വാട്സാപ്പിൽ വിവാഹ ക്ഷണക്കത്ത് തട്ടിപ്പ് ; സർക്കാർ ജീവനക്കാരന് 1,90,000 രൂപ നഷ്ടമായി
Sunday, August 24, 2025 2:13 AM IST
ന്യൂഡൽഹി: ""സന്തോഷത്തിന്റെ കവാടങ്ങൾ തുറക്കാനുള്ള താക്കോലാണു സ്നേഹം. സ്വാഗതം, ഓഗസ്റ്റ് 30ന് നടക്കുന്ന വിവാഹത്തിനു തീർച്ചയായും വരിക'' -മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലെ സർക്കാർ ജീവനക്കാരന് കഴിഞ്ഞ ദിവസം വാട്സാപ്പിൽ ലഭിച്ച സന്ദേശമാണിത്.
നിഷ്കളങ്കമാണെന്ന് ആദ്യം തോന്നുമെങ്കിലും ഇതിനോടൊപ്പമെത്തിയ "വിവാഹക്ഷണക്കത്ത്’ തുറന്നുനോക്കിയതോടെ 1,90,000 രൂപയാണ് നഷ്ടമായത്. അപരിചിത നന്പറിൽനിന്നു വന്ന ക്ഷണക്കത്തിൽ ക്ലിക്ക് ചെയ്തതിലൂടെ സൈബർ തട്ടിപ്പുകാർ വിരിച്ച വലയിലേക്കാണ് അയാൾ ചെന്നുപെട്ടത്.
"വിവാഹക്ഷണക്കത്ത് 'എന്ന രൂപേണ വാട്സാപ്പിലെത്തിയ സന്ദേശം സാധാരണ ഫോട്ടോയാണെന്നു തോന്നുമെങ്കിലും യഥാർഥത്തിൽ തട്ടിപ്പുകാർ ഫോണ് ഹാക്ക് ചെയ്ത് അതിൽനിന്നു സുപ്രധാന വിവരങ്ങൾ തട്ടിയെടുക്കാനായി സൃഷ്ടിച്ച ഒരു എപികെ (ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പാക്കേജ്) ഫയലായിരുന്നു.
ഫോട്ടോയാണെന്നു കരുതി ഇതിൽ ക്ലിക്ക് ചെയ്തതിലൂടെയാണു ഫോണിലെ വിവരങ്ങൾ ഹാക്കർമാർക്കു ലഭ്യമായതും അതുവഴി രണ്ടുലക്ഷം രൂപയ്ക്കടുത്ത് നഷ്ടമായതും. പണം പോയിക്കഴിഞ്ഞ് ഹിംഗോലി പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും സന്ദേശമയച്ച അജ്ഞാതനെതിരേ സർക്കാർ ജീവനക്കാരൻ പരാതി നൽകിയിട്ടുണ്ട്.
ഏതാനും ദിവസംമുന്പ് വിശാഖപട്ടണം സ്വദേശിനിയായ യുവതിയും സമാന തട്ടിപ്പിനിരയായിരുന്നു. വാട്സാപ് സന്ദേശത്തിനൊപ്പമെത്തിയ എപികെ ഫയൽ തുറന്നതോടെ അവർക്കു നഷ്ടമായത് അക്കൗണ്ടിലെ 3.2 ലക്ഷം രൂപയാണ്.
വിവാഹ ക്ഷണക്കത്ത് അയച്ചു തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കഴിഞ്ഞ വർഷത്തോടെയാണ് രാജ്യത്തു വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയത്. അജ്ഞാതർ ക്ഷണക്കത്ത് എന്ന വ്യാജേന അയയ്ക്കുന്ന എപികെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടുകഴിഞ്ഞാൽ സൈബർ തട്ടിപ്പുകാർക്ക് ഇരയുടെ ഫോണിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സാധിക്കും.
ഇരയുടെ ഫോണിലെ വിവരങ്ങൾ ഉപയോഗിച്ചു തട്ടിപ്പുകാർക്ക് മറ്റൊരാളെ കബളിപ്പിക്കാനും അതിന്റെ പഴി ഇരയുടെമേൽ ചാർത്തുകയും ചെയ്യാം. ലോട്ടറി ടിക്കറ്റുകൾ, ഫോണ് ബില്ലുകൾ, ക്ഷണക്കത്തുകൾ എന്നിങ്ങനെ അജ്ഞാതനന്പറുകളിൽനിന്നു വരുന്ന ഫയലുകൾ തുറന്നുനോക്കുന്പോൾ ജാഗ്രത പാലിക്കണമെന്നാണ് ഇത്തരം തട്ടിപ്പുകൾ തടയുന്നതിനായി സൈബർ വിദഗ്ധർ നൽകുന്ന ഉപദേശം.