ധർമസ്ഥല: എംബിബിഎസ് വിദ്യാർഥിനിയെ കാണാതായെന്നതു കള്ളക്കഥ
Sunday, August 24, 2025 2:13 AM IST
മംഗളൂരു: മണിപ്പാലിൽ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന അനന്യ ഭട്ടിനെ 22 വർഷം മുമ്പ് ധർമസ്ഥലയിൽവച്ച് കാണാതായതായി പെൺകുട്ടിയുടെ അമ്മയാണെന്നവകാശപ്പെട്ട സുജാത ഭട്ട് വിവരിച്ച സംഭവവും പരാതിയും കെട്ടുകഥയാണെന്നു തെളിഞ്ഞു.
തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് മട്ടന്നവറും ടി. ജയന്തും ആവശ്യപ്പെട്ടതു പ്രകാരമാണ് ഇങ്ങനെയൊരു കഥയുമായി രംഗത്തെത്തിയതെന്നും വെളിപ്പെടുത്തി ഇന്നലെ സുജാത ക്ഷമാപണവുമായെത്തുകയായിരുന്നു. മകളെ സംബന്ധിച്ച രേഖകളുമായി ഇന്നലെ അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാൻ നേരത്തേ സുജാതയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
എംബിബിഎസ് വിദ്യാർഥിനിയായിരിക്കെ കാണാതായ മകളുടെ ഒരു ഫോട്ടോപോലും സുജാതയുടെ കൈയിലില്ലെന്നത് നേരത്തേ സംശയത്തിനിടനൽകിയിരുന്നു. വിവാദം മുറുകിയപ്പോൾ അനന്യയുടേതെന്ന പേരിൽ സുജാത ഒരു ഫോട്ടോ കാണിച്ചിരുന്നെങ്കിലും അത് ഇവരുടെ മുൻ പങ്കാളിയുടെ മരുമകളുടേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സുജാത പറഞ്ഞ കാലയളവിൽ മംഗളൂരുവിലെയോ മണിപ്പാലിലെയോ ഒരു മെഡിക്കൽ കോളജിലും ഇങ്ങനെയൊരു വിദ്യാർഥിനി പഠിച്ചിരുന്നില്ലെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
സുജാതയുടെ മുൻ പങ്കാളിയായ രംഗപ്രസാദ്, അദ്ദേഹത്തിന്റെ മുൻ ഭാര്യയിലെ മകൻ ശ്രീവത്സ, മരുമകൾ വാസന്തി എന്നിവരുടെ മരണത്തോടെയാണ് ബംഗളൂരുവിൽ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ സുജാതയ്ക്കു ലഭിച്ചതെന്നും ഇവർ അവകാശപ്പെടുന്നതുപോലെ, സിബിഐയിലോ മറ്റ് സർക്കാർ സംവിധാനങ്ങളിലോ നേരത്തെ ജോലി ചെയ്തിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വാസന്തിയുടെ ഫോട്ടോയാണ് അനന്യയുടേതെന്ന പേരിൽ സുജാത കാണിച്ചത്. സുജാതയുടെ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ആരുടെ പ്രേരണയാലാണ് ഇവർ പുതിയൊരു കഥയുമായി ധർമസ്ഥലയിലെത്തിയതെന്നുമുള്ള കാര്യവും അന്വേഷിക്കുമെന്നാണു സൂചന.