ധർമസ്ഥലയിൽ വഴിത്തിരിവ്; സാക്ഷി പ്രതിയായി!
Sunday, August 24, 2025 2:13 AM IST
മംഗളൂരു: രാജ്യത്തെയാകെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ധർമസ്ഥലയിലെ വെളിപ്പെടുത്തലുകൾക്ക് ആന്റി ക്ലൈമാക്സ്.
പരാതിക്കാരനായ മുൻ ശുചീകരണത്തൊഴിലാളി കാണിച്ചുനൽകിയ സ്ഥലങ്ങളിൽ അരക്കോടിയിലേറെ രൂപ ചെലവിട്ട് കുഴിച്ച് പരിശോധന നടത്തിയിട്ടും തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ വ്യാജപരാതിയും തെളിവുകളും സമർപ്പിച്ചതിന് പരാതിക്കാരനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
സാക്ഷിയെന്ന നിലയിലുള്ള പരിരക്ഷ ഒഴിവായതോടെ ഇയാളുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയായ സി.എൻ. ചിന്നയ്യയാണ് കർണാടക സർക്കാരിനെയും പോലീസിനെയും വലച്ച വെളിപ്പെടുത്തലുകൾ നടത്തിയ ആൾ.
ഇയാള്‍ നേരത്തെ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുള്ള തെളിവുകള്‍ മറ്റെവിടെയോനിന്ന് സംഘടിപ്പിച്ചതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളുടെ മൊഴി പ്രകാരം ധർമസ്ഥല വനത്തിൽ 17 ഇടങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്തിയപ്പോൾ രണ്ടിടങ്ങളിൽനിന്ന് അസ്ഥികൾ ലഭിച്ചിരുന്നെങ്കിലും ഇവ പുരുഷന്മാരുടെ അസ്ഥികളാണെന്നും മൊഴിയിൽ പറയുന്ന കാലപ്പഴക്കം ഇവയ്ക്കില്ലെന്നും കണ്ടെത്തിയിരുന്നു. ഈ അസ്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഫോറൻസിക് പരിശോധനയും അന്വേഷണവും തുടരും.