിവസമൊന്നും കുറിച്ചിരുന്നില്ല, അതിനൊരു പരിപാടിയും തയാറായിരുന്നില്ല. ഇവ ഗാന്ധിജിയുടെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയായിരുന്നു. നീണ്ട ആലോചനങ്ങൾക്ക് ശേഷം ഗാന്ധിജി ഒരു തീരുമാനത്തിലെത്തി. 1930 മാർച്ച് 12ന് തെരഞ്ഞെടുക്കപ്പെട്ട 78 അനുയായികളുമായി തന്റെ സബർമതി ആശ്രമത്തിൽനിന്നും ഗുജറാത്തിലെ നാട്ടിൻപുറങ്ങളിലൂടെ 375 കിലോമീറ്റർ അകലെയുള്ള ദണ്ഡിയിൽ കാൽനടയായി എത്തുകയും, അവിടെ ഗാന്ധിജിയും അനുയായികളും പരസ്യമായിട്ടെങ്കിലും അനധികൃതമായി, കടലിൽനിന്ന് ഉപ്പ് നിർമിച്ച് നിയമം ലംഘിക്കും. ഗാന്ധിജി തന്റെ വിഖ്യാതമായ ദണ്ഡിയാത്ര ആരംഭിച്ചപ്പോൾ നാടൊട്ടുക്കും അത് ദേശീയ ബോധത്തെ തട്ടിയുണർത്തി. ദണ്ഡിയിലേക്ക് മുന്നേറിയ ആ അഹിംസാ സൈന്യത്തിൽ ചേരാൻ അസംഖ്യം സന്നദ്ധ ഭടന്മാർ അദ്ദേഹത്തിന്റെ കൊടിക്കീഴിൽ അണിനിരന്നു. ഈ പ്രസ്ഥാനം അതിവേഗത്തിൽ വ്യാപിച്ചു.
രാജ്യമെങ്ങും ഉപ്പുനിയമങ്ങൾ ലംഘിച്ചു.
മഹാരാഷ്ട്രയിലും കർണാടകയിലും സെൻട്രൽ പ്രോവിൻസസിലും വനനിയമങ്ങൾ ലംഘിച്ചു.
വടക്ക്-പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ അതിർത്തി ഗാന്ധി ഖാൻ അബ്ദുൾ ഗാഫർഖാന്റെ കീഴിൽ ഖു ദൈ ഖിദ് മത്ഗാർ സമൂഹം (ദൈവത്തിന്റെ സേവകർ) സംഘടിപ്പിക്കപ്പെട്ടു. ചുവന്ന കുപ്പായക്കാർ എന്നാണ് ഇവർ പരക്കെ അറിയപ്പെട്ടത്.
ലക്ഷക്കണക്കിന് സ്ത്രീകൾ വീടുവിട്ട് സത്യഗ്രഹത്തിന് തയ്യാറായി. ഇന്ത്യയിലെന്പാടും ആവേശം അലയടിച്ചുയർന്നു. ഗവണ്മെന്റ് ദാക്ഷിണ്യമില്ലാത്ത അടിച്ചമർത്തലിലൂടെയും ലാത്തിപ്രയോഗങ്ങളിലൂടെയും നിരായുധരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും നേരേ വെടിവയ്ക്കുന്നതിലൂടെയും അതിനെ തകർക്കാൻ ശ്രമിച്ചു. ഗാന്ധിജിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഉൾപ്പെടെ 90,000ലധികം സത്യഗ്രഹികൾ ജയിലിലടക്കപ്പെട്ടു. കോണ്‍ഗ്രസ് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു.
പി.വി. എൽദോ
ഗവ. വൊക്കേഷണൽ എച്ച്എസ്എസ്, തൊടുപുഴ