ഐക്യരാഷ്ട്രസഭയുടെ പിറവി
ഒരു അന്താരാഷ്ട്ര സമാധാനസംഘടന മനുഷ്യരാശിയുടെ മുഴുവൻ ആവശ്യമായിരുന്നു. അത്തരമൊരു സംഘടനയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ രണ്ടാം ലോകമഹായുദ്ധകാലത്തു തന്നെ ആരംഭിച്ചു. ഇതിലാദ്യത്തെ കാൽവയ്പ്പാണ് അറ്റ്ലാന്റിക് ചാർട്ടർ (1941 ഓഗസ്റ്റ് 14). ആ പ്രമാണത്തിൽ ഒപ്പുവച്ച അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്വെൽറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റണ് ചർച്ചിലും ലോകത്തിനു കുറെക്കൂടി നല്ലൊരു ഭാവിക്കുള്ള അടിസ്ഥാനമെന്ന നിലയിൽ തങ്ങളുടെ രാജ്യങ്ങളുടെ ദേശീയ നയങ്ങളിൽ ചില പൊതുതത്വങ്ങൾ ആവിഷ്കരിക്കുന്നതാണെന്ന് പ്രഖ്യാപിച്ചു. ഒരു അന്താരാഷ്ട്ര സമാധാനപാലന സംഘടനയെക്കുറിച്ചുള്ള ആശയം മുന്നോട്ടുവച്ചു. മറ്റു സഖ്യശക്തിരാഷ്ട്രങ്ങളും ഇതിനെ പിന്താങ്ങി.
1942 ജനുവരി ഒന്നിന് പ്രസിഡന്റ് റൂസ്വെൽറ്റ്, പ്രധാനമന്ത്രി ചർച്ചിൽ, മാക്സിം ലിത്വിനോവി (റഷ്യ) ടി.വി. സുങ് (ചൈന) എന്നിവർ ഒപ്പുവച്ച ഐക്യരാഷ്ട്ര പ്രഖ്യാപനം അന്താരാഷ്ട്ര സംഘടനയെന്ന ആശയത്തിന്റെ വികാസത്തിൽ ഒരു സുപ്രധാനഘട്ടത്തെ കുറിക്കുന്നു. എന്നാൽ, ഐക്യരാഷ്ട്ര സംഘടനയുടെ സാമാന്യം വ്യക്തമായ രൂപം ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1943 ഒക്ടോബറിൽ മോസ്കോയിൽ ചേർന്ന വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലാണ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും കാക്കാൻ സമാധാനകാംക്ഷികളായ എല്ലാ പരമാധികാര രാഷ്ട്രങ്ങളുടെയും സമത്വത്തിലധിഷ്ഠിതമായ ഒരു പൊതു അന്താരാഷ്ട്രസംഘടന സ്ഥാപിക്കേണ്ടതാണെന്നു പ്രസ്തുത സമ്മേളനം തീരുമാനിച്ചു.
1944ൽ ബ്രിട്ടൻ, അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്ടണിലെ ഡംബാർട്ടണ് ഓക്സ് എന്ന ഒരു സ്വകാര്യ മന്ദിരത്തിൽ സമ്മേളിക്കുകയും സ്ഥാപനത്തിന്റെ ഒരു രൂപരേഖ തയാറാക്കുകയും ചെയ്തു. എന്നാൽ, രക്ഷാസമിതിയിലെ വോട്ടിംഗ് രീതിയെപ്പറ്റി ഈ സമ്മേളനത്തിൽ യോജിപ്പിലെത്താൻ കഴിഞ്ഞില്ല. ഈ പ്രശ്നം റൂസ്വെൽറ്റും , ചർച്ചിലും, സ്റ്റാർലിനും യാൾട്ടാ സമ്മേളനത്തിൽ വച്ച് (1945 ഫെബ്രുവരി) വീണ്ടും ചർച്ച ചെയ്തെങ്കിലും യോജിപ്പിലെത്തുകയുണ്ടായില്ല. എങ്കിലും യാൽട്ടയിലെ തീരുമാനമനുസരിച്ച് 50 രാഷ്ട്രങ്ങളിലെ പ്രതിനിധികൾ സാൻഫ്രാൻസിസ്കോയിൽ സമ്മേളിച്ച് പ്രമാണം എഴുതിയുണ്ടാക്കി. അവിടെ സമ്മേളിച്ചിരുന്ന 50 അംഗരാഷ്ട്ര പ്രതിനിധികൾ ഐക്യരാഷ്ട്ര പ്രമാണത്തിൽ ഒപ്പുവച്ചു. അങ്ങനെ 1945 ഒക്ടോബർ 24ന് ഐക്യരാഷ്ട്രസംഘടന ജന്മമെടുത്തു.
സമാധാന കാംക്ഷികളായ പരമാധികാര രാഷ്ട്രങ്ങൾ അംഗത്വമുള്ള ഒരു പൊതുസഭയും 11 അംഗങ്ങളുള്ള സുരക്ഷാസമിതിയും അടങ്ങുന്ന ഘടനയാണ് യുഎനിനായി വിഭാവനം ചെയ്തത്. യുഎസ്, യുഎസ്എസ്ആർ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നിവർ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായിരിക്കുമെന്നും വ്യവസ്ഥ ചെയ്തു. അന്താരാഷ്ട്രതർക്കങ്ങളിൽ ഇടപെടാനുള്ള അധികാരം സുരക്ഷാസമിതിക്കു മാത്രമായിരിക്കും. സ്ഥിരാംഗങ്ങളുടെ ഐക്യകണ്ഠ്യേനയുള്ള വോട്ടും തർക്കപരിഹാരത്തിന് ആവശ്യമുണ്ട്. സെക്രട്ടറി ജനറൽ നിയന്ത്രിക്കുന്ന സെക്രട്ടേറിയറ്റ് ആയിരിക്കും യുഎനിന്റെ ഭരണനിർവഹണം. നോർവെയിലെ യുദ്ധകാല സർക്കാരിൽ വിദേശ മന്ത്രിയായിരുന്ന ട്രൈഗവ്ലീയ് ആദ്യത്തെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് കോണ്ഗ്രസിന്റെ അഭ്യർഥന പ്രകാരം ന്യൂയോർക്ക് നഗരം യുഎനിന്റെ സ്ഥിരം ആസ്ഥാനമാക്കാനും തീരുമാനിച്ചു.
ശീതയുദ്ധം
രണ്ടാം ലോകയുദ്ധഘട്ടത്തിൽ ഫാസിസ്റ്റ് ഭീഷണികൾക്കെതിരേ സാരമായ ഭിന്നതകൾ മറന്ന് ഒരുമിച്ച് നിന്ന അമേരിക്കയും സോവിയറ്റ് യൂണിയനും യുദ്ധാനന്തരം പൊതുശത്രുവിന്റെ അഭാവത്തോടെ ഭിന്നതകൾ വളർത്തി നയതന്ത്രതത്വങ്ങളിൽ മാറ്റം വരുത്തി പരസ്പരം മത്സരിച്ചത് ശീതയുദ്ധത്തിനു വഴിവച്ചു.
1947 മാർച്ച് 12, പ്രസിഡന്റ് ട്രൂമാൻ അമേരിക്കൻ കോണ്ഗ്രസിൽ ട്രൂമാൻ ഡോക്ട്രിൻ എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധപ്രമാണം അവതരിപ്പിച്ചു. അടുത്ത 40 വർഷത്തെ യുഎസ് വിദേശനയത്തെ നിർണയിച്ചത് ഈ രേഖയായിരുന്നു. സോവിയറ്റ് - അമേരിക്കൻ ശീതയുദ്ധം ഇതോടെ ആരംഭിച്ചു. കിഴക്കൻ യൂറോപ്പിൽ ഒരു ഇരുന്പു തിരശീല വീഴുന്നുവെന്ന വിൽസ്റ്റണ് ചർച്ചിലിന്റെ വാദവും പാശ്ചാത്യരാജ്യങ്ങളുടേത് സാമ്രാജ്യത്വ സമീപനമാണെന്ന് ഒറ്റപ്പെടുത്തി ഐഎംഎഫിലും, ലോകബാങ്കിലും ചേരാൻ സ്റ്റാലിൻ വിസമ്മതിച്ചതും മോസ്കോയിലെ യുഎസ് നയതന്ത്രജ്ഞൻ ജോർജ് കെന്നൻ സോവിയറ്റ് യൂണിയന്റെ ലോകവീക്ഷണത്തെ അപഹസിച്ചുകൊണ്ട് വാഷിങ്ടണിലേക്കയച്ച പ്രസിദ്ധമായ നീണ്ട ടെലിഗ്രാഫുമെല്ലാം ശീതയുദ്ധത്തിന് രംഗപടമൊരുക്കി.
അമേരിക്ക പുതിയ രാഷ്ട്രീയ-സാന്പത്തിക ശക്തിയായി മുതലാളിത്ത ചേരിക്കും, സോഷ്യലിസ്റ്റ് സാന്പത്തികവ്യവസ്ഥ സ്വീകരിച്ച രാഷ്ട്രങ്ങളുടെ ചേരിക്ക് സോവിയറ്റ് യൂണിയനും നേതൃത്വം നല്കി. ഇങ്ങനെ പരസ്പരം ശത്രുത പുലർത്തുന്ന ഇരുചേരികളായി ലോകം മാറി. ശീതസമരം യുദ്ധത്തിന്റെയോ സമാധാനത്തിന്റെയോ അവസ്ഥയായിരുന്നില്ല. ഇത് നയതന്ത്രയുദ്ധമായിരുന്നു. ആശയപരമായ വെറുപ്പും രാഷ്ട്രീയ അവിശ്വാസവുമായിരുന്നു ഇതിനടിസ്ഥാനം. രണ്ടു ചേരികളും തമ്മിലുള്ള സംഘർഷങ്ങൾക്ക് തുറന്ന യുദ്ധങ്ങളുടെ രൂപം കൈവരിച്ചു. അതുകൊണ്ട് അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനായ ബർനാഡ് ബറൂച്ച് ഇതിനെ ശീതസമരം എന്ന് ആദ്യമായി വിശേഷിപ്പിച്ചു. വാൾട്ടർ ലിപ്മെൻ രചിച്ച ശീതസമരം എന്ന ഗ്രന്ഥമാണ് ഈ ആശയത്തിന് പ്രചാരം നല്കിയത്.
ഇസ്രയേൽ - ജൂതർക്ക് ജന്മനാട്
1948 മെയ് 14, ഇസ്രയേലിന്റെ പിറവി പ്രഖ്യാപിക്കപ്പെട്ടു. ബൈബിളിൽ പറയുന്ന ജൂത ജന്മനാടിന്റെ പുനഃസ്ഥാപനമായിരുന്നു ഇസ്രയേലിന്റെ പിറവിയിലൂടെ സംഭവിച്ചത്. അരനൂറ്റാണ്ടായി രാഷ്ട്രീയ സമ്മർദവും ഏതാനും വർഷങ്ങളായി തുടരുന്ന രക്തരൂക്ഷിതമായ പോരാട്ടങ്ങളുമായിരുന്നു ഈ പുതുരാജ്യത്തിന്റെ സ്ഥാപനത്തിനു ഹേതു. ഹിറ്റ്ലർ നടത്തിയ ജൂതഹത്യ, ജൂതരാഷ്ട്രത്തിനുവേണ്ടിയുള്ള സിയോണിസ്റ്റ് പ്രസ്ഥാനത്തിന് ലോകസമ്മിതി നേടിക്കൊടുത്തു. ബ്രിട്ടന്റെ അധീനതയിലുള്ള പാലസ്തീനിനെ ജൂത, അറബി രാജ്യങ്ങളായി വിഭജിക്കാനുള്ള കമ്മീഷൻ റിപ്പോർട്ടിൽ 1947 നവംബറിൽ യുഎൻ അംഗീകാരം നല്കി. ഇതിനെതിരേ അറബി പക്ഷത്തുനിന്നും ശക്തമായ എതിർപ്പുണ്ടായി. ജൂതതീവ്രവാദ സംഘടനകളും എതിർപ്പുകളുയർത്തി.
1948 ഫെബ്രുവരിയിൽ തീവ്രവാദികളുടെ ബോംബാക്രമണത്തിൽ നിരവധി അറബികൾക്കും ജൂതർക്കും ജീവഹാനിയുണ്ടായി. തുറന്ന യുദ്ധത്തിലേക്കാണ് അത് വഴിവച്ചത്. ജൂതസൈനിക വിഭാഗങ്ങൾ അറബികളുടെ പ്രദേശങ്ങൾകൂടി കൈയടക്കി. ഇസ്രയേലിനെ ലോകരാജ്യങ്ങൾ അംഗീകരിച്ചെങ്കിലും അറബിരാജ്യങ്ങൾ വിസമ്മതിച്ചു. ഈജിപ്ത്, ജോർദാൻ, സിറിയ, ഇറാക്ക്, ലെബനൻ എന്നീ അഞ്ച് അറബിരാജ്യങ്ങൾ ഇസ്രയേലിനു നേരെ ആക്രമണം ആരംഭിച്ചു. 30,000 പേർ മാത്രമുള്ള ഇസ്രയേൽ സൈന്യം അറബികളുടെ സംയുക്തശക്തിയെ അത്ഭുതകരമായ വിധം പരാജയപ്പെടുത്തി. ഫെബ്രുവരിക്കും ജൂലൈക്കുമിടയിൽ യുഎൻ മധ്യസ്ഥമായ കാൽഫ് ബണ്ഷ് ഇരുപക്ഷവുമായി നടത്തിയ സമാധാന ചർച്ചകൾ യുദ്ധത്തിനു വിരാമമിട്ടു. ഇസ്രായേലിന് ഗലീലി ഉൾപ്പെടെ അവർ കൈയടക്കിയ പ്രദേശങ്ങളും ഗാസാസ്ട്രിപ് ഒഴികെയുള്ള തീരപ്രദേശവും നെഗേവ് മരുഭൂമിയും ലഭിച്ചു. ക്രൈസ്തവ, ജൂത, ഇസ്ലാം വിഭാഗങ്ങൾക്കെല്ലാം പ്രധാനപ്പെട്ട വിശുദ്ധസ്ഥലങ്ങളും ദേവാലയങ്ങളുമുള്ള പഴയ ജറുസലേം ജോർദാനും ലഭിച്ചു. നഷ്ടം മുഴുവൻ പാലസ്തീനിലെ അറബികൾക്കായിരുന്നു. അവരിൽ എഴുപതു ശതമാനവും അഭയാർഥികളായി. വർഷങ്ങൾ നീണ്ട പാലസ്തീൻ അറബി പ്രശ്നം ഇവിടെ ആരംഭിച്ചു.
സൈനിക ഉടന്പടികൾ - ലോകം വീണ്ടും ഇരുചേരികളിലേക്ക്
ശീതസമരം സൃഷ്ടിച്ച പരസ്പരഭയവും സംശയവും സൈനിക ചേരികളുടെയും സഖ്യങ്ങളുടെയും രൂപീകരണത്തിനു കാരണമായി. പന്ത്രണ്ട് പടിഞ്ഞാറൻ രാജ്യങ്ങൾ ചേർന്ന് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) രൂപവത്കരിച്ചു. സോവിയറ്റ് ചേരിയെക്കുറിച്ചുള്ള ഭയത്തിൽനിന്നാണ് ഈ സൈനിക സഹകരണ കരാറിന്റെ പിറവി. ഏത് അംഗരാജ്യത്തിനുമെതിരേ ഉണ്ടാകുന്ന സായുധാക്രമണം എല്ലാവർക്കുമെതിരേ ഉണ്ടാകുന്നതായി പരിഗണിക്കും. 1948ൽ ബ്രസൽസിലാണ് നാറ്റോയുടെ ആദ്യാങ്കുരം. യുഎസ്, കാനഡ, ഐസ്ലൻഡ്, നോർവെ, ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി, ഡെന്മാർക്ക്, നെതർലൻഡ്സ്, ബൽജിയം, ലുക്സംബർഗ് തുടങ്ങിയവർ ഈ സഖ്യത്തിലെ അംഗങ്ങളാണ്.
യുഎസ് നേതൃത്വത്തിലുള്ള സൈനിക സഹായ ഉടന്പടിയായ നാറ്റോയ്ക്കു ബദലായി സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ വാഴ്സാ ഉടന്പടി രൂപവത്കരിച്ചു. വാഴ്സായിൽ (പോളണ്ട്) സോവിയറ്റ് പ്രധാനമന്ത്രി ബുൾഗാനിനിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ (യൂഗോസ്ലാവിയ ഒഴികെ) വാഴ്സാ പാക്ട് ഒപ്പുവച്ചു. അൽബേനിയ, ബൾഗേറിയ, ചെക്കോസ്ലോവാക്യ, കിഴക്കൻ ജർമനി, ഹംഗറി, റുമാനിയ എന്നിവയായിരുന്നു മറ്റ് അംഗങ്ങൾ.
1954ൽ മനിലയിലാണ് തെക്കുകിഴക്കൻ ഏഷ്യൻ സൈനികസഖ്യം (SEATO) രൂപം കൊണ്ടത്. യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഫിലിപ്പീൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ സീറ്റോയിൽ അംഗങ്ങളായി.
1955ൽ ബാഗ്ദാദ് ഉടന്പടി നിലവിൽ വന്നു. ബ്രിട്ടൻ, തുർക്കി, പാക്കിസ്ഥാൻ, ഇറാൻ, ഇറാക്ക് എന്നീ രാജ്യങ്ങൾ ഈ ഉടന്പടിയിൽ ഒപ്പുവച്ചു. ഇറാക്കിൽ വിപ്ലവം നടന്നതിനെത്തുടർന്ന് ആ രാജ്യം ഉടന്പടിയിൽനിന്ന് പിന്മാറി. അതിനുശേഷം ബാഗ്ദാദ് ഉടന്പടി മദ്ധ്യ ഉടന്പടി സംഘം (ENTO) എന്ന പേരിൽ അറിയപ്പെട്ടു.