കള്ളപ്പണക്കേസിൽ എംഎൽഎ അറസ്റ്റിൽ
Sunday, August 24, 2025 2:13 AM IST
ബംഗളൂരു/ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ടത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റത്തിന് കർണാടകയിലെ കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയെ എൻഫോഴ്സ്മെന്റ് സംഘം സിക്കിമിൽനിന്ന് അറസ്റ്റ് ചെയ്തു.
ഓണ്‍ലൈന്‍, ഓഫ്ലൈൻ ഗെയിമിംഗ്, വാതുവയ്പ് എന്നിവയുടെ മറവിലാണ് ചിത്രദുര്‍ഗയിൽനിന്നുള്ള എംഎൽഎ ക്രമക്കേട് നടത്തിയതെന്ന് അന്വേഷണസംഘം ആരോപിക്കുന്നു. ചൂതാട്ടകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗ്യാങ്ടോക്കിൽ എത്തിയപ്പോഴാണ് ഇഡി സംഘത്തിന്റെ പിടിയിലായത്.
വീരേന്ദ്രയുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽനിന്ന് 12 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു. ഒരു കോടിയോളം രൂപ മൂല്യമുള്ള വിദേശ കറന്‍സികൾ, ആറു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, 10 കിലോ വെള്ളി, നാല് വാഹനങ്ങള്‍ എന്നിവയുൾപ്പെടെയാണിത്. വീരേന്ദ്രയെ അറസ്റ്റ് ചെയ്തശേഷം ഗാങ്ടോക്ക് ജുഡീഷല്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി.