അമേരിക്കയിലേക്കുള്ള തപാൽ സേവനം; പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് തപാൽ വക
Sunday, August 24, 2025 2:13 AM IST
ന്യൂഡൽഹി: മാറ്റം വരുത്തിയ കസ്റ്റംസ് നിയമങ്ങളിൽ 100 യുഎസ് ഡോളർ വരെ മൂല്യമുള്ള കത്തുകളും രേഖകളും സമ്മാനങ്ങളും ഉൾപ്പെടാത്തതിനാൽ ഇവ അമേരിക്കയിലേക്ക് അയയ്ക്കുന്നതിന് നിയന്ത്രണമില്ലെന്നും യുഎസിലേക്കുള്ള പൂർണ തപാൽ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും തപാൽ വകുപ്പ് അറിയിച്ചു.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) അംഗീകരിച്ച ‘യോഗ്യരായ കക്ഷികൾ’ക്കും തപാൽ ഉരുപ്പടികളുടെ കയറ്റുമതി നടത്തുന്നവർക്കും ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിൽ പുതിയ ചുമതലകൾ നിർദേശിച്ചതാണ് അമേരിക്കയിലേക്കുള്ള തപാൽ സേവനങ്ങൾ നിർത്തിവയ്ക്കുന്നതിലേക്കു നയിച്ചതെന്ന് തപാൽ വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
തപാൽ ഉരുപ്പടികളുടെ കയറ്റുമതി നടത്തുന്ന ഗതാഗതവാഹകരും യോഗ്യരായ കക്ഷികളും കയറ്റുമതി തീരുവ ശേഖരിച്ച് അയയ്ക്കേണ്ടതുണ്ടെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ നിർ ദേശമുള്ളതായി പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ 15ന് സിബിപി ഇതുസംബന്ധിച്ച് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും ‘യോഗ്യരായ കക്ഷികൾ’ എന്ന പദവിയെക്കുറിച്ചും നികുതി ശേഖരിക്കുന്നതിന്റെയും പണമടയ്ക്കുന്നതിന്റെയും രീതികളെക്കുറിച്ചും വ്യക്തമായി നിർവചനം നടത്തിയിട്ടില്ല.
തത്ഫലമായി നിർവഹണ-സാങ്കേതിക തയാറെടുപ്പുകളുടെ അഭാവം ചൂണ്ടിക്കാട്ടി അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന വിമാനക്കന്പനികൾ ഈമാസം 25നുശേഷം തപാൽ ഉരുപ്പടികൾ സ്വീകരിക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇതുപ്രകാരമാണ് അമേരിക്കയിലേക്കുള്ള തപാൽ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നും തപാൽ വകുപ്പ് വ്യക്തമാക്കി.