ക്രാന്തി ഗൗഡ് വനിതാ ബുംറ
Tuesday, October 7, 2025 12:36 AM IST
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു വനിതാ ബുംറയുണ്ടെങ്കില്‍ അത് ക്രാന്തി ഗൗഡാണെന്നു നിസംശയം പറയാം. ജസ്പ്രീത് ബുംറയുടെ പേസ് ബൗളിംഗിന്റെ കൃത്യത പുരുഷ ക്രിക്കറ്റ് ലോകത്തില്‍ നാളുകളേറയായി തരംഗമായി തുടരുകയാണ്.
പരിക്കിനെത്തുടര്‍ന്ന് മൂര്‍ച്ച അല്പം കുറഞ്ഞെങ്കിലും ബുംറയുടെ പന്തുകളെ അതിജീവിക്കാന്‍ ബാറ്റര്‍മാര്‍ ഇപ്പോഴും വിഷമിക്കുന്നു. ഇതിനിടയിലാണ് 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്രാന്തി ഗൗഡിന്റെ മാസ്മരിക ബൗളിംഗ്. സ്വിംഗും സീമും സമന്വയിപ്പിച്ച പേസ് ആക്രമണവുമായി 22കാരിയായ ക്രാന്തി ഗൗഡ് ഇന്ത്യയുടെ ബൗളിംഗ് ആക്രമണം നയിക്കുന്നു.
ലോകകപ്പില്‍ പാക്കിസ്ഥാന് എതിരേ കൊളംബോയില്‍ ഇന്ത്യ 88 റണ്‍സ് ജയം നേടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയത് ക്രാന്തി ഗൗഡ് ആയിരുന്നു. 10 ഓവറില്‍ വെറും 20 റണ്‍സ് മാത്രം നല്കി ക്രാന്തി വീഴ്ത്തിയത് പാക്കിസ്ഥാന്റെ മൂന്നു വിക്കറ്റ്. 10 ഓവറിനിടെ മൂന്ന് മെയ്ഡനും ക്രാന്തി എറിഞ്ഞു. ഇക്കോണമി വെറും രണ്ട് മാത്രം. ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ 59 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചപ്പോള്‍ ക്രാന്തിയുടെ ബൗളിംഗ് 9-0-41-1 എന്നായിരുന്നു.
പേസ് മുഖം
ബോയ് കട്ട് സ്റ്റൈലില്‍ മുടിമുറിക്കുന്ന ക്രാന്തി ഗൗഡ് ഇന്ത്യയുടെ പേസ് ബൗളിംഗ് മുഖമായി രൂപാന്തരപ്പെട്ടത് അതിവേഗത്തിലായിരുന്നു. രേണുക സിംഗും ക്രാന്തിയും ചേര്‍ന്നുള്ള പേസ് ബൗളിംഗ് ആക്രമണത്തിന്റെ സൗന്ദര്യം പാക്കിസ്ഥാന് എതിരായ മത്സരത്തില്‍ ദര്‍ശിച്ചു. മധ്യപ്രദേശിനായി നടത്തിയ മിന്നും ബൗളിംഗിലൂടെയാണ് ദേശീയ ടീമിലേക്ക് എത്തിയത്. വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20യില്‍ യുപി വാരിയേഴ്സിന്റെ കളിക്കാരിയാണ്. 2024 ഡബ്ല്യുപിഎല്‍ ലേലത്തില്‍ 10 ലക്ഷം രൂപയ്ക്കാണ് യുപി വാരിയേഴ്സ് ക്രാന്തിയെ സ്വന്തമാക്കിയത്.
2025 ഡബ്ല്യുപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരായ അരങ്ങേറ്റ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി ചരിത്രത്തില്‍ ഇടംപിടിച്ചു. ലീഗ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി ക്രാന്തി. ഡബ്ല്യുപിഎല്ലില്‍ ക്രാന്തിയുടെ ആദ്യ വിക്കറ്റ് മെഗ് ലാന്നിംഗിനെ ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു.
ഡബ്ല്യുപിഎല്ലിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ടീമില്‍. 2025 മേയ് 11ന് ശ്രീലങ്കയ്ക്കെതിരേ ഏകദിന അരങ്ങേറ്റം. 2025 ജൂലൈ 12ന് ഇംഗ്ലണ്ടിനെതിരേ ട്വന്റി-20യിലും അരങ്ങേറി.
ടെന്നീസ് ബോളില്‍ തുടങ്ങി
ജോലി നഷ്ടപ്പെട്ട ഒരു പ്രാദേശിക പോലീസുകാരന്റെ മകളാണ് ക്രാന്തി. നാട്ടിലെ ഒരു ടെന്നീസ് ക്രിക്കറ്റില്‍ പങ്കെടുക്കുന്നതിനിടെയാണ് ക്രാന്തിയുടെ ബൗളിംഗ് കഴിവ് ആളുകള്‍ തിരിച്ചറിഞ്ഞത്.
അങ്ങനെ 14-ാം വയസില്‍ ക്രിക്കറ്റ് ബോള്‍ കൈയിലെടുത്തു. രാജീവ് ബില്ത്താരെയായിരുന്നു ആദ്യ കോച്ച്. തുടര്‍ന്ന് പടിപടിയായി ഉയര്‍ച്ച. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ന്യൂബോള്‍ പേസ് ആക്രമണത്തിലെ കുന്തമുന.