സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡർ
Sunday, August 24, 2025 2:13 AM IST
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ സെർജിയോ ഗോറിനെ ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡറായി നാമനിർദേശം ചെയ്തു.
38കാരനായ സെർജിയോയെ ഇന്ത്യയിലെ അംബാസഡറായി നിയമിക്കുന്ന വിവരം സമൂഹ മാധ്യമമായ ട്രൂത്തിലൂടെയാണു ട്രംപ് അറിയിച്ചത്. സെർജിയോ തന്നോടൊപ്പം അനേക വർഷങ്ങളായി നിലകൊണ്ട മികച്ച സുഹൃത്താണെന്നും തന്റെ പ്രസിഡൻഷ്യൽ പ്രചാരണപരിപാടികളിൽ തന്നോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്തിൽ കുറിച്ചു.
ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എന്ന പദവിക്കുപുറമെ ദക്ഷിണ-മധ്യേഷ്യൻ വിഷയങ്ങളിലെ പ്രത്യേക പ്രതിനിധി എന്ന ചുമതലയും ട്രംപ് സെർജിയോക്കു നൽകിയിട്ടുണ്ട്.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനു പിഴയായി ട്രംപ് ഭരണകൂടം ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ 50 ശതമാനം അധികതീരുവ ചുമത്തിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി നിലനിൽക്കെയാണ് പുതിയ അംബാസഡറുടെ നിയമനമെന്നതു ശ്രദ്ധേയമാണ്.