മസ്കിന്റെ "പാന്പ് ’ ഇന്ത്യയിലെ യുഎസ് അംബാസഡർ
Sunday, August 24, 2025 2:13 AM IST
ന്യൂഡൽഹി: പുതുതായി നാമനിർദേശം ചെയ്യപ്പെട്ട സെർജിയോ ഗോർ ഇന്ത്യയിലെഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ അംബാസഡറാണ്.
രണ്ടാം ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നപ്പോൾ മുതൽ വൈറ്റ് ഹൗസ് ഓഫീസിലെ പ്രസിഡൻഷൽ ഉദ്യോഗസ്ഥരുടെ ഡയറക്ടറാണ് ഇദ്ദേഹം. 38കാരനായ സെർജിയോ തന്റെ നിയമനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കുന്നതുവരെ വൈറ്റ് ഹൗസിൽ നിലവിലെ ജോലിയിൽ തുടരും.
സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോൾ ഉസ്ബെക്കിസ്ഥാനിൽ ജനിച്ച അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയതിനുശേഷം 1999ലാണ് യുഎസ് പൗരനാകുന്നത്. ട്രംപിന്റെ മറ്റൊരു സുഹൃത്തായിരുന്ന ശതകോടീശ്വരൻ ഇലോണ്‍ മസ്ക് കഴിഞ്ഞ ജൂണിൽ സെർജിയോയെ "ഒരു പാന്പ്’ (അമേരിക്കൻ ശൈലിയിൽ ചതിയൻ, വിശ്വസിക്കാൻ കൊള്ളാത്തവൻ) എന്നു വിശേഷിപ്പിച്ചത് പാശ്ചാത്യ മാധ്യമങ്ങളിൽ വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു.
ജനുവരിയിൽ എറിക് ഗാർസെറ്റി പദവി ഒഴിഞ്ഞതിനുശേഷം ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ പദവി മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.