ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ; ഇന്ത്യ മിന്നിച്ചു...
Saturday, May 31, 2025 11:17 PM IST
ഗോമി (ദക്ഷിണകൊറിയ): 2025 ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മിന്നും പ്രകടനം. എട്ടു സ്വര്‍ണം, 10 വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 24 മെഡല്‍ സ്വന്തമാക്കിയ ഇന്ത്യ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
15 സ്വര്‍ണം, എട്ട് വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ 26 മെഡലുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. ജപ്പാന് (നാല് സ്വര്‍ണം, 10 വെള്ളി, 10 വെങ്കലം) മൂന്നാമതും കസാക്കിസ്ഥാന്‍ (രണ്ടു സ്വര്‍ണം, ഒരു വെള്ളി, രണ്ടു വെങ്കലം) മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
അവസാനദിനം ആറ് മെഡല്‍
ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ ഇന്ത്യക്കു സ്വര്‍ണത്തില്‍ മുത്തമിടാന്‍ സാധിച്ചില്ല. മൂന്നു വെള്ളിയും മൂന്നു വെങ്കലവും അടക്കം ആറ് മെഡല്‍ ഇന്നലെ ഇന്ത്യ സ്വന്തമാക്കി.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ വിത്യ രാംരാജ് (56.46 സെക്കന്‍ഡ്) വെങ്കലമെഡല്‍ കഴുത്തിലണിഞ്ഞു. വനിതാ 5000 മീറ്ററില്‍ ഇന്ത്യ വെള്ളി സ്വന്തമാക്കി. പരുള്‍ ചൗധരിയാണ് (15:15.33) ഇന്ത്യന്‍ അക്കൗണ്ടില്‍ വെള്ളി എത്തിച്ചത്.
വനിതകളുടെ 800 മീറ്ററില്‍ പൂജ (2:01.89) വെങ്കലം നേടിയപ്പോള്‍ 4 x 100 മീറ്റര്‍ റിലേയില്‍ വെള്ളി ലഭിച്ചു.
എസ്.എസ്. സ്നേഹ, ശ്രാബണി നന്ദ, അഭിനയ രാജരാജന്, നിത്യഗഡേ എന്നിവരാണ് ഇന്ത്യക്കുവേണ്ടി ബാറ്റണ്‍ കൈയിലേന്തിയത്.
200ല്‍ ചരിത്ര മെഡല്‍
പുരുഷ 200 മീറ്ററില്‍ അനിമേഷ് ചരിത്ര മെഡല്‍ സ്വന്തമാക്കി. 20.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അനിമേഷ് വെങ്കലത്തില്‍ മുത്തമിട്ടു.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി 200 മീറ്ററില്‍ മെഡല്‍ നേടുന്ന രണ്ടാമതു പുരുഷ താരമാണ് അനിമേഷ്. ദേശീയ റിക്കാര്‍ഡ് കുറിച്ചാണ് അനിമേഷിന്റെ മെഡല്‍ നേട്ടം.
പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ സച്ചിന് യാദവ് (85.16 മീറ്റര്‍) വെള്ളി അണിഞ്ഞു. പാക്കിസ്ഥാന്റെ ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഷാദ് നദീമിനാണ് (86.40) സ്വര്‍ണം.