ഹനുമ വിഹാരിക്കു സെഞ്ചുറി
Saturday, February 15, 2020 12:14 AM IST
ഹാമിൽട്ടണ്: ടെസ്റ്റ് പരന്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് ഇലവണെതിരായ ത്രിദിന പരിശീലന മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ദിനം കളി നിർത്തുന്പോൾ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 263 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഹനുമ വിഹാരിയും (101 - റിട്ടയേർഡ് ഒൗട്ട്) അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയും (93) ആണ് ഇന്ത്യയെ കരകയറ്റിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ പൃഥ്വി ഷാ (പൂജ്യം), മായങ്ക് അഗർവാൾ (ഒന്ന്), നാലാം നന്പറിലിറങ്ങിയ ശുഭ്മാൻ ഗിൽ (പൂജ്യം) എന്നിവരെ സ്കോർബോർഡിൽ അഞ്ച് റണ്‍സ് ഉള്ളപ്പോൾ നഷ്ടമായി. അജിങ്ക്യ രഹാനെ (18) പുറത്തായപ്പോൾ ഇന്ത്യ നാലിന് 38ൽ. തുടർന്ന് അഞ്ചാം വിക്കറ്റിൽ വിഹാരിയും പൂജാരയും 195 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പൂജാര പുറത്തായശേഷമെത്തിയ ഋഷഭ് പന്ത് (ഏഴ്), വൃഥിമാൻ സാഹ (പൂജ്യം), അശ്വിൻ (പൂജ്യം), ജഡേജ (എട്ട്) എന്നിവരും നിരാശപ്പെടുത്തി. അതോടെ 263ൽ ഇന്ത്യൻ സ്കോർ അവസാനിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലി ഇറങ്ങിയില്ല. ന്യൂസിലൻഡ് എയ്ക്കായി സ്കോട്ട് കഗ്ലൈജനും ഇഷ് സോധിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.