അമേരിക്കയുടെ അധികതീരുവ: രൂക്ഷവിമർശനവുമായി കേന്ദ്രം
Sunday, August 24, 2025 2:13 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന തീരുവകളിൽ രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി അമേരിക്ക ഇന്ത്യക്കുമേൽ ചുമത്തുന്ന തീരുവയെ യുക്തിരഹിതവും ന്യായീകരിക്കാൻ കഴിയാത്തതുമാണെന്നാണു ജയ്ശങ്കർ വിശേഷിപ്പിച്ചത്.
തീരുവ ഭീഷണിയിൽ അമേരിക്കയുമായുള്ള ചർച്ച തുടരുമെങ്കിലും രാജ്യത്തെ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുമാത്രമായിരിക്കും ചർച്ചകളെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി.
തീരുവ പ്രശ്നം ‘എണ്ണ പ്രശ്ന’മായി തെറ്റായി വ്യാഖാനിക്കപ്പെടുന്നുണ്ടെന്നും ന്യൂഡൽഹിയിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവെ ജയ്ശങ്കർ പറഞ്ഞു. റഷ്യൻ ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന അമേരിക്ക റഷ്യൻ ഊർജം വൻതോതിൽ ഇറക്കുമതി ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളോടും ചൈനയോടും വ്യത്യസ്ത സമീപനമാണു സ്വീകരിക്കുന്നത്.
റഷ്യയിൽനിന്ന് എണ്ണയോ ശീതീകരിച്ച ഉത്പന്നങ്ങളോ വാങ്ങുന്നതിൽ ഞങ്ങളോട് പ്രശ്നമുള്ളവർ ഞങ്ങളിൽനിന്നും വാങ്ങരുത്. പാശ്ചാത്യരാജ്യങ്ങളിൽനിന്നുള്ള സമ്മർദത്തിന് ഇന്ത്യ തലകുനിക്കില്ലെന്നും വിദേശകാര്യമന്ത്രി അടിവരയിട്ടു പറഞ്ഞു.
രാജ്യത്തെ ചരക്കുകൾക്ക് അമേരിക്ക 50 ശതമാനം വരെ അധികതീരുവ ചുമത്തിയത് ഒഴിവാക്കാൻ ഇന്ത്യ അമേരിക്കയുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കവേയാണു വിദേശകാര്യമന്ത്രിയുടെ പ്രസ്താവനകൾ. ഇതിനോടകം നിലവിൽ വന്നിട്ടുളള 25 ശതമാനം തീരുവയോടൊപ്പം മറ്റൊരു 25 ശതമാനം അധിക തീരുവ ഈ മാസം 27നാണ് പ്രാബല്യത്തിൽ വരാനിരിക്കുന്നത്.