ഭാവി പദ്ധതികളുടെ മാർഗരേഖ വെളിപ്പെടുത്തി ഐഎസ്ആർഒ
Sunday, August 24, 2025 2:13 AM IST
ന്യൂഡൽഹി: ദേശീയ ബഹിരാകാശദിനത്തിൽ ഇന്ത്യയുടെ ഭാവി ബഹിരാകാശ പദ്ധതികളുടെ മാർഗരേഖ വെളിപ്പെടുത്തി ഐഎസ്ആർഒ. അടുത്ത രണ്ടു ദശകങ്ങളിലായി രാജ്യം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സുപ്രധാന ബഹിരാകാശ പദ്ധതികളുടെ വിശദാംശങ്ങൾ ഐഎസ്ആർഒ ചെയർമാൻ വി. നാരായണനാണു വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ സ്വന്തം ബഹിരാകാശനിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ (ബിഎൻഎസ്) ആദ്യ മോഡ്യൂൾ 2028ഓടെ വിക്ഷേപിക്കുമെന്നും 2035ഓടെ നിലയം പൂർണമായും പ്രവർത്തനസജ്ജമാകുമെന്നും ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി.
നെക്സ്റ്റ് ജനറേഷൻ ലോഞ്ചറിന് പ്രധാനമന്ത്രിയിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും 2040ഓടെ ഇന്ത്യ ചന്ദ്രനിൽ വാഹനമിറക്കുമെന്നു മാത്രമല്ല, അവിടെനിന്നു സാന്പിളുകൾ ഭൂമിയിലെത്തിക്കുമെന്നും ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വി. നാരായണൻ പറഞ്ഞു.
ഇതിനോടൊപ്പംതന്നെ ചന്ദ്രയാൻ-4 മിഷനും വീനസ് ഓർബിറ്റർ മിഷനും ഐഎസ്ആർഒയുടെ പ്രധാന ബഹിരാകാശ ദൗത്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓണ്‍ലൈനായി ചടങ്ങിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തെ എടുത്തുപറഞ്ഞു.
ശുഭാംശു ശുക്ലയുടെ ബഹിരാകാശദൗത്യത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ഇന്ത്യൻ ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമം മൂലം ബഹിരാകാശത്ത് ഇന്ത്യ നിർണായക നാഴികക്കല്ലുകൾ പിന്നിടുകയാണെന്നും കൂട്ടിച്ചേർത്തു.
പ്രഥമ ദേശീയ ബഹിരാകാശദിനം ആചരിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ മാതൃക ഐഎസ്ആർഒ പുറത്തിറക്കിയിരുന്നു.